ഓർമ്മയുടെ ചെമ്മൺ പാതയിൽ പൊടി പറത്തിയോടുന്ന ജീപ്പ്

അന്ന്,
നമ്മുടെ ചെമ്മൺറോഡിലൂടെ ജീപ്പിന്റെ ശബ്ദം കേൾക്കുമ്പോൾ ആരൊക്കെയോ വരുന്നതായ് തോന്നും….
റോഡുവെട്ടി ജീപ്പു വന്നു. പതിയെ പൊടി പറത്തിക്കൊണ്ട് അംബാസിഡർ കാർ. ചിലപ്പോൾ, നാട്ടിലേക്കു വരുന്ന ഗൾഫുകാരനായിരിക്കും കാറിൽ . അതുമല്ലെങ്കിൽ തീരെ ഇളകാൻ പറ്റാത്ത രോഗിയെയും കൊണ്ടുവരുന്നത്.
ജീപ്പു തന്നെയായിരുന്നു രാജാവ്. യാത്രക്കുള്ള ഏക ആശ്രയം. തുറശ്ശേരികടവു കടന്നാൽ തുറയൂരിൽ നിന്നും പയ്യോളിക്കു പോകുന്ന ട്രക്കറുകൾ കാണാമായിരുന്നു. സുന്ദരമായ യാത്ര.
ഗുഹ മുക്കിൽ നിന്ന്കുറ്റ്യാലൊന്തം എങ്ങി ഏങ്ങി കയറി പറങ്കിമാവിൻ തോപ്പുകളും പുൽ തൈല ചെടികളും കണ്ട് ജീപ്പിലൂടെ മാത്രം യാത്ര ചെയ്ത കാലമുണ്ടായിരുന്നു ഞങ്ങളുടെ മണിയൂരിന്. വടകരക്കു പോകാൻ കുറുന്തോടി, പാലയാട് നട, മുടപ്പിലാവിൽ ചെരണ്ടത്തൂർ എന്നിവിടങ്ങളിൽ നിന്നും ജീപ്പോട്ടമുണ്ടായൊരു നല്ല കാലം.

സമാന്തര ജീപ്പ് സർവ്വീസ് സമരം ചെയ്ത് അവസാനിപ്പിച്ച സംസ്ഥാനത്തെ ആദ്യ റൂട്ടും മണിയൂർ- വടകര യായിരിക്കാം.
എന്നിരുന്നാലും ശാപമോക്ഷം കിട്ടാത്ത വാദപ്രതിവാദങ്ങളിലൂടെ ഭാവി നീണ്ടു നീണ്ടു പോകുന്നമണിയൂർ റോഡിലൂടെ വടകരക്ക് പോകുമ്പോൾ അറിയാതെ ഓർത്തു പോകും….. ഇവിടെ ഒരു ചെമ്മൺ റോഡ് ഉണ്ടായിരുന്നു. മഴ പെയ്താൽ ചെളിയും വെയിലായാൽ പൊടിയും മെറ്റലിളകി കാലു വെച്ചു കുത്തുന്ന കല്ലും, കുഴിയും നിറഞ്ഞ റോഡ്. കാത്തിരിപ്പിന് അന്ന് ഫലമുണ്ടായിരുന്നു. ജീപ്പിനകത്ത് കൊപ്ര, കൊട്ടത്തേങ്ങ, കശുവണ്ടി ചാക്കുകൾ. അതിനുള്ളിൽ അട്ടിയട്ട കുറേ മനുഷ്യരും. ജീപ്പിൽ തൂങ്ങിപ്പിടിച്ച് ഒരു കിളി. ജീപ്പിന്റെ മണ്ടക്ക് കൊട്ടി സ്റ്റാർട്ടും സ്റ്റോപ്പും പറയുന്നു. ആളുകൾ കയറിയാൽ ഡോർ അടക്കുന്നു. യാത്രക്കാരുടെ ചാക്കു കെട്ടുകളുംകൈതോല പായയും നേന്ത്രവാഴക്കുലയും തലയേറ്റി ജീപ്പിനുമുകളിൽ സുരക്ഷിതമാക്കുന്നു. പൈസ വാങ്ങി കുപ്പായ കിശയിലിടുന്നു…
വടകര കോട്ടപ്പറമ്പിലെത്തിയാൽ വിളിച്ചു പറയാൻ തുടങ്ങും. മണിയൂർ… മണിയൂർ… ചെരണ്ടത്തൂർ… ചെ രണ്ടത്തൂർ….
ജീപ്പിൽ തൂങ്ങിപ്പിടിച്ചു പോയി എന്നത് കുട്ടിക്കാലത്തെ ക്രഡിറ്റായിരുന്നു.എത്ര പേരും തൂങ്ങിപ്പിടിച്ചു പോകും. ജീപ്പ് കാണാത്ത വിധം പുറത്തും തിങ്ങി തൂങ്ങിപ്പോകുന്നവർ . പോലീസ് വണ്ടി കാണുമ്പോൾ ” തല ഉള്ളിലേക്കിട്ടോ” എന്ന് ഡ്രൈവർ ഓർഡറിടും.
വടകരക്ക് കുറുന്തോടിയിൽ നിന്ന് നന്നെ പുലർച്ചെ ജീപ്പുണ്ടായിരുന്നു.
അന്നു നാട്ടിൽ നല്ല റോഡില്ല. ഉള്ള റോഡിൽ മെറ്റൽ പതിച്ചത്. സച്ചിൽ റോഡ് വേസ് ബസ്സിലെ ഡ്രൈവർ ജീപ്പുഡ്രൈവറുമായ് കലഹിക്കുമായിരുന്നു ബസ്സിനു മുമ്പേ ജീപ്പെടുത്താൽ പിന്നെ വഴക്കും കോളറയിൽ പിടുത്തവുമായി .
രാജാവായ ജീപ്പിനോടായിരുന്നു പ്രിയം , അന്ന് .
മുൻ സീറ്റിൽ വടകരക്ക് പോകുന്ന സ്ഥിരം കക്ഷികൾ . പിന്നിൽ ഞെരുങ്ങി വലിയവരും കുട്ടികളും . നാട്ടുവാർത്തകളും സൊള്ളും ജീപ്പിന്റെ താളത്തിനൊത്ത് വടകര കോട്ടപ്പറമ്പുവരെ മത്സരിച്ചോടും.കല്യാണവണ്ടിയും ചരക്കുവണ്ടിയുമായിരുന്നു ജീപ്പ് . ഇന്ന് ജീപ്പ് സർവ്വീസില്ല.ഡ്രൈവർ ജോലി ചെയ്തിരുന്ന നിരവധി ചെറുപ്പക്കാർ ജീപ്പോട്ടം നിലച്ചപ്പോൾ വല്ലാതെ കഷ്ടപ്പെട്ടു. മറ്റു ജോലിയിലേക്കുതിരിഞ്ഞു. അന്ന് ജീപ്പ് ചെളിയിൽ പൂണ്ടാൽ തള്ളി കയറ്റാർ ഒരു നാടു മുഴുവൻ വരും. ടയർപേച്ചായാൽ നാട് നിശ്ചലമാകും……
അതായിരുന്നു ജീപ്പ് .
ഇന്ന് പഴയ ജീപ്പുകൾക്ക് നല്ല വില കിട്ടും
മോഡിഫിക്കേഷൻ കാലമാണല്ലോ……
എന്നാലും നാടിന്റെഓർമ്മകളിൽ മാഞ്ഞു പോകാതുണ്ട്
നമ്പ്യാരുടേയും കുഞ്ഞിരാമേട്ടന്റേയും കുഞ്ഞമ്മദ്ക്കയുടേയും ജീപ്പിന്റെ ടയർ പതിഞ്ഞ അടയാളങ്ങൾ❣️

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added