അദ്ധ്യായം 4
കൂരിരുട്ട്.
പുറത്ത് നല്ല തണുപ്പ് ആയിരുന്നെങ്കിലും സ്വീകരണമുറി ചൂടുള്ള സങ്കേതമായിരുന്നു. ടേബിളിലെ മനോഹരമായ കാൻഡിൽ സ്റ്റാൻഡുകളിൽ കത്തിച്ചു വെച്ച മെഴുകുതിരിയുടെ ജ്വാലകൾ നൃത്തം വെക്കുന്നത് പോലെയുള്ള ഭീകര നിഴലുകൾ ചുവരുകളിൽ തെളിഞ്ഞു വന്നു.
മുറിയുടെ മധ്യഭാഗത്ത്, സലോമി വയലിൻ വായിക്കുകയാണ്. ആർദ്രമായ ഒരു ഗാനം. ആ ഗാനം അവരുടെ വിവാഹദിനത്തിൽ, നിറഞ്ഞുനിന്നിരുന്ന സദസ്സിൽ മൈക്കിലൂടെ ഏതോ ഒരു പെൺകുട്ടി ആലപിച്ച ഗാനമായിരുന്നു. നിമിഷനേരം കൊണ്ട് ഒരുപാട് മധുര സ്മരണകൾ അവരുടെ മനസ്സുകളിലേക്ക് പാഞ്ഞെത്തി.
വയലിൻ വായനയിൽ അവളുടെ മിനുസമാർന്ന മുടി മെഴുകുതിരിയുടെ മൃദുവായ വെളിച്ചത്തിൽ തിളങ്ങി. നിഷ്കളങ്കമായ അവളുടെ മുഖവും നീലക്കണ്ണുകളും അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് വിളിച്ചോതി.
പുറത്തെ ശക്തമായ കാറ്റേറ്റ് ജാലകത്തിന്റെ നീല കർട്ടണുകൾ ഉയർന്നുപൊങ്ങി. അതിന്റെ മുൻപിൽ, ചുവരിൽ വയലിൻ പിടിച്ചുനിൽക്കുന്ന അവളുടെ വലിയ നിഴൽ കീറിമുറിഞ്ഞു.
ജസ്റ്റിൻ തന്റെ കസേരയിൽ ഇരുന്നു, അവളെ നോക്കി. നാൽപത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ആളായിരുന്നു ജസ്റ്റിൻ. കട്ടിയുള്ള, നരച്ച മുടി നല്ല വൃത്തിയായി ചീകി വെച്ചിരുന്നു.
മെഴുകുതിരിയുടെ നാളത്തിൽ അയാൾ കണ്ടത് തന്റെ ഇപ്പോഴുള്ള ഭാര്യയുടെ രൂപം അല്ല, മറിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് താൻ പ്രണയത്തിൽ അകപ്പെട്ടു പോയിരുന്ന, സലോമി എന്ന അതേ യുവതിയെ ആയിരുന്നു. ആ വീട്ടിൽ അവർ ഒരുമിച്ച് കെട്ടിപ്പടുത്ത എല്ലാ മനോഹരമായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടതിന്റെ സംതൃപ്തി അയാൾക്ക് അനുഭവപ്പെട്ടു.
വയലിന്റെ അവസാന സ്വരം നേർത്തു തുടങ്ങിയപ്പോൾ മുറിയിൽ ആഴമേറിയതും ശാന്തവുമായ ഒരു നിശബ്ദത നിറഞ്ഞു. വയലിൻ ചുമലിൽ നിന്ന് തിരികെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ പുഞ്ചിരിയോടെ അയാളെ നോക്കി.
സ്നേഹം നിറഞ്ഞ ഹൃദയത്തോടെ അയാൾ എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു. പോക്കറ്റിൽ കയ്യിട്ട് അയാൾ ഒരാഴ്ചയോളമായി കൊണ്ടു നടന്നിരുന്ന ഒരു ചെറിയ വെൽവെറ്റ് പെട്ടി പുറത്തെടുത്തു.
“സലോമി,” അയാൾ ആർദ്രമായ സ്വരത്തോടെ വിളിച്ചു. അവളുടെ നീല കണ്ണുകൾ സ്നേഹവായ്പ്പോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.
അയാൾ പെട്ടി തുറന്നു. അതിനുള്ളിൽ മനോഹരമായ ഒരു ജോഡി കമ്മലുകൾ. കടും നീലക്കല്ല് പതിപ്പിച്ച ആ കമ്മലുകൾ മെഴുകുതിരിയുടെ വെളിച്ചത്തിൽ തിളങ്ങി.
“നമ്മുടെ പത്താം വിവാഹവാർഷികമാണ് നാളെ. ഇത് നിനക്ക് നാളെ സമ്മാനിക്കാം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്.” അയാൾ പറഞ്ഞു.
“എന്തിനാ സസ്പെൻസ് ഇന്ന് തന്നെ കളഞ്ഞത്? നാളെ തന്നാൽ പോരായിരുന്നോ?” സലോമി ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു. അയാൾ കൊടുത്ത സമ്മാനം അവളുടെ ഹൃദയത്തിലായിരുന്നു സ്പർശിച്ചത്.
“വയലിനിൽ നീ ഇപ്പൊ വായിച്ച ഈ സംഗീതം എന്റെ മനസ്സിലെ പ്രണയത്തെ തൊട്ടുണർത്തി, സലോമി. ഞാനിത് ഇപ്പോൾ തന്നെ നിനക്ക് തരികയാണ്. മനസ്സിൽ ഒരായിരം പ്രണയ വികാരത്തോടെ.” ചുണ്ടുകളിൽ ഒരു ചെറിയ, വൈകാരിക പുഞ്ചിരിയോടെ അയാൾ അവളെ കെട്ടിപ്പുണർന്നു കൊണ്ട് പറഞ്ഞു.
“ശോ, എന്തിനാ ഇത്ര തിടുക്കം?” കണ്ണുകളിൽ ഒളിപ്പിച്ച ഒരു ശൃംഗാര ചിരിയോടെ അവൾ തിരക്കി.
“എനിക്ക് ഇനി ഒരു നിമിഷം പോലും കാത്തിരിക്കാൻ കഴിയില്ല.”
സലോമിയുടെ നീലക്കണ്ണുകൾ സ്നേഹത്തിന്റെ വാക്കുകളിലൂടെ അയാളോട് സംസാരിച്ചു. നിശബ്ദതയുടെ താളം ശ്രദ്ധിച്ചപ്പോൾ പ്രണയത്തിന്റെ ഭാഷ അയാൾ മനസ്സിലാക്കി.
അയാൾ ശ്രദ്ധാപൂർവ്വം കമ്മൽ പുറത്തെടുത്തു.
“നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ആ മുഹൂർത്തം നിനക്ക് ഓർമ്മയുണ്ടോ?” അയാൾ ചോദിച്ചു. സലോമി ഒരു നേരിയ മന്ദഹാസത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.
ഇരുവരും നടന്നു ജനാലക്കരികിലെത്തി. ജസ്റ്റിൻ നീല കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി. പുറത്ത് കൂരിരുട്ട് തന്നെയായിരുന്നു. കാറ്റിന്റെ മുരൾച്ചയും ശക്തമായ മഴയും. അയാൾ ജനാല വലിച്ചടച്ചു.
“സമുദ്രത്തിന്റെ തീരത്ത് വെച്ച് ഞാൻ ഒരിക്കൽ ഇതുപോലെ വയലിൻ വായിച്ചപ്പോൾ ജസ്റ്റിൻ എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നത് എനിക്ക് ഓർമ്മയുണ്ട്. അന്നായിരുന്നു ജസ്റ്റിൻ ആദ്യമായി എന്നെ പ്രൊപ്പോസ് ചെയ്തത്,” സലോമി പറഞ്ഞു.
“ആ സമുദ്രത്തിന്റെ പ്രതിഫലനം നിന്റെ നീല നയനങ്ങളിലൂടെ ഞാൻ കണ്ടതാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. നിന്റെ ഈ മനോഹരമായ കണ്ണുകളാണ് എന്നെ ആകർഷിച്ചത്.”
“ജസ്റ്റിൻ…” അവൾ പറഞ്ഞു. “ഞാൻ നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല.” അവൾ സ്നേഹവായ്പ്പോടെ മന്ത്രിച്ചു.
“വർഷങ്ങൾ പലത് കഴിഞ്ഞു. എല്ലാം ഇന്നലെ നടന്നത് പോലെ.” അനിയന്ത്രിതമായ സന്തോഷം കൊണ്ട് സ്ഫടികഗോളം പോലെ ഒരു കണ്ണുനീർത്തുള്ളി അവളുടെ കവിളിലൂടെ ഒഴുകി.
അവൾ അയാളുടെ തുറന്ന കൈപ്പത്തിയിൽ നിന്ന് കമ്മൽ എടുത്തു, അത് ധരിച്ച ശേഷം മുറിയിലെ കണ്ണാടിയിലേക്ക് നോക്കി. ജസ്റ്റിൻ പുറകിലൂടെ വന്ന് അവളുടെ ഇരുചുമലുകളിലും കൈവെച്ചപ്പോൾ അവൾ തിരിഞ്ഞ് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.
കിടപ്പുമുറിയിലെ നിശബ്ദമായ ഇരുട്ടിൽ കിടക്കുമ്പോൾ, പുറത്തെ കൊടുങ്കാറ്റ് ഒരു ദശലക്ഷം മൈൽ അകലെയായി തോന്നി. സലോമി ജസ്റ്റിന്റെ നെഞ്ചിൽ തലവെച്ചു. അയാൾ അവളെ വാരിപ്പുണർന്നു.
മുറിയിലെ ചുവരിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. ഒരു പെൺകുട്ടി തന്റെ ചൂണ്ടുവിരൽ ചുണ്ടിനോട് ചേർത്തുവെച്ച് നിശബ്ദത പാലിക്കുക എന്ന മട്ടിൽ നിൽക്കുന്നു. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾക്ക് അവിടെ തളംകെട്ടിയ അന്ധകാരം സാക്ഷിയാവുകയായിരുന്നു.
പെട്ടെന്ന് സലോമിയുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു. അവൾ കൈയെത്തിച്ച് ടേബിളിൽ നിന്ന് മൊബൈൽ ഫോൺ എടുത്തു.
Hi Madam! Just a reminder—we close at 10 PM tonight and won’t be open tomorrow. Are you still coming? We can wait if you let us know. Thanks!
പിറ്റേ ദിവസത്തേക്ക് വേണ്ടി അവൾ ഓർഡർ ചെയ്തിരുന്ന റെഡ് വെൽവെറ്റ് കേക്കിന്റെ രൂപം അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.
സമയം പോയത് അറിഞ്ഞിരുന്നില്ല!
“ജസ്റ്റിൻ?” അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ലൈറ്റിന്റെ സ്വിച്ചിട്ടു. “ഞാനത് മേടിച്ചിട്ട് വരട്ടെ. ബേക്കറി അടക്കും.”
“രാവിലെ വാങ്ങിയാൽ പോരേ?”
“നാളെ ബേക്കറി തുറക്കില്ല. ശനിയാഴ്ച അവധിയാണെന്ന് നേരത്തെ പറഞ്ഞിരുന്നു.”
“ഈ രാത്രിയിൽ തനിച്ചു പോകാനോ? ഞാനും കൂടെ വരാം.”
“വേണ്ട ജസ്റ്റിൻ. ജസ്റ്റിൻ വന്നാൽ ശരിയാകില്ല.”
“അതെന്താ?”
“അതൊരു സസ്പെൻസ് ആണ്. ഞാൻ തനിയെ പോകാം. പുറത്ത് നല്ല മഴയാണ് എന്നറിയാം. ജസ്റ്റിൻ പേടിക്കേണ്ട. ഞാൻ വളരെ ശ്രദ്ധിച്ചേ വണ്ടിയോടിക്കുള്ളൂ.”
“എന്നാലും കുറച്ചു നേരം കൂടി കിടക്ക്, സലോമി.”
“ഞാൻ പെട്ടെന്ന് തന്നെ വരാം. പേടിക്കേണ്ട.” അവൾ മുന്നോട്ടു കുനിഞ്ഞ് അയാളുടെ നെറ്റിയിൽ ചുംബിച്ചു.
മനസ്സില്ലാമനസ്സോടെ, അയാളുടെ കൈകളുടെ ചൂടുള്ള സുരക്ഷിതത്വത്തിൽ നിന്ന് അവൾ സ്വയം മോചിതയായി. അവൾ തന്റെ ആകാശ നീല നിറത്തിലുള്ള വസ്ത്രം തിരികെ ധരിച്ചു. കണ്ണാടി നോക്കി മുടി ഒതുക്കി കെട്ടി.
കിടപ്പുമുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് അവൾ വീണ്ടും തിരിഞ്ഞു നോക്കി. ബെഡിൽ കിടന്ന് കൈമുട്ട് ബെഡിൽ ഊന്നിക്കൊണ്ട് മുഖം കൈപ്പത്തിയിൽ താങ്ങി അയാൾ അവളെ നോക്കി. ആ മുഖത്ത് ആശങ്കാകുലമായ എന്നാൽ സ്നേഹനിർഭരമായ ഒരു ഭാവം.
സലോമി അയാളെ നോക്കി കണ്ണുകൊണ്ട് യാത്ര ചോദിച്ച് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. വാതിൽ അടച്ച് അൽപസമയം കൊണ്ട് കാറിന്റെ ശബ്ദം കേട്ടു.
നനഞ്ഞ ഇരുട്ടിലൂടെ, ഹെഡ്ലൈറ്റുകളുടെ വെളിച്ച തുരങ്കങ്ങൾ പാതയിലൂടെ നീളുകയും കൂരിരുട്ടിനെ വെളിച്ചത്തിലേക്ക് മാറ്റുകയും ചെയ്തു.
8:50 pm—
അനബെല്ല സോഫയിൽ പുതച്ചുമൂടി കിടക്കുകയായിരുന്നു. മനസ്സിന് ഏകാഗ്രത കിട്ടാത്തതിനാൽ പഠിക്കാൻ തോന്നുന്നില്ല.
നേരത്തെ പപ്പ ഇറങ്ങിപ്പോയപ്പോൾ നടന്ന സംഭാഷണങ്ങൾ ഒരാവർത്തി കൂടി അവൾ മനസ്സിലേക്ക് എത്തിച്ചു.
“പപ്പാ… ഈ യാത്ര ഒഴിവാക്കിക്കൂടെ? കാലാവസ്ഥ വളരെ മോശമാണെന്ന് അറിയില്ലേ?”
“ഒരു സൈക്കോപാത്ത് ഇവിടെ എവിടെയോ കറങ്ങി നടക്കുന്നുണ്ടത്രേ… അക്രമ സ്വഭാവക്കാരനായ അവനെ എത്രയും പെട്ടെന്ന് പിടിച്ചു കെട്ടിയില്ലെങ്കിൽ വലിയൊരു ആപത്താണ്. നീ ന്യൂസിൽ ഒന്നും കണ്ടില്ലേ?”
“ഉവ്വ്. ഞാൻ വൈകിട്ടത്തെ ന്യൂസിൽ കണ്ടിരുന്നു. പക്ഷേ അത് പോലീസിന്റെ കടമയല്ലേ? പപ്പ എന്തിനാണ് അതിലൊക്കെ ഇൻവോൾവ് ആകുന്നത്?” അനബെല്ല ചോദിച്ചു.
“പോലീസ് അവനെ തിരയുന്നുണ്ട്. പക്ഷേ എന്റെ സഹപ്രവർത്തകർ വിശ്വസിക്കുന്നത് സൈറണുകളും യൂണിഫോമുകളും ധരിച്ച് അവനെ കണ്ടെത്തിയാൽ അത് അവനെ ഭയപ്പെടുത്തുമെന്നാണ്.”
“അതുകൊണ്ട്?”
“അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ, അവൻ ഓടുകയോ അക്രമാസക്തനാകുകയോ ചെയ്തേക്കാം. ഞാൻ അവിടെയുണ്ടെങ്കിൽ, എനിക്ക് അവനോട് ശാന്തമായി സംസാരിക്കാൻ കഴിഞ്ഞേക്കും, വഴക്കില്ലാതെ അവനെ ആശുപത്രിയിൽ എത്തിക്കാൻ കഴിയും. എന്റെ സഹായമാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്.”
“പക്ഷേ, പപ്പാ, ഈ ഭയാനകമായ കാലാവസ്ഥയിൽ…”
അവളുടെ ഇരുണ്ട കണ്ണുകളിലെ ആഴത്തിലുള്ള ആശങ്ക അവൻ കണ്ടു. അയാൾ അവളുടെ വെളുത്ത കവിളുകളിൽ മൃദുവായി പിടിച്ചു വലിച്ചു.
“ഞാൻ ശ്രദ്ധിക്കാം. പേടിക്കേണ്ട,” അയാൾ പറഞ്ഞു. അനബെല്ല തലയാട്ടി.
“ശരി, പപ്പാ. എനിക്ക് പപ്പയുടെ തിരക്ക് മനസ്സിലാവും. പക്ഷേ… ഞാനിവിടെ തനിച്ചാണെന്ന് അറിയാല്ലോ. അധികം വൈകാതെ വരാൻ നോക്കണേ…”
ഒരു പുഞ്ചിരിയോടെ അയാൾ മുൻവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി. കാറ്റും മഴയും അകത്തേക്ക് തള്ളിക്കയറി. വാതിൽ അയാൾക്ക് പിന്നിൽ ശക്തമായി അടഞ്ഞു.
അനബെല്ല ഓർത്തു: പപ്പ, പപ്പയുടെ ജോലിയാണ് ചെയ്യുന്നത്. എപ്പോൾ തിരിച്ചെത്തും എന്ന് അറിയില്ല.
ഇപ്പോൾ മുറിയിൽ തനിച്ചായി.
നിശബ്ദമായ സ്വീകരണമുറിയിൽ ഓരോ കാര്യം ആലോചിച്ചുകൊണ്ട് അവൾ സോഫയിൽ ഇരുന്നു. ഭയം അവളുടെ നെഞ്ചിൽ വേരൂന്നിയിരുന്നു.
വീടിനു ചുറ്റും കാറ്റ് വല്ലാത്തൊരു ശബ്ദത്തോടെ അലറിക്കൊണ്ടിരുന്നു. ആ ശബ്ദം കേൾക്കുന്തോറും അവളിൽ ഭയം കൂടിക്കൂടി വന്നു.
ഈ നിശബ്ദത ഭയപ്പെടുത്തുന്നതാണ്.
എന്തോ അരുതാത്തത് സംഭവിക്കാനിരിക്കുന്നത് പോലെ അവൾക്ക് തോന്നി.
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യം അവൾ കൊതിച്ചു. ഫോണിൽ ആരോടെങ്കിലും സംസാരിക്കാൻ അവളുടെ മനസ്സ് വെമ്പൽ പൂണ്ടു.
മാഗ്നസിനെ വിളിച്ചാലോ?
അവന് തന്നോട് പിണക്കം ആയിരിക്കും. ആദ്യമായിട്ട് ഒരു കാര്യം ചോദിച്ചപ്പോൾ അറുത്തുമുറിച്ച് പറ്റില്ല എന്ന് പറഞ്ഞു. ഇനി അവൻ തന്നോട് സംസാരിക്കുമോ?
വേറെ ആരുണ്ട് ഈ സമയത്ത് എനിക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ? സാൻഡ്രയോടോ ഫ്രേസറിനോടോ മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റില്ല.
ഒട്ടും ആലോചിക്കാതെ അവൾ മൊബൈൽ ഫോൺ കയ്യിൽ എടുത്തു. വിരൽ മാഗ്നസിന്റെ പേരിന് മുകളിൽ നിന്നു. ഒരു നിമിഷം മടിച്ചു. എന്നിട്ട് അമർത്തി.
ഫോൺ ചെവിയോട് ചേർന്നു.
പുറത്തെ മഴ ശക്തമായി തുടർന്നു. വീടിനുള്ളിൽ, ഒരു ചെറിയ ഫോണിന്റെ ശബ്ദം മാത്രം.
ഒന്ന്… രണ്ട്… മൂന്ന്…
(തുടരും)
