അന്താരാഷ്ട്ര തലത്തിൽ നവംബർ 20 -നാണ് ശിശുദിനം ആചരിക്കുന്നതെങ്കിലും ഇന്ത്യയിലത് ചാച്ചാ നഹ്റുവിന്റെ ജന്മദിനമായ നവം. 14-നാണ്. നമ്മുടെ രാജ്യത്തിന്റെ മുഖ്യ ശില്പികളിലൊരാളായ പണ്ഡിറ്റ് ജവഹർലാൽ നഹ്റുവിന് നൽകുന്ന മഹത്തായ സമ്മാനമായത് വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സംരക്ഷണം, വിവേചനമില്ലാത്ത ജീവിതം എന്നിവ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക എന്നതാണ് യു. എൻ ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
അനുനിമിഷം വളർന്നു കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ ലോകത്താണ് ഇന്നത്തെ കുട്ടികൾ. കാലത്തിന്റെ പ്രവേഗത്തിൽ അതിനോട് താദാദ്മ്യം പ്രാപിക്കുവാനും എളുപ്പത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യുവാനും ‘ജെൻസി’കൾക്ക് സാധിക്കുന്നു. സ്വന്തമായ ഒരു ഭാഷ നിർമ്മിക്കുവാനും വിനിമയം ചെയ്യുവാനും പ്രാവീണ്യം നേടുന്നു. പഴയ തലമുറയെപ്പോലെ ഒരു കാര്യത്തിനും അമിതപ്രാധാന്യം നൽകുന്നില്ല. ചോദ്യങ്ങൾ ഉയർത്തുന്നു. കുടുംബത്തിലും പൊതുയിടങ്ങളിലും സ്വാതന്ത്ര്യവും പരിഗണനയും അവർ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളിലും പ്രായോഗികമായ(pragmatic) രീതികളാണ് ന്യൂജെൻ കുട്ടികൾക്കിഷ്ടം. അവരെ പോയകാലത്തിന്റെ ഗൃഹാതുരതയിലേക്ക് നയിക്കാൻ ശ്രമിക്കുന്നത് അസ്വസ്തയും സംഘർഷവും വളർത്താനേ ഉപകരിക്കൂ. “നിങ്ങളുടെ കുട്ടികളെ നിങ്ങളെ പോലെയാക്കാൻ ശ്രമിക്കരുത്. അവരെ അവരെ പോലെയാകാൻ അനുവദിക്കുക. കാരണം, ജീവിതം ഓടുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല” എന്ന ഖലീൽ ജിബ്രാൻ ഉദ്ധരണി നാം ഓർക്കുക.
അവർക്ക് മര്യാദയില്ല, ബഹുമാനമില്ല, സംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ല, പ്രത്യാഘാതങ്ങൾ ഭയക്കുന്നില്ല, ഡിവൈസുകളുടെ തടവറയിലാണ്… തുടങ്ങി നിരവധി ആരോപണങ്ങൾ അവർക്കെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിനെ തന്തവൈബ് എന്നാണ് കുട്ടികൾ വിശേഷിപ്പിക്കുക. ശാരീരികമായും മാനസികമായും വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോട് വിവേകത്തിന്റെയും അനുനയത്തിന്റെയും ഭാഷയിൽ സംസാരിക്കുവാനും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും മുഖവിലക്കെടുക്കുകയും ചെയ്യാൻ മുതിർന്നവർ തയ്യാറാവണം. രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹത്തിന് ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്.
കുട്ടികളെ രൂപപ്പെടുത്തുന്നതിലും നാളെയുടെ വിധാതാക്കളായി മാറ്റുന്നതിലും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനും വലിയ സ്ഥാനമാണുള്ളത്. അവരുടെ വ്യക്തിത്വം, സ്വഭാവ രചന, ആത്മീയ ഭൗതിക വളർച്ച, സർഗാത്മകത എന്നിവ തേച്ചുമിനുക്കുന്നതിൽ കരിക്കുലത്തിനും അധ്യാപകർക്കും രാജ്യത്തിന്റെ നയനിലപാടുകൾക്കും നല്ല പങ്കുണ്ട്. എന്നാൽ ഇവ അവഗണിച്ചു മുന്നോട്ട് പോകുന്ന രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ മേഖല. മനഃപാഠം പഠിച്ചു പരീക്ഷയെ നേരിടുക, നിലവിലുള്ള സിസ്റ്റത്തെ നിലനിർത്തുക എന്നതിൽ കവിഞ്ഞ ദൗത്യങ്ങളൊന്നും അവ നിർവ്വഹിക്കുന്നില്ല. അക്കാദമിക കാര്യങ്ങൾക്കൊപ്പം ‘നല്ലൊരു മനുഷ്യനാവുക’യെന്ന ഗാന്ധിജി വിഭാവനം ചെയ്ത വിതാനത്തിലേക്ക് ഉയരാൻ നമുക്ക് കഴിയാതെ പോകുന്നു. പുതിയ വിദ്യാഭ്യാസ നയങ്ങൾ എത്രമാത്രം കാലോചിതവും ഇത്തരം മൗലിക യാഥാർഥ്യങ്ങളെ പരിഹരിക്കുമെന്നും കണ്ടറിയണം. ഒരു വിരൽത്തുമ്പിൽ ലഭിക്കുന്ന കുറച്ചു വിവരങ്ങൾക്ക് വേണ്ടി നിരവധി വർഷങ്ങൾ സ്കൂളുകളിൽ പോകേണ്ടതുണ്ടോ എന്നതും ഡിജിറ്റൽ ലോകം ഉയർത്തുന്ന മൗലികമായ ചോദ്യമാണ്.
കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയയിൽ ശ്രദ്ധിക്കുന്നതോടൊപ്പം അവരെ സാമൂഹികമായും ധാർമികമായും ഉയർത്തി കൊണ്ടുവരുവാൻ രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും പ്രാധാന്യം നൽകണം. സ്നേഹം, സൗഹൃദം, സമത്വം എന്നീ ആശയങ്ങൾ സ്വാംശീകരിക്കുക, നൈസർഗികവും കായികവും സർഗാത്മകവുമായ കഴിവുകൾ വളർത്തുക, സാമൂഹിക തിന്മകളോട് പ്രതികരിക്കുവാൻ പരിശീലിക്കുക, മനുഷ്യന്റെ ദുരിതങ്ങളിലേക്കും പ്രയാസങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബാലസംഘാടനവും തുടർപ്രവർത്തനവും ഓരോ പ്രദേശത്തും ഉണ്ടാവണം. കരിക്കുലത്തിൽ നിന്ന് കിട്ടുന്ന കാര്യങ്ങൾ പ്രാക്ടീസ് ചെയ്യുവാനും ലഭിക്കാതെ പോകുന്ന മൂല്യങ്ങൾ പകർന്നു നൽകുവാനും ഇത്തരം വേദികൾ ഒരു പരിധിവരെ സഹായകരമാകും. ഒപ്പം അവർക്ക് വ്യത്യസ്തമായ എൻഗേജ്മെന്റ്സ് നൽകുന്നതിലൂടെ സ്ക്രീൻ അഡിക്ഷനിൽ നിന്നും ഒരു പരിധി വരെ മോചിപ്പിക്കാനും കഴിയും. കുട്ടികളെല്ലാം തന്നെ വ്യത്യസ്തമാണ്, അവരുടെ കഴിവുകളും അങ്ങിനെ തന്നെ. വിഖ്യാത ചിത്രകാരൻ മൈക്കൽ ആഞ്ചെലോയുടെ വാക്കുകൾ സുവിദിതമാണ് ‘ഓരോ കല്ലിലും ഓരോ ശില്പമുണ്ട്, അത് കണ്ടെത്തുന്നവനാണ് യഥാർത്ഥ ശില്പി’.

