കറുത്ത രാത്രി

നോവൽ തുടർച്ച 5

പ്രഭാതം.
രാശിപ്പലകയിൽ കവടികൾ നിരത്തി എന്തെല്ലാമോ കൂട്ടിയും കിഴിച്ചും കളത്തിലെ കവിടികൾ നീക്കിയും നിരത്തിയും കളത്തിൽ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് മൂത്തേടൻ. അവർക്കിടയിൽ വല്ലാത്തൊരു നിശബ്ദത നിറഞ്ഞുനിന്നു. മൂത്തേടന്റെ വായിൽ നിന്നും എന്താണ് വീഴുന്നതെന്നറിയാൻ പ്രതീക്ഷയോടെ കാത്തി രിക്കുകയായിരുന്നു വിശ്വനാഥ വാര്യർ. മൂത്തേടന്റെ മൗനം വാര്യരുടെ ക്ഷമ നിശപ്പിച്ചു.
”എന്താടോ മൂത്തേടാ… എന്തെങ്കിലും കുഴപ്പം….?”
രാശി പലകയിൽനിന്നും മുഖമുയർത്തി വാര്യരെ തന്നെ സൂക്ഷിച്ചു നോക്കി മൂത്തേടൻ പറഞ്ഞു.
”കുംഭം രാശിയാടോ വാര്യരെ… എന്നുവെച്ചാ കുടത്തില് വെച്ച വിളക്കുപോലെന്നാ പ്രമാണം… വിളക്കൊട്ട് അണയും ഇല്ല്യ. എന്നാലോ ചുറ്റും വെളിച്ചം ഉണ്ടാകൂ ഇല്ല്യ…. എങ്കിലും നല്ല ഈശ്വരാംശമുള്ള രാശിയാ… അതുകൊണ്ട് ദൈവാധീനം വേണ്ടുവോളമുണ്ട്. പക്ഷേ, തനിക്കിപ്പോ ശനിയുടെ അപഹാര കാലമാണ്. പോരാത്തതിന് തന്റെ മകന്റെ ജാതകത്തില് ശേഷക്ക്രിയക്കുള്ള യോഗവും കാണുന്നു. എന്ന് കരുതി താൻ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല… ദൈവാധീനമുള്ളതു കൊണ്ട് ദോഷങ്ങളൊക്കെ വഴിമാറിപ്പോയേക്കാം…”
എന്തെല്ലാമോ മനസ്സിൽ ജപിച്ചു. വളരെ പ്രാർത്ഥനയോടെയാണ് അത് പറഞ്ഞത്. അതുകേട്ട ഉള്ള് പിടഞ്ഞ് ആധിയോടെ വാര്യർ ഒരു നിമിഷം മനസ്സാ പരദേവതകളെ വിളിച്ചു.
‘എന്റെ കാര്യത്തിൽ എനിക്ക് ഭയമില്ല മൂത്തേടാ… എന്റെ കുട്ടികളുടെ കാര്യത്തിൽ ഭയപ്പെടത്തക്ക എന്തെങ്കിലും….?’
മൂത്തേടൻ സമീപത്തെ പഞ്ചാംഗം എടുത്ത് മറിച്ച് നോക്കി കടലാസിൽ എന്തെല്ലാമോ കണക്കുകൾ കൂട്ടി നോക്കിയശേഷം പറഞ്ഞു.
‘തന്റെ മകന്റെ കാര്യം ചിന്തിച്ചാൽ.. അയാൾക്കിപ്പോ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതൊക്കെ കൈമോശം വരുന്ന കാലാ… അയാളോട് ഒന്ന് കരുതി ഇരിക്ക്യാൻ പറയാ… സ്വന്തമായി വണ്ടി ഓടിച്ചു കൊണ്ടുള്ള യാത്രകൾ ഏതായാലും കുറച്ചു കാലത്തേക്ക് വേണ്ടാന്നും പറയ്യാ…’
‘അയാൾ എന്തോ മരുന്നു കണ്ടുപിടിക്കുന്ന ഗവേഷണ ത്തിലാണെന്ന് താൻ മുൻപ് പറഞ്ഞതായി ഞാനോർക്കുന്നു.’
ശരിയല്ലേ എന്ന അർത്ഥത്തിൽ മൂത്തേടൻ വാര്യരെ നോക്കി. അത് ശരിവെച്ചുകൊണ്ട് വാര്യർ തലയാട്ടി ചിരിച്ചു.
”അതേ… മൂത്തേടാ… പ്രമേഹരോഗത്തിന് ശാശ്വത പരിഹാരം ലഭിക്കാനുള്ള മരുന്നാ… വിദേശരാജ്യങ്ങളിലൊക്കെ അത് പരീക്ഷിച്ച് കഴിഞ്ഞു.’
‘ങ്ഹാ.. എന്നാൽ ആ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങ ളൊന്നും ആരോടും പങ്ക് വെക്ക്യാതിരിക്കാൻ ശ്രദ്ധിക്ക്യാ.. പിന്നെ… വിലപ്പെട്ടത് നഷ്ടപ്പെടുമെന്ന് പറയുമ്പോൾ… അതും ഇതിൽപ്പെ ടുമല്ലോ.. ങ്ഹാ… പിന്നെ നിന്റെ മോളൂട്ടിയുടെ കാര്യം. അവളുടേത് മകരം രാശിയാ… മറിച്ചൊന്നും ചിന്തിക്കേണ്ടന്ന് പറയാ… ദേവീ ചൈതന്യം ആ കുട്ടിയോടൊപ്പമുണ്ടെന്ന് വേണമെങ്കിൽ പറയാം… തന്റെ കുടുംബത്തിന്റെ എല്ലാ ദോഷങ്ങൾക്കും ആ കുട്ടിയുടെ ജാതകത്തിൽ പരിഹാരമുണ്ട്….”
”എന്റെ മകന്റെ പരിശ്രമം… വ്യഥാവിലാവോ മൂത്തേടാ…”
നെഞ്ച് പിടയുന്ന ഭീതിയോടെ വാര്യർ ചോദിച്ചു.
‘താനൊന്ന് സമാധാനമായിരിക്ക്യടോ… ഈ മരുന്ന് കണ്ടുപിടിക്കുക എന്നൊക്കെ പറയുന്നത്… ഒരു സൽക്കർമ്മമല്ലേടോ… വേദന അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ ശ്രമിക്കുന്നവരെ ദൈവം കൈവിടില്ല… അവരോടൊപ്പമാവില്ലേ അങ്ങേര്… എന്തായാലും തന്റെ മകനെ ആപത്തുകളിൽ നിന്നും രക്ഷിക്കാൻ ഒരാൾ അവനോടൊപ്പം എപ്പോഴുമുണ്ടാവുന്ന് കരുതിക്കോളൂ’
വാര്യരെ സാന്ത്വനിപ്പിക്കുന്ന രീതിയിൽ മൂത്തേടൻ പറഞ്ഞു. മൂത്തേടനോട് യാത്രപറഞ്ഞ് അവിടെനിന്നിറങ്ങുമ്പോൾ വാര്യരുടെ മനസ്സിൽ എന്തെല്ലാമോ അസ്വസ്ഥതകളും ചിന്തകളും കലമ്പുന്നു ണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ നടന്ന കാര്യങ്ങളും ഇപ്പോൾ മൂത്തേടൻ പറഞ്ഞ കാര്യങ്ങളും തട്ടിച്ച് നോക്കുമ്പോൾ അതിൽ എന്തെല്ലാമോ നിഗൂഢതകൾ ഒളിഞ്ഞിരിപ്പില്ലേ? തന്റെ മകനെ അപായപ്പെടുത്തുവാൻ ശ്രമിക്കുന്നതാരാണ്? കുലദൈവങ്ങളേ എന്റെ കുട്ടികളെ കാത്തോളണമേ.. എന്ന് പ്രാർത്ഥിച്ചു കൊണ്ട് വാര്യർ കാറിന്റെ പിൻസീറ്റിലേക്ക് ചാരിക്കിടന്നു. ചിന്തകൾ കാട് കയറിയപ്പോൾ അയാൾ മറ്റെല്ലാം മറന്നു. വണ്ടിയുടെ ഹോൺ ശബ്ദം കേട്ടപ്പോഴാണ് വാര്യർ ചിന്തകളിൽ നിന്നും ഉണർന്ന് വീടെത്തിയത് അറിയുന്നത്. അപ്പോഴേക്കും കാർ പോർച്ചിൽ എത്തിയിരുന്നു. അവിടെ ഉമ്മറത്ത് തന്നെ നന്ദകുമാറും പാർവ്വതി ദേവിയും എന്തോ സംസാരിച്ച് നിൽക്കുന്നുണ്ട്. വാര്യർ കാറിൽ നിന്നും ഇറങ്ങി നന്ദനരികിലേക്ക് ചെന്നു.
”ങ്ഹാ.. മോളെ കൂട്ടാൻ നീയിതുവരെ സ്റ്റേഷനിലേക്ക് പോയില്ലേ..”
”ഇല്ല അച്ഛാ…. ഞാൻ പോവാനായി ഇറങ്ങിയതായിരുന്നു…. എത്ര ശ്രമിച്ചിട്ടും വീണ്ടും കാർ സ്റ്റാർട്ടാവുന്നില്ല… പറയുമ്പോ ഇന്നലെ മെക്കാനിക്കിന്റെ മുമ്പിൽവെച്ച് ഞാൻ തന്നെയാ വണ്ടി ഓടിച്ച് നോക്കിയത്. എന്നിട്ട് ഇപ്പോൾ പഴയപടി തന്നെ…”
”ദൈവമേ… എന്റെ കുട്ടി അവിടെനിന്ന് പരിഭ്രമിക്ക്യല്ലോ…”
”ഇല്ലച്ഛാ… ഞാനവളെ കുറച്ചു മുമ്പ് വിളിച്ചിരുന്നു. സ്റ്റേഷനിൽ നിന്നും ഒരു ടാക്‌സി വിളിച്ച് അവളിങ്ങു വന്നോളും…”
”അതെങ്ങനെയാ… എത്ര പറഞ്ഞാലും നിങ്ങളച്ഛനും മോനും കേൾക്കില്ലല്ലോ….. ഈ വണ്ടി കൊടുത്ത് പുതിയതൊരെണ്ണം വാങ്ങാൻ… എത്ര കാലമായി ഞാൻ പറയുന്നു.”
ഈ സമയം ഒരു കാർ ഗെയിറ്റ് കടന്ന് മുറ്റത്തേക്ക് വന്ന് നിന്നു. അതിൽ നിന്നും മോഡേൺ വസ്ത്രങ്ങൾ ധരിച്ച സുന്ദരിയായ ഒരു പെൺകുട്ടി ഇറങ്ങി വന്നു. അവർ കാത്തിരുന്ന ലക്ഷ്മി പ്രിയ ആയിരുന്നു അത്. ഔഷധ സസ്യങ്ങളെക്കുറിച്ച് ഡൽഹിയിലെ ഐ.പി.യുവിൽ ഗവേഷണം നടത്തുന്ന അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. അവൾ പാർവ്വതി ദേവിയേയും വാര്യരെയും കെട്ടിപ്പിടിച്ച് സന്തോഷത്തോടെ എന്തോ പറഞ്ഞ് പൊട്ടിച്ചിരിയോടെ ചുംബിച്ചു. വാര്യർ ലക്ഷ്മിപ്രിയയെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
”യാത്രയൊക്കെ സുഖമായിരുന്നോ… മോളേ…”
”ട്രെയിനിൽ നല്ല തിരക്കുണ്ടായിരുന്നു… റിസർവേഷൻ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.”
അതുപറഞ്ഞ് ലക്ഷ്മിപ്രിയ നന്ദനെ നോക്കി പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു.
”ഏട്ടൻ നല്ല ആളാ… എന്നെ കൂട്ടാൻ സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞിട്ട്.?’
”വരാനിരിക്കയായിരുന്നു മോളേ… അപ്പോഴേക്കും ഏട്ടന്റെ വണ്ടി പണിമുടക്കി..”
”ഏട്ടന്… ആ പൊട്ട കാറൊന്ന് മാറ്റിക്കൂടെ…”
അതുപറഞ്ഞ് ലക്ഷ്മിപ്രിയ അമ്മയുടെ കഴുത്തിൽ കൈയിട്ട് കൊഞ്ചലോടെ ചോദിച്ചു.
”പിന്നെ എന്തൊക്കെയാ പാർവ്വതി ദേവി തമ്പുരാട്ടി ഇവിടുത്തെ വിശേഷം..?”
‘ഹോ… ഇവിടെ എന്തു വിശേഷം.. എല്ലാം സാധാരണപോലെ നടക്കുന്നു. മോള് പെട്ടെന്ന് കുളിച്ചു ഈ ഡ്രസ്സൊക്കെ മാറി വന്നേ… അപ്പോഴേക്കും അമ്മ കഴിക്കാനെടുത്തുവെക്കാം”
”ഏതായാലും… എന്നെ പിക് ചെയ്യാൻ വരാമെന്ന് പറഞ്ഞു പറ്റിച്ചതല്ലേ… ആ ടാക്‌സി വാടക മോൻ തന്നെ അങ്ങ് കൊടു ത്തേക്ക്…”
നന്ദനോട് അതുപറഞ്ഞ് ചിരിച്ചുകൊണ്ട് ലക്ഷ്മിപ്രിയ പാർവ്വതിയുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു. നന്ദൻ ടാക്‌സിക്കാരനെ സെറ്റിൽ ചെയ്ത് ഉമ്മറത്തേക്ക് നീങ്ങി.
വാര്യർ നന്ദനരികിലേക്ക് വന്ന് അകലെ നിർത്തിയിട്ട നന്ദന്റെ കാർ ശ്രദ്ധിച്ച്.
‘ഇന്നലെ വൈകിയിട്ട്… വീണ്ടും ശരിയാക്കിയിട്ടും.. ഇന്ന് കാലത്ത് നിന്റെ വണ്ടിക്ക് എന്താ പറ്റിയത്.?”
”അതുതന്നെയാണച്ഛാ… എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സി ലാവാത്തത്…”
‘ങ്ഹാ.. ഇനി തൽക്കാലം അത് നന്നാക്കേണ്ട.. ഇനി കുറച്ച് കാലത്തേക്ക് നീ ഇവിടുത്തെ വണ്ടികളൊന്നും ഉപയോഗിക്കേണ്ട…”
വാര്യർ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു. അതുകേട്ട് വിഷമത്തോടെ നന്ദൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു.
”അതുപിന്നെ… എനിക്കിന്ന് ഒന്നുരണ്ടു പേരെ അത്യാവശ്യ മായി കാണാനുണ്ടച്ഛാ…”
”ഇന്നത്തെ യാത്രകളൊക്കെ ഒഴിവാക്കുക പിന്നെ അത്യാ വശ്യമാണെങ്കിൽ ഇന്നലെ എയർപോർട്ടിൽ നിന്നും നിന്നെ ഇവിടെ കൊണ്ടു വിട്ടയാളെ വിളിച്ച് ഇവിടെ നിർത്തിക്കോളൂ… എന്താ ആ ആളെ പേര് പറഞ്ഞേ… ഹരി. ഹരി പ്രസാദ്… അയാള് വണ്ടിയോടിക്കുമ്പോ ഒന്നും ഭയക്കേണ്ടതില്ല”
അതുപറഞ്ഞശേഷം വാര്യർ അകത്തേക്കു നടന്നു.
അന്ന് വൈകുന്നേരം നന്ദകുമാറും ലക്ഷ്മിപ്രിയയും കൂടി നടക്കാനായി പുറത്തേക്കിറങ്ങി. തൊടിയിൽ നിന്നും ഇറങ്ങി അവരുടെ ഗ്രാമത്തിന്റെ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത വിശുദ്ധിയിലൂടെ, കുളിർമയിലൂടെ കാഴ്ച്ചകളും കണ്ട് നടന്നു. എന്തോ ഓർത്തിട്ടെന്നോണം നന്ദകുമാർ ലക്ഷ്മിപ്രിയയോട് ചോദിച്ചു.
”ഈ വർഷം നിന്റെ റിസർച്ച് തീരുകയല്ലേ… ഏത് ഔഷധച്ചെടിയെ കുറിച്ചാണ് നിന്റെ ലാസ്റ്റ് സെമസ്റ്ററിൽ പ്രതിപാദിക്കുന്നത്.?”
പാതയോരത്തെ ഒരു വള്ളിച്ചെടിയുടെ ഇലപറിച്ചെടുത്ത് കൈയിലിട്ട് ഞെരടി അത് മണത്ത് നോക്കിക്കൊണ്ട് ലക്ഷ്മിപ്രിയ പറഞ്ഞു.
ഞാനും എന്റെ ഡിപ്പാർട്ടുമെന്റ് ഹെഡും കൂടി ഒരു ഔഷധ സസ്യത്തെക്കുറിച്ച് പലവട്ടം ചർച്ച ചെയ്യുകയുണ്ടായി. കൂടാതെ ഒരുപാട് ബുക്കുകളും റഫർ ചെയ്തുനോക്കി. അതിലൊന്നിൽ പോലും അവയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. അവസാനം പ്രൊഫസർ പേഴ്‌സണലായി സൂക്ഷിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങളിലൊന്നിൽ.. അതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സാധാരണ ഹിമാലയ സാനുക്കളിലാണത്രേ ഇവ കണ്ടുവരാറ്… തണുപ്പും മഴയുമുള്ള കാലാവസ്ഥയിലേ ഈ ചെടികൾ സാധാരണ വളരാറുള്ളൂ… കേരളത്തിൽ ചില അപൂർവ്വ സ്ഥലങ്ങളിൽ ഈ ചെടികൾ കണ്ടുവരുന്നതായി ആ ഗ്രന്ഥത്തിൽ പറയുന്നുണ്ട്…. വയനാട്ടിലെ തിരുനെല്ലി മേഖലയിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. പിന്നെ ചില പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഈ ഔഷധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രാമായണത്തിൽ പറയുന്ന മൃതസജ്ജീവനി പോലുള്ള ഔഷധങ്ങളാണ് അവ…”
ആ ഔഷധച്ചെടിയെക്കുറിച്ച് വളരെ വിശദമായിത്തന്നെ ലക്ഷ്മിപ്രിയ നന്ദന് വിശദീകരിച്ചു കൊടുത്തു.
”വയനാട്ടിലൊക്കെ പോയി ഈ സസ്യങ്ങൾ കണ്ടെത്താൻ പ്രയാസമല്ലേ… പ്രത്യേകിച്ച് തിരുനെല്ലി പോലുള്ള വനപ്രദേശങ്ങളിൽ…”
‘എത്ര പരിശ്രമിച്ചിട്ടാണെങ്കിലും… അവ കണ്ടെത്തിയേ തീരൂ ഏട്ടാ…”
ഉറച്ച തീരുമാനത്തോടെ ലക്ഷ്മിപ്രിയ പറഞ്ഞു.
അത്‌കേട്ട് സംശയത്തോടെ നന്ദൻ ചോദിച്ചു.
അതിന് തിരുനെല്ലി വരെ പോവേണ്ടേ… മാത്രമല്ല അവിടെ ആര് നമ്മളെ സഹായിക്കും.. അച്ഛനോട് പറയാം പരിചയത്തിലാരെങ്കിലും കാണും.
‘ഔഷധച്ചെടികൾ കണ്ടാൽ മനസ്സിലാക്കാനുള്ള വിദ്യയൊക്കെ പ്രൊഫസർ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്… പക്ഷേ ഉൾക്കാട്ടിൽ പോയി അവ കണ്ടുപിടിക്കുകയെന്നത്.. ശ്രമകരമായ ഒരു ജോലിയാണ്…’
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നോണം നന്ദൻ പറഞ്ഞു.
”അമ്മ ഇടക്കൊക്കെ പറയാറുള്ള ഒരു കുഞ്ഞമ്മയില്ലേ… അന്യജാതിയിൽപ്പെട്ട പുരുഷനെ സ്‌നേഹിച്ച് കല്യാണം കഴിച്ചതിന്… കുടുംബത്തിൽ നിന്നും പുറത്താക്കിയ കുഞ്ഞമ്മ..”
നന്ദൻ പറയുന്നതിന് ഇടയ്ക്ക് കയറി ലക്ഷ്മിപ്രിയ ചോദിച്ചു.
”ഗായത്രി കുഞ്ഞമ്മായിയെക്കുറിച്ചാണോ… ഏട്ടൻ പറയുന്നത്.?”
‘അതെ അതെ… അവര്തന്നെ … അവരിപ്പോ വയനാട്ടിലെവിടെയോ ആണ് താമസം. അമ്മക്ക് അവരെക്കുറിച്ച് കൂടുതൽ അറിയാമായിരിക്കും.’
അവർ സംസാരിച്ച്‌കൊണ്ടു ആ സന്ധ്യാ നേരത്ത് നടന്നെത്തിയത് ആ നാട്ടിലെ പുരാതനമായതും ഇപ്പോൾ ജീർണ്ണാവസ്ഥയിൽ കിടക്കുന്നതുമായ വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്‌തെന്ന് നാട്ടുകാർ വിശ്വസിക്കുന്ന കണ്ടൻ ഗുരുക്കളുടെ നാലുക്കെട്ടിനു മുൻപിലാണ്. ഒറ്റനോട്ടത്തിൽ തന്നെ കാട് മൂടിക്കിടക്കുന്ന ആ തറവാടും പരിസരവും ആരിലും ഭീതി ജനിപ്പിക്കുന്നതായിരുന്നു. അപ്പോഴേക്കും ഇരുൾവീഴാൻ തുടങ്ങിയിരുന്നു. ആ വീടും പരിസരവും വീക്ഷിച്ച് കൊണ്ടിരുന്ന അവരുടെ ഉള്ളിൽ അസാധാരണമായ ഒരു ഭയം ചേക്കേറി. ത്രിസന്ധ്യയിൽ ആ തറവാട് ഒരു പ്രേതാലയം പോലെ തോന്നിച്ചു. അതിന്റെ പരിസരത്തുനിന്നും എന്തെല്ലാമോ അപശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഭയത്തോടെ അവർ പരസ്പരം നോക്കി. നന്ദന്റെ കൈപിടിച്ചുകൊണ്ട് ഭയത്തോടെ ലക്ഷ്മിപ്രിയ പറഞ്ഞു.
”വാ നന്ദേട്ടാ… നമുക്ക് തിരിച്ച് പോവാം… നേരം ഇരുട്ടി തുടങ്ങി”
അത് പറഞ്ഞുകൊണ്ട് ലക്ഷ്മിപ്രിയ വേഗത്തിൽ തിരിച്ച് നടന്നു. നന്ദനും തിടുക്കത്തോടെ അവൾക്ക് പിറകെ നടന്നു. അവർക്ക് പിറകിലായി ആരോ നടന്നടുക്കുന്നുണ്ടായിരുന്നു. ഒരു കനത്ത കാൽപ്പെരുമാറ്റം കേട്ട് ഞെട്ടലോടെ അവർ തിരിഞ്ഞു നോക്കി. ഇടതൂർന്ന കാട്ട് ചെടികളുടെ മറവ് പറ്റി ആ ഇരുട്ടിൽ അവ്യക്തമായ ഒരു രൂപം അവർക്ക് നേരെ നടന്നടുത്തു. പടർന്ന് കിടന്ന മരച്ചില്ലകളിൽ തൂങ്ങിക്കിടന്ന വവ്വാലുകൾ കൂട്ടത്തോടെ ചിന്നിച്ചിതറിപ്പറന്നു.
അവ്യക്തമായ ആ രൂപം അടുത്തെത്തിയിട്ടും അവിടെയാകെ ഇരുൾ മൂടി നിന്നത്‌കൊണ്ട് അവർക്ക് ആളെ മനസ്സിലാവുന്നില്ല.
അവരുടെ സമീപത്തെത്തി അയാൾ ടോർച്ച് തെളിച്ചപ്പോൾ നന്ദകുമാറിന് ആളെ മനസ്സിലായി. മരിച്ചുപോയ കണ്ടൻ ഗുരുക്കളുടെ അനന്തിരവൻ ഭാസ്‌ക്കരനായിരുന്നു അത്. ആളെ മനസ്സിലായ നന്ദൻ അയാളെ നോക്കി പുഞ്ചിരിച്ചു. പരിചിതഭാവത്തിൽ ഭാസ്‌ക്കരനും ചിരിച്ചു.
”ചെറിയമ്പ്യാാനും… അനിയത്തിയും… എവിടെ പോയതായിരുന്നു.”
”ഞങ്ങള്… ചുമ്മാ ഒന്ന് നടക്കാനിറങ്ങിയതാ ഭാസ്‌ക്കരാ…”
അവർ ഭാസ്‌ക്കരനൊപ്പം മുമ്പോട്ട് നടന്നു. അയാൾ വളരെ വേഗത്തിലാണ് നടന്നിരുന്നത്. അയാൾക്ക് ഒപ്പമെത്താൻ അവർ രണ്ടുപേരും നന്നേ പാടുപെട്ടു.
‘ഭാസ്‌ക്കരാ… നിങ്ങളുടെ തറവാട്ടിൽ ഇപ്പോ ആരും താമസമില്ലേ… ആ തൊടിയാകെ കാട് കേറി നശിച്ച് കിടക്കുകയാണല്ലോ…”
‘ഇല്ല തമ്പ്രാ… അമ്മാവന്റെ കാലശേഷം… അവിടെ ആരും താമസിച്ചിട്ടില്ല… ഒന്നല്ലല്ലോ രണ്ട് ദുർമരണങ്ങളല്ലേ അവിടെ നടന്നത്. അതിൽ പിന്നെ കുടുംബത്തിലെ ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
പഴയ ഓർമ്മയിൽ ലക്ഷ്മിപ്രിയ ചോദിച്ചു.
‘കണ്ടനും ഭാര്യയും തീ കൊളുത്തി മരിക്ക്യായിരുന്നില്ലേ…?’
‘എന്നാണ് ജനസംസാരം… പക്ഷേ, അവരെ കൊന്നതാ… പച്ചക്ക് തീ കൊളുത്തി കൊന്നതാ…”
ഭാസ്‌ക്കരൻ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു. അതുകേട്ട് ആകാംക്ഷയോടെ നന്ദൻ ചോദിച്ചു.
”ആര്… ആരാണ് അത് ചെയ്തത്…?”
”അതീ നാട്ടുകാർക്ക് മുഴുവൻ അറിവുള്ളതല്ലേ.. തമ്പ്രാ… ഇന്നത്തെ ആരോഗ്യമന്ത്രി വിഘ്‌നേശ്വര നാടാരുടെ അച്ഛൻ ചന്ദ്രശേഖര നാടാരായിരുന്നു അത് ചെയ്തത്. അമ്മാവനും ചന്ദ്രശേഖര നാടാരും ആത്മമിത്രങ്ങളായിരുന്നു… അമ്മാവൻ ആളൊരു ശുദ്ധനായതുകൊണ്ട് അവരൊരുക്കിയ കെണിയിൽ വീണു. മാന്ത്രിക ഗ്രന്ഥങ്ങൾ തട്ടിയെടുക്കാൻ വേണ്ടി കള്ളുകൊടുത്ത് മയക്കി കഴുത്ത് ഞെരിച്ചു കൊന്നു. തീയിട്ടതാ ആ മഹാപാപി…”
ഭാസ്‌ക്കരൻ രോഷത്തോടെ കിതച്ചു. ആ കണ്ണുകളിൽ പകയാളുന്നത് നന്ദൻ കണ്ടു.
”അന്ന് പോലീസ് അന്വേഷണമൊന്നും ഉണ്ടായിരുന്നില്ലേ… ഭാസ്‌ക്കരാ..?”
”എന്ത് പോലീസ് തമ്പ്രാ… പണവും സ്വാധീനവുമുള്ളവന്റെ കൂടെയല്ലേ അവരൊക്കെ. പിന്നെ എന്തോ ഒന്ന് ഓർത്തപോലെ. അന്ന് പേരിനൊരന്വേഷണം… അത്രതന്നെ…”
ലക്ഷ്മിപ്രിയ ചോദിച്ചു.
”അയാൾക്ക്… ഒരു മകനുണ്ടായിരുന്നില്ലേ…?”
”ഉണ്ടായിരുന്നു… ഒരാൺകുട്ടി… നകുലനെന്നായിരുന്നു അവന്റെ പേര്. വിവാഹം കഴിഞ്ഞ് ഏറെ താമസിച്ചാ അമ്മാവനു കുട്ടികളുണ്ടായത്… ഈ സംഭവം നടക്കുമ്പോൾ അവൻ കുഞ്ഞായിരുന്നു… അച്ഛനമ്മമാരെ ചുട്ടുകൊല്ലുന്നത് നേരിൽ കണ്ടവനാ അവൻ… ദൈവാനുഗ്രഹം കൊണ്ടാ അന്ന് ആ കിരാതൻമാരുടെ കൈയിൽപ്പെടാതെ.. അവൻ രക്ഷപ്പെട്ടത്…”
”എന്നിട്ട്… അവനിപ്പോ എവിടെയാ…?”
ഒരു ദീർഘനിശ്വാസത്തോടെ ഭാസ്‌ക്കരൻ പറഞ്ഞു.
”ചടങ്ങുകളൊക്കെ കഴിഞ്ഞ് അവന്റെ അമ്മാവൻ അവനെക്കൊണ്ടു പോയി…. ഇപ്പോൾ എവിടെയാണെന്നോ… എന്താണെന്നോ… ആർക്കു ഒരു വിവരവുമില്ല…”
അപ്പോഴേക്കും അവർ നാട്ടുവഴികൾ പിന്നിട്ട് മെയിൻ റോഡിലെത്തിയിരുന്നു. അവിടയാകെ ഇരുട്ട് മൂടിനിന്നു. ഭാസ്‌ക്കരൻ അയാളുടെ കൈവശമുണ്ടായിരുന്ന ടോർച്ച് നന്ദനു നേരെ നീട്ടി.
”വീട്ടിലെത്താൻ വെളിച്ചം വേണ്ടേ… ഇതാ… ടോർച്ച്”
”ഏയ്… വേണ്ട ഞങ്ങളുടെ കൈയിൽ ഫോണുണ്ട്. അതിന്റെ വെളിച്ചം തന്നെ ധാരാളം..”
ഭാസ്‌ക്കരൻ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു. ഫോണിലെ സെർച്ച്‌ലൈറ്റ് തെളിച്ചുകൊണ്ട് നന്ദനും ലക്ഷ്മിയും ധൃതിയിൽ വീട്ടിലേക്ക് നടന്നു. ഇരുട്ടിൽ ഏതൊ രാപ്പാടി നീട്ടിക്കരഞ്ഞു. ലക്ഷ്മിപ്രിയ ഭീതിയോടെ നന്ദന്റെ കൈകളിൽ ഇറുകെ പിടിച്ചു.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
0 Comments

Recently added