കാത്തിരിപ്പുകാലങ്ങളിൽ
കര കവിഞ്ഞൊഴുകിയ
കാലത്തിന്റെ
പച്ച കുത്തിയ കുതിപ്പുകളിൽ നങ്കൂരമിടുന്നു
നിന്നിലേക്കെന്ന
നിശ്വാസങ്ങളുടെ
പരൽ തിളക്കങ്ങൾ…
പുഴയ്ക്ക് അക്കരെയോളം കുറുകെ നീണ്ട് കിടക്കുന്ന
കടത്തു വഞ്ചിയുടെ
നെടുവീർ പ്പിന്റെ പാതി ഉലഞ്ഞുള്ള ഒരു കൂക്ക്…
തുഴയില്ലാതെ
ആഴക്കടലിനെ
സ്വപ്നം കാണുന്ന പുഴയുടെ ഏകാന്ത സ്വപ്നം
രണ്ടു കരകളെ തമ്മിൽ അദൃ ശ്യമായി
ബന്ധിക്കുന്നു…
പുഴയിലേക്ക് വലിച്ചു കെട്ടിയ
ഒഴുക്ക്
അടിത്തട്ടിൽ ആകാശം കാണാനെന്ന വിധം
ചിലപ്പോഴൊക്കെ
കലങ്ങി മറിയുന്നു..
സാങ്കല്പികമായ
അതിന്റെ കൂലം കുത്തും
പ്രവാഹവേഗങ്ങൾ
മണൽ തിട്ടുകളിൽ ഓർമ്മയെന്ന കയ്യൊപ്പ് ചേർക്കുന്നു..
ഒരു മരം ഋതുക്കളെ ഓർക്കുന്നതിന്റെനീലിച്ച പാടുകളെ
നിഴലുകൾ എന്ന്
അതീവ രഹസ്യമായി
ഞാൻ നിനക്ക് ചൂണ്ടി കാണിക്കുന്നു….
ഒരു പുഴയുടെ ഇരുകരയിൽ
ഇരുന്ന് കൊണ്ട് നമ്മൾ
പ്രണയത്തെ ഏറ്റവും സാവകാശം അഭിസംബോധന
ചെയ്യുന്നതിന്റെ
വെയിൽ വെട്ടങ്ങളിൽ
ഉദയം പോലെ തന്നെ അസ്തമനവും കൂടുതൽ ചുവക്കുന്നു.
