കറുത്ത രാത്രി

ഒന്ന്

“കർക്കിടകത്തിലെ കറുത്തവാവ് രാത്രി.”
കണ്ണാടിപ്പാറ ഗ്രാമം മുഴുവനും ആ കൂരിരുട്ടിനെ പുതപ്പാക്കി മാറ്റി തണുത്ത് വിറങ്ങലിച്ച് നല്ല ഉറക്കമായിരുന്നു. കട്ടപിടിച്ച ഇരുട്ടാണെങ്കിലും പ്രകൃതി പൊതുവേ ശാന്തമായിരുന്നു. അന്തരീ ക്ഷത്തിൽ തണുത്ത കാറ്റ് സാവധാനം വീശിക്കൊണ്ടിരുന്നു. അങ്ങ് ദൂരെ എവിടെയോ മഴ പെയ്യുന്ന സൂചനയെന്നോണം ചക്ര വാളത്തിൽ മിന്നൽപിണറുകൾ മിന്നിമായുന്ന ദൃശ്യങ്ങൾ അവ്യക്തമായിക്കാണാമായിരുന്നു…..
പെട്ടെന്ന് ശാന്തമായിരുന്ന പ്രകൃതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. എവിടെ നിന്നോ ഓടിയെത്തിയ മഴമേഘങ്ങൾ കണ്ണാടിപ്പാറ ഗ്രാമത്തിനുമുകളിൽ ഘനീഭവിച്ചുനിന്നു. കാറ്റിന്റെ വേഗത വർദ്ധിച്ച് അത് ശക്തമായി വീശി അടിക്കാൻ തുടങ്ങി. അന്തരീക്ഷത്തിൽ അതിശക്തമായ വെള്ളിടിവെട്ടി. കണ്ണാടിപ്പാറ ഗ്രാമത്തിലെ പുരാതനമായ തറവാടായിരുന്ന നെട്ടൂർമനയുടെ പടിപ്പുര ആ ഇടിനാദത്തിൽ പ്രകമ്പനംകൊണ്ടു. അപ്പോഴേക്കും അതിശക്തമായി മഴ കോരി ച്ചൊരിയാൻ തുടങ്ങിയിരുന്നു.
മനയുടെ ശയനമുറിയിൽ നല്ല ഉറക്കത്തിലായിരുന്ന വിശ്വനാഥ വാര്യർ ഒരു ദുഃസ്വപ്നത്തിലെന്നപോലെ ഞെട്ടിയുണർന്നു. ഏതാണ്ട് അറുപതിനോടടുത്ത പ്രായവും നല്ല ആരോഗ്യവുമുള്ള വാര്യർ ആയുർവേദ ഡോക്ടറും ആ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും കൂടി ആയിരുന്നു. ഞെട്ടിയുണർന്ന വാര്യർ അകാരണമായ ഒരു ഭീതിയോടെ സാവധാനം കിടക്കയിൽ എഴുന്നേറ്റിരുന്ന് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. അയാളുടെ ശരീരം കോരിച്ചൊരിയുന്ന ആ മഴയിലും വിയർത്ത് കുളിച്ചു. മിന്നലിന്റെ ശക്തമായ വെളിച്ചം ജനൽചില്ലു കളിലൂടെ അകത്തേക്കു അടിച്ചെത്തികൊണ്ടിരുന്നു. ആ വെളിച്ചത്തിൽ തന്റെ സമീപത്തായി ഒന്നുമറിയാതെ ഉറങ്ങുകയായിരുന്ന ഭാര്യ പാർവതി ദേവിയെ ഒന്നു നോക്കിയശേഷം കട്ടിലിൽ നിന്നും സാവ ധാനം എഴുന്നേറ്റ് തലയിണക്കടിയിൽ നിന്നും ടോർച്ച് തപ്പിയെടുത്ത് തെളിയിച്ചു കൊണ്ട് മുമ്പോട്ട് നീങ്ങി. മേശപ്പുറത്ത് വെച്ച കൂജയിലെ വെള്ളമെടുത്ത് ഒന്നുരണ്ട് കവിൾകുടിച്ച് ഒരു ദീർഘനിശ്വാസം ഉതിർത്ത് ഒരു നിമിഷം എന്തോ ആലോചിച്ച് നിന്നശേഷം സാവധാനം മുറിയുടെ കതക് തുറന്ന് പുറത്തേക്ക് നടന്നു.
ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ശക്തിയായി മദിച്ചുകൊണ്ടിരുന്നു. എന്തോ അരുതാത്തത് സംഭവി ക്കാനെന്നോണം ഇടംകണ്ണ് തുടിച്ചുകൊണ്ടിരുന്നു. താൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആലോചിച്ച് അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നത് വാരിയർ അറിഞ്ഞു. ദൈവമേ, അരുതാത്തത് എന്തോ നടക്കാൻ പോവുന്നതിന്റെ ദുഃസൂചനയാണോ ഇത്. ഇന്ന് സന്ധ്യക്ക് ഉപാസനാമൂർത്തികളുടെ തറയിലും പൂജാമുറിയിലും വിളക്ക് വെക്കുമ്പോഴൊന്നും ഇതുപോലുള്ള ഒരു ഭയാശങ്ക അയാൾക്ക് ഉണ്ടായിരുന്നില്ല. അപകടങ്ങൾ നിമിത്തങ്ങളിലൂടെ മുൻകൂട്ടി കാണാൻ മൂർത്തീ ഉപാസനയിലൂടെ തനിക്ക് ലഭിച്ച കഴിവ് ചോർന്നു പോവുകയാണോ? മായപോലെ സ്വപ്നത്തിൽവന്ന് ചെവിയിൽ മന്ത്രിച്ചതും ഇതേ മൂർത്തികൾ തന്നെ അല്ലേ…? തന്റെ മക്കൾ ക്കുമീതെ അപകടം പതിയിരിക്കുന്നു എന്നല്ലേ മൂർത്തികൾ ഓർമ്മിപ്പിച്ചത്. അതിനെക്കുറിച്ച് ഓർത്തപ്പോൾതന്നെ വാര്യരുടെ കണ്ണുകളിൽ ഇരുൾമൂടി. അമേരിക്കയിലെ ഗവേഷണമെല്ലാം കഴിഞ്ഞ് ഡോക്ടറായ തന്റെ മകനും ഡൽഹിയിലെ ഉപരിപഠനം കഴിഞ്ഞ് തന്റെമകളും ഇന്ന് നാട്ടിലെത്തേണ്ടതാണ്. ഈശ്വരാ, അവർക്കാർക്കും ഒരാപത്തും സംഭവിക്കരുതേ. ഉറച്ച കാൽവെപ്പുക ളോടെ ഗോവണി ഇറങ്ങി താഴേക്ക് വന്ന് വാര്യർ ഹാളിലെ ലൈറ്റ് ഇട്ടു.
ഹാളിൽ വെളിച്ചും പരന്നപ്പോൾ അയാൾക്ക് തെല്ലൊരാ ശ്വാസം തോന്നി. പുറത്ത് മഴ ശക്തിയായി അലറി തിമർത്ത് പെയ്യുന്നുണ്ടായിരുന്നു. അയാൾ ധൃതിയിൽ ഹാളിലെ ബാത്ത്‌റൂമിൽ കയറി ലൈറ്റിട്ടു. ഷവർ തുറന്നപ്പോൾ അതിലൂടെ ഐസ് പോലുള്ള തണുത്ത വെള്ളം പെയ്തിറങ്ങി. അതിൽ പൂർണ്ണമായും നനഞ്ഞ പ്പോൾ അയാൾ കുറച്ച്കൂടി ഊർജ്ജ സ്വലനായി. പെട്ടെന്നു തല തുവർത്തി ഈറൻ മാറാതെതന്നെ ബാത്ത്‌റൂമിൽ നിന്നും പുറത്തി റങ്ങി; പൂജാമുറിക്ക് മുൻപിലെത്തി വാതിൽ തുറന്ന് അകത്തെ നിലവിളക്ക് തെളിയിച്ചു. ഈ സമയം പൂജാമുറിയുടെ ചുവരിൽ അള്ളിപ്പിടിച്ച് കൊണ്ടിരുന്ന ഒരു ഗൗളി വലിയ ശബ്ദത്തിൽ ചിലച്ചു. തികഞ്ഞ നിശബ്ദതയിൽ അതിന്റെ ശബ്ദം ആ തറവാട് മുഴുവൻ പ്രതിധ്വനിച്ചു. ഭയംകൊണ്ട് വാര്യരുടെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി. വിറയാർന്ന കൈകൾ കൂപ്പി പത്മാസനത്തിൽ പീഠത്തിനു മുൻപിൽ ഇരുന്ന വാര്യരുടെ ചുണ്ടിൽ നിന്നും മൂർത്തി മന്ത്രം ഇടതടവില്ലാതെ നേർത്ത സ്വരത്തിൽ പൊഴിഞ്ഞു കൊണ്ടിരുന്നു.
തുടരും….

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added