ഓർമ്മകളിലെ മഴനനവ്

ഞാൻ സൗദിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഖഫീലിൻ്റെ ,

കെയ്റോയിലെ ഫ്ലാറ്റ് പെയിൻ്റടിക്കാൻ ഈജിപ്തിലേക്ക് പോയിരുന്നു. രണ്ട് മാസം ഞാനാ മഹാനഗരത്തിലെ ഇരുപത് നിലകളുള്ള കെട്ടിടത്തിന്റെ പതിനെട്ടാം നിലയിൽ ജോലി നോക്കുകയും അവിടെത്തന്നെ അന്തിയുറങ്ങുകയും ചെയ്തു.

ഫ്ലാറ്റിന്റെ ചില്ല് ജാലകം തുറന്നാൽ കെയ്റോ നഗരത്തിലൂടെ ഒഴുകുന്ന നൈലിന്റെ കൈവരി കാണാം. പുലരികളിൽ ആ ജലത്തിലൂടെ നീർക്കോഴികൾ ഊളിയിട്ടു. പേരറിയാത്ത പലതരം പക്ഷികൾ അതിൻ്റെ തീരത്തെ കുറ്റിക്കാട്ടിലിരുന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു.

ഹുസ്‌നി മുബാറക്കിന്റെ ഭരണ കാലമായിരുന്നു .

അവിടുത്തെ പൗരന്മാർക്ക് താടി വളർത്താൻ പോലും ലൈസൻസ് വേണ്ട കാലം. ഞാൻ ജോലി ചെയ്ത ഫ്ലാറ്റിലെ ആശാരിക്ക് നെഞ്ചോളമെത്തുന്ന നരച്ച താടിയും അത് വളർത്താനുള്ള ലൈസൻസും ഉണ്ടായിരുന്നു. അറിയാവുന്ന മുറി ഇംഗ്ലീഷിലും ആംഗ്യ ഭാഷയിലുമായി ഞാൻ ആ മനുഷ്യനോട് സംസാരിക്കുമായിരുന്നു.

ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ കുറിച്ച് അദ്ദേഹത്തിനുള്ള ആകെ അറിവ് അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമായിരുന്നു .

കയ്യിലെ പത്ത് രൂപ കാണിച്ച് അതിലെ ഗാന്ധിയെ കുറിച്ച് എനിക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നു. ഗാന്ധിയെ കുറിച്ച് ഏതാണ്ടൊരു വിവരം കിട്ടിയപ്പോൾ ആ മുഖത്ത് അത്ഭുതം വിടർന്നു. വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആളായിരുന്നു അദ്ദേഹം .എന്നിട്ടും എന്റെ മുറി ഇംഗ്ലീഷിലെ ഗാന്ധി വിവരണം കേട്ടിട്ട് അദ്ദേഹം പറഞ്ഞു.

“അസാധാരണ മനുഷ്യൻ “

എന്നും പ്രഭാതങ്ങളിൽ ഞാനാ നഗരത്തിന്റെ ഊടുവഴികളിലൂടെ നടക്കാനിറങ്ങും .

നേർത്ത മഞ്ഞ് പെയ്യുന്ന കാലമായിരുന്നു അത്. ഇടയ്ക്ക് ചാറ്റൽ മഴ പൊടിയും. ആ മഞ്ഞിനും മഴയ്ക്കും എന്റെ നാടിൻ്റെ ഗന്ധം തന്നെയായിരുന്നു.

സുന്ദരികളുടെ നഗരം കൂടിയായിരുന്നു കെയ്റോ. ഞാൻ താമസിച്ച കെട്ടിടത്തിന്റെ താഴെ നിരനിരയായി പാർക്ക് ചെയ്തിട്ടിരിക്കുന്ന വാഹനങ്ങൾ എന്നും രാവിലെ അതി സുന്ദരികളായ പെൺകുട്ടികൾ കഴുകി വൃത്തിയാക്കുമായിരുന്നു.

അത് ആരും പറഞ്ഞിട്ടല്ല അങ്ങനെ കഴുകിയിടുന്ന വാഹനങ്ങളുടെ ഉടമകളിൽ ആരെങ്കിലും അവർക്ക് അഞ്ചോ പത്തോ രൂപ കൊടുത്തെന്ന് വരും.

പലരും ഒന്നും കൊടുക്കാതെ വണ്ടിയെടുത്ത് പോവും. മുഷിഞ്ഞതും പിഞ്ഞിയതുമായ അവരുടെ വസ്ത്രങ്ങളുടെ വിടവിലൂടെ കാണുന്ന നഗ്നതയിലേക്ക് അവിടുത്തെ ആണുങ്ങളും ആർത്തിയോടെ നോക്കി. ചിലർ യാതൊരു കൂസലുമില്ലാതെ അവരുടെ ചന്തിയിലും മുലകളിലും പിടിച്ച് നിർവൃതിയടഞ്ഞു. അത്തരക്കാർക്ക് നേരെ ആ പെൺകുട്ടികൾ കാർക്കിച്ചു തുപ്പുന്നതും നിത്യ കാഴ്ച്ചയായിരുന്നു.

പുലരികളിൽ വഴിയോരക്കടകളിലിരുന്ന് വൃദ്ധന്മാർ ഹുക്ക വലിച്ചു .ചായ കുടിച്ചു.

അവരുടെ നീണ്ട താടിയിലൂടെ മഞ്ഞും പുകയും കടന്നു പോയി .നല്ല തണുപ്പുള്ള ആ സമയങ്ങളിൽ മതിയായ വസ്ത്രങ്ങളില്ലാതെ കുട്ടികൾ തെരുവിലൂടെ അലഞ്ഞു നടന്നു . കാണാൻ നല്ല ചന്തമുള്ള കുട്ടികൾ . ആ ചന്തത്തിനു മേൽ പടർന്ന ഇല്ലായ്മയുടെ ചെളിപ്പാടുകൾക്ക് രാജ്യഭേദമില്ലല്ലോ എന്നോർത്ത് ഞാൻ നെടുവീർപ്പിട്ടു.

നടത്തത്തിനിടെ ഞാനും ചായ കുടിച്ചു .ചെറിയ ഗ്ലാസിൽ ലഭിക്കുന്ന ആ മസാല ചായക്ക് വല്ലാത്ത രുചിയായിരുന്നു. ഒരു ചായ കുടിച്ചിട്ട് മതി വരാതെ ഞാൻ രണ്ടും മൂന്നും ചായയൊക്കെ ഒറ്റയടിക്ക് കുടിക്കുന്നത് കണ്ട് ഹുക്ക വലിക്കുന്ന വൃദ്ധന്മാർ എന്നെ മിഴിച്ചു നോക്കുമായിരുന്നു. ഞങ്ങൾക്കിടയിൽ ചാറ്റൽ മഴ പെയ്തു. ആ മഴയും കൊണ്ട് ഒരു അഞ്ചു വയസ്സുകാരൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ

ഞാനവനോട് ആംഗ്യ ഭാഷയിൽ ചായ വേണോ എന്ന് ചോദിച്ചു.

അവൻ പിറകിലെ ഇരുട്ടിലേക്ക് ഓടി മറയുന്നത് നോക്കി നിൽക്കുമ്പോൾ ഞാനെൻ്റെ മക്കളെ ഓർത്തു .തണൽ മരങ്ങളിൽ നിന്ന് മഴത്തുള്ളികൾ ഇറ്റി വീഴുന്ന ആ തണുത്ത പ്രഭാതത്തിൽ അവനെൻ്റെ ചായ നിരസിച്ചതിൽ എനിക്ക് സങ്കടം തോന്നി. പക്ഷേ അവൻ മടങ്ങി വന്നു .വന്നത് ഒറ്റയ്ക്കായിരുന്നില്ല അവൻ്റെ ഏഴു കൂട്ടുകാരെയും കൂട്ടിയായിരുന്നു .

എല്ലാവർക്കും ഒരേ നിറം .ഒരേ മുഷിഞ്ഞ വേഷം .ഒരേ കണ്ണുകൾ .ഞങ്ങൾ ഒന്നിച്ച് ചായ കുടിച്ചു.

എട്ട് ചുണ്ടുകൾ മസാല ചായയുടെ രുചിയിൽ വിറ കൊള്ളുന്നത് ഞാൻ കൗതുകത്തോടെ കണ്ടു നിന്നു .ചായ കുടിച്ചു തീർന്നതും അവർ ഒന്നിച്ച് ഗ്ലാസുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞു .അത് പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടപ്പോഴും ഞാനെൻ്റെ മക്കളെ ഓർത്തു. ചായയുടെയും ഗ്ലാസിന്റെയും പണം കൊടുത്ത് മടങ്ങുമ്പോൾ ഞാൻ അവരെ തിരഞ്ഞു . ഊടു വഴികളിൽ എവിടെയും അവരുടെ നിഴൽ പോലും ഉണ്ടായിരുന്നില്ല.

പിറ്റേന്ന് അതേ നേരത്ത് അവർ വന്നു .ചായ കുടിച്ചിട്ട് ഗ്ലാസ് എറിഞ്ഞുടക്കാനാണ് പരിപാടിയെങ്കിൽ അത് നടപ്പില്ലെന്ന് ഞാൻ ആംഗ്യ ഭാഷയിൽ പറഞ്ഞൊപ്പിക്കാൻ പാടു പെടുമ്പോൾ , ഹുക്ക വലിക്കുന്ന വൃദ്ധന്മാർ അവരുടെ ഭാഷയിൽ കുട്ടികളോട് കാര്യം പറഞ്ഞു. അവർ ഒന്നിച്ച് തലയാട്ടി .അന്ന് അവർ എട്ടു പേരുണ്ടായിരുന്നു.

(നാട്ടിലെ അമ്പത് പൈസയ്ക്ക് തുല്യമായ സംഖ്യ മതിയായിരുന്നു കെയ്റോയിൽ അക്കാലത്ത് ഒരു ചായയ്ക്ക് )

ദിവസം ചൊല്ലുംതോറും ആ കൂട്ടം പെരുകി വന്നു .ഞാൻ അവിടം വിട്ടുപോരുന്നതിന്റെ തലേന്ന് മുപ്പത്തിരണ്ട് കുട്ടികളുണ്ടായിരുന്നു ചായ കുടിക്കാൻ.

ചായ കുടി കഴിഞ്ഞാൽ അവർ എങ്ങോട്ടെന്നില്ലാതെ ഓടി മറയും .അതിൽ ഒരുത്തന്റെ വെളുത്ത നെറ്റിയിൽ നാണയ വട്ടത്തിൽ ചുവന്ന മറുകുണ്ടായിരുന്നു. ഞാൻ ചായ കുടിക്കുന്ന കടയുടെ എതിർ വശത്തെ ചുമരിലെ ജാലകം എന്നും തുറന്നു കിടന്നു .മര അഴികളുള്ള ആ ജാലകത്തിലൂടെ ഒരു അഞ്ചു വയസ്സുകാരി എന്നെയും കുട്ടികളെയും നോക്കി നിൽക്കുമായിരുന്നു. അത് അവളുടെ വീടായിരുന്നു അവളുടെ കയ്യിൽ എന്നും പച്ച നിറമുള്ള കോല് മിഠായി ഉണ്ടാവും .ചുവന്ന ചുണ്ടുകളെ പച്ചയണിയിച്ചു കൊണ്ട് അവളെന്നും അവിടെ നിന്നു കൊണ്ട് എന്നെ നോക്കി ചിരിക്കുമായിരുന്നു.

എന്നും ഞാനവളുടെ കോൽ മിഠായിക്കായി കൈ നീട്ടുമായിരുന്നു . എൻ്റെ കൈ നീളുന്നതിനു മുമ്പേ അവളത് പിറകിലെവിടെയോ ഒളിപ്പിച്ചു വെച്ച് കൈ മലർത്തി കാട്ടി ചിരിക്കും .എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്ര ചന്തമുണ്ടായിരുന്നു ആ ചിരിക്ക് .അത് കാണുമ്പോഴൊക്കെ ഞാനെൻ്റെ മകളെ ഓർത്തു.

എൻ്റെ ചായപ്പട്ടാളം ചായകുടി കഴിഞ്ഞ് പാത മുറിച്ചു കടന്ന് പലയിടത്തേക്കായി ഓടി മറയുമ്പോൾ അരൂപിയായ വിഷാദം എന്നെ വന്നു പൊതിയുമായിരുന്നു .എനിക്ക് മുമ്പിലെ പാതകളിൽ മഞ്ഞും മഴയും പെയ്തു .

അത്തരം വിഷാദ വേളകളിലൊന്നിൽ ഞാൻ നീട്ടിയ കൈയിലേക്ക് ആ പെൺകുട്ടി തൻ്റെ പച്ച കോല് മിഠായി വെച്ച് തന്നു. പാതിയിലേറെ തിന്ന് കഴിഞ്ഞ ആ മിഠായി വാങ്ങുമ്പോൾ ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി .ഇളം പച്ച നിറമുള്ള കൃഷ്ണമണികൾക്കപ്പുറത്തെ അഗാധതയിലും,

ആ നിഷ്കളങ്കമായ ചിരിയിലും ,കവിളിൽ പുരണ്ട മിഠായിപ്പച്ചയിലും ഞാൻ ദൈവങ്ങളെ കണ്ടു…..

മിഠായി എനിക്ക് നീട്ടിയപ്പോ ഞാനത് വാങ്ങിയതിനാൽ അവൾ കരഞ്ഞേക്കുമെന്നാണ് ഞാൻ കരുതിയത് . പക്ഷേ അവൾ നിറഞ്ഞ ചിരിയോടെ തല കഴിയുന്നത്ര പുറത്തേക്കിട്ട് എന്നെ തന്നെ നോക്കി നിന്നു. അവളെത്തന്നെ തിരിഞ്ഞു നോക്കി എച്ചിൽ പുരണ്ട മിഠായിയും ഈമ്പിക്കൊണ്ട് ചാറ്റൽ മഴ പെയ്യുന്ന പാതയിലൂടെ ഞാൻ നടന്നു .അതിൻ്റെ പിറ്റേന്നാണ് ഞാൻ അവിടം വിട്ടു പോന്നത്.

താടി വളർത്താൻ ലൈസൻസുള്ള ആ വൃദ്ധനാണ് എനിക്ക് പറഞ്ഞു തന്നത് .

കെയ്റോയിൽ കച്ചവടം ചെയ്യുന്ന അനേകം ഇറാനിയൻ കുടുംബങ്ങൾ ഉണ്ടെന്ന് .ആ പെൺകുട്ടി ഇറാനിയായിരുന്നു.

നൈലിലൂടെയും ഭാരതപ്പുഴയിലൂടെയും ജലം ഒരുപാട് ഒഴുകിപ്പോയി….. പുലരിയും അസ്തമയവും മഴയും വെയിലും മഞ്ഞും എത്രയോ ആവർത്തിച്ചു കഴിഞ്ഞു. അന്നത്തെ അഞ്ചുവയസ്സുകാരിക്ക് ഇപ്പോൾ ഇരുപത് വയസ്സായിട്ടുണ്ടാവും. അവളുടെ കുടുംബം ഇറാനിലേക്ക് മടങ്ങി പോയിട്ടുണ്ടാവില്ലെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഉമിനീര് പുരണ്ട പച്ച കോല് മിഠായിയുടെ രുചിയിലേക്ക് രക്തവും കണ്ണീരും കലരരുതേ എന്ന് ഞാൻ സകല ഈശ്വരന്മാരോടും പ്രാർത്ഥിക്കുന്നു…..

പേരറിയാത്ത പൊന്നു മോളേ….

യുദ്ധം എവിടെയായാലും എന്തിൻ്റെ പേരിലായാലും അത് ആദ്യം കുട്ടികളുടെ ജീവനെയാണ് ഇറുത്തു മാറ്റുന്നത് .പിന്നെ അവരുടെ അമ്മമാരുടെ…..

എത്ര ചോര കണ്ടാലും മതിവരാത്ത ഒരു ലോകത്താണ് ഞാനും നീയും ജീവിക്കുന്നത്

.ഉമിനീരിനും വിശപ്പിനും വിയർപ്പിനും കണ്ണീരിനും ദുരിതങ്ങൾക്കും രാജ്യാതിർത്തികൾ ഇല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒപ്പം കെയ്റോയിലെ ആ ചുവന്ന ഇഷ്ടിക ചുമരുള്ള വീട്ടിൽ നീ ജീവിച്ചിരിപ്പുണ്ടെന്നും ,

മര അഴികളുള്ള ആ ജാലകം ഇപ്പോഴും തുറന്ന് കിടക്കുന്നുണ്ടെന്നും ….

Share this:

Recently added