തുളസീദളം എന്ന തൂലികാനാമത്തിൽ എഴുതുന്ന കവി ശ്രീ. ചേന്നൻ ടി.സി. യുടെ ഓർമ്മക്കുറിപ്പുകളാണ് ‘നിഴലും നിലാവും.’ ഇക്കാലത്തു പൊതുവേ കണ്ടുവരുന്ന ഓർമക്കുറിപ്പുകളുടെ ഗണത്തിൽ പെടുത്താവുന്നതല്ല ഇപ്പുസ്തകം. കാരണം ഇതു ഭൂതകാലക്കുളിർ കൊണ്ടുവരുന്ന ഗൃഹാതുര സ്മൃതികളുടെ സഞ്ചയമല്ല. ഇവിടെ രമ്യഹർമ്മ്യങ്ങളും ഉദ്യാനങ്ങളും മഞ്ഞുമൂടിയ താഴ്വരകളുമില്ല. ഇവിടെയുള്ളത് മരുഭൂമികളും മുൾപ്പടർപ്പുകളുമാണ്. ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന ദളിത ജീവിതത്തിന്റെ ദുരിതപർവ്വങ്ങളാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്.
മഹാത്മാഗാന്ധി ഒരിക്കൽ ബി.ആർ. അംബേദ്കറെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: ‘താങ്കൾ ഈയിടെയായി എഴുതുന്ന ലേഖനങ്ങൾ നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയെ വൈകിപ്പിക്കാനല്ലേ ഉപകരിക്കൂ ?’ ഇതിന് അംബേദ്കർ നൽകിയ മറുപടി പ്രസിദ്ധമാണ്: ‘എനിക്കു മാതൃരാജ്യമില്ല.’
താനുൾപ്പെട്ട മഹർ ജാതിക്കാർക്കു പകൽവെളിച്ചത്തിൽ പുറത്തിറങ്ങാൻ അനുവാദമില്ലാത്ത, തങ്ങളുടെ കാല്പാടുകൾ മണ്ണിൽ പതിഞ്ഞാൽ മഹാപാപമാകുമെന്നു കരുതുന്ന, ഒരു രാജ്യത്തെ എങ്ങനെ മാതൃരാജ്യം എന്നു വിളിക്കുമെന്നാണ് അംബേദ്കറിന്റെ പ്രത്യുത്തരത്തിന്റെ ധ്വനി.
അംബേദ്കറും അയ്യൻകാളിയും ശ്രീനാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനുമൊക്കെ കടന്നുപോയിട്ടു കാലം പലതായി. പുണ്യനദികളിലൂടെയും പാപ നദികളിലൂടെയും വെള്ളം ഒരു പാടൊഴുകിപ്പോയി. അയിത്തവും സതിയുമൊക്കെ പണ്ടേപ്പോലെ ആചരിക്കാൻ തിടുക്കത്തിൽ പിൻനടക്കുകയാണു നാട്.
ദൈവം പ്രവാചകന്മാരെക്കൊണ്ടു മടുക്കുമ്പോൾ അവർക്കു ശിഷ്യന്മാരെ അയച്ചു കൊടുക്കും എന്ന് ബർണാഡ് ഷാ പറഞ്ഞതു സത്യമായി ഭവിച്ചിരിക്കുന്നു.
ഈ അന്ധകാരപ്പരപ്പിൽ ഏതെല്ലാമോ വിദൂര നക്ഷത്രങ്ങൾ ചിന്നുന്ന നാട്ടു വെളിച്ചം കൊണ്ട് കുറെയെല്ലാം സമ്പന്നമാണു കേരളം എന്നതാണു നമ്മുടെ അഭിമാനം. ആ നാട്ടു വെളിച്ചത്തെ നാം നവോത്ഥാനം എന്നു വിളിക്കുന്നു. ആ നാട്ടിൽ ജനിച്ചു വളർന്ന ഒരു ദളിതന്റെ ഏഴു പതിറ്റാണ്ടുകാലത്തെ അനുഭവത്തിന്റെ ചില നുറുങ്ങുകളാണ് ‘നിഴലും നിലാവും’ എന്ന പേരിൽ ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.
ഗ്രന്ഥകാരന്റെ ചേന്നൻ എന്ന പേരുണ്ടാക്കിയ പുക്കാറു ചില്ലറയല്ല. സ്‌കൂൾ രേഖകളിൽ പലപ്പോഴും അധികൃതർ തെറ്റിച്ചെഴുതിയതു നിമിത്തം ഉണ്ടായ കുഴ മറിച്ചിലുകൾ അദ്ദേഹം രസകരമായി വിവരിക്കുന്നുണ്ട്.
കവി എം.എൻ. പാലൂരുമൊത്ത് ഒരു അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നപ്പോൾ സംഘാടകർ ഇദ്ദേഹത്തിന്റെ പേര് ജയന്തൻ എന്നു ധരിച്ചു വശായി. നമ്പൂതിരിയായ പാലൂരിന്റെ മകനായിരിക്കണം ഈ ജയന്തൻ നമ്പൂതിരി എന്നു ചിന്തിച്ചവരും കുറവല്ല. ഗുരുവും മാർഗദർശിയുമായ പാലൂർ തന്നെയാണ് ഇതിനൊരു പരിഹാരം നിർദ്ദേശിച്ചത്. പേരിനോടൊപ്പം വീട്ടുപേരായ തുളസീദളം എന്നു കൂടി ചേർക്കുക. അങ്ങനെ ടി.സി. ചേന്നൻ, ചേന്നൻ തുളസീദളമായി. വന്നുവന്നു തുളസീദളം മാത്രമായി.
കാലക്രമത്തിലുള്ള നൈരന്തര്യം ഈ കുറിപ്പുകളിൽ ദീക്ഷിച്ചിട്ടില്ല. അഥവാ കാലം, ചരിത്രം എന്നതൊക്കെ ഒരു തരം ഉപരിവർഗ മേനി പറച്ചിലുകളാണല്ലോ പലപ്പോഴും !
താൻ സ്‌കൂളിൽ ചേർന്ന കഥ പറയുന്നത് ഇപ്പുസ്തകത്തിന്റെ അവസാന ഭാഗത്താണ്. തന്റെ ജനനത്തീയതി പോലും ഊഹക്കണക്കാണ് എന്നദ്ദേഹം പറയുന്നു.
‘ജന്മദിനം കൃത്യമായി കുറിച്ചിടാനുള്ള അക്ഷരാഭ്യാസം ഇല്ലാതിരുന്നതുകൊണ്ടും പിറന്നാൾ ആഘോഷം ഞങ്ങളുടെ ആൾക്കാർക്കു അക്കാലത്ത് പതിവില്ലാതിരുന്നതുകൊണ്ടും എന്റെ ജനനത്തീയതി മാതാപിതാക്കൾക്ക് ഓർമ്മയില്ലായിരുന്നു.’
അക്കാലത്ത് ഗ്രന്ഥകാരന്റെ തറവാട്ടിൽ നിന്ന് ആരെങ്കിലും വിദ്യാലയത്തിൽ ചേരുകയോ അക്ഷരം പഠിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ സമയത്തിനു കൊണ്ടുപോയി അദ്ദേഹത്തെ ആരും സ്‌കൂളിൽ ചേർത്തതുമില്ല.
അങ്ങനെയിരിക്കെ അയൽപക്കത്തെ സമപ്രായക്കാരൻ ഒന്നു രണ്ടാഴ്ചയായി കൂടെ കളിക്കാൻ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അവൻ സ്‌കൂളിൽ ചേർന്ന കഥ അറിയുന്നത്. അയാളുടെ സ്‌കൂൾ ഒന്നു കണ്ടു കളയാം എന്നു കരുതി, വീട്ടിൽ ഉപയോഗിക്കുന്ന മുഷിഞ്ഞ ഒരു തോർത്തുമുണ്ടു മാത്രമുടുത്ത് അവിടെയെത്തിയ കഥാനായകനെ ഒരധ്യാപകൻ പിടി കൂടി ഒന്നാം ക്ലാസ്സിലിരുത്തി.
ടി.സി. ചേന്നൻ എന്ന പുതിയ വിദ്യാർഥി ജനിച്ചത് 1951 ജൂലൈ 15 ന് ആണെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ സ്വയം നിശ്ചയിച്ചു രജിസ്റ്ററിൽ ചേർത്തു; അത്ര തന്നെ!
ആഹ്ലാദകരമായ കാര്യങ്ങളൊന്നുമല്ല തന്റെ കുട്ടിക്കാലത്തെ സംബന്ധിച്ച് ഗ്രന്ഥകർത്താവിന് ഓർക്കാനുള്ളത്. ജന്മിയുടെ ഗൃഹത്തിൽ കൂലിപ്പണിക്കു പോകുമ്പോൾ മുറ്റത്തു കുഴിയുണ്ടാക്കി അതിൽ വച്ച ഇലയിൽ കോരിയൊഴിക്കുന്ന കഞ്ഞി പ്ലാവില കോട്ടി കോരിക്കുടിച്ച കാലം ഇദ്ദേഹം ഓർക്കുന്നുണ്ട്. ഇങ്ങനെ അടിയാർക്ക് കഞ്ഞി ഒഴിച്ചു കൊടുത്ത പുണ്യകർമ്മത്തെ ഓർത്ത് അടുത്ത കാലത്തും ഒരു മഹാൻ കോൾമയിർ കൊള്ളുന്നതു മാധ്യമങ്ങളിൽ കാണാനിടയായി. എന്നാൽ അങ്ങനെ കുടിച്ചവർക്ക് അതത്ര അഭിമാനകരമായ സംഗതിയായിരുന്നില്ല.
മണ്ണുകൊണ്ടു ചുമരും മുളയും വൈക്കോലും കൊണ്ട് മേൽക്കൂരയുമുള്ള വീട്. കൊല്ലം തോറും മേച്ചിൽ പുതുക്കണം. ഇത്തരം പുരമേച്ചിൽ പഴയ കാല ഗ്രാമീണ കേരളത്തിന്റെ ഹൃദ്യചിത്രങ്ങളിലൊന്നാണ്. അയൽക്കാർ പരസ്പരം സഹകരിച്ചു നിർവഹിക്കുന്ന ഒരു കർമ്മമാണത്. ഇപ്രകാരം ഒരു പുര മേയൽ രംഗം ഇതിൽ വിവരിക്കുന്നുണ്ട്. ഒരിടത്തു പുരമേയൽ നടക്കുമ്പോൾ അവിടത്തെ ഉമ്മ തങ്ങളുടെ അടുപ്പ് ഗ്രന്ഥകാരന്റെ മുറ്റത്തെ പ്ലാവിൻ ചുവട്ടിലേക്കു മാറ്റി. ഒരടുപ്പിൽ ഉമ്മയും മറ്റൊരടുപ്പിൽ അമ്മയും കഞ്ഞിവയ്ക്കുന്നു. കുട്ടികൾ ഒരിടത്തിരുന്നു കഥ പറയുകയാണ്. ജന്മിഗൃഹത്തിൽ നിന്ന് ആണ്ടിലൊരിക്കൽ കിട്ടുന്ന സദ്യയുടെ വിവരണം ഒരാൾ നടത്തുന്നു. വറ്റുകുറഞ്ഞ കഞ്ഞിയും ഉണക്കമീൻ ചുട്ടതും മാത്രം കഴിച്ചു ശീലിച്ച കുട്ടികൾ സദ്യവട്ടത്തിന്റെ മാസ്മരികതയിൽ ലയിച്ചിരിക്കുമ്പോഴാണ് അവരെ ഭക്ഷണത്തിനു വിളിക്കുന്നത്. പലവട്ടം വിളിച്ചിട്ടും എത്താത്ത കുട്ടികളെ ഉമ്മ ശകാരിച്ചപ്പോൾ കൂട്ടത്തിലെ ഇളയ പെൺകുട്ടി പറഞ്ഞു.’ഉമ്മാ ഞങ്ങളു ചോറു ബെയ്ച്ച്ണ കിസ്സ പറയ്യാ, അതു കജ്ജട്ടെ.’
തന്റെ വീട്ടിൽ ഇരിക്കാനോ വച്ചെഴുതാനോ ഉപകരണങ്ങൾ ഒന്നുമില്ലാത്ത അക്കാലത്ത് തറയിൽ കമിഴ്ന്നു കിടന്നാണ് ഗൃഹപാഠങ്ങൾ ചെയ്തിരുന്നതും റിക്കാർഡുകൾ വരച്ചിരുന്നതും. ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ ഗ്രന്ഥകാരൻ ആദ്യം ചെയ്തത് ഒരു മേശയും രണ്ടും സ്റ്റൂളും വാങ്ങുകയായിരുന്നു !
പോയ കാലത്തിന്റെ എന്തെല്ലാം ചിത്രങ്ങളാണിതിൽ ! വഴിവിളക്കുകളോ ടോർച്ചോ ഇല്ലാതിരുന്ന കാലത്ത് രാത്രിയിൽ മുളം കുറ്റികളിൽ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്ന ‘സുറുവൻ’ കുറ്റികളുമായി സംഘം ചേർന്നു സഞ്ചരിക്കുന്ന ഗ്രാമീണർ. അടുത്തു വീടുള്ളയാളുടെ കുറ്റിയാണ് ആദ്യം കത്തിക്കുക. അതു കഴിയുമ്പോൾ അടുത്തയാൾ. ഇല്ലായ്മയെയും വല്ലായ്മയെയും പരസ്പര സഹകരണം കൊണ്ടു നേരിട്ടു അന്നത്തെ ജനത!
തിരസ്‌കാരത്തിന്റെയും അവഗണനയുടെയും ഒട്ടേറെ അനുഭവങ്ങളുണ്ടിതിൽ. പക്ഷേ തന്റെ ദുരനുഭവത്തിനു കാരണക്കാരായവരെ കാലുഷ്യമേതുമില്ലാത്ത ഭാഷയിലാണ് അദ്ദേഹം പരാമർശിക്കുന്നത്.
1973 ൽ ലേഖകൻ ടെലികോം വകുപ്പിൽ ഒരു ട്രെയിനിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അതറിയിക്കുന്ന രജിസ്‌ട്രേഡ് കത്ത് പോസ്റ്റുമാൻ മന:പൂർവം വച്ചു താമസിപ്പിച്ച് അവസാന നിമിഷമാണു കൊടുക്കുന്നത്. യാത്രയ്ക്കാവശ്യമായ വസ്ത്രങ്ങൾ തുന്നാനേൽപ്പിച്ച തുന്നൽക്കാരനാവട്ടെ വെറുതെ ഉഴപ്പി യാത്ര പുറപ്പെടുന്നതിന്റെ തലേന്നു രാത്രിയിലാണ് ജോലി തീർത്തു കൊടുത്തത്. അതും വാങ്ങി പുഴക്കരയിലെത്തിയപ്പോൾ തോണിക്കടവു പൂട്ടിയിരിക്കുന്നു. നീന്തി മറുകരപറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒടുവിൽ അല്പമകലെ വഴിവക്കത്തുള്ള പാവപ്പെട്ട ഒരു ക്രിസ്ത്യൻ കുടുംബത്തിൽ രാത്രി കഴിച്ചു കൂട്ടി അദ്ദേഹം. അവിടത്തെ പത്താം ക്ലാസുകാരൻ കുട്ടിക്ക് ഗ്രന്ഥകാരൻ ട്യൂഷനെടുത്തിരുന്നത് കൊണ്ടാണ് അത്തരം സഹായം ലഭിച്ചത്.
ഏതാനും വർഷം ലക്ഷദ്വീപിൽ ഇദ്ദേഹത്തിനു ജോലി ചെയ്യാനവസരമുണ്ടായി. ലക്ഷദ്വീപിലെ അനുഭവങ്ങൾ വിവരിക്കുന്നിടത്താണ് ഈ കൃതിയിലേക്ക് നർമ്മത്തിന്റെയും സന്തോഷത്തിന്റെയും നിലാവു കടന്നു വരുന്നത്. സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനടക്കം ഒട്ടനേകം സുഹൃത്തുക്കളെ സമ്പാദിക്കാൻ ലക്ഷദ്വീപുകാലത്ത് അദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ദ്വീപുകളിൽ മാറി മാറിയുള്ള താമസം, കലാ പ്രവർത്തനങ്ങൾ എല്ലാം ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. വിചിത്ര സ്വഭാവികളായ ഒട്ടേറെ മനുഷ്യർ ഇതിൽ വന്നു പോകുന്നു.
ഒരു കുടുംബത്തെ നിത്യദാരിദ്ര്യത്തിൽ നിന്നു കരകയറ്റേണ്ട ഉത്തരവാദിത്തം തലയിലേറ്റിയിരിക്കുകയാൽ ആദ്യ പ്രണയം നിരസിക്കേണ്ടി വന്ന അനുഭവവും ഇതിൽ വായിക്കാം. സാമ്പ്രദായിക രീതിയിൽ കവിതയെഴുതി ശീലിച്ചതിന്റെ കൃതഹസ്തത ഇതിലെ ഭാഷയെ അത്യന്തം പാരായണക്ഷമവും കാവ്യാത്മകവുമാക്കുന്നു.
ഒരിക്കൽ കൂടി പറയട്ടെ, ഇതു വ്യത്യസ്ത ജനുസ്സിൽപ്പെട്ട ഒരു ഓർമ്മക്കുറിപ്പാണ്. തീർച്ചയായും വായിക്കപ്പെടേണ്ടതാണ്.
ഡോ. കെ. വി. തോമസ്,
(മലബാർ ക്രിസ്ത്യൻ കോളേജ്, മലയാള വിഭാഗം മുൻ മേധാവി.)
