നിറഞ്ഞ ശൂന്യതയുടെ ഒത്ത മധ്യത്തിൽ നിൽക്കുമ്പോൾ ഒരു യാത്ര പോകുക.. കണ്ടിട്ടും കേട്ടിട്ടും മതിവരാതെ..
എന്നും പ്രണയമാണ് യാത്രകളോട്..
യാത്രകളെ സ്‌നേഹിക്കുന്നവർക്ക്
മുഴുമിക്കുന്നതും മുറിഞ്ഞു പോകുന്നതുമായ എത്ര എത്ര യാത്രകൾ..
നിറമുള്ള ,നിലത്തിഴയുന്ന പാവാടകളും കൈ നിറയെ വർണ്ണ വളകളും..മൂക്കിൽ വലിയ മൂക്കുത്തിയും അലുക്കുകളുള്ള ബ്ലൗസും ധരിച്ച്
സുന്ദരികളായ പെൺകുട്ടികൾ തലയിൽ കുടവുമേന്തി പടവുകളേറി പോകുന്ന ഒരു കാഴ്ചാനുഭവം രാജസ്ഥാൻ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ വന്ന് നിറയുമായിരുന്നു..
ചില നല്ല സിനിമകൾ , നല്ല കഥകൾ, നല്ല പുസ്തകങ്ങൾ.. ഒക്കെ വായിച്ചതിനു ശേഷം രാജസ്ഥാൻ എന്നെ മോഹിപ്പിച്ച് തുടങ്ങിയിട്ട് കുറച്ച് ഏറെ നാളുകളായി..
പരിമിതമായ ലെഗേജുമായി അജ്ഞാതദേശങ്ങളിലേക്ക് പോകാനാഗ്രഹിച്ച
ഒരു യാത്രക്കാരി ആയിരുന്നെങ്കിലും പൂർണ ഗർഭിണിയെപ്പോലെ തോന്നിപ്പിച്ച ഒരു യാത്രാബാഗുമായാണ് ഞാൻ രജപുത്താന യുടെ മണ്ണിൽ കാലുകുത്തിയത്..
വീറും വാശിയും നിറഞ്ഞ രജപുത്ര രാജാക്കന്മാരുടെചരിത്രമുറങ്ങുന്ന നാട്ടിലേക്കൊരു യാത്രപോയാൽ കാത്തിരിക്കുന്ന കാഴ്ചകളിൽ മണലാരണ്യ ങ്ങളും പർവതനിരകളും തടാകങ്ങളും കൊടും കാടുകളുമുണ്ട്..
രാജതന്ത്രങ്ങളും യുദ്ധകഥകളുമുറങ്ങുന്ന , പഴമയുടെ കഥകൾ വിളിച്ചോതുന്ന അംബരചുംബികളായ കോട്ടകളും കൊ ട്ടാരക്കെട്ടുകളും രാജസ്ഥാന്റെ സൗന്ദര്യം തുളുമ്പുന്ന മുഖമാണ്..
ജോധ്പൂരിനടുത്തുള്ള മക്രാനയിലെ മാർബിൾ ചുണ്ണാമ്പ് കല്ല് ഖനികൾ
ജയ്പൂരിലെ കൊട്ടാരങ്ങൾ.. ഉദയ്പൂരിലെ തടാകങ്ങൾ.. ജയ്‌സാൽ മീറിലെ വാർ മ്യൂസിയം
മരുകോട്ടകൾ.. പൊഖ്‌റാനിലെ ആണവ പരീക്ഷണ നിലയം.. താർ മരുഭൂമി..
കുത്തനെയുള്ള ചെരിവുകൾ നിറഞ്ഞ മണലാരണ്യത്തിലൂടെ പൊങ്ങി താഴുന്ന
ഒട്ടകത്തിന്റെ പുറത്തിരുന്നു അസ്തമനസൂര്യനെ നോക്കി കാണുന്നത് ഭൂമിയിലെ തന്നെ മനോഹരമായൊരു കാഴ്ചയാണെന്നു പറയാതെ വയ്യ. രാത്രി മരുഭൂമിയിലെ തണുപ്പറിഞ്ഞു ടെന്റിനകത്തെ താമസം മറക്കാനാവാത്ത ഒരു രാവാണ് സമ്മാനിച്ചത്. അതിന് മുമ്പേ സഞ്ചാരികൾക്കായി വിരിച്ച മെത്തയിലിരുന്ന് രാജസ്ഥാനി സംഗീതവും നാടോടി നൃത്തവും ആസ്വദിക്കാം..

Jaswanth Thada
രാജസ്ഥാൻ എന്ന മരുഭൂമിയുടെ
ഹൃദയമാണത്രെ അജ്മീർ.. അശരണർക്കും
അഗതികൾക്കും താങ്ങും തണലുമായ അജ്മീർ ദർഗ ജാതിമതഭേദമന്യേ ഇന്നും ജന ലക്ഷങ്ങൾക്ക് ആശ്വാസമാണ്
എല്ലാവശവും ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട അജ്മീർ മനോഹരമായ ഒരു ഭൂ പ്രദേശമാണ് . അജ്മീർ ദർഗ കണ്ടതിനു ശേഷം ഞങ്ങളുടെ യാത്ര പുഷ്‌കർ ബ്രഹ്മാ ക്ഷേത്രത്തിലേക്കായിരുന്നു.. ഇന്ത്യയിലെ തന്നെ അപൂർവ്വം ബ്രഹ്മാക്ഷേത്രങ്ങളിൽ ഒന്ന്…പുഷ്‌കർ തടാകത്തിനടുത്തുള്ള ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് മാർബിൾ, കല്ല് സ്ലാബുകൾ എന്നിവ കൊണ്ടാണ്..
ബിക്കാനീർ കോട്ടയുടെ പ്രവേശനകവാടത്തിനടുത്ത് ഭിത്തികളിൽ കുറേ കൈപ്പത്തികളുടെ രൂപം കാണാമത്രെ
അക്കാലത്ത് സതിയനുഷ്ഠിക്കാൻ പോകുന്ന രാജ്ഞിമാരുടെ കൈപ്പത്തികൾ ഭിത്തിയിൽ പതിപ്പിക്കയും അതിൻ മേൽ ആവരണമുണ്ടാക്കുകയും ആണ് പതിവ് എന്നാണ് അറിയാൻ കഴിഞ്ഞത്..
എന്തുകൊണ്ടോ ബിക്കാനീർ ഞങ്ങളുടെ ടൂർ പാക്കെജിൽ ഉൾപ്പെട്ടിരുന്നില്ല..
ഹവാ മഹലിലെ അന്തപ്പുര
സ്ത്രീകൾക്ക് നടുത്തളങ്ങളിലെ ആഘോഷങ്ങൾ കാണാൻ അസ്വാതന്ത്ര ത്തിന്റെ വലകണ്ണികൾ പോലെയുള്ള ചുമർജനാലകൾ ഉള്ള കൊട്ടാരങ്ങൾ.. എന്നിട്ടും അവരുടെ ആടയാഭരണങ്ങൾ കണ്ട് നമ്മൾ വിസ്മയപ്പെടുന്നു

City Palace Udaipur
ചരിത്രം ചിലപ്പോഴൊക്കെ വിഷാദം ഉളവാക്കുന്നവയുമാണ്..മടുപ്പിന്റെയും.. നിരാശ യുടെയും.. അസ്വസ്ഥതകളുടെയും.. സങ്കട ആഴങ്ങളിലേക്ക് കണ്ണടച്ച് മുഖം മറച്ച് തലകുനിച്ചിരിക്കുന്ന ഒരു പെണ്ണിനെ പോലെ..
ഒറ്റ രാത്രി കൊണ്ട് ആയിരത്തിലേറെ പേരെ കാണാതായിപോയ കഥയാണ് പ്രേതഗ്രാമമായ ഖുൽദാരയ്ക്ക് പറയാനുള്ളത്..അവർക്കെന്ത് സംഭവിച്ചെന്നോ എവിടെ പോയെന്നോ ഇന്നും അജ്ഞാതമത്രെ.. ആരോ എന്നോ മറന്നുവെച്ച പോലെയുള്ള പഴകിപൊളിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ
ഉള്ളിൽ തമ്പടിച്ചിരുന്ന നരിച്ചീറുകളും അരിപ്രാവുകളും ചിറകടിച്ചുയർന്നു. ഇത്തവണ ഞാനുമൊന്നു പേടിച്ചു..
അലാവുദ്ദീൻ ഖിൽജിയാൽ അപമാനി ക്കപ്പെടുമെന്നതിൽ ഭയന്ന് റാണി പത്മാവതിയും കൂട്ടരും ആത്മയാഗം (ജോഹർ).. നടത്തിയെന്നു ചരിത്രം പറയുന്ന ചിത്തോർ കോട്ട സമയ പരിമിതി മൂലം കാണാൻ കഴിയാതെ പോയത്
എന്നിൽ ഇത്തിരി നിരാശയുളവാക്കി
ദാൽ ബാട്ടി ചൂർമ്മയും ഭാജ്‌റ റൊട്ടിയും ഗട്ടെ കി സബ്ജിയും.. രാജസ്ഥാനി തനത് വിഭവങ്ങളുടെ രുചികൂട്ടുകൾ ഇടയ്‌ക്കൊക്കെ എന്റെ നാക്കിലും രുചിമേളങ്ങളുടെ ഘരാന പാടി..യാത്രകൾ നാവിന്റേത് കൂടിയാവട്ടെ..
തെരുവുകളിലെല്ലാം കണ്ണിന് നിറച്ചാർത്ത് പകർന്നുകൊണ്ട് നിറഞ്ഞ് പരന്ന് വഴിയോര കച്ചവടത്തിന്റെ വർണ്ണക്കാഴ്ചകൾ.. തുച്ഛമായ വിലയിൽ മതിവരാത്ത ചില സന്തോഷങ്ങൾ ഞാനും സ്വന്തമാക്കി..
ചരിത്രങ്ങളുറങ്ങുന്ന ഗോത്ര തെരുവിൽ പഴമയുടെ വേഷവിതാനങ്ങളുമായി ഒരു ഇളം വെയിൽ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു..
രാജസ്ഥാനി പെൺകൊടിമാരുടെ പരമ്പരാഗതവേഷവിധാനമായ ഗാഗ്രാ ചോളി
യും ഓട്‌നി എന്നറിയപ്പെടുന്ന ഒഴുകുന്ന മൂടു പടവും ധരിച്ച് ഫോട്ടോക്ക് പോസ് ചെയ്തത് എനിക്ക് വ്യത്യസ്തമായ ഒരനുഭവമായി..
എന്റെ ഇഷ്ട നിറമായ കറുപ്പിൽ നിറയേ പിങ്ക് ചിത്രപ്പണി ചെയ്ത വസ്ത്രം കൃത്യമായി ചേർത്ത് ഒതുക്കി സേഫ്റ്റി പിന്ന് വെച്ചുറപ്പിച്ച് ഞാൻ റോഡരികിലെ നില
കണ്ണാടിയിൽ നോക്കി അടക്കമില്ലാതെ പൊട്ടിച്ചിരിച്ചു . ഞാനേതങ്കിലും ജന്മത്തിൽ ഇവിടെ പിറന്നിരിക്കുമോ..
വർണ്ണവളകളും അലുക്കുകളുള്ള ബ്ലൗസും ധരിച്ച് തലയിൽ കുടവുമേന്തി പടികൾ കയറി പോയിട്ടുണ്ടാവുമോ..
വർഷങ്ങൾ തുരുമ്പെടുത്ത മനസ്സിൽ നിന്നും ഓർമ്മചുരുക്കിലെ അവസാനഞൊറിയും നിവർത്തി ചിന്തകളെ കുടഞ്ഞു കളഞ്ഞു ഞാൻ വർത്തമാന പടവുകളിറങ്ങി..
കൃഷിയും വ്യവസായങ്ങളും ആണ് അവിടങ്ങളിലെ സാമ്പത്തിക വ്യവസ്ഥക്ക് അടിസ്ഥാനം. എങ്കിലും ദാരിദ്ര്യത്തിലും പ
ട്ടിണിയിലും ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ കൂടിയുണ്ട് രാജസ്ഥാനിൽ..
വെയിലിന്റെ തീപ്പാടം നീന്തി ഇല്ലാത്ത തീരത്തേക്ക് ജീവിതത്തെ കൊണ്ടെത്തിക്കുവാൻ പാട് പെടുന്നവർ..
പ്രണയത്തിന്റെ ഗൂഢമാർഗങ്ങൾ…വേദനയുടെ കണ്ണീർക്കയങ്ങൾ..നിസ്സഹായതയുടെ ചതിപ്പാടുകൾ…അടിമത്തത്തിന്റെ ചങ്ങല പ്പാടുകൾ…രാജകീയ പ്രതാപങ്ങളുടെ അടയാളങ്ങൾ.. തിരുശേഷിപ്പുകൾ…
നോവായി..അറിവായി.. ചരിത്രങ്ങൾ അക്ഷരങ്ങളായി..
ഒരുപാട് തിരിച്ചറിവുകൾ നൽകിയ ഒരു യാത്ര
രാജസ്ഥാൻ ഖനികളുടെ നാടാണ്
ഏറെ പ്രിയപ്പെട്ടവരോടൊപ്പമുള്ള ഒരു ഗ്രൂപ്പ് ടൂറിനൊടുവിൽ നാട്ടിൽ എന്നെ കാത്തിരിക്കുന്ന സ്‌നേഹവലയത്തിലേക്ക് തട്ടി കുടഞ്ഞിടാൻ ഒരു തോൾ സഞ്ചി നിറയെ പത്തരമാറ്റുളള ഓർമ്മകളുടെ ഖനിയുമായ് ആണ് ഞാൻ തിരികെ പോന്നത്
മടക്ക യാത്രയിൽ ഞാൻ ഏറെ സന്തോഷവതിയായിരുന്നു.. എന്തെന്നാൽ യാത്രകളെ അത്രയും മനോഹരമാക്കുന്നത് വീട്ടിലേക്കുള്ള തിരിച്ചുവരവുകൾ ആണത്രേ!!!

Chetak Smarak Udaipur
