വിളയിൽ ഫസീല
ഇശൽ ജീവിതം തുടർച്ച
സന്ധ്യമയങ്ങിയാൽ വി.എം കുട്ടി മാസ്റ്ററുടെ വീട്ടിൽ എന്തു സന്തോഷമായിരുന്നു. കത്തിച്ചുവച്ച വിളക്കത്തിരുന്ന് കുട്ടികൾ ഓതുന്നതും വായിക്കുന്നതും കേട്ടിരിക്കാം. അതു കഴിഞ്ഞ് കഥകൾ പറയാം. ആമിനത്താത്ത നിസ്‌കരിക്കുന്നത് ചാരിയിട്ട വാതിൽപൊളിയിലൂടെ ഒളിഞ്ഞു നോക്കാം.
മുസ്‌ലിംകൾ നിസ്‌കരിക്കുന്നത് അമുസ്‌ലിംകൾ കാണാൻ പാടില്ല എന്നായിരുന്നു എന്റെ ധാരണ. അങ്ങനെയൊന്നും ഇല്ലെന്ന് ഇത്താത്ത തന്നെയാണ് പറഞ്ഞു തന്നത്. അതിനു ശേഷം ഞാൻ, അവർ നിസ്‌കരിക്കുന്നതിനു മുമ്പിൽ ചെന്നു നിൽക്കുമായിരുന്നു. നീളൻ കൈയുള്ള വെളുത്ത വലിയ കുപ്പായത്തിനുള്ളിൽ നിന്ന് വട്ട മുഖത്തെ ചുണ്ടുകൾ അനങ്ങുന്നത് കാണാൻ എന്തു രസമാണ്.
റമദാൻ മാസം വന്നാൽ ഞങ്ങൾ, കുട്ടികൾക്ക് വല്ലാത്ത ആഹ്ലാദമാണ്. നോമ്പു കാലത്ത് ഞാൻ കലാ പരിപാടികൾക്ക് പോകാറുണ്ടായിരുന്നില്ല. അന്ന് അധികവും പുളിക്കലിൽ മാഷുടെ വീട്ടിൽ തന്നെ കൂടും. അവിടെ എല്ലാവരും നോമ്പെടുക്കുമായിരുന്നു. നോമ്പു തുറ കഴിഞ്ഞ് സമൃദ്ധമായ സദ്യ. പത്തിരി, ഇറച്ചി, ജീരകക്കഞ്ഞി, തരിക്കഞ്ഞി ഒക്കെയുണ്ടാവും. ആണുങ്ങളുടെ തുറ കഴിയുന്നതു വരെ ഞങ്ങൾ കാത്തിരിക്കില്ല. അതിനിടയിൽ ഇത്താത്ത ഞങ്ങളെയും ഭക്ഷണം കഴിപ്പിക്കും. ആൺ തുറ കഴിഞ്ഞാൽ പിന്നെ പെൺ തുറയാണ്. ഞാൻ ആ നോമ്പു തുറകളിലൊക്കെ ചേരുമ്പോൾ നിർവചിക്കാൻ പറ്റാത്ത കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു.
പുളിക്കലെ വീട്ടിലുള്ളവർ, അത്താഴത്തിന് എണീക്കുമ്പോൾ ഞാനും സുഹ്‌റയുമൊക്കെ ഒപ്പം ഉണരും. അക്കാലത്ത് ഇന്ദിരാ ജോയിയും ഞങ്ങളുടെ ട്രൂപ്പിലേക്ക് വന്നിരുന്നു. നൂറു കണക്കിന് പാട്ടുകൾ പാടിയ ഇന്ദിര ഇപ്പോഴും രംഗം വിടാതെ നിൽക്കുന്നു. അതിനിടയിൽ കടന്നു വന്ന ശറഫും സോണിയയുമൊക്കെ വിവാഹത്തെത്തുടർന്നു പാട്ടു നിർത്തി.
പ്രശസ്ത സംഗീതജ്ഞൻ ജോയ്യേട്ടനും ഈ കാലത്താണ് ഞങ്ങൾക്കൊപ്പം ചേരുന്നത്. ജോയ്യേട്ടനും ഇന്ദിരയും തമ്മിൽ നല്ല അടുപ്പമായിരുന്നു. ആ അടുപ്പം പിന്നീട് വിവാഹത്തിലും കുടുംബ ജീവിതത്തിലും കലാശിച്ചു. ഞങ്ങളോടൊപ്പം കളിച്ചും പാടിയും നടന്ന ഇന്ദിര അങ്ങനെ ഇന്ദിരാ ജോയിയായി.
വിവാഹത്തിന് മുമ്പ് ഇന്ദിരയും ഞങ്ങളുടെ റമദാൻ രാവുകൾ പങ്കുവെക്കാനുണ്ടാകുമായിരുന്നു. അന്നു പുലർച്ചകളിൽ ഞങ്ങൾ ‘അത്താഴ’ മുണ്ണാൻ എണീക്കുമ്പോൾ ഇത്താത്ത കളിയാക്കും. ‘നോമ്പു നോൽക്കാത്ത കള്ളത്തികൾ എന്തിനാണ് പുലർച്ചക്ക് എണീക്കുന്നത്.’
അത്താഴത്തിന് തൂമ്പിക്കുന്ന വെള്ളുപ്പേരിയുടേയും കറിയുടേയും മണം കേട്ടാൽ പിന്നെ കിടക്കപ്പൊറുതിയുണ്ടാവില്ല. ഇത്താത്ത ഭക്ഷണമുണ്ടാക്കിത്തീരുന്നതു വരെ ഞങ്ങൾ കണ്ണുമുറുക്കിച്ചിമ്മി ഉറക്കം നടിച്ചുകിടക്കും. ഇതു മനസ്സിലാക്കിയ ഇത്താത്തയുടെ ഒരു വിളിയുണ്ട്.
‘വര്യെടീ ചോറ്‌ബെയ്ക്കാൻ’ – ദൂരെ ഏകാന്തതയുടെ അവ്യക്തമായ ഏതോ കോണിൽ നിന്ന് ആ വിളി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു.
ഞാനും ഇന്ദിരയും ചില ദിവസങ്ങളിൽ നോമ്പു പിടിക്കും. ഇന്ദിരക്ക് ഉച്ചക്കപ്പുറം നോമ്പുമായി പോകാൻ കഴിയില്ല. ഞാൻ ഉന്തി നീക്കി എങ്ങനെയോ സന്ധ്യയാക്കും. പത്തു വർഷമെങ്കിലുമായി ഞാൻ വ്രതം ഒഴിവാക്കാറില്ല. തുടർച്ചയായ യാത്രകളിൽ, ആവശ്യത്തിന് ഭക്ഷണം കിട്ടാതിരുന്നാൽ പോലും നോമ്പനുഷ്ഠിക്കുന്ന പതിവ് ഞാൻ ഉപേക്ഷിച്ചിരുന്നില്ല.
കളിച്ചും ചിരിച്ചും കാലം എത്ര വേഗത്തിലാണ് കടന്നു പോയത്. ഞാൻ വി.എം കുട്ടി മാസ്റ്ററുടെ ട്രൂപ്പിൽ വരുമ്പോൾ ആയിഷാ സഹോദരിമായിരുന്നു രംഗം അടക്കിവാണിരുന്നത്. മാപ്പിളപ്പാട്ട് പ്രേമികളുടെ സ്‌നേഹ ഭാജനങ്ങളായിരുന്നു ആയിഷാ സഹോദരിമാർ.
പുളിക്കൽ കേന്ദ്രമായി ചെന്താര തിയേറ്റേഴ്‌സ് രൂപം കൊള്ളുന്നത് ഏതാണ്ട് ഈ കാലത്താണ്. വി.എം കുട്ടി മാസ്റ്റർ, പി.സി മുഹമ്മദ് കുട്ടി മാസ്റ്റർ, കാരിക്കുഴിയൻ മുഹമ്മദ് കുട്ടി മാഷ്, പള്ളിയാളി മുഹമ്മദ് മാഷ്, നമ്പി മാഷ്, എന്നിവരൊക്കെയായിരുന്നു ചെന്താര തിയേറ്റേഴ്‌സിന്റെ പിറകിൽ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടികൾക്കാണ് ആ കാലത്ത് ഞങ്ങൾ അധികവും ക്ഷണിക്കപ്പെട്ടിരുന്നത്. പി.എം കാസിം സാഹിബ് എഴുതിയ പാട്ടാണ് ആയിഷാ സഹോദരിമാർ അധികവും പാടിയിരുന്നത്:
”തൊള്ളായിരത്തിരൂപത്തി ഒന്നിൽ മാപ്പിളമാർ
വെള്ളക്കാരോടേറ്റു പടവെട്ടിയേ,
കൊള്ളയും കൊലയും പലതന്ന്
മലനാട്ടിൽ- കൊള്ളക്കാരും വെള്ളക്കാരും കാട്ടിയെ….”
പരപ്പനങ്ങായിയിൽ ഇ.എം.എസ് നമ്പൂതിരിപ്പാടും ഇമ്പിച്ചി ബാവയുമൊക്കെയുള്ള ഒരു സ്റ്റേജിൽ ഞാൻ ഈ പാട്ടു പാടി. കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെ അന്ന് എന്നെ അഭിനന്ദിച്ചതോർക്കുന്നു. ചുകന്ന റിബണും ചുകന്ന ബ്ലൗസും ചുകന്ന പാവാടയുമായിരുന്നു കമ്മ്യൂണിസ്റ്റ് സ്റ്റേജുകളിൽ ഞങ്ങളുടെ വേഷം. ചെന്താര തിയേറ്റേഴ്‌സ് രൂപം കൊണ്ടപ്പോൾ മുസ്‌ലിം ലീഗുകാരനായ ആയിഷാബിയുടെ ബാപ്പ, പിന്നീട് അവരെ പാടാൻ അയച്ചില്ല. വിവാഹിതരായതോടെ ആ സഹോദരിമാർ പൂർണ്ണമായും പാട്ടരങ്ങ് വിടുകയും ചെയ്തു.
വർഷങ്ങൾക്കു ശേഷം, കഴിഞ്ഞ മാസം ആയിഷാബി എന്റെ വീട്ടിൽ വന്നു. അവരെ കണ്ട് ഞാൻ അമ്പരന്നു. ഇത്രയും വലിയ ഒരു ഗായിക അവിചാരിതമായി എന്റെ വീട്ടിൽ! ഒരു കാലത്ത് മാപ്പിളപ്പാട്ട് അരങ്ങിൽ തിളങ്ങി നിന്ന ആയിഷാബിക്ക് നാലുമക്കളുണ്ട്. പൂർവ്വ കാല സ്മൃതികളുടെ മധുര നൊമ്പരങ്ങൾ മാത്രമേ ആ സഹോദരിക്ക് ബാക്കിയുള്ളൂ.
മാസ്റ്റുടെ വീട്ടിൽ വെച്ച് പാട്ടുകളുടെ പരിശീലനം കാണാൻ കൗതുകത്തോടെ നോക്കി നിൽക്കുന്ന അയൽപക്കക്കാരെപ്പറ്റി ഓർമ്മിച്ചിരുന്നുവല്ലോ. മോയിൻകുട്ടി വൈദ്യരുടെ രചനകളായിരുന്നു അന്നൊക്കെ ഏറ്റവും കൂടുതൽ പരിശീലിപ്പിച്ചിരുന്നത്. കൂട്ടത്തിൽ ചില ഒപ്പനപ്പാട്ടുകളും കാണും.
”പൂ മകളാണെ ഹുസ്‌നുൽ ജമാൽ…”
”തശരിഫും മുബാറക്കാദരവായ
നബിയുമ്മത്തിമാർക്ക്….”
തുടങ്ങിയ പാട്ട് കേൾക്കുമ്പോൾ ഗ്രാമീണരായ ആ ചെറുപ്രേക്ഷക സംഘങ്ങൾ ആനന്ദം കൊണ്ട് പുളകമണിയും. ആ കാലത്ത് സ്ഥിരമായി റിഹേഴ്‌സൽ കേൾക്കാൻ വരുന്ന പുളിക്കലെ ഹാജ്യാർക്കയെ ഓർക്കുന്നു. മഗരിബ് നിസ്‌കാരം കഴിഞ്ഞാണ് അദ്ദേഹം വരിക. ഹാജ്യാർക്ക മരിച്ചു പോയി. അറബിയിലുള്ള അക്ഷരങ്ങൾ കുറേകൂടി അഴകിൽ മൊഴിയാൻ അദ്ദേഹം എന്നെ ഉപദേശിക്കുമായിരുന്നു. അറബി വാക്കുകളും ഉച്ചാരണവും തെറ്റുകൂടാതെ പ്രയോഗിക്കാൻ എന്നെ പഠിപ്പിച്ച ഗുരുക്കളിൽ ഒരാളായിരുന്നു വി.എം കുട്ടി മാസ്റ്ററുടെ ഉറ്റ സഹൃത്ത്. എം.കെ നാലകത്ത്.
കിരി കിരി ചെരുപ്പിന്മേൽ അണഞ്ഞുള്ള പുതുനാരി
ബല്ലിമാർ സമൂഹത്തിൽ വിളങ്ങിടുന്നേ
നാരി വിളങ്ങിടുന്നേ….
ഇതാണ് റിക്കാർഡ് ചെയ്യപ്പെട്ട എന്റെ ആദ്യ പാട്ടെങ്കിലും രണ്ടാമതായി റിക്കാർഡു ചെയ്യപ്പെട്ട പാട്ടാണ് കൂടുതൽ ഹിറ്റായത്. പ്രശസ്ത ഗാനമെഴുത്തുകാരൻ പി.ടി അബ്ദുറഹ്മാന്റെ രചനയായിരുന്നു അത്.
”ആമിനാ ബീവിക്കോമന മോനെ,
ആരിലും കനിയും ഇമ്പത്തേനെ,
ആലങ്ങൾക്കാകെയുള്ള റസൂലെ,
ആദിയോൻ പുകഴ്ത്തിയ ഹബീബെ…….”
പലതു കൊണ്ടും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു പി.ടി യുടെ ഈ കീർത്തനപ്പാട്ട്. ആമിന ബീവിയുടെ ഓമന മകൻ മുത്തു നബിയെക്കുറിച്ചുള്ള ഈ ഗാനം ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ട രചനയാണ്. വെറുതെയിരിക്കുമ്പോഴും പി.ടിക്കായുടെ ഈ വരികൾ എന്റെ ചുണ്ടുകളിൽ കടന്നു വരാറുണ്ട്.
ഈ പാട്ട് റിക്കാർഡ് ചെയ്യപ്പെട്ടതോടെ സ്വദേശത്തും വിദേശത്തും നിന്ന് പ്രിയപ്പെട്ടവരുടേതായി അനേകം ആരാധക കത്തുകൾ വന്നു തുടങ്ങി. അക്കൂട്ടത്തിൽ ലറ്റർപാഡിൽ ചിത്രം അച്ചടിച്ച ഒരു കത്ത് എന്നെ ആകർഷിച്ചു. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു അത്.
