കറുത്ത രാത്രി

മൂന്ന്: മഴ പൂർണ്ണമായി നിലച്ചിരുന്നെങ്കിലും അന്തരീക്ഷത്തിൽ തണുത്ത കാറ്റ് അപ്പോഴും വീശിക്കൊണ്ടിരുന്നു.
ഹൈവേ പൊതുവേ വിജനമായിരുന്നു.
ഡ്രൈവിംങ്ങിനിടയിലും ഹരി നന്ദകുമാറിനെ പാളി നോക്കി. നന്ദൻ കണ്ണുകൾ ഇറുകെ അടച്ച് നല്ല ഉറക്കത്തിലെന്ന പോലെ ധ്യാനത്തിലായിരുന്നു. പെട്ടെന്ന് കാർ ഒരു വളവ്തിരിഞ്ഞു മുമ്പോട്ട് നീങ്ങുമ്പോൾ റോഡരികിൽ നിന്നും ഒരു പെൺകുട്ടി വാഹന ത്തിനു നേരെ കൈവീശി കാണിച്ചു. അപ്രതീക്ഷിതമായി അതുകണ്ട ഹരിയുടെ കാലുകൾ അറിയാതെ ബ്രേക്കിലമർന്നു. കാർ ഒരു ഞെരക്കത്തോടെ നിന്നു. പെട്ടെന്നുണ്ടായ ബ്രേക്കിംഗിന്റെ കുലുക്കത്തിൽ നന്ദകുമാർ തന്റെ ധ്യാനത്തിൽ നിന്നും ഉണർന്നു പരിഭ്രമത്തോടെ ചുറ്റും നോക്കി.
”എന്താ… എന്താണ് സംഭവിച്ചത്?”
”ഒന്നുമില്ല സാർ… ഒരു പെൺകുട്ടി വണ്ടിക്ക് കൈ കാണിച്ചതാ…”
”എന്നിട്ട്… എവിടെ…?”
പരിഭ്രമം വിട്ടുമാറാതെ നന്ദകുമാർ ചോദിച്ചു.
”ദാ….. പിറകേ വരുന്നുണ്ട്.”
ആ സമയം അപരിചിതയായ ഒരു പെൺകുട്ടി കാറിന ടുത്തേക്ക് ഓടിക്കിതച്ച് വന്ന് കാറിന്റെ ഡോറിന്റെ സമീപത്തായി തെല്ല് പരുങ്ങലോടെ നിന്നു. ഇരുട്ടിൽ അവളുടെ മുഖം വ്യക്ത മായിരുന്നില്ല. ഹരി വണ്ടിക്കുള്ളിലെ ലൈറ്റ് ഓൺ ചെയ്തു. ഇരുപത്തിയഞ്ച് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ലളിതമായ വസ്ത്രധാരണം ചെയ്ത അവൾ അതീവ സുന്ദരിയായിരുന്നു. അവളെ അടിമുടി ഒന്നു നോക്കിയശേഷം ഗൗരവത്തോടെ നന്ദൻ ചോദിച്ചു.
‘എന്താ ഈ സമയത്ത്. ആരാ… എന്തുവേണം. കുട്ടി എവിടെ പോകുന്നു?”
മുഖത്തെ ജാള്യത മറച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
”ഞാൻ.. മായ…. ഡോക്ടറാണ്… ഹോസ്പിറ്റലിൽ ഒരു എമർജൻസി കേസ്. ഫോൺ വന്നപ്പോൾ തിടുക്കപ്പെട്ട് അങ്ങോട്ട് പോകാൻ ഇറങ്ങിയതാ… ഇവിടെ എത്തിയപ്പോൾ വണ്ടിയുടെ ടയർ പഞ്ചറായി. നിങ്ങൾ തൃശ്ശൂർക്കാണെങ്കിൽ ഒരു ലിഫ്റ്റ് ചോദിക്കാ മെന്നു കരുതി… കൈ കാണിച്ചതാ… ബുദ്ധിമുട്ടാവില്ലെങ്കിൽ….”
അവൾ അർദ്ധോക്തിയിൽ നിർത്തി നന്ദകുമാറിനെ നോക്കി. എന്തുമറുപടി പറയണമെന്നറിയാതെ നന്ദകുമാർ ഹരിയുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഹരി അവളോട് ചോദിച്ചു.
”ഏത് ഹോസ്പിറ്റലിലേക്കാ…?”
”ഇവിടെ അടുത്തുതന്നെയാ… ഒരു പത്ത് കിലോമീറ്റർ കാണും… ഹൈവേയിൽ ദേവീക്ഷേത്രത്തിന് അടുത്തുള്ള… മേരി മാതാ ഹോസ്പിറ്റലിൽ…”
ഭവ്യതയോടെ അവൾ പറഞ്ഞു.
ഒരു രോഗിയുടെ ക്രിട്ടിക്കൽ സ്റ്റേജിൽ ഡോക്ടറുടെ പരിച രണം അത്യാവശ്യമാണെന്ന് അറിയാവുന്ന നന്ദകുമാർ പിന്നീട് ഒന്നും ആലോചിക്കാതെ കാറിന്റെ ബാക്ക് ഡോർ തുറന്നു.
”ശരി.. കയറിക്കോളൂ… ഞങ്ങൾ ഡ്രോപ് ചെയ്യാം.”
അവർക്ക് നന്ദി പറഞ്ഞുകൊണ്ട് അവൾ കാറിലേക്ക് കയറി. ഹരി കാർ മുമ്പോട്ട് എടുത്തു. കാർ ഹൈവേയിലൂടെ കുതിച്ച് നീങ്ങി. അവൾ കയറിയതിനുശേഷം നന്ദകുമാറിന്റെ മനസ്സിൽ എന്തെല്ലാമോ ആശങ്കകൾ ഉയർന്നു വന്നു. പലതരം ചിന്തകളാൽ മനസ്സ് ഉഴറി. ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തി ഈ രാത്രിയിൽ കാറിൽ കയറിയ ഇവൾ സത്യത്തിൽ ഡോക്ടർ തന്നെയാണോ, കുറച്ച് മുമ്പ് തനിക്ക് വന്ന രണ്ട് സന്ദേശങ്ങളും ഇവളെയും കൂട്ടിച്ചേർത്തു വായിക്കണോ? സൂക്ഷിക്കുക, അപകടം മുന്നിലുണ്ടെന്നായിരുന്നില്ലേ ആ സന്ദേശം. ഇനി എന്ത് അപകട മായിരിക്കും തന്നെ കാത്തിരിക്കുന്നത്.
ചിന്തകൾ മദിക്കുന്ന മനസ്സിനെ കടിഞ്ഞാണിടാൻ ശ്രമിച്ചുകൊണ്ട് നന്ദകുമാർ ഒന്നു പിറകോട്ട് തിരിഞ്ഞു നോക്കി എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ അവളുടെ മുഖം കണ്ട നന്ദകുമാറിന് തന്റെ കണ്ണുകളെ വിശ്വസി ക്കാൻ കഴിഞ്ഞില്ല. താൻ സ്വപ്നം കാണുകയാണോ എന്ന തോന്നലിൽ അയാൾ തന്റെ കണ്ണുകൾ ഒന്ന് അമർത്തി ചിമ്മിയ ശേഷം വീണ്ടും അവളെ നോക്കി. കുറച്ച് മുൻപ് താൻ കണ്ട ഒരു മുഖഭാവമേ ആയിരുന്നില്ല അവളുടേത്. ഒരു ദേവിയുടെ ദിവ്യ മുഖമായിരുന്നു നന്ദകുമാറിന് അവളിൽ കാണാൻ സാധിച്ചത്. കണ്ണുകൾ ഇറുകെ അടച്ച അവളുടെ ചുണ്ടുകൾ മന്ത്രോച്ചാരണ ശീലുകൾ ഉരുവിടും പോലെ വിറയാർന്നിരുന്നു. എന്തോ ഒരു നിമിഷ നേരത്തേക്ക് മാത്രമേ ആ കാഴ്ച നോക്കി കാണാൻ നന്ദനു കഴിഞ്ഞുള്ളൂ. അയാൾ പെട്ടെന്നുതന്നെ മുഖം തിരിച്ച് മനസ്സിനെ ഏകാഗ്രമാക്കി ധ്യാനനിരതനായി.
ഈ സമയം കാർ ഓടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അയാൾ ഇടംകൈ കൊണ്ട് സ്റ്റിയറിംഗ് വീൽ നിയന്ത്രിച്ച് കൊണ്ട് വലംകൈ നെഞ്ചോട് ചേർത്തു പിടിച്ച് കണ്ണുകളടച്ച് പ്രാർത്ഥിച്ചശേഷം ആ കൈ പിൻവലിച്ചു കൊണ്ടു വായുവിൽ എന്തെല്ലാമോ ചിഹ്നങ്ങൾ വരച്ച് ഒന്നും സംഭവിക്കാത്തപോലെ പുഞ്ചിരിച്ച് കൊണ്ട് കാർ ഓടിച്ചു കൊണ്ടിരുന്നു. ഹൈവേയിലൂടെ ആ കാർ അതിവേഗം കുതിച്ച് നീങ്ങുകയാണ് നാലും കൂടിയ ഒരു കവലയിലേക്ക്. ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ വണ്ടിയുടെ വേഗത അൽപം കുറച്ച് ഹരി കാർ കവലയിലേക്കു എടുത്തു. പൊടുന്നനെ എതിർദിശ യിൽ നിന്നും അതിവേഗത്തിൽ ഒരു ടിപ്പർ ലോറി കാറിനെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു വന്നു. അത് തൊട്ടു മുൻപിലെത്തി കാറിനെ ഇടിച്ചു തെറിപ്പിക്കും എന്നു തോന്നുന്ന നിമിഷത്തിൽ തന്നെ മുഖത്ത് യാതൊരു വിധ ഭാവമാറ്റങ്ങളും കൂടാതെ നേർത്തചിരിയോടെ ഹരി പെട്ടെന്ന് കാർ ഇടത്തോട്ട് വെട്ടിച്ച് രക്ഷപ്പെട്ടു. പെട്ടെന്ന് വണ്ടി വെട്ടിച്ച് ബ്രേയിക്ക് ചെയ്ത ശബ്ദത്തിലും കുലുക്കത്തിലും നന്ദകുമാർ ധ്യാനത്തിൽ നിന്നും ഞെട്ടിയുണർന്ന് ചുറ്റും പകച്ച് നോക്കി.
ഈ സമയംതന്നെ ഇടത് വശത്തെ റോഡിലൂടെ മറ്റൊരു ടിപ്പർലോറി ആ കാറിനെ ലക്ഷ്യമാക്കി കുതിച്ചെത്തി. മരണം മുന്നിൽ കണ്ട നന്ദകുമാർ തലയിൽ കൈവെച്ച് ഒന്ന് ഉറക്കെ കരയാൻ പോലുമാവാതെ തരിച്ചിരുന്നു. സമർത്ഥനായ ഒരു റേസിങ്ങ് അഭ്യാസിയെപ്പോലെ ഹരി വണ്ടി പെട്ടെന്ന് റിവേഴ്‌സ് എടുത്ത് ടിപ്പറിനു എതിർദിശയിലേക്കുതന്നെ അതിവേഗം ഓടിച്ചു കയറ്റി. അതിനുശേഷം വണ്ടി വേഗത്തിൽ ഓടിച്ച് മുമ്പോട്ടു പോയി. ആ ഞെട്ടലിന്റെ ആഘാതത്തിൽ നിന്നും ഉണർന്ന നന്ദകുമാർ ഒരു നിമിഷം പകച്ചിരുന്നു. ഹരി ഒരു കൂസലുമില്ലാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് കാർ ഓടിച്ചുകൊണ്ടിരുന്നു. അവനെ തുറിച്ച് നോക്കി നന്ദകുമാർ ഭയത്തോടെ ചോദിച്ചു.
”എന്തൊക്കെയാണ് ഹരീ… ഇപ്പോൾ ഈ സംഭവിച്ചത്…?”
അയാളുടെ ഭയത്തോടെയുള്ള ചോദ്യംകേട്ട് ഊറി ചിരിച്ച് ഹരി.
”ഹേയ്.. ഒന്നുമില്ല സാർ… രണ്ട് ടിപ്പർ ലോറി കുതിച്ച് വന്ന് നമ്മുടെ കാറിനെ തകർക്കാൻ നോക്കി… അത്രതന്നെ…”
അതുപറഞ്ഞ് ഹരി ഒന്നും സംഭവിക്കാത്തമട്ടിൽ കുലുങ്ങി ചിരിച്ചു. പെട്ടെന്നാണ് നന്ദകുമാറിന് പിറകിലുള്ള ഡോക്ടറെ കുറിച്ച് ഓർമ്മ വന്നത്. അയാൾ അവളെ തിരിഞ്ഞുനോക്കുമ്പോൾ യാതൊന്നും സംഭവിക്കാത്ത മട്ടിൽ അവൾ കണ്ണുകൾ തുറന്നു പുഞ്ചിരി തൂകി ഇരിക്കുകയായിരുന്നു. അത്കണ്ട നന്ദകുമാറിന് ആകെ ഒരു അങ്കലാപ്പ് തോന്നി. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന കാർ അപ്പോഴേക്കും ദേവീക്ഷേത്രത്തിനു മുമ്പിലെ മേരിമാതാ ഹോസ്പിറ്റലിനടുത്ത് എത്തിയിരുന്നു. ഹരി കുറച്ച് മുമ്പോട്ടായി ഡോക്ടർ മായക്ക് ഇറങ്ങാനായി കാർ നിർത്തി. അവൾ സാവധാനം ബാക്ക് ഡോർ തുറന്നു. അവർക്ക് രണ്ടുപേർക്കും നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. നന്ദകുമാറിനെ നോക്കി ഒരു കള്ളച്ചിരിയോടെ കൈ വീശി യാത്ര പറഞ്ഞ് നടന്ന് നീങ്ങി.
ഹരി കാർ മുമ്പോട്ടെടുത്തു. നന്ദൻ അവൾ പോകുന്നത് തിരിഞ്ഞു നോക്കി. ഹോസ്പിറ്റലിലേക്ക് കയറാതെ റോഡ് മുറിച്ചു കടന്ന് ദേവീക്ഷേത്രത്തിനടുത്തേക്ക് നീങ്ങുന്ന മായയെയാണ് അയാൾ കാണുന്നത്. ദേവീക്ഷേത്രത്തിന്റെ പടികൾ കയറി മുമ്പോട്ട് നീങ്ങിയ അവൾക്ക് മുമ്പിൽ ആ വലിയ ഇരുമ്പ് ഗെയ്റ്റ് രണ്ട് പാളികളായി താനേ തുറന്നു. ഇരുട്ടിൽ ഒരു മായപോലെ അവൾ അപ്രത്യക്ഷയായി. നന്ദകുമാർ തന്റെ നോട്ടം പിൻവലിച്ച് പരിഭ്രമത്തോടെ ഹരിയെ നോക്കി. ഹരി ഒന്നുമറിയാത്തവനെപ്പോലെ നേർത്ത പുഞ്ചിരിയോടെ ഡ്രൈവ് ചെയ്യുകയായിരുന്നു.
നേരം പുലർന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
തലേരാത്രി പെയ്ത ശക്തമായ മഴയുടെ തിരുശേഷിപ്പെന്നോണം ആകാശത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കാർമേഘങ്ങൾ പടിഞ്ഞാറൻ കാറ്റിൽ കിഴക്കിനെ ലക്ഷ്യമാക്കി നീങ്ങിക്കൊ ണ്ടിരുന്നു. നെട്ടൂർ തറവാടിന്റെ സമീപത്തായുള്ള മഹാദേവ ക്ഷേത്രത്തിൽ നിന്ന് മുഴങ്ങുന്ന ഭക്തിഗീതങ്ങൾ ആ പ്രഭാതത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. നെട്ടൂർ മന പഴമകൾക്ക് പേരുകേട്ട ഒരു തറവാടായിരുന്നു. ആയുർവേദ വൈദ്യരംഗത്ത് കേരളത്തിലെ തന്നെ പ്രശസ്തമായ മന. കായകൽപ്പ ചികിത്സ പോലും അണുവിട തെറ്റാതെ അനുവർത്തിക്കാൻ പോന്ന വൈദ്യന്മാർ ആ തറവാട്ടിൽ ജീവിച്ചിരുന്നു. ഏത് മാറാവ്യാധിയും നെട്ടൂരാൻ തൊട്ടാൽ ഭേദമാകു മെന്ന ഒരു പഴമൊഴിയും ആ നാട്ടിൽ നിലനിന്നു. ദേശക്കാരെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയും ഒപ്പം സ്‌നേഹിക്കുന്ന വരുമായിരുന്നു ആ തറവാട്ടുകാർ.
സാമൂതിരിപ്പാടിന്റെ മാറാദീനം മാറ്റി പട്ടുംവളയും സമ്മാനമായി വാങ്ങിയ പാരമ്പര്യവും ആ തറവാടിന് സ്വന്തമായിരുന്നു. അവിടുത്തെ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും ആയുർവേദ ഡോക്ടറും കൂടിയായിരുന്ന വിശ്വനാഥ വാര്യർ തലേ രാത്രിയുടെ പകുതിയോളം തറവാട്ടിലെ പൂജാമുറിയിൽ കഴിച്ചു കൂട്ടുകയായിരുന്നു. തന്റെ മകനായ നന്ദകുമാർ വലിയൊരു അപകടത്തെ തരണം ചെയ്തതിൽ കുലദൈവങ്ങളോട് നന്ദി അറിയിച്ചാണ് അദ്ദേഹം കണ്ണുകൾ തുറന്നത്. ഒരു ദീർഘനിശ്വാസം ഉതിർത്തശേഷം പൂജാമുറിയിലെ പീഠത്തിനു മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് അദ്ദേഹം സാവധാനം വാതിൽ തുറന്ന് പുറത്തേക്ക് വന്നു. പുറത്ത് ആധിപിടിച്ച മനസ്സോടെ അയാളെ കാത്ത് നിന്നിരുന്ന ഭാര്യ പാർവ്വതി ദേവി ഭയവും പരിഭ്രമവും കലർന്ന മുഖത്തോടെ അയാളുടെ സമീപത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
‘രാത്രിയിൽ… ഉറക്കമുണർന്നപ്പോൾ അരികിൽ കാണാഞ്ഞ് ഞാനെല്ലായിടത്തും നോക്കി. അവസാനം…. ഇതിനകത്ത് ഉണ്ടെന്നറിഞ്ഞപ്പോ മുതൽ… ഞാൻ പുറത്ത് കാത്തിരിക്ക്യാ… ഇതിനുമാത്രം ഇപ്പോ ഇവിടെ എന്താ ഉണ്ടായത്…?’
അതുകേട്ട് നിസ്സാരമായി പുഞ്ചിരിച്ച് വാര്യർ പറഞ്ഞു.
‘താനിങ്ങനെ പരിഭ്രമിക്കാൻ മാത്രം ഒന്നും ഇല്ല്യ….. കുട്ടികളിങ്ങോട്ടുള്ള മടക്ക യാത്രയിലല്ലേ…. വഴിക്ക് അവർക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവാതിരിക്കാനായി… ഒന്നു പ്രാർത്ഥി ച്ചൂന്നേ ഉള്ളൂ…’
ഒന്നു നിർത്തി എന്തോ കടുത്ത ആലോചനയോടെ വാര്യർ തുടർന്നു.
”ങ്ഹ… നീ പോയി ഒരു കപ്പ് കാപ്പി എടുത്ത് വെക്ക്… അപ്പോഴേക്കും ഞാനൊന്നു കുളിച്ചുവരാം…’
അതുകേട്ട് പാർവ്വതി ദേവി അൽപം ആശ്വാസത്തോടെ അടുക്കളയി ലേക്കു നടന്നു. അവർ പോവുന്നത് എന്തോ ചിന്തിച്ച് കൊണ്ട് നോക്കി നിൽക്കുന്ന വാര്യർ തലേരാത്രിയിൽ താൻ കണ്ട ദുഃസ്വപ്നത്തെക്കുറിച്ചൊന്നും അവരോട് പറയാൻ നിന്നില്ല.
അതിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ കുട്ടികൾ വരുന്നത് വരെ തനിക്കിരിക്ക്യപ്പൊറുതി തരില്ലെന്ന് അയാൾക്കറിയാ മായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും പരിഭ്രമിക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. കുളി കഴിഞ്ഞ് വന്ന് പാർവ്വതി ദേവി നൽകിയ കാപ്പിയുമായി ഉമ്മറത്തേക്ക് വന്ന വാര്യർ അവിടെ തന്റെ ചാരു കസേരയിലിരുന്ന് ചൂട്കാപ്പി നുകർന്ന് പത്രം വായിച്ചിരുന്നു.
പടിപ്പുര കടന്ന് ഒരു കാർ വീടിന്റെ മുറ്റത്തേക്ക് വന്ന് നിന്നത് കണ്ട വാര്യർ മുഖമുയർത്തി നോക്കി. പുറത്ത് വാഹനത്തിന്റെ ശബ്ദംകേട്ട് അടുക്കളയിലായിരുന്ന പാർവ്വതി ദേവി ഉമ്മറത്തേക്ക് ഓടി വന്നു. കാറിൽ നിന്നും ഇറങ്ങിയ നന്ദകുമാർ ഉമ്മറത്തേക്ക് കയറി അച്ഛന്റെയും അമ്മയുടെയും കാൽതൊട്ട് വന്ദിച്ചു. അവനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് പാർവ്വതി ദേവി അവന്റെ നെറ്റിയിൽ ചുംബിച്ചു.
”യാത്രയൊക്കെ സുഖമായിരുന്നോ മോനെ…?”
‘ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ലായിരുന്നമ്മേ…’
അതുപറഞ്ഞുകൊണ്ട് നന്ദകുമാർ അമ്മയെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു. വർഷങ്ങളായില്ലേ ആ അമ്മയും അച്ഛനും മോനെ ഒരു നോക്ക് കണ്ടിട്ട്. വാര്യർ ഉള്ളിൽ നുരഞ്ഞ വാത്സല്യം പുറമേ കാണിക്കാതെ അവരുടെ സ്‌നേഹ പ്രകടനങ്ങൾ നോക്കി നിന്നു. നന്ദനെ ആകെ ഉഴിഞ്ഞ് കൊണ്ട് പാർവ്വതി ദേവി പരിഭവത്തോടെ പറഞ്ഞു.
‘എന്തൊരു കോലാടാ ഇത്…. നീ അങ്ങ് ആകെ മെലിഞ്ഞ് ചടച്ച് പോയല്ലോ…”
‘അത് അമ്മയക്ക് വെറുതേ തോന്നുന്നതാ…. ഞാൻ നല്ല പോലെ തടിച്ച് എന്റെ വയറൊക്കെ ചാടിയെന്നാ… എന്റെ ഫ്രണ്ടസ് പറയുന്നത്…’
പെട്ടെന്ന് എന്തോ ഓർത്തപോലെ നന്ദകുമാർ കാറിനു സമീപത്തേക്ക് നോക്കി. കാറിൽ നിന്നും പുറത്തിറങ്ങി ഹരി പ്രസാദ് ആ പരിസരമൊക്കെ നോക്കി നിൽക്കുകയായിരുന്നു. നന്ദൻ ഹരിക്കരികിലേക്ക് ചെന്നു.
”അച്ഛനെയും അമ്മയെയും കണ്ടപ്പോൾ… ഞാൻ തന്റെ കാര്യം മറന്ന് പോയെടോ… ഐ ആം സോറി ഹരി… കയറിവാ… ഇങ്ങോട്ടിരിക്ക്..”
അതുകേട്ട് ഹരി പ്രസാദ് നേർത്ത ഒരു ചമ്മലോടെ ഉമ്മറത്തേക്ക് കയറി വന്നു. അയാൾ ഉമ്മറത്തേക്ക് കയറിയപ്പോൾ അവിടമാകെ ഏതോ ഒരു വിഭൂതിയുടെ മണം പരക്കുന്നതായി വാര്യർക്ക് തോന്നി. വാര്യർ ഹരിയെ പിടികിട്ടാത്ത ഒരു ഭാവത്തോടെ സൂക്ഷിച്ച് നോക്കി.
”അച്ഛാ.. ഇത് ഹരി… ഹരി പ്രസാദ് എയർപോർട്ട് മുതൽ ഇവിടെവരെ എന്നെ ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി എത്തിച്ച എന്റെ സാരഥി..”
ഹരി പ്രസാദ് അവരെ രണ്ടുപേരെയും നോക്കി ഏറെ വിനയത്തോടെ കൈ കൂപ്പി വണങ്ങി.
”ഹരി… ഇതെന്റെ അച്ഛൻ… വിശ്വനാഥ വാര്യർ…”
പിന്നെ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട്
‘ഇത് എന്റെ…. ഗ്രെയിറ്റ് മദർ.. പാർവ്വതി ദേവി തമ്പുരാട്ടി. രാജ കുടുംബത്തിലേയാ..’
അതുകേട്ട് പാർവ്വതി ദേവി ഒരു പൊട്ടിച്ചിരിയോടെ അവന്റെ കവിളിൽ നുള്ളി. നന്ദൻ പരിഭവത്തോടെ തന്റെ വയർ തടവിക്കൊണ്ട് പറഞ്ഞു.
”അമ്മേ… വിശന്നിട്ട് വയ്യ… കഴിക്കാനെന്തെങ്കിലും തന്നേ. ആട്ടെ…. എന്റെ വരവ് പ്രമാണിച്ച് ഇന്ന് എന്താ സ്‌പെഷ്യൽ…?’
”നിനക്ക് ഇഷ്ടപ്പെട്ട ഉഴുന്നുവടയും ചമ്മന്തിയും… മക്കള് കുളിച്ച് വാ… അപ്പോഴേക്കും അമ്മ എടുത്ത് വെക്കാം…”
അത്പറഞ്ഞുകൊണ്ട് പാർവ്വതി ദേവി അടുക്കളയിലേക്ക് നടന്നു. ഹരിയെ അകത്തേക്ക് വിളിച്ചശേഷം നന്ദനും പാർവ്വതി ദേവിക്കൊപ്പം ബാഗും മറ്റുമായി അകത്തേക്കു നീങ്ങി. ഹരി പ്രസാദ് ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ അവിടെതന്നെ നിന്നു. അത് ശ്രദ്ധിച്ചു കൊണ്ട് വാര്യർ അമർത്തി ചിരിയോടെ പറഞ്ഞു.
”ആളെ എനിക്ക് മനസ്സിലായി… അകത്തേക്ക് പൊയ്‌ക്കോളൂ… താങ്കളീ തറവാട്ടിൽ അന്യനല്ല…”
ഹരി പ്രസാദ് ചിരിച്ച് അകത്തേക്ക് നടന്നു. അയാളുടെ ചിരിയിൽ വല്ലാത്തൊരു ദിവ്യത്വം നിറഞ്ഞു നിൽക്കുന്നത് പോലെ വാര്യർക്ക് തോന്നി.

Share this:

Recently added