“ഭൂതകാലം ഒരിക്കലും മരിച്ചിട്ടില്ല. അത് കഴിഞ്ഞതുപോലുമില്ല.”

— വില്യം ഫോക്ക്നർ

തന്റെ മുന്നിലിരിക്കുന്ന ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന ആ യുവതിയുടെ കണ്ണുകളിലേക്ക് അയാൾ നോക്കി.

“ഡോക്ടർ, എനിക്ക് അപ്പോയിന്റ്മെന്റ് തന്നതിന് നന്ദി,” അവൾ മൃദുവായ ശബ്ദത്തിൽ പറഞ്ഞു.

ഡോക്ടർ പുഞ്ചിരിച്ചു. ഡോർ തുറന്ന് അകത്തേക്ക് വരാൻ ശ്രമിച്ച അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകളോട്, പിന്നെ വരാൻ ആംഗ്യം കാണിച്ചു.

അനബെല്ല മടിച്ചു നിന്നു. അവളുടെ കണ്ണുകൾ ഒരു നിമിഷം ആ യുവതിയുടെ മുഖത്ത് ഉറച്ചു. എന്തോ… ആ മുഖത്ത് എവിടെയോ ഒരു ഭയം. പക്ഷേ പിന്നീടൊന്നും ആലോചിക്കാതെ അവൾ വാതിൽ ചാരിയടച്ചു.

“നിങ്ങൾക്ക് എന്തെങ്കിലും കുടിക്കാൻ എടുക്കട്ടെ?” അയാൾ ചോദിച്ചു.

“വേണ്ട ഡോക്ടർ, നന്ദി. ഞാൻ കാര്യം പറഞ്ഞു പെട്ടെന്ന് പോയിക്കോളാം. എനിക്ക് അധിക സമയം നിങ്ങളുടെ പ്രൈവറ്റ് സമയം ചിലവഴിക്കാൻ താല്പര്യമില്ല.” അവൾ പറഞ്ഞു.

ഡോക്ടർ അവൾക്ക് സംസാരിക്കാൻ വേണ്ടവിധം സമയം കൊടുത്തു. വളരെ ശ്രദ്ധാപൂർവ്വം അവൾ പറയുന്ന ഓരോ വാക്കുകളും അയാൾ കേട്ടു.

“മാഡം പറഞ്ഞത് അത് നിങ്ങളുടെ ഹസ്ബൻഡ് എന്ന് തന്നെയല്ലേ?” അയാൾ ചോദിച്ചു.

അവൾ തലയാട്ടി, പക്ഷെ എന്തോ ഒന്നിനെ നിയന്ത്രിക്കാൻ അവൾ കഠിനമായി ശ്രമിക്കുന്നത് പോലെ അയാൾക്ക് തോന്നി. അവളുടെ വിടർന്ന കണ്ണുകളിൽ ഭയം നിഴലിക്കുന്നുവെന്ന് അയാൾ മനസ്സിലാക്കി.

“അദ്ദേഹം എന്നിൽ നിന്ന് അകന്നകന്ന് പോകുന്നതു പോലെ തോന്നുന്നു ഡോക്ടർ,” അവൾ പറഞ്ഞു.

“നിങ്ങൾ തമ്മിൽ മാനസികമായി അടുപ്പം തന്നെയല്ലേ? അതോ… പിരിഞ്ഞു താമസിക്കുകയോ മറ്റോ…” അയാൾ ചോദിച്ചു.

“ഞങ്ങൾ തമ്മിൽ നല്ല അടുപ്പത്തിൽ തന്നെയാണ്. പക്ഷെ ചില സമയങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്ക് മനസ്സിലാകുന്നില്ല ഡോക്ടർ.”

“കുറച്ചുകൂടി വിശദീകരിച്ച് പറയൂ…”

“ഇന്നലെ രാത്രി, നമ്മുടെ സ്വീകരണമുറിയിലെ കർട്ടനുകൾക്ക് പിന്നിൽ ഒരാൾ നിൽക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞു.”

“ആഹാ… എന്നിട്ട്?” ഡോക്ടർ ഉദ്വേഗഭരിതനായി.

“പക്ഷേ യഥാർത്ഥത്തിൽ അവിടെ ആരും ഉണ്ടായിരുന്നില്ല.” അവൾ മുന്നോട്ട് ചാഞ്ഞു. എന്തോ രഹസ്യം പറയാൻ എന്ന പോലെ അവളുടെ ശബ്ദം താഴ്ന്നു.

“അദ്ദേഹം കൂടുതൽ മദ്യപിക്കാൻ തുടങ്ങിയിരിക്കുന്നു ഡോക്ടർ. ആദ്യം ചെറിയ അളവിൽ തുടങ്ങിയതിനു ശേഷം ഇപ്പോൾ…”

“അതേക്കുറിച്ച് നിങ്ങൾ അയാളോട് എന്തെങ്കിലും സംസാരിച്ചിരുന്നോ?”

“ഉവ്വ്. ഞാൻ ചോദിക്കുമ്പോൾ, തന്റെ മനസ്സിലുള്ള വിങ്ങലുകളെ ശാന്തമാക്കാൻ വേണ്ടിയാണെന്നും അതില്ലാതെ പറ്റില്ല എന്നൊക്കെയാണ് പറയുന്നത്.”

“വിത്ത്‌ഡ്രോവൽ സിംപ്റ്റംസ്. അതിരിക്കട്ടെ ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ ഉണ്ടോ, ഐ മീൻ, എനി ഡൊമസ്റ്റിക് വയലൻസ്?”

“അങ്ങനെയൊന്നുമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, ഡോക്ടർ. എന്നെ നല്ലതുപോലെ സ്നേഹിക്കുകയും എന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന ആൾ. ചിലപ്പോൾ മാത്രം ഇങ്ങനെ വ്യത്യസ്തമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു.”

ഡോക്ടർ തന്റെ മുന്നിലിരിക്കുന്ന സ്ത്രീയുടെ മുഖത്തെ നിഷ്കളങ്ക ഭാവം ശ്രദ്ധിച്ചു. അനുകമ്പ തോന്നിപ്പിക്കുന്ന ആ കണ്ണുകളിലേക്ക് അയാൾ ഉറ്റുനോക്കി.

“നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലായി, സലോമി. അത് പല കാര്യങ്ങളുടെയും ലക്ഷണമാകാം.”

“ഡോക്ടർ ഉദ്ദേശിക്കുന്നത്?”

“സമ്മർദ്ദം, വിഷാദം… ഒരു വിലയിരുത്തൽ ഇല്ലാതെ എനിക്ക് ഒന്നും പറയാൻ കഴിയില്ല. എനിക്ക് പേഷ്യന്റിനെ ഒന്ന് കാണണം.”

“അദ്ദേഹം ഇവിടെ വരാൻ ഒരിക്കലും സമ്മതിക്കില്ല.” തോൽവിയിൽ തളർന്നുകൊണ്ട് അവൾ പറഞ്ഞു.

“എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ച് അയാളെ ഇങ്ങോട്ട് കൊണ്ടുവരാൻ ശ്രമിക്കരുതോ?”

“അദ്ദേഹം അറിയാതെ ഞാൻ ഡോക്ടറെ കാണാൻ വന്നത് തന്നെ ഒരു വഞ്ചനയായിട്ടാവും അയാൾ കരുതുന്നത്.”

“പിന്നെ…” അവൾ മടിച്ചു, എന്തോ പറയാൻ ധൈര്യം സംഭരിച്ചു.

“പറഞ്ഞോളൂ.” ഡോക്ടർ അവൾക്ക് ആത്മവിശ്വാസം നൽകി.

“ഒന്ന് ചോദിച്ചോട്ടെ ഡോക്ടർക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരാമോ? അങ്ങനെ ആവുമ്പോൾ അദ്ദേഹത്തിന്റെ സ്വന്തം പരിതസ്ഥിതിയിൽ അദ്ദേഹത്തെ കാണാൻ പറ്റുമല്ലോ…”

“അങ്ങനെ ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വന്നു അയാളെ കാണുന്നത് പ്രാക്ടിക്കൽ ആണോ? പുള്ളിക്ക് അത് ഇഷ്ടപ്പെടുമോ?”

“ഒരു ഒഫീഷ്യൽ വിസിറ്റ് അല്ല ഡോക്ടർ, വെറും ഒരു സൗഹൃദ സംഭാഷണം.”

“നോക്കാവുന്നതാണ്, പക്ഷേ…”

“പ്ലീസ് ഡോക്ടർ. എന്റെ ഭർത്താവിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്കറിയണം.”

ഡോക്ടർ അവളുടെ മുഖത്തെ അസഹ്യമായ അപേക്ഷ ശ്രദ്ധിച്ചു. അവിടെ സ്നേഹവും ഭീതിയും അയാൾ കണ്ടു. അയാൾ പതുക്കെ, ചിന്താപൂർവ്വം തലയാട്ടി.

“ശരി,” അദ്ദേഹം പറഞ്ഞു. “അങ്ങനെയെങ്കിൽ നമുക്ക് ഒരു വിസിറ്റ് ഷെഡ്യൂൾ ചെയ്യാം.” അയാൾ പറഞ്ഞു. അത് കേട്ടതും, ആഴത്തിലുള്ള ആശ്വാസത്തിന്റെ ഒരു തരംഗം ആ സ്ത്രീയുടെ മുഖത്ത് പടർന്നു.

“വളരെ നന്ദിയുണ്ട് ഡോക്ടർ,” അവൾ സന്തോഷപൂർവ്വം പറഞ്ഞു.

|||

ലണ്ടൻ, വെള്ളിയാഴ്ച, 2025 നവംബർ 21, വൈകുന്നേരം 7:45—

സ്റ്റുഡിയോയിലെ തിളക്കമുള്ള ലൈറ്റുകൾ അവളുടെ വെളുത്ത മുഖത്തെ പ്രകാശിപ്പിക്കുകയും ചൂടുള്ള പുതപ്പ് പോലെ അവളുടെ ചർമ്മത്തെ തഴുകി.

അനബെല്ല ഓസ്ലർ — അതായിരുന്നു അവളുടെ പേര്.

ഒരു ചെറുപുഞ്ചിരിയോടെ കസേരയിലിരുന്ന അവൾ ഒരു പച്ചനിറത്തിലുള്ള വസ്ത്രം ആയിരുന്നു ധരിച്ചത്. ക്യാമറയുടെ ഫ്ലാഷ് ലൈറ്റിൽ അവളുടെ നീളമുള്ള ചുവന്ന മുടി തിളങ്ങിയാടി. അവൾ ആങ്കറിനെ നോക്കി ഹൃദ്യമായ ഒരു പുഞ്ചിരി ചിരിച്ചു.

അവളുടെ പിന്നിലെ വലിയ സ്‌ക്രീനിൽ, “INFERNO” എന്ന എഴുതിയ ഒരു ബാനർ തൂങ്ങി കിടന്നു. അതിനടുത്തായി ഒരു അവാർഡ് പ്രതിമ.

“അനബെല്ല ഓസ്ലർ,” അവതാരകൻ സൗഹൃദപരമായ സ്വരത്തോടെ പറഞ്ഞു, അവൾ പുഞ്ചിരിച്ചു. “നല്ല പേര്. ആദ്യമേ താങ്കളോട് എന്റെ അഭിനന്ദനങ്ങൾ പറഞ്ഞോട്ടെ.”

“താങ്ക്യൂ,” അവൾ പറഞ്ഞു, അവളുടെ ശബ്ദം വ്യക്തവും ഊഷ്മളവുമായിരുന്നു.

“‘ഇൻഫെർണോ’ ആളുകളെ പൂർണ്ണമായും ആകർഷിച്ചു,” അയാൾ അല്പം മുന്നോട്ട് ചാഞ്ഞുകൊണ്ട് തുടർന്നു. “പക്ഷേ ഒരു കിംവദന്തി ഉണ്ട്… അതായത് ഇത് ഒരു ശരിക്കുള്ള… നടന്ന സംഭവത്തെ ആസ്പദമാക്കിയാണെന്ന് കേട്ടല്ലോ? അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”

അനബെല്ലയുടെ മുഖത്തെ പുഞ്ചിരി മൃദുവായി, കൂടുതൽ സ്വകാര്യവും ദുർബലവുമായ ഒന്നായി മാറി. സ്റ്റുഡിയോയുടെ തിളക്കമുള്ള വെളിച്ചം ഒരു നിമിഷത്തേക്ക് മങ്ങി.

“അത് ശരിയാണ്,” അവൾ പറഞ്ഞു, അവളുടെ ശബ്ദം അല്പം താഴ്ന്നു.

“വിരോധമില്ലെങ്കിൽ മാഡത്തിന്, ഞങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി അല്പം വിശദീകരിക്കാമോ? തീർത്തും പേഴ്സണൽ ആണെങ്കിൽ വേണ്ട.”

“അങ്ങനെയൊന്നുമില്ല, ഞാൻ പറയാം. ഇൻഫെർണോ എനിക്ക് വെറും ഒരു സിനിമ മാത്രമായിരുന്നില്ല. മനസ്സിന്റെ ആഴങ്ങളിൽ ഉടലെടുത്ത സംഘർഷങ്ങൾക്ക് ഒരു അയവ് വന്ന പ്രതീതിയാണ് ആ സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് ഉണ്ടായത്.”

അവൾ പറയുന്നത് കേൾക്കാനുള്ള ആകാംക്ഷ കാരണം എല്ലാവരും നിശബ്ദത പാലിച്ചു. ഒരു മെസ്സേജ് സൗണ്ട് കേട്ട ഉടനെ അവൾ മൊബൈൽ ഫോൺ എടുത്തു. അതിൽ ഒരു ആൺകുട്ടിയുടെയും തന്റെ ഭർത്താവ് മാഗ്നസിന്റെയും ചിത്രം ഡെസ്ക്ടോപ്പിൽ ഉണ്ടായിരുന്നു.

അവളുടെ ഓർമ്മകൾ 12 വർഷത്തിന് പിറകിലേക്ക് സഞ്ചരിച്ചു. താൻ മുമ്പ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്ന കാലഘട്ടത്തിലെ നല്ല ഓർമ്മകളിലേക്ക്…

“ബിരുദാനന്തരം എന്തു ചെയ്യണമെന്നറിയാതെ ആകപ്പാടെ കൺഫ്യൂഷനായിരുന്നു ഞാൻ. അപ്പോഴാണ് ഞാൻ അവനെ കണ്ടതും പരിചയപ്പെട്ടതും. പിന്നീട് നടന്ന സംഭവവികാസങ്ങൾ ഞങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഒരു അപരിചിതന്റെ മരണം ഞങ്ങളുടെ ജീവിതത്തിലേക്ക് നേരിട്ട് ഇടിച്ചുകയറി. ഹോ അത് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു… എല്ലാം മാറ്റിമറിച്ച ആ കൊടുങ്കാറ്റുള്ള രാത്രി.”

അവൾ കണ്ണുകൾ അടച്ചു, ഓർമ്മകൾ അവളെ പിന്നോട്ട് വലിച്ചു.


(തുടരും)

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
0 Comments

Recently added