നാല്
യൂനാൻ രാജാവ് പറഞ്ഞ കഥ
”പ്രജാക്ഷേമ തല്പരനായിരുന്നു സിന്ദ്ബാദ് രാജാവ്. എങ്കിലും മൃഗയാവിനോദമായിരുന്നു അദ്ദേഹത്തിന് മറ്റെന്തിലുമേറെ പ്രിയങ്കരം. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം നായാട്ടിനായി ചെലവഴിച്ചു. നായാട്ടിൽ അദ്ദേഹത്തിന്റെ സഹായിയും സന്തത സഹചാരിയും സമർത്ഥനായ ഒരു പരുന്തായിരുന്നു. പരുന്തിനെ നന്നായി പരിചരിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കാട്ടി. ദീർഘയാത്രകളിൽ ദാഹിക്കുമ്പോൾ പരുന്തിനു കുടിക്കാനായി അതിന്റെ കഴുത്തിലെ സ്വർണ്ണപ്പാത്രത്തിൽ വെള്ളവും കരുതിയിരുന്നു.
പതിവുപോലെ ഒരു നാൾ സിന്ദ്ബാദ് രാജാവ് പരിവാരങ്ങൾക്കൊപ്പം നായാട്ടിനായി ഒരു കൊടുംകാട്ടിലെത്തി. കാട്ടിൽ വലവിരിച്ച്, വാദ്യഘോഷങ്ങൾ മുഴക്കി കാടിളക്കി. ആ ശബ്ദകോലാഹലം കേട്ട് പരിഭ്രമിച്ച മൃഗങ്ങൾ നാലുപാടും ചിതറിയോടി. സ്വർണ്ണനിറമുള്ള ഒരു കലമാനും അക്കൂട്ടത്തിലുണ്ടായിരുന്നു. ആ സ്വർണ്ണമാൻ രാജാവിനെ വല്ലാതെ ആകർഷിച്ചു. എന്തു വില കൊടുത്തും അതിനെ സ്വന്തമാക്കണമെന്ന് അദ്ദേഹം ഉറച്ചു. മാൻ രക്ഷപ്പെടാതെ നോക്കണമെന്ന് രാജാവ് അനുചരന്മാർക്ക് നിർദ്ദേശം നൽകി. അപ്പോൾ അദ്ദേഹത്തെ സന്തോഷിപ്പിച്ചുകൊണ്ട് മാനിന്റെ കാല് വലയിൽ കുടങ്ങി. രാജാവ് അതിനെ പിടികൂടാനായി അടുത്തു ചെന്നു. തൊട്ടു, തൊട്ടില്ല എന്ന നിലയിലെത്തിയതും കലമാൻ പിടഞ്ഞെണീറ്റ് രാജാവിനെ വെട്ടിച്ച് ഓടിക്കളഞ്ഞു.
എന്നാൽ, അങ്ങനെ തോൽവി സമ്മതിക്കാൻ സിന്ദ്ബാദ്
രാജാവ് തയ്യാറായില്ല. സ്വർണ്ണമാനിനെ പിന്തുടർന്ന് പിടികൂടാൻ തന്നെ അദ്ദേഹം ഉറച്ചു. വായുവേഗത്തിൽ പായുന്ന തന്റെ വെള്ള
ക്കുതിരപ്പുറത്തു ചാടിക്കയറി അദ്ദേഹം മാനിനെ പിന്തുടർന്നു. രാജാവിനു വഴികാട്ടാൻ തൊട്ടുമുന്നിലായി പരുന്തും പറന്നു. രാജാവിനു പിടികൊടുക്കാതെ ഒരു രാത്രിയും പകലും മാൻ ശരീരം വെട്ടിച്ച് ഓടി. രാജാവിന് വല്ലാത്ത കോപം വന്നു. തന്നെ ദീർഘനേരം കബളിപ്പിച്ച മാനിനെ കൊന്നുകളയാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഓടിയോടി ഒരു മരുഭൂമിയിലെത്തിയതും സ്വർണ്ണമാനിന്റെ കാലുകൾ പഞ്ചാരമണലിൽ പുതഞ്ഞുപോയി. അതുകണ്ട പരുന്ത് മാനിന്റെ കണ്ണുകൾ കൊത്തിപ്പൊട്ടിച്ചു. അപ്പോഴേക്കും രാജാവും അവിടെയെത്തി. അനങ്ങാനാവാതെ നിന്നുപോയ മാനിന്റെ തല രാജാവിന്റെ ഒറ്റവെട്ടിന് തെറിച്ച് നിലത്തുവീണു! അവിടമെങ്ങും ചുടുചോര പടർന്നു. അപ്പോൾ മാത്രമാണ് സിന്ദ്ബാദ് രാജാവിന്റെ കോപം അല്പമെങ്കിലും തണുത്തത്.
ദീർഘയാത്ര കൊണ്ട് സിന്ദ്ബാദ് രാജാവ് ആകെ തളർന്നുപോയിരുന്നു. കലശലായ വിശപ്പും ദാഹവും അദ്ദേഹത്തെ അലട്ടി. പക്ഷേ, മരുഭൂമിയിൽ വെള്ളവും ഭക്ഷണവും എങ്ങനെ കിട്ടാനാണ്? രാജാവ് ഒരിറ്റുവെള്ളത്തിനായി നാലുപാടും നോക്കി. പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. കുറച്ചകലെയായി നിൽക്കുന്ന ഒരു വൃക്ഷത്തിൽ നിന്ന് വെള്ളം ഒഴുകിയിറങ്ങുന്നു. തന്റെ അവസ്ഥയറിഞ്ഞ് പരമശക്തൻ കാണിച്ചുതന്നതാവും ആ ജലമെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം കൂടുതലൊന്നും ആലോചിക്കാതെ അങ്ങോട്ടു നടന്നു. പരുന്തിന്റെ കഴുത്തിലെ സ്വർണ്ണപ്പാത്രം ഊരിയെടുത്ത് അതിൽ ആ ജലം നിറച്ചു. നല്ല തണുപ്പുള്ള ആ വെള്ളം കുടിക്കാനോങ്ങിയതും പരുന്ത് ശരവേഗത്തിൽ പാഞ്ഞുവന്ന് ആ പാത്രം കൊത്തിമറിച്ചിട്ടു. പരുന്തിന്റെ വകതിരിവില്ലാത്ത ആ പ്രവൃത്തി രാജാവിനെ ക്ഷുഭിതനാക്കി. പരുന്തിന് എന്തോ കൈപ്പിഴ പറ്റിയതാണെന്നു കരുതി അദ്ദേഹം ആ പാത്രത്തിൽ വീണ്ടും വെള്ളം നിറച്ചു. അത് ചുണ്ടോടടുപ്പിച്ചതും പരുന്ത് വീണ്ടും പാത്രം തട്ടിമറിച്ചു. അതോടെ രാജാവിന് നിയന്ത്രണം വിട്ടു. അദ്ദേഹം കരയിലെ തോലുറയിൽ നിന്നും വാളൂരി ഒറ്റവീശ്! പരുന്തിന്റെ ചിറകുകൾ അറ്റുവീണു! കഠിനമായ വേദനയ്ക്കിടയിലും അത് മരത്തിലേക്കു നോക്കി കരഞ്ഞുകൊണ്ട് തളർന്നു നിലംപതിച്ചു. അധികം കഴിയും മുമ്പേ പരുന്ത് ചത്തുവീണു.
സിന്ദ്ബാദ് രാജാവ് അപ്പോഴാണ് ആ കാഴ്ച കാണുന്നത്. മരത്തിന്റെ ഇലകൾക്കിടയിലും ശാഖകളിലും കെട്ടുപിണയുന്ന കരിമൂർഖൻമാർ! അവയുടെ വായിൽ നിന്നിറ്റുന്ന കൊടും വിഷ
മാണ് വെള്ളമെന്നു കരുതി താൻ കുടിക്കാൻ തുടങ്ങിയതെ
ന്നറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. തന്റെ ജീവൻ രക്ഷിക്കാൻ
ശ്രമിച്ച പരുന്തിനെ കൊലപ്പെടുത്തിയതിൽ പശ്ചാത്തപിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു.
കഥ പറഞ്ഞുകേട്ട ശേഷം യൂനാൻ രാജാവ് മന്ത്രിയുടെ നേരെ തിരിഞ്ഞു.
”നിങ്ങളുടെ വീൺവാക്കു കേട്ട് ഞാൻ കൊട്ടാരം വൈദ്യനെ കൊലപ്പെടുത്തിയാൽ സിന്ദ്ബാദ് രാജാവിന്റെ അവസ്ഥ എനിക്കും വരുമായിരുന്നില്ലേ? എന്റെ ദുഃഖം കാണുകയാണോ നിങ്ങളുടെ ലക്ഷ്യം?”
”മഹാരാജാവേ, അങ്ങ് വികാരത്തിന് അടിപ്പെടുന്നത് ഉചിതമല്ല. യാഥാർത്ഥ്യബോധത്തോടെ ആലോചിച്ചാൽ വൈദ്യന്റെ കുബുദ്ധിയെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് അങ്ങേയ്ക്ക് ബോധ്യപ്പെടും. അല്ലാത്തപക്ഷം, വഞ്ചിതനായ രാജകുമാരന്റെ അവസ്ഥയാവും അങ്ങേയ്ക്കും. ആ കഥ അങ്ങ് കേട്ടിട്ടുണ്ടാവാനിടയില്ല.”
മന്ത്രി പറഞ്ഞു.
”ആ കഥ കേൾക്കാൻ എനിക്ക് ആഗ്രഹമുണ്ട് മന്ത്രീ”
രാജാവ് കാതുകൂർപ്പിച്ചിരുന്നു.
”പറയാം. രാജാവും രാജകുമാരനും മന്ത്രിയും രാക്ഷസിയുമൊക്കെയുള്ള ആ കഥ ഒരേസമയം അങ്ങയെ ആനന്ദിപ്പിക്കാതെയും ചിന്തിപ്പിക്കാതെയുമിരിക്കില്ല. കേട്ടോളൂ.”
മന്ത്രി കഥയ്ക്ക് വട്ടംകൂട്ടി.
രാജാവും ഒന്നിളകിയിരുന്നു.
മന്ത്രി പറഞ്ഞ കഥ
”ഒരിടത്ത് ഒരു രാജാവും മന്ത്രിയും ജീവിച്ചിരുന്നു. രാജാവിന്റെ കാലശേഷം ആ പദവി നേടിയെടുക്കുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യം. അതിനായി ഓരോ ചരടുവലികൾ നടത്തി നടത്തി വരവേ, രാജ്ഞി ഗർഭിണിയായി. അവർ തേജസ്വിയായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അതോടെ മന്ത്രിയുടെ മോഹത്തിനുമേൽ കരിനിഴൽ വീണു. രാജകുമാരൻ വളർന്നുവന്നാൽ രാജപദവി അവനാകുമെന്ന് തിരിച്ചറിഞ്ഞ മന്ത്രി, കുമാരനെ വകവരുത്താൻ ശ്രമങ്ങളും നടത്തി. എന്നാൽ അതൊന്നും ഫലവത്തായില്ല. കുമാരൻ വളർന്ന് സൗന്ദര്യവും ധീരതയും ഒത്തിണങ്ങിയ യുവാവായി. രാജാവ് സ്വന്തം പ്രാണ
നേക്കാൾ അവനെ സ്‌നേഹിച്ചു. അവന്റെ ഏതാഗ്രഹവും ഉടനടി സാധിച്ചു കൊടുത്തു.
ഒരുനാൾ രാജകുമാരൻ രാജാവിനെ സമീപിച്ചു പറഞ്ഞു.
”അച്ഛാ, എനിക്ക് കാട്ടിൽ നായാട്ടിനു പോകണം. വിചിത്രജീവികൾ നിറയെയുള്ള ഒരു കാട് അടുത്തുണ്ടെന്നു കേട്ടിട്ടുണ്ട്. നാളെത്തന്നെ ഞാൻ അങ്ങോട്ട് പോവുകയാണ്.’
”ശരി മകനെ, സാഹസികനായ നിനക്ക് ചേരുന്ന ആവശ്യം തന്നെയാണിത്. സുരക്ഷയ്ക്കായി നമ്മുടെ മന്ത്രിയെയും കൂടെ അയക്കാം.”
രാജാവ് അതിനോടു യോജിച്ചു.
പിറ്റേന്ന് രാവിലെ തന്നെ മന്ത്രിയും രാജകുമാരനും കുതിര പ്പുറത്ത് കാട്ടിലേക്ക് യാത്രയായി. പെട്ടെന്ന് മന്ത്രിയുടെ ദുഷ്ടബുദ്ധി ഉണർന്നു. നായാട്ടിനിടയിൽത്തന്നെ കുമാരനെ ഇല്ലാതാക്കണമെന്ന് അയാളുറച്ചു. അപ്പോഴാണ് നാലു തലയും ഇരുപതു കൈകാലുകളും ഉള്ള ഒരു വിചിത്രജീവി അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത.് അതൊരു ദുർമന്ത്രവാദിനിയാണെന്ന് മന്ത്രി തിരിച്ചറിഞ്ഞു. അക്കാര്യം മനസ്സിലാക്കി അയാൾ പറഞ്ഞു.
”രാജകുമാരാ, അങ്ങയുടെ നായാട്ടിലുള്ള വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഈ വിചിത്ര ജീവിയെ നായാടി വക വരുത്തിയാൽ ലോകരെല്ലാം അങ്ങയെ ആദരിക്കും.”
അതുകേട്ടതും രാജകുമാരന് ആവേശമായി. അവൻ ആയുധവുമായി ജീവിയുടെ പുറകെ പാഞ്ഞു. എന്നാൽ, എത്ര ശ്രമിച്ചിട്ടും അതിനെ പിടികൂടാൻ കുമാരനായില്ല. കുമാരനെ കുറെ ദൂരം ഓടിച്ച ശേഷം അത് മണ്ണിനടിയിൽ അപ്രത്യക്ഷമായി! നിരാശനായ കുമാരൻ മടങ്ങിപ്പോന്നു. പല വഴികൾ ഒന്നുചേരുന്ന ഇടമായതിനാൽ വഴിയും തെറ്റി. അപ്പോഴാണ് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. വഴിവക്കിൽ മുഖം കുനിച്ചിരുന്നു കരയുകയായിരുന്നു അതിസുന്ദരിയായ അവൾ. അവളോട് സഹതാപം തോന്നിയ കുമാരൻ കാര്യങ്ങൾ തിരക്കി. തേങ്ങിക്കരഞ്ഞുകൊണ്ടായിരുന്നു അവളുടെ മറുപടി.
”എല്ലാം എന്റെ തലവിധിയാണ് കുമാരാ. കൊട്ടാരത്തിലെ അന്തഃപുരത്തിൽ രാജ്ഞിയായി കഴിയേണ്ട എന്നെ ഒരു ദുർമന്ത്രവാദി ചതിച്ച് ഇവിടെയെത്തിച്ചതാണ്. ഇനിയെനിക്ക് കൊട്ടാരത്തിൽ തിരിച്ചെത്താനാവില്ല. സഹായത്തിനാണെങ്കിൽ ആരുമില്ല. ഈ പെരുവഴിയിലാവും എന്റെ അന്ത്യമെന്നാണ് തോന്നുന്നത്”
”രാജകുമാരൻ അവളെ സമാധാനിപ്പിച്ചു കൂടെക്കൂട്ടി. ഇരുവരും കുതിരപ്പുറത്ത് യാത്ര തുടങ്ങി. കുറേ ദൂരം പിന്നിട്ട് പൊളിഞ്ഞ
ഒരു കെട്ടിടത്തിനടുത്ത് അവരെത്തി. അപ്പോൾ മൂത്രമൊഴിക്ക
ണമെന്നു പറഞ്ഞ് അവൾ ഇറങ്ങിപോയി. കുറേനേരം കാത്തു
നിന്നിട്ടും അവൾ എത്താത്തതിനാൽ കുമാരൻ അന്വേഷിച്ചു ചെന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
തനിക്കൊപ്പം വന്ന രാജകുമാരിയുടെ രൂപം ശരിക്കും ഒരു രാക്ഷസിയുടേതായി മാറിയിരിക്കുന്നു. തീക്കണ്ണും കോമ്പൻപല്ലും ചപ്രത്തലമുടിയുള്ള അവൾ ചങ്ങാതിമാരായ രാക്ഷസിമാർക്കൊപ്പം ചൂടുചോര കുടിച്ച് പൊട്ടിച്ചിരിക്കുന്നു. അൽപ്പം കഴിഞ്ഞശേഷം മറ്റു രാക്ഷസിമാരോട് അവൾ പറയുന്നതും കുമാരൻ കേട്ടു:
”എടീ, നമുക്കിന്ന്’ഭാഗ്യദിവസമാണ്. സൗന്ദര്യവും ചോരയും നീരുമുള്ള ഒരു രാജകുമാരനെയാണ് ഞാൻ കൂട്ടിക്കൊണ്ടു വന്നിരി ക്കുന്നത്. നമുക്കെല്ലാവർക്കും കൂടി അവനെ കൊന്നു തിന്നാം.’
താൻ വലിയ ആപത്തിലാണ് ചെന്നു പെട്ടിരിക്കുന്നതെന്നു തിരിച്ചറിഞ്ഞ രാജകുമാരൻ ഭയന്നു നിന്നു. വിശ്വസ്തൻ എന്ന് കരുതിയ മന്ത്രിയാണ് തന്നെ ചതിച്ചത് എന്നുകൂടി മനസ്സിലാക്കിയപ്പോൾ അവന്റെ മുഖം കോപത്താൽ ചുവന്നു.
അല്പനേരം കഴിഞ്ഞശേഷം രാക്ഷസി സുന്ദരി രൂപത്തിൽ കുമാരനെ സമീപിച്ചു ചോദിച്ചു.
”കുമാരാ, അങ്ങയുടെ മുഖം വല്ലാതായിരിക്കുന്നല്ലോ, എന്തു പറ്റി? എന്റെ ചില ബന്ധുക്കൾ ഈ കെട്ടിടത്തിൽ താമസമുണ്ട്. അങ്ങേക്ക് യാത്രാക്ഷീണമുണ്ടല്ലോ. നമുക്കിന്ന് അവരുടെ ആതി്ഥ്യം സ്വീകരിച്ച് ഇവിടെ കഴിയാം. നേരം പുലരുമ്പോൾ യാത്ര തുടരുകയുകയുമാവാം.”
ഭീകരരായ രാക്ഷസികളിൽ നിന്നും രക്ഷനേടാനായി രാജകുമാരൻ കൈകൾ മേലോട്ടുയർത്തി അള്ളാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു. പരമകാരുണികനായ അള്ളാഹുവിന്റെ പേരു കേട്ടതും സുന്ദരിയുടെ രൂപത്തിലെത്തിയ രാക്ഷസി നിന്നനിൽപ്പിൽ ഉരുകി ഇല്ലാതായി! രാജകുമാരൻ കുതിരപ്പുറത്തു കയറി കൊട്ടാരത്തിൽ തിരിച്ചെത്തി.
”മന്ത്രിയുടെ കൊടുംചതി കുമാരൻ രാജാവിനെ ധരിപ്പിച്ചു വിശ്വാസവഞ്ചകനായ മന്ത്രിയുടെ കഴുത്തറുക്കാൻ രാജാവ് ഒട്ടും അമാന്തിച്ചില്ല!
കഥ പറഞ്ഞു തീർത്ത് മന്ത്രി യൂനാൻ രാജാവിനോട് പറഞ്ഞു.
”മഹാരാജാവേ, വിശ്വാസവഞ്ചകരെ വച്ചുപൊറുപ്പിക്കരുത് എന്നല്ലേ ഈ കഥ തെളിയിക്കുന്നത്? അങ്ങയെ അപകടത്തിൽ
പ്പെടുത്താൻ ഒരുക്കം കൂട്ടുന്ന കപട വൈദ്യനെ വകവരുത്തി ല്ലെങ്കിൽ അപകടമാണ്. അത് അങ്ങയുടെ വിനാശത്തിലേ അവസാനിക്കൂ.”
മന്ത്രിയുടെ സമർത്ഥമായ വാക്കുകൾ രാജാവിന്റെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. താൻ കരുതുന്നതുപോലെ നിഷ്‌കളങ്കനല്ല റയാനെന്ന് അദ്ദേഹത്തിനു തോന്നി. വൈദ്യന്റെ ചലനങ്ങളെ അദ്ദേഹം സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി. ആ സംശയം ക്രമേണ ശാശ്വതമായ വെറുപ്പിന് വഴിമാറി. തന്നെ ചതിക്കാൻ ശ്രമിക്കുന്ന വൈദ്യനെ വധിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് യൂനാൻ രാജാവ് തീരുമാനിച്ചു. അതിനിനി ഒട്ടും വൈകിക്കരുത് എന്നുറപ്പിച്ച രാജാവ് പിറ്റേന്നുതന്നെ വൈദ്യനെ രാജസഭയിലേക്ക് വിളിച്ചുവരുത്തി കുറ്റപത്രം വായിച്ച് ശിക്ഷ വിധിച്ചു.
”വിശ്വസ്തൻ എന്നു നടിച്ച് നമ്മെ വകവരുത്താൻ ശ്രമിച്ച വ്യാജ വൈദ്യൻ റയാനെ ഈ ക്ഷണം തന്നെ ശിരസ്സറുത്ത് കൊല്ലാൻ കൊല്ലാൻ ഉത്തരവിടുന്നു!”
വിധികേട്ട് വൈദ്യർ ഞെട്ടിത്തരിച്ചു. അയാൾ തൊണ്ടയിടറി പ്പറഞ്ഞു.
”അങ്ങയെ രക്ഷിക്കാനല്ലാതെ മറ്റൊന്നിനും ഞാൻ ശ്രമിച്ചിട്ടില്ല. ഒരിക്കൽപ്പോലും വിശ്വാസവഞ്ചന കാട്ടിയിട്ടുമില്ല എന്നിട്ടും അങ്ങേക്ക് എന്നോട് അനിഷ്ടം ഉണ്ടെങ്കിൽ എന്നെ ജീവനോടെ ഇവിടുന്ന് പോകാനനുവദിക്കണം. പിന്നീടൊരിക്കലും അങ്ങയുടെ കൺവെട്ടത്ത് ഞാനെത്തില്ല.’
മന്ത്രി ഒഴികെയുള്ള സദസ്യരും വധശിക്ഷ പിൻവലിക്കണമെന്ന് രാജാവിനോട് അപേക്ഷിച്ചു. എന്നാൽ, തന്റെ നിലപാടിൽ നിന്ന് പിന്മാറാൻ രാജാവ് തയ്യാറായില്ല. തന്റെ അന്ത്യം അടുത്തു എന്ന് ഉറപ്പായപ്പോൾ വൈദ്യൻ പറഞ്ഞു.
”മഹാരാജാവേ അങ്ങയുടെ കൽപ്പന ഞാൻ വിനയപൂർവ്വം ഏറ്റുവാങ്ങുന്നു. മരിക്കുന്നതിനു മുൻപ് എനിക്കൊരാഗ്രഹമുണ്ട്. ജന്മനാട്ടിൽപ്പോയി മാതാപിതാക്കളെക്കണ്ടു യാത്ര ചോദിച്ചു മടങ്ങിയെത്തണം. അത്യപൂർവ്വ ഔഷധങ്ങളെക്കുറിച്ച് പരാമർശി ക്കുന്ന ഒരു പ്രാചീനഗ്രന്ഥവും വീട്ടിലുണ്ട്. ഭാവിതലമുറകൾക്ക് ഉപകാരപ്പെടാനായി അത് അങ്ങയെ ഏല്പിക്കണമെന്നുണ്ട്. അങ്ങ് അനുവദിച്ചാൽ മൂന്നാംനാൾ ഞാൻ തിരിച്ചെത്താം.”
യുനാൻ രാജാവ് അതനുവദിച്ചു. റയാൻ അന്നുതന്നെ ജന്മ നാട്ടിലേക്ക് കപ്പൽ കയറി. മൂന്നാംനാൾ അപൂർവ ഗ്രന്ഥവുമായി അയാൾ തിരിച്ചെത്തി. അത് രാജാവിനു സമർപ്പിച്ചുകൊണ്ട് വൈദ്യൻ പറഞ്ഞു.
”ഈ ഗ്രന്ഥം ഇനി അങ്ങേയ്ക്ക് ഉള്ളതാണ് ഇതൊരു
വിജ്ഞാനകോശം തന്നെയാണ്. എന്റെ വധശിക്ഷക്ക്
ശേഷം ചോര ചീറ്റുന്ന ശിരസ്സ് തളികയിൽ വെച്ച്, ഈ പുസ്തകം പകുത്ത് വായിച്ചാൽ ഏതു സംശയത്തിനു മറുപടി കിട്ടും. അങ്ങേയ്ക്ക് നല്ലതു വരട്ടെ!”
വൈദ്യനെ വധിക്കുന്നത് വരെ ക്ഷമിച്ചിരിക്കാൻ രാജാവിന് കഴിഞ്ഞില്ല. അദ്ദേഹം ആർത്തിയോടെ പുസ്തകം പകുത്തുവായിച്ചു. ആ ക്ഷണം രാജാവ് ബോധശൂന്യനായി നിലംപതിച്ചു അതിന്റെ താളുകളിൽ വൈദ്യൻ കൊടുംവിഷപ്പൊടി വിതറിയത് ആരുമറിഞ്ഞില്ല. രാജാവ് നിമിഷങ്ങൾക്കുള്ളിൽ അന്ത്യശ്വാസം വലിച്ചു!”
കഥ നിർത്തി മുക്കുവൻ ഭൂതത്തോടു പറഞ്ഞു.
”കഥ നീ ശ്രദ്ധിച്ചു കേട്ടില്ലേ? നിരപരാധിയായ അയാളെ വീണ്ടു വിചാരമില്ലാതെ വധശിക്ഷയ്ക്ക് വിധിച്ചതുകൊണ്ടല്ലേ യൂനാൻ രാജാവിന് ഇത്തരമൊരു ദാരുണാന്ത്യം ഉണ്ടായത്. നീയും ചെയ്തത് ഇത്തരമൊരു അപരാധം തന്നെ. രക്ഷകനായ എന്നെ കൊല്ലാൻ ശ്രമിച്ചു. അതിന്റെ ശിക്ഷ നീ അനുഭവിച്ചേ തീരൂ. ഇനി ഒട്ടും വൈകാതെ നിന്നെ ഞാൻ കടലിലെറിയും!
മുക്കുവൻ ചെമ്പുകുടം എടുത്തുനടന്നു.
”ഹേ മുക്കുവാ, എന്നോട് ഇത്തിരിയെങ്കിലും കരുണ കാണിക്കണം. ഇനിയുമെന്നെ കടലിന്റെ ഏകാന്തതയിലേക്ക് തള്ളി വിടരുത്. അനന്ത കാലം തനിച്ചു ശ്വാസംമുട്ടി കഴിയേണ്ട വിഷമം അനുഭവിച്ചാലേ അറിയൂ. അവിവേകം ക്ഷമിച്ച് എന്നെ മോചിപ്പി ക്കാൻ ദയവുണ്ടാകണം.
തുടരും…
