തിരുവള്ളൂർ ജി.എം.എൽ.പി. സ്കൂളിലെ വിശപ്പിന്റെയും അറിവിന്റെയും ഓർമകൾ
നാലാമത്തെ പിരീഡായിരുന്നു ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. ഒന്നാം ക്ലാസിൽ പൂഴിക്കുന്നുമ്മലിലെ മലയാളം ടീച്ചർ അക്ഷരത്തേൻ പുരട്ടിയ കഥയൂട്ടിത്തീരുമ്പോഴേക്കും, പള്ളയിലെ കത്തലടയ്ക്കാനുള്ള മഞ്ഞ റവയുടെ മണം ക്ലാസ് മുറിയിലാകെ പരക്കും. അക്ഷരങ്ങളുടെ സുഗന്ധമായി, അരപ്പട്ടിണിക്കാരായ ഞങ്ങളിൽ ആ റവ മലയാളഭാഷയെക്കൂടി ഊട്ടുകയായിരുന്നു.
മുത്തവും മുലപ്പാലും നൽകി അറിവു പകരുന്ന ഒരമ്മയെപ്പോലെയായിരുന്നു ആ അധ്യാപിക. ഒന്നാം ക്ലാസ് മുതൽ തന്നെ മലയാള അക്ഷരമാല മുഴുവൻ പഠിച്ചിരിക്കണമെന്നത് അവർക്ക് നിർബന്ധമായിരുന്നു. ആ അമ്മടീച്ചറും സൂപ്പി മാഷും ശ്രീധരക്കുറുപ്പ് മാഷുമൊക്കെ തിരുവള്ളൂർ ജി.എം.എൽ.പി. സ്കൂളിനെ അന്നത്തെ മാതൃകാ വിദ്യാലയമാക്കി. അവസാന ബെല്ലിനെക്കാൾ ആദ്യ ബെല്ലിനെ സ്നേഹിക്കാൻ അവർ ഞങ്ങളെ പഠിപ്പിച്ചു.
ക്ലാസ് മുറിയോട് ചേർന്നുകെട്ടിയ റവ നിർമാണശാലയിലെ സാറയിച്ച ഞങ്ങൾക്ക് ‘റവ ടീച്ചർ’ ആയിരുന്നു. ഞങ്ങളെക്കാൾ വയറൊട്ടിയ തകരപ്പാത്രത്തിൽ, ഇന്ന് ഈ മണ്ണിലില്ലാത്ത സ്കൂളിന് തൊട്ടപ്പുറത്തുള്ള സാറയിച്ച, കൈയൊതുക്കമില്ലാതെ റവ വിളമ്പി. അതുകൊണ്ടായിരുന്നു അവർ ഞങ്ങളുടെ പ്രിയപ്പെട്ട മറ്റൊരു ടീച്ചറായത്.
ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ജീവിച്ചിരുന്ന ചിലർക്ക് ഈ ഗന്ധറവയും നിറംമങ്ങിയ തകരപ്പാത്രവുമൊക്കെ അസഹനീയമായിരുന്നു. നിറമുള്ള കുടയും ചൂടി അവർ ഉച്ചയൂണിനായി വീട്ടിലേക്ക് നടന്നുപോകും.
പത്തര, ഒന്നര, രണ്ടര, നാലര എന്നിങ്ങനെ അരമണിക്കൂർ വ്യത്യാസത്തിലായിരുന്നു ഞങ്ങളുടെ ക്ലാസ് പിരീഡുകൾ. അതിനാൽ ഉച്ചറവയ്ക്കായി അടുത്ത എൽ.പി. സ്കൂളിൽനിന്നും ഒന്നരയ്ക്കുശേഷം വിശപ്പടങ്ങാത്ത കൂട്ടുകാർ ഞങ്ങളെ തേടിയെത്തും. റവച്ചരുവത്തിൽ തവിയിട്ട് ചുരണ്ടി സാറയിച്ച അവരുടെയും വിശപ്പടക്കും.
തലേന്നുതന്നെ തന്റെ വിശപ്പിന്റെ പാതി എനിക്ക് തരണമെന്ന് പരിചിതരായ സുഹൃത്തുക്കളിൽ ചിലർ ബുക്ക് ചെയ്യും. നാലുകെട്ടിന്റെ മാതിരിയുള്ള നീണ്ട വരാന്തയിൽ ചമ്രംപടിഞ്ഞിരുന്ന് ആർത്തിയോടെ റവ വാരിക്കഴിക്കുമ്പോൾ ചിലർ ഉണ്ടുകഴിഞ്ഞ പാത്രവുമായി വരും.
‘*1 മാണ്ടാത്തോല്!’
അരവയറടക്കാതെ ചിലർ സഹജീവികളുടെ അടങ്ങാത്ത വിശപ്പിലേക്ക് തങ്ങളുടെ ഓഹരി പകുത്തുനൽകും.
അക്ഷരങ്ങൾ ‘അഗ്നി ഉറങ്ങുന്ന കാടു’കളാണെന്ന് പറഞ്ഞത് നാലാം ക്ലാസിലെ ശ്രീധരക്കുറുപ്പ് മാഷായിരുന്നു. വൈലോപ്പിള്ളിയും വള്ളത്തോളും ചങ്ങമ്പുഴയും ഈ മണ്ണിൽ പെയ്ത മഴയുടെ വിത്തുകളും മധുരം വിളയിച്ച വൃക്ഷങ്ങളുമൊക്കെപ്പറ്റി അദ്ദേഹം എന്നും വികാരാധീനനാകുമായിരുന്നു.
വടിവൊത്ത അക്ഷരങ്ങൾ മനസ്സിന്റെ കണ്ണാടിയാണെന്നും അക്ഷരത്തെറ്റുകൾ ഭാഷയ്ക്ക് അപമാനമാണെന്നും ഓരോ പഠിതാവിന്റെയും കോപ്പിബുക്കുകൾ പരിശോധിച്ച് അദ്ദേഹം ഞങ്ങളെ ബോധ്യപ്പെടുത്തി.
സൂപ്പി മാഷേക്കാൾ ഞങ്ങളെ കണക്ക് പഠിപ്പിച്ചത് ശ്രീധരക്കുറുപ്പ് മാഷ് ശേഖരിച്ച ഐസ്കോലുകളായിരുന്നു. ആദ്യ പിരീഡ് കണക്കായതുകൊണ്ടുതന്നെ ആ സ്റ്റാർട്ടിങ് ട്രബിൾ കണക്കിൽ മാത്രമല്ല, ഞങ്ങളുടെ ജീവിതത്തിലും പ്രതിഫലിച്ചിരുന്നു.
മൂന്നാം ക്ലാസിലെത്തിയിട്ടും കുറയ്ക്കാൻ (മാർക്ക്) മാത്രമറിയുന്നവരെ സൂപ്പി മാഷ് മുറ്റത്തേക്ക് ഐസ്കോലുകൾ പെറുക്കാനിറക്കും. ഇന്നലെവരെ ശീതളിമയിൽ സുഖിച്ചിരുന്ന അവ എന്നും ഞങ്ങളുടെ മസ്തിഷ്കത്തെ ഗണിതച്ചൂടിലാഴ്ത്തി. എണ്ണമറിയാത്തവർ മാഷിന്റെ ക്ലാസിന്റെ മൂലയിൽ ഒരു മുത്തശ്ശിയെപ്പോലെ തലകുമ്പിട്ടിരുന്ന് എണ്ണിക്കൊണ്ടിരുന്നു. നീണ്ട മുക്കാൽ മണിക്കൂർ!
ബെല്ലടിക്കുന്ന പണി മുഹമ്മദിനെ ഏൽപ്പിച്ചത് സൂപ്പി മാഷായിരുന്നു. ശിപായിയില്ലാത്തതുകൊണ്ട് ഞങ്ങളിൽ തോൽവിയുടെ ആരോഗ്യമുള്ള, പൊക്കമുള്ള ഒരാളെ തെരഞ്ഞെടുത്തതാണ്. അൽപ്പം ഉയരത്തിൽ കെട്ടിത്തൂക്കിയ അമ്പിളിവട്ടമുള്ള ആ ഇരുമ്പുഷീറ്റിൽ ഒരു പിരീഡെങ്കിലും വിളംബരം ചെയ്യാനുള്ള എന്റെ അമിതമായ ആഗ്രഹം ഉയരക്കുറവുകൊണ്ട് നടന്നില്ല.
എട്ടിഞ്ച് നീളമുള്ള ഇരുമ്പുദണ്ഡിന്റെ നടുവിൽ പിടിച്ച്, ഇരുവശങ്ങളും മാറിമാറി ഉപയോഗിച്ച് അലാറംപോലെ ബെല്ലടിക്കുന്ന മുഹമ്മദിനെ ഞങ്ങൾ ആരാധനയോടെ നോക്കിനിൽക്കും.
നിലവിലുള്ള ബാർട്ടർ സമ്പ്രദായത്തിൽനിന്ന് ഞങ്ങൾ അവനെ ഒഴിവാക്കിയിരുന്നു. മയിൽപ്പീലിയും പെൻസിൽത്തുണ്ടും മഷിത്തണ്ടും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞങ്ങളവന് കാഴ്ചവച്ചു. പ്രത്യുപകാരമായി ആദ്യബെല്ലും അവസാനബെല്ലും ഒഴികെയുള്ള ഇടമണികളടിക്കാനുള്ള അവസരം അവൻ കൂട്ടത്തിൽ പൊക്കമുള്ളവർക്ക് നൽകി.
ഏതോ ഒരു ദിവസം മൂന്നരയ്ക്കുള്ള ഇന്റർവെൽ ബെല്ലിനു പകരം അപരൻ നീട്ടി ബെല്ലടിച്ചതോടെ കിട്ടിയ അവസരം മുതലാക്കി ഞങ്ങൾ ഇറങ്ങിയോടി. പകച്ചുപോയ മുഹമ്മദും കൂട്ടത്തിലോടി. അതോടെ മൂപ്പരുടെ പണിയും പോയി!
പിറ്റേന്ന് മുതൽ പൊക്കമുള്ള ‘എന്നാലും ബെല്ലടിക്കാൻ’ മുൻബെഞ്ചിലിരിക്കാറുള്ള മുഹമ്മദിന് ബാക്ക്ബെഞ്ചിലായിരുന്നു സീറ്റ്.
എങ്ങനെയെങ്കിലും എൽ.പി. സ്കൂളിലെ പ്രാഥമിക പഠനവും കഴിഞ്ഞ് ഉപരിപഠനത്തിനായി അഞ്ചാം ക്ലാസ് തുടങ്ങുന്ന തൊട്ടടുത്ത ശാന്തിനികേതൻ ഹൈസ്കൂളിലെത്തണമെന്ന ചിന്ത ഞങ്ങളിൽ തുടങ്ങിവെച്ചത് രാജീവനായിരുന്നു.
അവിടത്തെ സ്വർഗീയസുഖമെന്ന് അവൻ വിശേഷിപ്പിച്ചത് ഇടയ്ക്കിടയ്ക്ക് നടക്കുന്ന വിദ്യാർഥി സമരങ്ങളായിരുന്നു. പറമ്പിൽ ഇണചേരുന്ന നാട്ടുകോഴികളെ നോക്കി നെടുവീർപ്പിടുന്ന ഇറച്ചിക്കോഴികളെപ്പോലെ, സമരം കഴിഞ്ഞ് മുദ്രാവാക്യം വിളിച്ച് ആർമാദിക്കുന്ന സഹജീവികളെ നോക്കി സമരമില്ലാത്ത ക്ലാസ് മുറികളുടെ അഴികൾ പിടിച്ച് ഞങ്ങൾ സ്വയം പഴിച്ചു.
വിദ്യാർഥി സംഘട്ടനങ്ങളിൽ മുണ്ട് പറിച്ചടിക്കുന്ന ചേട്ടന്മാരോടുള്ള ആരാധനയിൽ ഞങ്ങൾ അക്ഷരങ്ങളുടെ അമ്മടീച്ചറെ മറന്നു. സൂപ്പി മാഷെയും ശ്രീധരക്കുറുപ്പ് മാഷെയും മറന്നു. ഹൃദയംകൊണ്ട് റവ വിളമ്പുന്ന സാറയിച്ചയെയും മറന്നു.
ഒന്നാം ക്ലാസിന്റെ ഇടനാഴിയിൽവെച്ച് പ്രണയലേഖനങ്ങൾ കൈമാറുന്ന, കള്ളന്മാരെക്കാൾ ഞങ്ങൾ പേടിച്ചിരുന്ന പോലീസുകാരെ കല്ലെറിഞ്ഞോടിക്കുന്ന, മുഷ്ടിയിൽ മുദ്രാവാക്യമുറയുന്ന പൊടിമീശക്കാരായ ചേട്ടന്മാരാകാൻ ഞങ്ങൾ റവക്ക്ലാസുകാർ കാത്തിരുന്നു.
അങ്ങനെ, വിശപ്പിന്റെ മഞ്ഞ റവയിൽ അക്ഷരങ്ങൾ കലർത്തിത്തന്ന ബാല്യത്തിൽനിന്ന് മുദ്രാവാക്യങ്ങളുടെ ചുവപ്പിലേക്ക് ഞങ്ങൾ വളരുകയായിരുന്നു.
- 1വേണ്ടാത്തവർ

