കുമിള

ചക്രധരൻ യാത്ര തുടങ്ങി.വ്യക്തമായ പദ്ധതികളോടെ.യതിയോ കവിയോ പോയ പോലെ അവ്യക്തതകൾക്കിടയിലൂടുള്ള സഞ്ചാരമല്ല.സ്ഥലവും കാലവും മാധ്യമവും വേഷഭൂഷാദികളും മുൻകൂട്ടി നിശ്ചയിച്ച,സുവ്യക്ത യാത്ര.

പ്രഥമദൃഷ്ട്യാ കാര്യം നിസ്സാരം.ഒരു മൊബൈൽഫോൺ വാങ്ങണം; അത്രേയുള്ളൂ.
ഒരിക്കലും കെട്ടു പോകാത്തത്.

കേട്ടവർ കേട്ടവർ,അറിഞ്ഞവർ അറിഞ്ഞവർ അത്ഭുതം കൂറി.ചിലർ മൂക്കിൻ തുമ്പത്ത് വിരൽ വെച്ചു.ചിലർ അയാൾക്ക് ഭ്രാന്താണെന്ന് അപരാധിച്ചു.

ആരും കൂടെപ്പോകാൻ പോയിട്ട്, ഒരു വാക്കിന്റെ വിശദീകരണം ചോദിക്കാൻ പോലും മുന്നോട്ട് വന്നില്ല.

ചക്രധരന് അതിലൊന്നും ഒട്ടുമേ പന്തികേട് തോന്നിയില്ല.അവനവന്റെ ആത്മാവിനെ പരിപോഷിപ്പിക്കേണ്ടത് അവനവന്റെ തന്നെ കാര്യമല്ലേ.അതിൽ മറ്റൊരുത്തനെന്തു കാര്യം.
‘എന്റെ സ്വർഗ്ഗം എന്റേത് മാത്രമാണ്.അതുപോലെതന്നെ, എന്റെ മൊബൈൽ ഫോണും’.അയാൾ ചിന്തിച്ചുറപ്പിച്ചു.

യാത്ര രണ്ടാം ക്ലാസ് ടിക്കറ്റിലാണ്.രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ വൻ നഗരത്തിലേക്ക്.അവിടെ കിട്ടാതിരിക്കില്ല.

പൈസ ഇല്ലാഞ്ഞിട്ടല്ല.ഉള്ളത് ഭാവി ആവശ്യങ്ങളിലേക്ക് വേണ്ടിവന്നേക്കാമെന്ന ആശങ്ക.ഭാവികാലമാണ് മനുഷ്യന്റെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തുന്നത്. അയാളുടെ ധ്യനത്തിൽ മിക്കപ്പോഴും മിന്നി നിന്നിരുന്ന ഭാവിയില്ലാക്കാലം നിലവിൽ വന്നാൽ കുറഞ്ഞ പക്ഷം കുറിക്കമ്പനികളുടെ അടവു തുക കൊണ്ടുതന്നെ, മനുഷ്യൻ ഒരു കാൽ മുന്നോട്ടു വച്ചേനെ.

വിമാനങ്ങൾ തെക്ക് വടക്ക് പാറിപ്പറക്കുന്ന കാലമായിട്ടും, കൊങ്കൺ പാതയിൽ തീയുണ്ട വണ്ടികളോടിത്തുടങ്ങിയിരുന്നെങ്കിലും അയാൾ രണ്ടാം ക്ലാസ്സേ എടുത്തൊള്ളു.മൂന്നാം ക്ലാസ് നിലവിലില്ല.എന്നത് മാത്രമാണ് അതിന്റെ വിശദീകരണം.

ആത്മാവിലാണ് അനശ്വരത.ആത്മാവാണ് സ്വർഗ്ഗം..നരകവും.വിണ്ടലത്തിൽ നക്ഷത്രഖചിതമായ പരവതാനിയിൽ കാലു കുത്താൻ അധികാരമുള്ളതും ആത്മാവിനാണ്.ആത്മാക്കൾ അലഞ്ഞു തിരിയാൻ പാടില്ല.കുറഞ്ഞപക്ഷം എന്റെയെങ്കിലും. സ്വച്ഛന്ദവിഹാരത്തിന് ആഗ്രഹിക്കുന്ന ആത്മാക്കളും ഉണ്ടാകും.ആത്മാക്കളും മനുഷ്യരെപ്പോലെ യാണ്;മൃഗതൃഷ്ണയുള്ളവർ.

ആത്മാക്കളെ അലഞ്ഞു തിരിയാൻ വിടാതെ പോക്കറ്റു വരെ എത്തിച്ചിരിക്കുന്നു, മൊബൈൽ ഫോൺ ടെക്‌നോളജി.

സ്വന്തം മൊബൈൽ ഉണ്ടല്ലോ.. അതിൽ ആശ്വസിച്ചിരിക്കുകയായിരുന്നു ചക്രധരനും.

പണ്ടൊക്കെ, അത്രയ്ക്കങ്ങ് പണ്ട് പണ്ടല്ലാത്തൊരു കാലത്ത്,ഓരോ മൊബൈൽ മോർച്ചറിക്കുള്ളിലും വിറങ്ങലിച്ചു കിടക്കുന്ന ശരീരത്തിലെ,ആരോ ബലമായി അടച്ച കൺപോളകൾക്കിടയിലെ അതിതാപം…അയാൾ അനുഭവിച്ചിരുന്നു.
മരണശേഷമുള്ള ആത്മാവിന്റെ അലച്ചിൽ എങ്ങുമെത്താതെയുള്ള ഉലച്ചിൽ.ചുഴലിയിൽപ്പെട്ടവരുടെ ദയനീയ വിലാപങ്ങൾ.ഒക്കെ സങ്കല്പിച്ചെടുത്തു അയാൾ.
ചക്രായുധ ഭ്രമണം പോലെ അടുത്തു നില്ക്കുന്നവരെയും അകന്നുപോയവരേയും അരിഞ്ഞ് വീഴ്ത്തുന്ന സ്വയം സംരക്ഷണം.

മരിച്ചവന്റെ മരണക്കുറിപ്പ് അവന്റെ തന്നെ നവമാധ്യമ ഭിത്തിയിൽ മിന്നി മിന്നി കളിക്കുമ്പോൾ അവൻ ചിന്തിച്ചു: ആത്മാക്കളുടെ അലച്ചിലിനു പരിഹാരമായി.
കൈയിൽ പിടിച്ച ഫോണിന്റെ ടച്ച് സ്‌ക്രീനിൽ അയാൾ അമർത്തി ചുംബിച്ചു..ആ ചുംബനം പ്രപഞ്ചത്തിന്റെ ഏതൊക്കെയോ മൂലകളിൽ നീലയായും പച്ചയായും തെളിഞ്ഞു കാണും.
ആത്മാവിന്റെ അപരനെ പ്രകാശവർഷങ്ങൾക്കപ്പുറം തൊട്ടുണർത്തിക്കാണും.

മൊബൈൽ കിട്ടിയപ്പോൾ
ആശ്വാസമായിരുന്നു അയാൾക്ക്.ജീവിതം ധന്യമായപോലെ തോന്നി.
നിർവ്വാണ സമമായ അനുഭൂതി അയാളിൽ നിറഞ്ഞു.രണ്ടായിരം വർഷങ്ങൾക്ക് ശേഷമുള്ളവർക്ക് കാണാൻ കൈയിൽ മൊബൈൽ ഫോണുയർത്തിപ്പിടിച്ച് ഒരു സെൽഫി മോഡിൽ നില്ക്കുന്ന പ്രതിമയുണ്ടാക്കി,പരമ്പരാഗമായിക്കിട്ടിയ ഭൂമിയിൽ ആഴത്തിൽ കുഴിച്ചിടാൻ വരെ അയാൾ ആലോചിച്ചു.

അങ്ങനെയുള്ള പ്രിയപ്പെട്ട ഫോണാണ് ഇന്നലെ പണിമുടക്കിയത്.ചുറ്റുമുള്ള തള്ളിച്ചകളിലൊക്കെ മാറി മാറിയും ഒന്നിച്ചും ഒക്കെ ഞെക്കിനോക്കി.. വിരലുകൾ കൊണ്ട് ടച്ച് സ്‌ക്രീൻ അമർത്തി നോക്കി..അതിൽ തെളിയാതെ കണ്ട പ്രതിച്ഛായയെ ചുംബിച്ചു നോക്കി… ആത്മാവ് ചലനമറ്റിരിക്കുന്നു.മരവിച്ചോന്നു തൊട്ടു നോക്കാൻ ഒന്നും അവശേഷിപ്പിക്കാതെ.ശരീരമാകെയൊരു വെറയൽ..

‘ഞെക്കു മൊഴയുടെയടിയിലെ കൊമള പൊട്ടിയതാ….സാറിരിക്കൂ..ഇപ്പം ശരിയാക്കാം’
അവശ്യം വേണ്ട ഭവ്യതയോടെ ബവീഷ് പറഞ്ഞു. ‘നീർപോളകൾ പോലേ നിഴൽ മായും പോലേ…’എന്ന പഴയകാല തരംഗിണി സംഗീതം വീണ്ടും വീണ്ടും വ്യാഖ്യാനിക്കപ്പെട്ടു

പൊട്ടാത്ത കുമിളകൾ തേടിപ്പുറപ്പെടൽ..

പൊട്ടിയില്ലെങ്കിൽ പക്ഷേ കുമിളകളാകുമോ?
പൊട്ടിയാൽ മാരിവില്ലായി തേൻ ചുരത്തുമൊ?

ചക്രധരൻ ഉറങ്ങിപ്പോയി….

Share this:
About Author

Recently added