തുടർച്ച…
തറവാടിന്റെ സ്വീകരണ മുറിയിൽ വാര്യരും കുടുംബവും ഏതോ ഒരു പ്രധാന കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
വാര്യർ കണ്ണുകളടച്ച് എന്തോ അഗാധമായി ചിന്തിച്ചിരുന്നു. അവരാരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. അവർക്കിടയിൽ നിശബ്ദത നിറഞ്ഞു നിന്നു. എന്തോ ഒരു സുപ്രധാന കാര്യത്തിന് വാര്യരുടെ മറുപടി പ്രതീക്ഷിച്ച് നിൽക്കുകയാണ് അവരെല്ലാവരും. ഒടുവിൽ ക്ഷമ നശിച്ച് നന്ദൻ ചോദിച്ചു.
‘അച്ഛനിതുവരെ… ഒന്നും പറഞ്ഞില്ല…’
ചിന്തയിൽ നിന്നും ഉണർന്ന വാര്യർ അവരെ മൂന്നുപേരെയും മാറിമാറി നോക്കി.
”ആ മരുന്നു ചെടി കണ്ടെത്താൻ… തിരുനെല്ലിക്കാട്ടിൽ നിങ്ങൾ തന്നെ പോവണമെന്നുണ്ടോ… നമുക്ക് ആരെയെങ്കിലും വിട്ട് മരുന്നു ചെടികൾ ഇങ്ങെത്തിച്ചാൽ പോരെ…? ”
”അങ്ങനെ ആരെയെങ്കിലും വിട്ട് എളുപ്പത്തിൽ കണ്ടെത്താൻ പറ്റുന്നതല്ല അച്ഛാ അത്.. ലക്ഷ്മിപ്രിയക്കു മാത്രമേ ആ ഔഷധ സസ്യങ്ങളെ തിരിച്ചറിയാനാവൂ.. അതുതന്നെ അവളുടെ പ്രൊഫസർ പറഞ്ഞുകൊടുത്ത മാർഗ്ഗങ്ങളനുസരിച്ച്… കുറച്ചു ദിവസത്തെ കാര്യമല്ലേയുള്ളൂ അച്ഛാ… ഞങ്ങൾ പെട്ടെന്ന് തിരിച്ചു വരില്ലേ…”
നന്ദൻ വളരെ നിസ്സാരമായ മട്ടിൽ അങ്ങനെ പറഞ്ഞെങ്കിലും തന്റെ സംശയം ബാക്കിവെച്ചുകൊണ്ടു വാര്യർ ചോദിച്ചു.
”ഉൾക്കാട്ടിലൊക്കെ പോയി.. വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഈ ഔഷധ സസ്യങ്ങൾ കണ്ടെത്താൻ… നല്ല പോലെ കാടറിയുന്ന ഒരാളുടെ സഹായം വേണ്ടി വരില്ലേ… അതിനിപ്പോൾ നിങ്ങൾക്കവിടെ ആരാ ഉള്ളത്.. പോരാത്തതിന് മഴക്കാലവും…”
അതുകേട്ട് സെറ്റിയിൽ നിന്നു എഴുന്നേറ്റ്കൊണ്ട് ലക്ഷ്മിപ്രിയ പറഞ്ഞു.
‘മഴക്കാലത്താണച്ഛാ ഈ ഔഷധങ്ങൾ കണ്ടെത്താനെളുപ്പം… മഴക്കാലത്താണ് ഈ ചെടികൾ പൂക്കുന്നത്.. തൂവെള്ള നിറത്തിലുള്ള കസ്തൂരി ഗന്ധമുള്ള പൂക്കളായിരിക്കും… ഇവ പൂത്തു കഴിഞ്ഞാൽ കണ്ടെത്താൻ എളുപ്പമാണ്. ആ ചുറ്റുപാടും ഈ പൂക്കളുടെ സുഗന്ധം പരന്നിരിക്കും…’
‘എങ്കിലും കുറച്ച് ദിവസമെന്നൊക്കെ പറയുമ്പോൾ… അവിടെ നിങ്ങടെ ഭക്ഷണവും താമസവുമൊക്കെ പ്രശ്നമാവില്ലേ… പോരാത്തതിന് സഹായത്തിനായി നിങ്ങൾക്കവിടെ ആരെ കിട്ടും…?”
വാര്യരുടെ ചോദിച്ചതിന് അവർക്ക് മറുപടി ഉണ്ടായില്ല. അതുവരെ മിണ്ടാതിരുന്ന പാർവ്വതി ദേവി ഇടക്ക് കയറിപ്പറഞ്ഞു.
”അത് ഓർത്ത് നിങ്ങള് വിഷമിക്കേണ്ട… പണ്ട് ഇഷ്ടക്കാരന്റെ കൂടെ ഇറങ്ങിപ്പോയ എന്റെ ഒരേ ഒരു അനുജത്തിയില്ലേ ഗായത്രി പത്ത് പതിനഞ്ച് കൊല്ലമായി അവളിപ്പോൾ തിരുനെല്ലിയിലാ താമസം.. കുട്ടികള് ഇന്നലെ ഇക്കാര്യം പറഞ്ഞപ്പോൾ… ഞാനവളെ വിളിച്ചിരുന്നു… നാളെത്തന്നെ ഇവരോട് അങ്ങോട്ട് യാത്ര തിരിക്കാനാ അവര് പറഞ്ഞത്..”
എങ്ങനെയെങ്കിലും ഈ ദൂരയാത്രയിൽ നിന്നും മക്കളെ പിൻതിരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വാര്യർ വീണ്ടും പറഞ്ഞു.
”അതൊക്കെ എങ്ങനെ ശരിയാവുമെടോ… പ്രത്യേകിച്ചും അന്യജാതിയിൽപ്പെട്ട അവളുടെ ഭർത്താവിന്.. ഇവരെ ഉൾക്കൊള്ളാനൊക്കെ കഴിയുമോ…?”
‘അതൊക്കെ ശരിയായിക്കൊള്ളും. നിങ്ങളൊന്ന് സമ്മതിക്ക്… കുട്ടികളില്ലാത്ത അവൾക്ക് ഇവരെ കാണുന്നത് തന്നെ ഒരു സന്തോഷമായിരിക്കും… ങ്ഹാ… സമയം ഒരുപാടായി… ഞാൻ പോയി ഭക്ഷണം എടുത്തുവെക്കട്ടെ…”
അതുപറഞ്ഞുകൊണ്ട് പാർവ്വതി ദേവിയും ലക്ഷ്മിപ്രിയയും അടുക്കളയിലേക്ക് നീങ്ങി. അവർ തനിച്ചായപ്പോൾ വാര്യർ നന്ദനോട് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
”ങ്ഹാ… പോവുന്നതൊക്കെ കൊള്ളാം… പക്ഷേ രണ്ട് പേരും വളരെ സൂക്ഷിക്കണം. തനിച്ചുള്ള യാത്ര വേണ്ട.. എയർപോർട്ടിൽ നിന്നും നിന്നെ ഇവിടെ എത്തിച്ച ആ പയ്യനില്ലേ… ഹരി പ്രസാദ്. അവനെ വിളിച്ചോളൂ… അവൻ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ അത് എനിക്കൊരു ധൈര്യമാണ്..”
”ശരിയച്ഛാ… ഞാനിപ്പോൾതന്നെ ഹരിയെ വിളിക്കാം…”
അതുപറഞ്ഞ് കൊണ്ട് നന്ദകുമാർ ഫോണുമായി ഉമ്മറത്തേക്കു നടന്നു.
