പൂമ്പാറ്റച്ചിറകുള്ള സ്വപ്നങ്ങൾ

ഓരായുസ്സിലെ ഒരോ നിമിഷങ്ങളെയും അനുഭവങ്ങളുടെ സൂചികയനുസരിച്ച് തിട്ടപ്പെടുത്താൻ കഴിഞ്ഞെങ്കിൽ… ഈയിടെയാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ ശ്രീ. ഗിരീഷ് പി.സി പാലത്തിന്റെ ‘പൂമ്പാറ്റച്ചിറകുള്ള സ്വപ്നങ്ങൾ’ എന്ന പുസ്തകം കയ്യിൽ കിട്ടിയത്. ഒരേയിരുപ്പിൽ വായിച്ചു തീർത്തു. ചെറുകഥകളുടെ മനോഹരമായൊരു അക്ഷരസമാഹാരം. യാഥാർത്ഥ്യവും സങ്കൽപ്പങ്ങളും ഇഴചേർന്നിരിക്കുന്നിടത്ത് അവയെ വേർതിരിച്ചെടുക്കാൻ വായനക്കാരനു കഴിയുന്നു എന്നത് എഴുത്തിന്റെ മികവ് എന്നല്ലാതെ എന്തുപറയാൻ. നർമ്മത്തിന്റെ വിശാലതയിൽ ലഘൂകരിക്കുകയും അനുഭവത്തിന്റെ നെരിപ്പോടിൽ വെന്തുരുകുകയും ചെയ്യുന്ന കഥാപാത്രം പ്രണയത്തിന്റെ മഴയിൽ നനയാതെ നനയുന്നുമുണ്ട്. ഓരോ കഥയും വ്യത്യസ്ത തലങ്ങളിൽ വിഹരിക്കുന്ന കഥാപാത്രങ്ങളാൽ സമ്പുഷ്ടമാണ് എന്ന് പറയാതെ വയ്യ. ഒഴുക്കിനൊത്ത് യാത്ര ചെയ്യുന്ന സ്മൃതിയും വർത്തമാനകാലത്തിന്റെ പ്രതിനിധിയായി ബെസ്റ്റിയും വായിച്ച് അവസാനിപ്പിച്ചപ്പോഴും എന്റെ കൂടെ നടക്കുന്നുണ്ടായിരുന്നു.
ജീവിതത്തിലുടനീളം പിൻതുടർന്ന കഥനം അതിന്റെ പാരമ്യതയിലെത്തിയപ്പോഴൊക്കെയും സ്‌നേഹത്തിന്റെ നനുത്ത കാറ്റ് ശാന്തമായി അത് കെടുത്തുമ്പോഴും ചേർത്തുപിടിക്കൽ നൽകുന്ന ആശ്വാസത്തിന്റെ ഇളംതെന്നൽ അനുഭവിച്ചറിയുകയാണ് കഥാകാരൻ.
ഓർമ്മകളുടെ നൂലിൽ കോർത്തൊരുക്കിയ കാവ്യത്തിൽ ഒരു ഗ്രാമത്തിനെയും അവിടത്തെ ജീവിതത്തെയും ഒരു പ്രിയദർശൻ സിനിമ കാണുന്ന പ്രതീതിയുളവാക്കി. മധുചഷകത്തിന്റെ ലഹരിയിൽ സ്ഥാനം മാറിനിന്ന് ചതിക്കുന്ന വൃക്ഷവും, പാലവും, പ്രകൃതിഭംഗിയും, നാടോടികളും വായനക്കാരിൽ ഫാന്റസിയുടെ വർണ്ണവിസ്മയങ്ങൾ തീർത്തു കൊണ്ടേയിരിക്കുന്നു.

ബീന പ്രേംനാഥ്
ചെന്നൈ

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added