നീരദ ജോൺ… കായലിൽ ചത്ത് പൊന്തിയ മീനിന്റെ പേരല്ല

സീൻ: ഒന്ന്
രംഗപശ്ചാത്തലം
റോഡരികിലെ കാട്ടുവള്ളികൾ പടർന്ന് കിടക്കുന്ന ജീർണ്ണിച്ച് തകർന്ന് കിടക്കുന്ന പഴയ ഒരു കെട്ടിടം.
തിമർക്കുന്ന മഴയും കാറ്റും.
അവിടേക്ക് മഴയിൽ നനഞ്ഞ് കുതിർന്ന് ഓടിക്കയറുന്ന ചിത്രലേഖയും അനന്ത്‌ഗോപാലും. ചിത്രലേഖയുടെ ചുമലിലൂടെ ലെതർ കവറിൽ ഗിത്താർ തൂക്കിയിട്ടിരിക്കുന്നത് കാണാം. അനന്ത്‌ഗോപാൽ കഴുത്തറ്റം നീട്ടി വളർത്തിയ മുടിയും താടിയുമായി ഒറ്റ കടുക്കനണിഞ്ഞ് ബനിയനും കാർഗോപാന്റ്‌സ്മായി മോഡേൺ വേഷത്തിലാണ്. ചിത്രലേഖയും അത്‌പോലെ അയഞ്ഞ വേഷങ്ങൾ ധരിച്ച് മോഡേൺ വേഷങ്ങളിലാണ്. അവർ പ്രശസ്ത ബാന്റ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഏതോ ടിവി പ്രോഗ്രാം കഴിഞ്ഞുള്ള വരവാണ്. രാത്രി ഏറെ ചെന്ന സമയം ആ തകർന്ന കെട്ടിടത്തിൽ മഴ കൈകളിൽ നനഞ്ഞ് മഴയും നോക്കിയിരുന്ന്; സമയം പോക്കുകയാണ് അവൾ.
ചിത്രലേഖ : വെറുതെ ആ തട്ട്കടയിലിരുന്ന് സമയം പോക്കി. അല്ലെങ്കില് ഇപ്പം ഫ്‌ളാറ്റില് എത്തിക്കാണുമായിരുന്നു.
അനന്തു : (ചിരിച്ച്) ശര്യാ. താൻ ഫ്‌ളാറ്റിലെത്തും. ഞാൻ പെടും ഈ മഴേല്.
ചിത്രലേഖ : പെടണല്ലോ. അതും ഇതും ഓർഡർ ചെയ്ത് സമയം പോക്കിയതല്ലേ. അനുഭവിച്ചോ. (ഫോണെടുത്ത്) പ്രിയയെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ. ആ പോത്തിപ്പോൾ മരിച്ച ഉറക്കത്തിലായിരിക്കും. (ശരീരത്തിലെയും വസ്ത്രത്തിലെയും നനവ് തുടച്ച് കൊണ്ട്) ഇനി ഒരിടവും ബാക്കിയില്ല നനയാൻ.
അനന്തു : ഇടക്കെപ്പോഴെങ്കിലും ഒന്ന് നനയുന്നത് നല്ലതാ. ഇയാൾക്ക് അല്ലെങ്കിലും കുളി അലർജിയല്ലേ.
ചിത്രലേഖ : വേണ്ട. എന്റടുത്ത് അടിച്ച് നിന്റെ (കഴുത്തിന് പിടിച്ച്) എടാ ഞാനൊന്ന് അമർത്തിപ്പിടിച്ചാ താൻ ചത്ത് പോകും. (തണുത്ത് വിറച്ച് മഴയിലേക്ക് നോക്കി) എടാ… തണുക്കുന്നെടാ. എന്തൊര് മഴയാ.
അനന്തു : നല്ല തണുപ്പ്. (കൈ ഉരതി ചൂട് പിടിച്ച്) ‘ഇനിയും നാല് കിലോമീറ്ററിനടുത്ത് കാണും നിന്റെ ഫ്‌ളാറ്റിലേക്ക്. നശിച്ച മഴ… അല്ലെങ്കില് വെച്ച് പിടിക്കാമായിരുന്നു.
ചിത്രലേഖ : ന്നിട്ട് വേണം നാളെ പനിച്ച് കിടക്കാൻ. അല്ലെങ്കിലേ വയ്യ. കുറെക്കാലായടാ മനസ്സിനും ശരീരത്തിനും ഒരു സുഖോംല്യാ. പപ്പയായിട്ട് ഉടക്കിപ്പിരിഞ്ഞിരിക്ക്യല്ലേ. കഴിഞ്ഞ ദിവസവും വിളിച്ച് വല്ലാതങ്ങ് പറഞ്ഞു. അങ്ങേരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ എനിക്ക് പറ്റില്ലെന്ന് ഞാനങ്ങ് തുറന്ന് പറഞ്ഞു. എനിയ്ക്ക് എന്റെ ഇഷ്ടാവലുത്. (ആകെ പുകഞ്ഞ് ഒരു നിമിഷത്തെ മൗനത്തിനിടെ) എടീ… നിന്റെ തല തെറിച്ച ഈ പോക്ക് നാശത്തിലേക്കാണ് ഡേഷ് മോളേന്ന് പറഞ്ഞ് പിന്നെ പൂരത്തെറിയാ. ഞാൻ അങ്ങേരോട് പോയി പണി നോക്കാൻ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. മേലിൽ വിളിച്ച് ശല്യം ചെയ്യരുതെന്ന് പറയുകേം ചെയ്തു. ഒരു മാതിരി പന്ന അച്ചൻ. ആ ഒരു മൂഡോഫും വെച്ചാ ഞാനിന്ന് സ്റ്റുഡിയോ ഫ്‌ളോറില് പാട്യേത്. സത്യം പറയടാ. എങ്ങനെയുണ്ടായിരുന്നു. ഒരു ഒപ്പിക്കലബ്ൾ ആയിരുന്നില്ലേ.
അനന്തു : (ചിരിച്ച്) എടാ. ഇന്ന് നീ നന്നായി പാടി. നല്ല ഫോമിലായിരുന്നു താൻ. വെച്ച് കീറുകയല്ലായിരുന്നോ.
ചിത്രലേഖ : താനും നല്ല ഫോമിലായിരുന്നു. ഡ്രമ്മിൽ ഭ്രാന്തെടുത്തത് പോലെ നിന്റെ വിരലുകൾ പാഞ്ഞു നടക്കായിരുന്നില്ലേ… (അനന്തുവിന്റെ വിരലിൽ പിടിച്ച്) നല്ല വരികൾ… എന്താ ഈണവും താളവും. ഏതൊരാളും അറിയാതെ പാടി പോകും.
അനന്തു : പ്രൊഡ്യൂസർ റോഷൻ വിളിച്ച് പുതുവത്സരത്തിന് പുതിയ ഒരു സോങ്ങ് വേണംന്ന് പറഞ്ഞപ്പോ ഫോക്ക് എലമെന്റൊക്കെ ചേർത്ത് ഒരുപാട്ട്… മനസ്സിലേക്ക് ഒന്നും വന്നില്ല. ഇന്ന് വെളുപ്പാൻ കാലത്ത് ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താ ആ പാട്ട് മൂളി മൂളി വരികളും താളവുമൊക്കെയായി കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും പെർഫക്റ്റാവുമെന്ന് ഓർത്തില്ല. (ചിത്രയുടെ ചുമലിൽ പിടിച്ച്) ചിത്രാ… താൻ മനസ്സറിഞ്ഞ് പാടിയടോ.
ചിത്രലേഖ : (അനന്തുവിന്റെ കൈയിൽ പിടിച്ച് ആ മുടിയിലൂടെ തഴുകി) ഒരുപാട് പാട്ടൊക്കെ പാടുമ്പം ചിലത്… ചിലത് മനസ്സിൽ വന്ന് തടയും.
ചിരിച്ച് ആ പാട്ടിന്റെ വരികൾ മൂളി കൂടെ ചേർന്ന് പാടുന്ന അനന്തു.
അവർക്കിടയിൽ അപ്പോഴും മഴ വളർന്ന് നിന്നു.
എപ്പോഴോ ആ മഴയിൽ അനന്തു തന്നോട് ചേർത്ത് ചിത്രയെ ചുംബിച്ചു.
അവർ ആ ചുംബനത്തിൽ നിമിഷങ്ങളോളം.
ഒരു പോലീസ് ജീപ്പ് വന്ന് നിന്ന ശബ്ദം.
അവിടേക്ക് ഓടിക്കയറിയെത്തുന്ന പോലീസ്‌കാരുടെ ബൂട്ടിന്റെ ഞരക്കം.
അവരപ്പോഴും ഗാഢചുംബനത്തിന്റെ ലഹരിയിലാണ്.
അവരെ പിടിച്ച് മാറ്റിക്കൊണ്ട് അലറി.
”എടാ… പബ്ലിക്ക് പ്ലേസില് വെച്ചടാ… നിന്റെയൊക്കെ അമ്മേടെ അവടുത്തെ കളി.”
തുടർന്ന് അവരെ മാറ്റി നിർത്തി ചോദ്യം ചെയ്യുന്ന പോലീസ്.
ചിത്ര എപ്പോഴോ പൊട്ടിത്തെറിച്ചു.
അനന്തുവിന്റെ മുടിയൊക്കെ തഴുകി തലോടി ചോദ്യം ചെയ്യുന്ന പോലീസ്.
അനന്തു സഹികെട്ട് പറഞ്ഞുടക്കി പൊട്ടിത്തെറിക്കുന്നു.
പോലീസ്‌കാർ അനന്തുവിനെ ആഞ്ഞടിച്ചു. അകലേക്ക് തെറിച്ച് വീഴുന്ന അനന്തു.
കവിൾ പൊട്ടി ചോര ഒഴുകുന്നു.
അവനെ വലിച്ചിഴച്ച് ജീപ്പിനരികിലേക്ക് കൊണ്ട് പോകുന്നു. പിറകെ ചിത്രയേയും.
ചിത്ര കരഞ്ഞുകൊണ്ട് ദേഷ്യത്തിൽ അലറി വിളിക്കുന്നുണ്ട്.
മഴയും ഇടിയും തിമർക്കുന്നു.
Blackout

രംഗം: രണ്ട്
കടൽത്തീരത്തെ പഴകി ജീർണ്ണിച്ച ഒരു പോലീസ് സ്റ്റേഷൻ.
ലോക്കപ്പിനരികെ കസേരയിൽ ടേബിളിൽ കാൽകയറ്റിവെച്ച്
പുറം തിരിഞ്ഞിരിക്കുന്ന എസ്.ഐ. ജോൺ തരകൻ പുല്ലേപ്പടി.
വെളിച്ചം തെളിയുമ്പോൾ
നമ്മുടെ കാഴ്ചയിലേക്ക് എത്തുന്നത് മേശപ്പുറത്തേക്ക് കയറ്റിവെച്ച ഷൂസിട്ട കാലുകളാണ്.
അത് ഒരു താളത്തിലെന്നപോലെ ചലിച്ചു കൊണ്ടിരിക്കുന്നു.
ആരോടോ മൊബൈലിൽ സംസാരിച്ച് കൊണ്ടിരിക്കുന്ന ജോൺ തരകൻ പുല്ലേപ്പടി.
കാലിളക്കി കൊണ്ടിരിക്കുന്ന അയാളുടെ സംസാരവും പൊട്ടിച്ചിരിയും
ഉയർന്ന് കേൾക്കുന്ന സംഗീതത്തിൽ നാം അറിയുന്നില്ല.
ജോൺ സിഗരറ്റ് ആഞ്ഞ് പുകച്ച് കുത്തിക്കെടുത്തി ഒരു പൊട്ടിച്ചിരിയോടെ.
ജോൺ : എടോ. വാസുദേവാ… എടോ തന്റെ കേസ്സൊക്കെ ഒരു പോറല് പോലും ഏൽക്കാതെ ഒതുക്കി തീർത്ത് തരണം ഞാൻ. (പരിഹാസച്ചിരിയോടെ) എടോ തന്റെ പേരിലേ ദേവനൊള്ളൂ. പ്രവൃത്തീല് താൻ ഒരലന്ന ചെകുത്താനല്ലേ ചെകുത്താൻ. ഞങ്ങള് സത്യ ക്രിസ്ത്യാനികള് സാത്താൻന്ന് പറയും. (പതിഞ്ഞ ചിരിയോടെ) പിന്നെ ഒരു കാര്യം. വാസുദേവാ, ഈ ജോൺതരകൻ പുല്ലേപ്പടിയെ ഒന്ന് വേണ്ടത് പോലെ കണ്ടേക്കണം. വേണ്ടത് പോലെ. (മദ്യം കൈ നീട്ടിയെടുത്ത് ഒറ്റവീർപ്പിന് കഴിച്ച് കൊണ്ട്) ഓക്കെയെടാ ഓക്കെ. ക്ലബ്ബില് വെച്ച് കാണാം. അപ്പോ പറയാം മറ്റ് കാര്യങ്ങൾ. ഇനിയും വല്ലതിനെയുമൊക്കെ പീഢിപ്പിച്ച് വന്നേക്കരുത്. ചുമ്മാ മനുഷ്യനെയിട്ട് മെനക്കെടുത്താനായിട്ട്. (കള്ളച്ചിരിയോടെ ഫോൺ കട്ട് ചെയ്ത് ഒരു ആത്മഗതം പോലെ) അല്ല വാസുദേവനെ പറഞ്ഞിട്ടും കാര്യമില്ല. കൊഴുത്ത് മുഴുത്ത എത്രയെത്ര ബ്രോയിലർ ചിക്കൻസ്സാ അവന്റെ ഫാമില് നിറയെ ജോലിക്കാരായിട്ട്. (പൊട്ടിച്ചിരിയോടെ) ഏതവനായാലും ഒന്ന് പീഢിപ്പിച്ചൊക്കെ പോകും. പതിഞ്ഞ ചിരിയോടെ ലോക്കപ്പ് അഴികളിൽ ചോരവാർന്ന ശരീരത്തോടെ തളർന്ന് കിടക്കുന്ന അനന്തുവിനെ നോക്കി ഒരുപരിഹാസച്ചിരിയോടെ നമ്മെ നോക്കി ഒരു സിഗരറ്റെടുത്ത് പുകക്കാൻ ശ്രമിക്കുന്നതിനിടെ.
ജോൺ : ങാ… നമ്മളെവിടെയാ പറഞ്ഞ് നിർത്ത്യേത്… അതിന് നമ്മള് പറഞ്ഞ് തുടങ്ങീയില്ലല്ലോ. അല്ലേ? കടുത്ത സ്വരത്തിൽ പറഞ്ഞതൊക്കെ ഈ പന്നിക്കഴുവേറീടെ മോനോടെല്ലേ. (ഷൂസ്സിട്ട കാല് കൊണ്ട് ചോര പടർന്ന അനന്തുവിന്റെ മുഖം ഉയർത്തി) അനന്തു… അനന്തുഗോപാൽ… എടാ പൊലയൻ മൂത്തോറന്റെ മോൻ ഗോപാലന്റെ മോൻ അനന്താ… കാതിൽ ഒറ്റ കടുക്കനിട്ട മുടി വളർത്തി കുടുമകെട്ടിയാലൊന്നും എടാ നിന്നിലെ ആ ചേറിന്റെ നിറോം മണോം ഒന്നും പോവത്തില്ലടാ… എടാ ആ പാതിരാത്രിക്ക് ഇടിയും മഴയും തകർക്കുമ്പം നീ എന്താടാ ആ പെൺകൊച്ചിനെയുമായി ആ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽക്കേറി കാണിച്ച് കൂട്ടിയത്… പറയടാ പന്ന പുലയാടി മോനേ… (മുഖം പിടിച്ചുയർത്തി) പറയടാ…
അനന്തു : (ഒരു ഞെരുക്കത്തോടെ തളർന്ന സ്വരത്തിൽ) സാറേ മഴ പെയ്തപ്പോ ഒരു രക്ഷയുംല്യാതെ അവിടെക്കയറി നിന്നതാ.
ജോൺ : അവിടെക്കയറിനിന്നിട്ട്… ? പറയടാ- മോനേ ചുമ്മാ ഒരുമാതിരി കന്നി മാസത്തിലെ അലന്ന പട്ടികളെപ്പോലെ. (പൊട്ടിച്ചിരിയോടെ) പട്ടികൾക്ക് ഇതിലും വലിയ മാന്യത കാണും. കെട്ടിപ്പിടിച്ചോണ്ട് ന്റെ ഈശോയെ എന്തൊര് ചുംബനം. വീണ്ടും അനന്തുവിന്റെ തല പിടിച്ചുയർത്തി എടാ മോനേ, അനന്ത ഗോപാലാ… നീ എത്ര തവണ അവളെ ചുംബനം കൊണ്ട് പീഢിപ്പിച്ചിട്ട്ണ്ടടാ… പറയടാ. ഞങ്ങള് ആ കെട്ടിടത്തിലേക്ക് കേറി വരുമ്പം പരസ്പരം കെട്ടിപ്പിടിച്ച് ഉം… രാസക്രീഢയല്ലേ അവിടെ രാസക്രീഢ… എടാ… എന്തൊര് ഉരുപ്പടിയാ അവള് കൊഴുത്തുരുണ്ട് എവിട്ന്ന് ഒപ്പിച്ചടാ താൻ… അവളുടെ കവിളുകൾ… ചുവന്ന് തുടുത്ത ചുണ്ടുകൾ… എടാ അവളെ ചുംബിച്ച ആ ചുണ്ടെങ്കിലും ഞാനൊന്ന് ചുംബിക്കട്ടെടാ… അനന്തുവിന്റെ ചുണ്ടിൽ ഭ്രാന്തെടുത്തത് പോലെ ചുംബിക്കുന്നു. അവന്റെ ചുണ്ടിലെ ചോര വായയിലായത് കാരണം ചവർപ്പോടെ കാർക്കിച്ച് തുപ്പി.
ജോൺ : എടാ… നിനക്കൊക്കെ ഇവിടെ എന്ത് വൃത്തികേടും കാണിക്കാം അല്ലേടാ കഴുത മോനേ… എടാ… നിന്നെ ഞങ്ങള് പൊക്കിയതിനാ ഇന്ന് നാടെങ്ങും ചുംബന സമരങ്ങൾ.
അനന്തു : സാറേ… പഴയകാലമല്ല ഇത്. പുതിയകാലത്തിന്റെ പ്രതിഷേധങ്ങളാ ഇന്ന് നാടെങ്ങും കാണാനായത്. പുതിയ ചെറുപ്പങ്ങളുടെ സമരമുറ.
ജോൺ : പുതിയ ചെറുപ്പങ്ങളുടെയൊരു സമരമുറ… ചുംബിക്കാൻ കൊതിച്ച അവരുടെ ചുണ്ടും… കെട്ടിപ്പുണരാൻ കൊതിച്ച ശരീരങ്ങളും ചവുട്ടി ഒടിച്ചിട്ടുണ്ട് ഞങ്ങൾ.
അനന്തു : സാറേ പ്രണയിക്കുന്നത് ഒരു തെറ്റാണോ? എന്തിനാണ് സാറേ സദാചാരത്തിന്റെ മറ തീർത്ത് എല്ലാം അടിച്ചമർത്തുന്നത്. പറയൂ സാർ. പ്രണയിക്കുന്നത് ഒരു തെറ്റാണോ.
അതിന് മറുപടി പറയാതെ ഒരുതരം ചൊറിച്ചിലോടെ ജോൺതരകൻ തലങ്ങും വിലങ്ങും നടന്നു.
അനന്തു വീണ്ടും പറഞ്ഞു.
അനന്തു : എല്ലാം അടിച്ചമർത്തുമ്പോഴാണ് അതിനെതിരെ പൊട്ടിത്തെറിയുണ്ടാവുക… അതാണിവിടെ ഇന്ന് സംഭവിച്ചത്. ചുംബനവും ലോകസമര ചരിത്രത്തിൽ ഒരായുധമായി.
മദ്യം ഒറ്റ വലിക്ക് കഴിച്ച് ഒരു അലർച്ചയോടെ അനന്തുവിനരികെ വന്ന് പാന്റ്‌സിന്റെ സിബ്ബ് അഴിക്കാൻ ശ്രമിച്ച്.
ജോൺ : എടാ… ചുംബനം മാത്രമല്ല… മറ്റ് പലതും കൂടെ നിങ്ങടെ സമരത്തിന്റെ ആയുധമാക്കിക്കോ.
അനന്തു : സാർ രണ്ട് പേർ ചുംബിച്ചാൽ ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്… പറയൂ സാർ…?
ജോൺ അതിന് മറുപടിയായി കേട്ടാലറക്കുന്ന പുളിച്ച തെറി പറഞ്ഞു.
അനന്തു: (ചോദ്യം ആവർത്തിക്കുന്നു) രണ്ട് പേർ ചുംബിച്ചാൽ ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്? ഈ ലോകം സ്‌നേഹം കൊണ്ട് നിറയും… സ്‌നേഹം കൊണ്ട് നിറയും.
ജോൺ : (ദേഷ്യത്തിൽ) സ്റ്റോപ്പിറ്റ്… മിണ്ടിപ്പോകരുത്. പ്രണയം ചുംബനം… ഛെ… വൃത്തികേട്… അശ്ലീലമാണത്. കുടുംബത്തിൽ പിറന്ന കുട്ടികൾക്ക് പറ്റിയ പണിയല്ല. അത്… നോ… പാടില്ല. പാടില്ല… സദാചാരത്തിന് മേലുള്ള ഒരു കടന്നു കയറ്റവും ഞങ്ങളനുവദിക്കില്ല… വന്ന് വന്ന് ഇവിടെ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പാടില്ലെന്നായിരിക്കുന്നു. (അനന്തുവിന്റെ തല പിടിച്ചുയർത്തി) വെറുതെ കിടന്ന് ചിലക്കണ്ടാ… കൊന്നു കളയും തന്നെ ഞാൻ…
തല ചുമരോട് ചേർത്ത് ഞെരിക്കുന്നു. പതിയെ അനന്തു ആ കൈകളിൽ പിടിച്ച് കൊണ്ട്
അനന്തു : സാറ്… സാറ്… പ്രണയിച്ചിട്ടില്ലേ…?
ജോൺ : (പതറി) എന്താചോദിച്ചത്?
അനന്തു : പ്രണയിച്ചിട്ടില്ലേന്ന്..? പ്രണയം വല്ലാത്ത ഒരനുഭവമാണ് സാറേ… അനുഭവിച്ചവർക്കേ അതറിയൂ. ഉള്ളിൽ പ്രണയമില്ലെങ്കിൽ ഈ ലോകത്തോട് തന്നെ വെറുപ്പായിരിക്കും.
ജോൺ : (അരിശത്തോടെ) പ്രണയം പ്രണയം… ഒരു നിമിഷം ഏതോ ഓർമ്മകളിലേക്ക് വഴുതി ആ ഈർഷയോടെ) പ്രണയം… വേണ്ടാത്തതൊക്കെ ഓർമ്മിപ്പിച്ച് ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ… കൊന്ന് കളയും പട്ടിമോനെ നിന്നെ ഞാൻ… (ആഞ്ഞ് ചവിട്ടാൻ നോക്കി പിന്നെ വിട്ടിട്ട് ദൂരേക്ക് മാറി ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചു) എന്തോന്ന് പ്രണയം?
അനന്തു : പ്രണയം നഷ്ടപ്പെട്ടവരുടെ ഒരുതരം ചൊറിച്ചിലുണ്ടല്ലോ. ഇതൊക്കെ കാണുമ്പോഴുള്ള ഒരുതരം കുരു പൊട്ടൽ. അതാണിവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതാ… ആ ചൊറിച്ചിൽ.
ജോൺ അത് കേട്ട് ഒരു അലർച്ചയോടെ അവിടെ കിടന്നതെന്തോ എടുത്തെറിഞ്ഞ്.
ജോൺ : ഒന്ന് മിണ്ടാതിരിക്കടാ. (കൈ ഞെരിച്ച്) തന്നെ ഞാൻ. വേണ്ടാ.
അനന്തു : (കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ച്) ഞാൻ ഞാൻ… എനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ ആ മഴയുള്ള രാത്രീല് ഒന്ന് ചുംബിച്ചു. അതിന്…?
ജോൺ അത് കേട്ട് രോഷം സഹിക്കാനാവാതെ അനന്തുവിലേക്ക് അലറിയടുത്തു.
ജോണിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.
ജോൺ : (മൊബൈലിലൂടെ) ഹലോ… സാർ… സാർ. ഉണ്ട്… കസ്റ്റഡിയിലുണ്ട് അതെ… അതെ… അനന്ത് ഗോപാൽ. അതെ… സാർ ചോദ്യം ചെയ്ത് വരികയാണ്. ഓ… ഗോഡ്… സാറിന്റെ മോളായിരുന്നോ അത്…? ഈ പയ്യനുമായിട്ടോ… ഓക്കെ സാർ… ഓക്കെ… ഞാൻ ഏറ്റു.
പിന്നെ ജോൺ തരകൻ പറയുന്നതൊന്നും നാം കേൾക്കുന്നില്ല.
സംഗീതത്തിന്റെ ഭീകരത മാത്രം.
ഫോൺ കട്ട് ചെയ്ത് ബോട്ടിലിൽ അവശേഷിക്കുന്ന മദ്യവും കഴിച്ച്
വല്ലാത്ത ഒരുതരം ക്രൂരതയോടെ കടിച്ച് കീറാനെന്നോണം
അനന്തുവിനരികിലേക്ക് വരുന്ന ജോൺ തരകൻ.
ജോൺ : എടാ… നിനക്കൊപ്പം ഉണ്ടായിരുന്ന ആ പെണ്ണിന്റെ പേര് എന്താണെന്നാ പറഞ്ഞേ… പറയടാ.
മറുപടിയില്ല.
ജോൺതരകന്റെ ചോദ്യം കാത് പൊട്ടും സ്വരത്തിൽ.
ജോൺ : പറയടാ… പന്നപുലയാടി മോനെ… അന്ന് നിന്നോടൊപ്പം കണ്ട ആ പെണ്ണിന്റെ പേരെന്താണെന്ന്?
അനന്തു : (ഒരു പതർച്ചയോടെ) അത്. അത്… ചിത്രലേഖ അയ്യർ.
ജോൺ : ചിത്രലേഖ അയ്യർ (ചിരിച്ച്) ഗുഡ്… നീ കയറിപ്പിടിച്ച ആ വള്ളി എന്തുകൊണ്ടും നല്ലതാണ്. അത് നിനക്ക് ഗുണം ചെയ്യും. അവൾ ചിത്രലേഖാ അയ്യർ ആരുടെ മകളാണെന്ന് നിനക്കറിയോടാ… അവളെ പോലീസ് കമ്മീഷണർ വിഘ്‌നേശ്വർ അയ്യരുടെ മകളാണ്. അങ്ങേരുടെ ഒരേ ഒരു മോൾ… ചിത്രലേഖാ അയ്യർ.
അനന്തു : അവൾ ആരുടെ മകളാണെന്നൊന്നും അറിയില്ല സാർ… ഒരു മ്യൂസിക് പ്രോഗ്രാമിൽ വെച്ചാ ഞങ്ങള് ആദ്യം കാണുന്നത്… നന്നായി പാടും ആ കുട്ടി… ചിത്രലേഖ… ആ സ്വരമാണ് ഞങ്ങളെ അടുപ്പിക്കുന്നത്. വല്ലാത്ത ഒരിഷ്ടം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു.
ജോൺ : (അനന്തുവിന്റെ തലയിൽ തലോടി ചിരിച്ച് കൊണ്ട്) അനന്തു… അനന്ത ഗോപാലാ… നീ ഇവിടെ നിന്ന് ഇറങ്ങിപ്പോവുമ്പോൾ ഈ തലക്കകത്തും മനസ്സിലും അവളുണ്ടായിരിക്കരുതെന്ന് സാറ് പറഞ്ഞു… എനിക്കത് അനുസരിച്ചേ പറ്റൂ… എടാ മോനേ… നീ എന്നെ അനുസരിച്ചേ പറ്റൂ.
അനന്തു : ഇല്ല… സാർ. എനിക്ക് അനുസരിക്കാനാവില്ല… എല്ലാ പ്രണയങ്ങളും അങ്ങനെ ഊതി കെടുത്താനാവില്ല.
അനന്തു അത് പറഞ്ഞ് നിർത്തലും ജോൺ രോഷം കൊണ്ട് വലിഞ്ഞ് മുറുകി അനന്തുവിനെ ആഞ്ഞ് ചവുട്ടി ഒരു ഞരക്കത്തോടെ പിടഞ്ഞ് വീഴുന്ന അനന്തു. ജോണിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു. അനന്തുവിനെ ഒന്ന് നോക്കി ഫോൺ എടുക്കുന്ന ജോൺ.
ജോൺ : ഹലോ… അതെ ജോൺതരകൻ പുല്ലേപ്പടി. ങാ… പറ… കായലിൽ… പറ കായലിൽ? ഒരു പെണ്ണിന്റെ ശവം പൊങ്ങിയിട്ടുണ്ടെന്നോ? അത് വല്ല ആത്മഹത്യയുമായിരിക്കും. വാർഫിനടുത്തോ… (ചിരിച്ച്) ഭാഗ്യം… അത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയിൽ വരുന്നില്ല. നോർത്തിലേക്ക് വിളിച്ചറിയിച്ചേക്ക്…
ഒരു സിഗരറ്റിന് തീ കൊളുത്തി അനന്തുവിനെ ശ്രദ്ധിച്ച് പുക ഊതിവിട്ട് എവിടെയോ ചെന്നിരുന്ന്.
ജോൺ : എടാ… ഈ ഞങ്ങളെ മെനക്കെടുത്താതെ ഞാൻ പറയുന്നതൊന്ന് അനുസരിച്ചേക്കടാ… പ്രേമം മാങ്ങാത്തൊലി അല്ലെങ്കിലേ എനിക്ക് തന്നെ അനുസരിപ്പിക്കേണ്ടി വരും.
അനന്തുവിനരികിലേക്ക് ചെന്ന് അവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും ജോണിന്റെ ഫോൺ ശബ്ദിച്ചു. അരിശത്തോടെ ഫോൺ എടുത്ത്.
ജോൺ : ഉം… നാശം… എന്നതാടീ ട്രീസ്സേ… എന്തിനാടീ വിളിച്ചേ…
ട്രീസ : (ശബ്ദം ഉയർന്ന് കേൾക്കാം) ”മോള് രണ്ട് ദിവസം മുമ്പെ വല്യമ്മച്ചിയെ കാണണമെന്നു പറഞ്ഞ് കോട്ടയത്തിന് പോയതാ… ഇന്ന് ഞാനവിടേക്ക് വിളിച്ചപ്പഴാ അവളവിടെ എത്തിയിട്ടില്ലെന്ന് അറിയുന്നത്. എനിക്കെന്തോ പേടിയാവുന്നു…. അച്ചായാ… മോൾക്കെന്തെങ്കിലും…?”
ജോൺ : ഓ അവളുടെയൊരു പേടി (പരിഹാസച്ചിരിയോടെ) എടീ… ട്രീസ്സേ നീയും നിന്റെ മോളും എന്നെങ്കിലും എന്നെ അനുസരിച്ചിട്ടുണ്ടോ… ഉണ്ടോന്ന്…? നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെയല്ലേ ജീവിക്കുന്നത്. അവള് വല്ല ഫ്രണ്ട്‌സിന്റെയും കൂടെ തെണ്ടാനിറങ്ങിക്കാണും… തെണ്ടി മടുക്കുമ്പം തിരിച്ച് വന്നോളും… എടീ.. ട്രീസ്സേ നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുള്ളതാ എന്നെയിങ്ങനെ വെറുതെ വിളിച്ച് വെറുപ്പിക്കരുതെന്ന്. ഞാനിന്ന് ലേറ്റായിട്ടേ വരൂ. എനിക്കിവിടെ (അനന്തുവിനെ നോക്കി കള്ളച്ചിരിയോടെ) ചില ജോലികള് ചെയ്ത് തീർക്കാനുണ്ട്. ഞാൻ വിളിക്കാം. (ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് വിളിക്കുന്നു) ചന്ദ്രാ… ലത്തീഫേ… ഒന്നിങ്ങ് വന്നേ…
ചന്ദ്രനും ലത്തീഫും കടന്ന് വരുന്നു. ചിരിച്ച് അവർക്കരികിലേക്ക് ചെന്ന് തറയിൽ കൊഞ്ച് ചുരുണ്ടത് പോലെ കിടക്കുന്ന അനന്തുവിനെ ചൂണ്ടി.
ജോൺ : നമുക്കിവനെ ഒന്ന് അനുസരണ പഠിപ്പിക്കണം. അനുസരണ.
ജോൺ അതും പറഞ്ഞ് അനന്തുവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
അനന്തുവിന്റെ ശരീരം നിശ്ചലമാണ്.
ആകെ ഞെട്ടിത്തരിച്ച് അവരെല്ലാം.
ജോൺ വലിഞ്ഞു മുറുകി പതിയെ ചെന്ന് മദ്യക്കുപ്പിയെടുത്ത് നോക്കി.
അത് കാലിയാണ്.
അരിശത്തോടെ അതെടുത്ത് എറിയുന്നു.
കുപ്പി വീണുടഞ്ഞ് തകരുന്നു.
നിശ്ശബ്ദത.
ആ നിശ്ശബ്ദതയിൽ കടന്ന് പോകുന്ന ചന്ദ്രനും, ലത്തീഫുമായി എന്തല്ലാമോ സംസാരിക്കുന്നു.
ഒടുവിൽ ചന്ദ്രനും ലത്തീഫും അനന്തുവിന്റെ നിശ്ചലമായ ശരീരം വലിച്ചിഴച്ച് പുറത്തേക്ക്.
നിശ്ശബ്ദമായ നിമിഷങ്ങൾ.
ജോണിന്റെ ഫോൺ ശബ്ദിച്ചു കൊണ്ടേയിരുന്നു.
ഫോൺ സ്വിച്ചോഫാക്കുന്ന ജോൺ.
കനം വെക്കുന്ന നിശ്ശബ്ദത
പുറത്ത് നിന്നും കടന്ന് വരുന്ന പ്രായം ചെന്ന പോലീസ്‌കാരൻ.
പോലീസ് : സാറിന്റെ ഫോണെന്താ സ്വിച്ചോഫാണോ…? കുറേ നേരമായി നോർത്തിലെ സി.ഐ. ഭദ്രൻസാറ് വിളിച്ചുകൊണ്ടിരിക്കുന്നു… കായലിൽ മുങ്ങി മരിച്ച ആ പെൺകുട്ടി…
ജോൺ : ആ പെൺകുട്ടി?
പോലീസ് ഒന്ന്: (എന്തു പറയണമെന്നറിയാതെ) ആ പെൺകുട്ടി… അത് സാറിന്റെ മോളാ… നീരദ… സാറ് എത്രയും പെട്ടെന്ന് ജനറൽ ഹോസ്പിറ്റലിലെത്തണം… ബോഡി മോർച്ചറിയിലുണ്ട്.
ജോൺ അത് കേട്ട് ആകെ തകർന്ന് നിശ്ചലനായി ഇരുന്നു.
പോലീസുകാരൻ പുറത്തേക്ക് നടന്നു.
പതിയെ താഴെ നിന്നും ചോര പടർന്ന തുണി എടുത്ത് നോക്കുന്ന ജോൺ തരകൻപുല്ലേപ്പടി.
കനത്ത നിശബ്ദത.
അരണ്ട പ്രകാശത്തിൽ ചോര പുരണ്ട തുണി സ്‌ക്രീൻ പോലെ.
അതിന് പിറകിൽ നീരദ ജോൺ കായലിലെ ഓളങ്ങളിൽ ഒരു മീൻ പോലെ ഒഴുകിക്കൊണ്ടിരിക്കുന്നു.
അവളോട് ചേർന്ന് അവളെ തഴുകി തലോടി ഉമ്മ വെച്ച് കുറെ മീനുകൾ.


നീരദയുടെ ആർദ്രമായ സ്വരം. ആ ദൃശ്യങ്ങളിൽ ഉയർന്നു കേൾക്കാം.
”കായലിന്റെ അടിത്തട്ടിലെ മീനുകൾ
എന്റെ നിശ്ചലമായിപ്പോയ ശരീരത്തിൽ ഉമ്മ വെക്കുമ്പോഴാണ്
സത്യമായും സ്‌നേഹമെന്തെന്ന് ഞാനറിയുന്നത്…
സ്‌നേഹത്തിന്റെ തലോടൽ…
പപ്പാ നമ്മുടെ വീട് ഒരു കോൺസൻട്രേഷൻ ക്യാമ്പ് പോലെയായിരുന്നു എനിയ്ക്ക്…
പപ്പയ്ക്ക് ഹിറ്റ്‌ലറുടെ നിറപ്പകർച്ചയായിരുന്നു.
കടിച്ചു കീറാനായുന്ന ഒരു ചെന്നായയുടെ കിതപ്പും
അമറലും മുരൾച്ചയുമൊക്കെ
ഞാൻ അവിടെ നിന്നും എപ്പോഴും കേട്ടുകൊണ്ടിരുന്നു…
എപ്പോഴും കേട്ടുകൊണ്ടിരുന്നു.”
ജോൺ ഇപ്പോൾ ചെന്നായയുടെ മാസ്‌ക് അണിഞ്ഞ്
ഹിറ്റ്‌ലറുടെ തൊപ്പി വെച്ച് ഒരു അലർച്ചയോടെ അവൾക്കും മീനുകൾക്കും പിറകെ.
മീനുകളും അവളും ഭീതിയോടെ അകന്നു മാറുന്നു.
ജോൺ ഒരു ചെന്നായയെപ്പോലെ കിതച്ച് അമറികൊണ്ട്
ചോരച്ചുവപ്പ് പടർന്ന ആ തുണി കടിച്ചു കീറിക്കൊണ്ടിരിക്കുന്നു.
തിരശ്ശീല

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added