യന്ത്രങ്ങൾക്ക് ഇല്ലാത്ത ഓറ: കൃത്രിമബുദ്ധി കാലത്തെ മാനവികത

ആധുനിക സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ അടിമുടിഅട്ടിമറിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മൊബൈൽ ഫോണിലെ ബട്ടണിൽ ഒന്ന് തൊട്ടാൽ ഏതു സങ്കീർണ്ണമായ ചോദ്യങ്ങൾക്കും മറുപടി തരാനും കഥകളും കവിതകളും എഴുതാനും കെൽപ്പുള്ള ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ കൃത്രിമബുദ്ധി (AI) സംവിധാനങ്ങൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, മനുഷ്യനെപ്പോലെ ചിന്തിക്കാനും സർവ്വകാര്യങ്ങളും ചെയ്യാനും പ്രാപ്തിയുള്ള ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) പോലുള്ള സാങ്കേതികവിദ്യകൾ നാളെ പൂർണ്ണമായി പ്രാവർത്തികമാകുമ്പോൾ മനുഷ്യന്റെ യഥാർത്ഥ പ്രസക്തി എന്തായിരിക്കും എന്ന ചോദ്യം ശക്തമാവുകയാണ്.

യന്ത്രങ്ങൾ നമ്മെക്കാൾ വേഗത്തിൽ കാര്യങ്ങൾ ചെയ്യുമ്പോൾ, മനുഷ്യന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതകൾ എന്തൊക്കെയാണെന്ന് പ്രശസ്ത ശാസ്ത്രസാഹിത്യ എഴുത്തുകാരൻ ടെഡ് ചിയാങ്ങിന്റെ ചിന്തകളും ലോകപ്രശസ്ത തത്ത്വചിന്തകരുടെ നിരീക്ഷണങ്ങളും മുൻനിർത്തി പരിശോധിക്കേണ്ടതുണ്ട്.
സാങ്കേതികവിദ്യ എത്ര വളർന്നാലും കൃത്രിമബുദ്ധിക്ക് സ്വന്തമായി ബോധമുണ്ടെന്ന് കരുതുന്നത് യുക്തിരഹിതമാണെന്ന് ടെഡ് ചിയാങ് വ്യക്തമാക്കുന്നുണ്ട്. ലാർജ് ലാംഗ്വേജ് മോഡലുകൾ (LLMs) എന്നത് മുൻപ് വിശകലനം ചെയ്തിട്ടുള്ള കോടിക്കണക്കിന് വാക്കുകൾ പരിശോധിച്ച്, അടുത്തതായി വരാൻ സാധ്യതയുള്ള വാക്ക് ഏതാണെന്ന് ഊഹിച്ചെഴുതുന്ന വലിയ ഭാഷാ യന്ത്രങ്ങൾ മാത്രമാണ്. ഉദാഹരണത്തിന്, നമ്മൾ ഒരു AI-യോട് മാർത്താണ്ഡവർമ്മ മഹാരാജാവും കുഞ്ഞാലി മരയ്ക്കാരും തമ്മിൽ അറബിക്കടലിന്റെ തീരത്ത് വെച്ച് കണ്ടുമുട്ടിയാൽ പരസ്പരം എന്തായിരിക്കും സംസാരിക്കുക എന്ന് ചോദിച്ചാൽ, അത് അതിമനോഹരമായ ഒരു നാടകരംഗം നിമിഷങ്ങൾക്കകം നിർമ്മിച്ചു തരും. അതുകൊണ്ട് ആ ചരിത്രപുരുഷന്മാർ വീണ്ടും ജീവിച്ചെന്നോ, ആ യന്ത്രത്തിന് അവരോട് എന്തെങ്കിലും വൈകാരിക ബന്ധമുണ്ടെന്നോ പറയാനാവില്ല. അത് വെറുമൊരു സാങ്കൽപ്പിക കെട്ടുകഥ മാത്രമാണ്. ഇതേ രീതിയിൽ നാം ഒരു ചാറ്റ്‌ബോട്ടിനോട് സംസാരിക്കുമ്പോഴും അത് മനുഷ്യസഹജമായ സ്നേഹവും സൗഹൃദവും അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു സിനിമാ തിയേറ്ററിൽ ഇരുന്ന് സ്ക്രീനിലെ കഥാപാത്രങ്ങളോട് സംസാരിക്കുന്നതുപോലെയുള്ള ഒരു അഭിനയസംഭാഷണമാണിത്.

കൃത്രിമബുദ്ധിക്ക് വേദനയോ, സന്തോഷമോ, ഭയമോ ഇല്ല; അത് കേവലം സംഖ്യകളുടെയും സാധ്യതകളുടെയും ഒരു കണക്കുക്കൂട്ടൽ മാത്രമാണ്. നമ്മുടെ കവിതയിലോ കഥയിലോ ഉള്ള ആത്മാവോ ആഴമോ യന്ത്രത്തിന്റെ എഴുത്തിൽ ഉണ്ടാകില്ല. അത് പഴയ ഡാറ്റകൾ വെറുതെ തിരിച്ചു പറയുന്ന ഒരു തത്തമ്മ മാത്രമാണ്. ഭാവിയിൽ പാചകം ചെയ്യാനും ഡ്രൈവ് ചെയ്യാനും പാട്ടുപാടാനും ഒരു പോലെ കഴിയുന്ന സുപ്പർ കമ്പ്യൂട്ടറുകൾ വന്നാലും , അതിന് സ്വന്തമായി മനസ്സോ വികാരങ്ങളോ ഉണ്ടാകില്ല എന്നതുതന്നെയാണ് യാഥാർത്ഥ്യം.

മനുഷ്യനും യന്ത്രവും തമ്മിലുള്ള പ്രധാന വ്യത്യാസത്തെ തത്ത്വചിന്തകരായ മാർട്ടിൻ ഹൈഡെഗ്ഗറും ജീൻ-പോൾ സാർത്രും വളരെ മുൻപേ വിശദീകരിച്ചിട്ടുണ്ട്. ഹൈഡെഗ്ഗറുടെ അഭിപ്രായത്തിൽ മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ ഉള്ളിലെ സംശയങ്ങളും ചോദ്യങ്ങളുമാണ്. താൻ ആരാണെന്നോ തന്റെ ഭാവി എന്താണെന്നോ ഉള്ള ആകുലതകളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നുമാണ് യഥാർത്ഥ ചിന്തകൾ രൂപപ്പെടുന്നത്. എന്നാൽ യന്ത്രങ്ങൾക്ക് ഇത്തരം ഉത്കണ്ഠകളോ ചോദനകളോ ഇല്ല. അസ്തിത്വം സ്വഭാവത്തിന് മുൻപേ സംഭവിക്കുന്നു എന്ന സാർത്രിന്റെ ദർശനവും ഇവിടെ പ്രസക്തമാണ്. ഒരു മരപ്പണിക്കാരൻ കസേര ഉണ്ടാക്കുമ്പോൾ അതിന്റെ രൂപവും ഉപയോഗവും ആദ്യമേ തീരുമാനിച്ച ശേഷമാണ് അത് നിർമ്മിക്കുന്നത്. കൃത്രിമബുദ്ധിയും അതുപോലെയാണ്; മനുഷ്യൻ അതിനെ ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രോഗ്രാം ചെയ്ത് നിർമ്മിക്കുന്നതാണ്. എന്നാൽ മനുഷ്യൻ അങ്ങനെയല്ല, അവൻ ആദ്യം ഈ ഭൂമിയിലേക്ക് ജനിച്ചുവീഴുന്നു, അതിനുശേഷമാണ് സ്വന്തം തീരുമാനങ്ങളിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും തന്റെ ജീവിതലക്ഷ്യം കണ്ടെത്തുന്നത്. ഈ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അതിലൂടെയുണ്ടാകുന്ന മാനസികമായ സങ്കീർണ്ണതകളും മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്.
ശരീരം വഴിയുള്ള അറിവും അനുഭവങ്ങളും കമ്പ്യൂട്ടറുകളുടെ വലിയൊരു പരിമിതിയാണെന്ന് ഹ്യൂബർട്ട് ഡ്രെയ്ഫൂസ് (അമേരിക്കൻ തത്ത്വചിന്തകൻ )ചൂണ്ടിക്കാണിക്കുന്നുണ്ട്. മനുഷ്യന്റെ അറിവ് എന്നത് പുസ്തകം വായിച്ചു പഠിക്കുന്ന നിയമങ്ങൾ മാത്രമല്ല, നമ്മുടെ ശരീരവും അറിവും അനുഭവങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന്, നീന്തൽ എങ്ങനെ പഠിക്കണം എന്ന് വ്യക്തമാക്കുന്ന വലിയൊരു പുസ്തകം ഒരുപക്ഷേ കൃത്രിമബുദ്ധിക്ക് മനപ്പാഠമാക്കാം. എന്നാൽ ഒരു കുട്ടി ആദ്യമായി തോട്ടിലെ വെള്ളത്തിലേക്ക് ഇറങ്ങി, കൈകാലുകൾ ഇട്ടടിച്ച്, വെള്ളം കുടിച്ച്, ശ്വാസമടക്കി നീന്താൻ പഠിച്ചെടുക്കുന്ന ആ ശാരീരിക അനുഭവം യന്ത്രങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ല.

കലയുടെ കാര്യത്തിലും ഇതേ വ്യത്യാസമുണ്ട്. വാൾട്ടർ ബെൻയാമിന്റെ ഓറ എന്ന ആശയം ഇതിനോട് ചേർത്തു വായിക്കാം. ഒരു ശിൽപി തന്റെ കഠിനാധ്വാനവും വിരഹവും സങ്കടങ്ങളും സമർപ്പിച്ച് കല്ലിൽ കൊത്തിയെടുക്കുന്ന ഒരു യഥാർത്ഥ ശിൽപത്തിന് മുന്നിൽ നിൽക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന ഒരു പ്രത്യേക ആത്മീയ പ്രഭാവമുണ്ട്. അതിനെയാണ് ഓറ എന്ന് വിളിക്കുന്നത്. എന്നാൽ കൃത്രിമബുദ്ധി ഉപയോഗിച്ച് മുപ്പതിനായിരം ശിൽപങ്ങൾ 3D പ്രിന്റർ വഴി ഒരൊറ്റ ദിവസം കൊണ്ട് നിർമ്മിച്ചെടുക്കുമ്പോൾ, അതിന്റെ പിന്നിൽ ഒരു മനുഷ്യന്റെ കണ്ണീരോ സമർപ്പണമോ ഇല്ലാത്തതുകൊണ്ട് ആ കലയുടെ ആത്മാവ് നഷ്ടപ്പെട്ടുപോകുന്നു. ഡിജിറ്റൽ യുഗത്തിലെ മറ്റൊരു അപകടം, ഇന്ന് നമ്മൾ ചെയ്യുന്ന കാര്യങ്ങളും താല്പര്യങ്ങളും ഒക്കെ ഫോണിലെ ഡാറ്റകളായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. മനുഷ്യൻ എന്നത് വെറുമൊരു ഡാറ്റാസെറ്റ് ആയി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് തത്ത്വചിന്തകർ മുന്നറിയിപ്പ് നൽകുന്നു. കൃത്രിമബുദ്ധി നമ്മുടെ ഓർമ്മകളെയും അറിവുകളെയും എളുപ്പത്തിൽ സൂക്ഷിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും, അത് നമ്മുടെ സ്വന്തം ചിന്താശേഷിയെയും ഓർമ്മശക്തിയെയും മടുപ്പിച്ചു കളയുമോ എന്ന ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തമാണ്.
കൃത്രിമബുദ്ധി നമ്മളെപ്പോലെ സംസാരിക്കുകയും കഥയെഴുതുകയും ചെയ്യുമ്പോൾ നമ്മൾ ഭയപ്പെടേണ്ടതില്ല. പകരം, അത് നമ്മുടെ മനുഷ്യത്വം എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്. നമുക്കുള്ള സങ്കടങ്ങൾ, ശാരീരികമായ വേദനകൾ, മരണത്തെക്കുറിച്ചുള്ള ഭയം എന്നിവയൊന്നും ഒരു യന്ത്രത്തിന് ഒരിക്കലും ഉണ്ടാകില്ല. സാങ്കേതികവിദ്യ കേവലം ഒരു ഉപകരണം മാത്രമാണെന്ന് തിരിച്ചറിഞ്ഞ്, നമ്മുടെ ചിന്താശേഷിയെയും മനുഷ്യത്വത്തെയും മുറുകെപ്പിടിക്കുക എന്നതാണ് ഈ പുതിയ കാലത്ത് നമ്മൾ ചെയ്യേണ്ടത്.

കേരളീയ വിദ്യാഭ്യാസ രംഗത്ത് ഈ സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾക്കും സാധ്യതകൾക്കും വഴിതുറക്കുന്നുണ്ട്. വിജ്ഞാന സമ്പാദനം പുസ്തകങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും മാത്രമായിരുന്ന ഒരു കാലത്തുനിന്നും, വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഒരു തലത്തിലേക്ക് നമ്മുടെ ക്ലാസ് മുറികൾ മാറുകയാണ്. ഓരോ കുട്ടിയുടെയും പഠനവേഗതയും അഭിരുചിയും മനസ്സിലാക്കി അവർക്കായി പ്രത്യേക പഠനരീതികൾ രൂപകൽപ്പന ചെയ്യാൻ കൃത്രിമബുദ്ധിക്ക് സാധിക്കും. പരീക്ഷാ പേപ്പറുകൾ നോക്കുന്നതിലും റെക്കോർഡുകൾ സൂക്ഷിക്കുന്നതിലുമുള്ള അധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കാനും യന്ത്രങ്ങൾക്ക് കഴിയും. ഇവിടെ മനുഷ്യനായ അധ്യാപകന്റെ പ്രസക്തി ഇരട്ടിക്കുന്നുണ്ട് . അറിവ് പകർന്നു നൽകുന്ന ഒരു വിവരശേഖരമായിട്ടല്ല, കുട്ടികളിൽ മാനവികതയും പരസ്പര സ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന വഴികാട്ടിയായി അധ്യാപകർ മാറണം. യന്ത്രങ്ങൾക്ക് നൽകാൻ കഴിയാത്ത സഹാനുഭൂതിയും ജീവിതാനുഭവങ്ങളും പകർന്നു നൽകാൻ മനുഷ്യനായ അധ്യാപകന് മാത്രമേ സാധിക്കൂ. മനപ്പാഠം പഠിക്കുന്ന രീതിയിൽ നിന്നും മാറി, വിവരങ്ങളെ വിശകലനം ചെയ്യാനും സ്വന്തമായി ചിന്തിക്കാനുമുള്ള പ്രാപ്തി കുട്ടികളിൽ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാഭ്യാസം മുൻകൈ എടുക്കണം. സാങ്കേതികവിദ്യയെ ഒരു മികച്ച ഉപകരണമായി ഉപയോഗിക്കുമ്പോൾ തന്നെ, ക്ലാസ് മുറികളിലെ വൈകാരികമായ ഒത്തുചേരലുകളും പരസ്പരമുള്ള ഇടപെടലുകളും വഴി മനുഷ്യത്വമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കേരളീയ വിദ്യാഭ്യാസ രംഗത്തിന് സാധിക്കേണ്ടതുണ്ട്. യന്ത്രത്തിന്റെ കൃത്യതയെയും മനുഷ്യന്റെ കാതലിനെയും ഒരേപോലെ സമന്വയിപ്പിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ.

Share this:

Recently added