ഇക്കാസ് കഥകൾ

രണ്ട്


പേര് പുരാണം

കളത്തിലമ്മദാജി മീനങ്ങാടിച്ചന്തയിൽ നിന്നും ഒരേര് മൂരികളെ വാങ്ങി നാട്ടിലേക്കു കൊണ്ടു പോകാൻ കന്നൂട്ട്കാരൻ കുഞ്ഞാമുവിനെ ഏൽപിച്ചു. കുഞ്ഞാമു മൂരികളെയും തെളിച്ച് താമരശ്ശേരി ചുരമിറങ്ങി പൂനൂർ പുഴ മുറിച്ചു കടന്ന് കാന്തപുരത്തെത്തിയപ്പോൾ നേരം പാതിരായായി. ഇനി പതാറിനപ്പുറത്തെ കാവുള്ള പറമ്പും തോട്ടുമ്മാരത്തെ പള്ളിപ്പറമ്പും പിന്നിട്ടു വേണം കളത്തിലമ്മദാജിയുടെ വീടു പറ്റാൻ.
നല്ല നിലാവെട്ടമുണ്ട്.
മണ്ണടരാത്ത നാട്ടുവഴികളിലൂടെ മൂരികളെയും തെളിച്ച് നടക്കാൻ അവന് ആ വെളിച്ചം മതിയായിരുന്നു.
പക്ഷേ, നടവരമ്പു കഴിഞ്ഞാൽ ഇടവഴിയുടെ ഇരുവശങ്ങളിലും പള്ളിപ്പറമ്പാണ്. തെച്ചിക്കാടുകൾ നിറഞ്ഞ ശവപ്പറമ്പിനടുത്തുകൂടി ഒറ്റയ്ക്കു നടന്നുപോകുന്നത് ആലോചിച്ചപ്പോൾ അവന്റെ ഉള്ള് കാളി.
പണ്ടുകാലം മുതൽക്കേ എതിർപോക്കുകൾ ഉണ്ടാകാറുള്ള സ്ഥലമാ..
നിലത്ത് കാൽപാദം മുട്ടാതെ നടക്കുന്ന കരമരുതയും ചമ്പത്തെങ്ങിനെക്കാൾ ഉയരമുള്ള ആകാശ യന്തിരവനും അണപ്പല്ലുകൾ പുറത്തേക്കു നീണ്ട് മുടന്തി നടക്കുന്ന ചെക്യാക്കയും അകലെ വെട്ടം കാണിച്ച് അടുത്തടുത്ത് ചെല്ലുമ്പോൾ അകന്നകന്ന് പോകുന്ന പൊട്ടിച്ചെകുത്താനും വിഹരിക്കുന്ന ചുടലപ്പറമ്പാണ്…
കുഞ്ഞാമു ഓലക്കണ്ണിയെടുത്ത് വലിയൊരു ചൂട്ട് കെട്ടി.
ഒറ്റയ്ക്കല്ലല്ലൊ… മൂരികളും കൂടെയില്ലേ….. അവൻ സ്വയം സമാധാനിച്ചു.
ചൂട്ട് കത്തിച്ച് മൂരികളെയും തെളിച്ച് നടവരമ്പിലൂടെ മുന്നോട്ട് നടന്നു.
പള്ളിക്കാടിനടുത്തെത്താറായപ്പോൾ മൂരികൾ എന്തോ കണ്ടിട്ടെന്ന പോലെ ഭയപ്പെട്ടു നിന്നു.
കുഞ്ഞാമു ഓലച്ചൂട്ട് ആഞ്ഞു വീശി.
ചൂട്ട് വെളിച്ചത്തിൽ അവൻ കണ്ടത് ആരോ ഒരാൾ മൂരികളെയും തെളിച്ച് എതിരെ നടന്നു വരുന്ന കാഴ്ചയാണ്.
നേരം കെട്ട നേരത്ത് മൂരികളെയും തെളിച്ച് ഇതുവഴി ആരാ കടന്നു പോകാനുള്ളത്? അതും കൈയിൽ ഞെക്കുവിളക്കിന്റെ നുറുങ്ങുവെട്ടം പോലുമില്ലാതെ!
എവിടെയും കണ്ടു പരിചയമില്ലാത്ത മുഖം.
കറുത്ത നിറവും ഒട്ടിയ പരുക്കൻ കവിളുകളും ഇടിഞ്ഞുതൂങ്ങിയ കൺപോളകളും പഴുതാര മീശയും.. പൊക്കം കുറഞ്ഞ് കുടവയറുള്ള ഒരു മുതുക്കൻ.
നാല്ക്കാലികളെ മോഷ്ടിച്ചു കൊണ്ടുപോകുന്ന പെരുങ്കള്ളനാണോ?
ഈന്താടംപോയിൽ അമ്മദാജിയുടെ ആലപ്പുരയിൽ നിന്നും മൂരികളെ കടത്തിക്കൊണ്ടു പോവുകയായിരിക്കും പാതിരാ കള്ളൻ!
അവൻ മൂരികളെ നോക്കി.
ലക്ഷണമൊത്ത രണ്ട് മൈലമൂരികൾ… കളത്തിലമ്മദാജിയുടെ മൂരികളുടെ അതേ വലിപ്പം.
അപരിചിതനും മൂരികളും വഴിമുടക്കിക്കൊണ്ട് നടവരമ്പിന്റെ ഒത്തനടുവിൽ നിൽക്കുകയാണ്.
കുഞ്ഞാമു തൊണ്ടകാറി ഒച്ചയുണ്ടാക്കി അപരിചിതനെ നേരിട്ടു.
അയാൾ കഴുത്ത് വെട്ടിച്ച്, മുഖം കൊടുക്കാതെ പുറം തിരിഞ്ഞു നിന്നു.
മൂരികളാണെങ്കിൽ വാലുപോലുമിളക്കാതെ ചലനമറ്റതു പോലെ തല താഴ്ത്തി നിൽക്കുകയാണ്.
‘നിങ്ങളാരാ… നട്ടപ്പാതിരാക്ക് മൂരികളൈ തെളിച്ച് എങ്ങട്ടാ പോക്ണ്… ഇതിന് മുമ്പ് ഇന്നാട്ടിലെങ്ങും കണ്ടില്ലല്ലോ?’
കുഞ്ഞാമു അൽപം ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു.
അപരിചിതൻ ഒന്നും മിണ്ടിയില്ല. അയാൾ മൂരിക്കയറും പിടിച്ച് നടവരമ്പത്ത് അനങ്ങാതെ നിന്നു.
കുഞ്ഞാമുവിന് ദേഷ്യം വന്നു.
നമ്മുടെ നാട്ടിൽ വന്നിട്ട് നാട്ടുകാരനെ വഴിമുടക്കി നിൽക്കുകയോ….
അത്ര അഹമ്മദി കാട്ടാൻ ഏത് ഗജപോക്കിരിയാണുള്ളത്?
‘വഴിമാറി നിൽക്കെടാ ഹിമാറെ….
വഴി തടഞ്ഞ് വെക്കാൻ നടവരമ്പ് അന്റെ തറവാട്ട് വകയാണോ?’
കുഞ്ഞാമു മൂക്ക് വിറപ്പിച്ചു കൊണ്ട് പൊട്ടിത്തെറിച്ചു.
പരദേശിക്ക് മിണ്ടാട്ടമില്ല. ഒരു പ്രതിമ കണക്കെ നിൽക്കുകയാണയാൾ.
കുഞ്ഞാമു കൈയിലുണ്ടായിരുന്ന മൂരിവടി അയാൾക്കു നേരെ വലിച്ചെറിഞ്ഞു. പക്ഷേ വടി പോയിക്കൊണ്ടത് പള്ളിക്കാട്ടിലെ കള്ളിച്ചെടിക്കായിരുന്നു.
അതോടെ കുഞ്ഞാമു അങ്കലാപ്പിലായി.
മുന്നിൽ നിൽക്കുന്നത് മനുഷ്യനല്ല. റൂഹാനിയാണ്…
പള്ളിക്കാട്ടിലെ ഖബറിസ്ഥാനിൽ നിന്നിറങ്ങി ചിതറി വീഴുന്ന നിലാവെളിച്ചത്തിൽ അലഞ്ഞു നടക്കുന്ന റൂഹാനിയുടെ മുമ്പിലാണ് അകപ്പെട്ടിരിക്കുന്നത്….! മുമ്പ് തട്ടാൻ കേശവൻ കണ്ടതും ഇങ്ങനെയൊരു രൂപമായിരുന്നുവത്രെ…. കഷണ്ടിയും കുംഭപ്പള്ളയുമുള്ള കോത്തായിയെ.
കുഞ്ഞാമു ചുറ്റുപാടും നോക്കി.
അന്തരീക്ഷത്തിന് കർപ്പൂരത്തിന്റെ മണം.
നല്ല തണുപ്പുണ്ട്. മഞ്ഞുതുള്ളികൾ പുറത്തും ചുമലിലും പതിച്ചു. നടവരമ്പിന്റെ ഓരത്തെ തൈക്കവുങ്ങുകൾ കുളിർന്ന് വിറച്ചു നിൽക്കുന്നു.
മഞ്ഞുവീണ് നനവു പറ്റിയ കവുങ്ങോലകൾ ചൂട്ടു വെളിച്ചത്തിൽ മിന്നിത്തിളങ്ങി. പള്ളിപ്പറമ്പിന്റെ കിഴക്കേയതിരിലുള്ള ഉരുളിപ്പാറയുടെ മുകളിൽ നിന്ന് ഓതിക്കുറുക്കന്റെ മോങ്ങൽ കേൾക്കാം. അത് നിലാവു പെയ്യുന്ന ആകാശത്തേക്കു നോക്കി തൊള്ള തുറന്നു പിടിച്ചിരിക്കുകയാണ്….
ഉള്ളിൽ തീ ആളിപ്പടരാൻ തുടങ്ങിയപ്പോഴാണ് ശൈത്താനെ ഓടിക്കാനുള്ള മന്ത്രം അവന് ഓർമ വന്നത്.
കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് കൈകൾ രണ്ടും ആകാശത്തേക്ക് മലർത്തിപ്പിടിച്ച് കുഞ്ഞാമു അലറി:
‘അഊദുബില്ലാഹി മിനശ്ശെത്താനി റജീം…’
-ഓത്തുപള്ളിയിൽ വെച്ച് അത്രയും പഠിച്ചത് ഭാഗ്യം!
അവൻ പതുക്കെ കണ്ണു തുറന്നു നോക്കി…
മുമ്പിലെ നടവരമ്പു ശൂന്യം….
അരികത്ത് പുല്ല് കാർന്നു തിന്നുന്ന സ്വന്തം മൂരികൾ മാത്രം.
കുഞ്ഞാമു ചൂട്ടിന്റെ കെട്ടഴിച്ചു.
ചൂട്ട് ആളിക്കത്താൻ തുടങ്ങി.
അപരിചിതനും മൂരികളും എങ്ങോട്ടോ പോയി മറഞ്ഞിരിക്കുന്നു!
അവൻ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മൂരികളെയും തെളിച്ച് മുമ്പോട്ട് നടന്നു.
മൂരികളെ കളത്തിലമ്മദാജിയുടെ ആലയിൽ കെട്ടിയ ശേഷം കുഞ്ഞാമു സ്വന്തം കുടിയിൽ വന്നു കേറി.
നേരം വെളുക്കാൻ ഇനി അധികമില്ല. കഷ്ടിച്ച് അരനാഴിക കാണും. അവൻ വീട്ടുകാരെ ഉണർത്താതെ ഉമ്മറക്കോലായിലെ മൺതിണ്ണയിൽ പായ വിരിച്ചു കിടന്നു.
കൺപോളകളിൽ വല്ലാത്ത ഉറക്ക ക്ഷീണം.
പക്ഷേ എത്ര കണ്ണടച്ചു കിടന്നിട്ടും അവന് ഉറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നു…
മൂരിക്കയറും പിടിച്ച് നടവരമ്പത്ത് അനങ്ങാതെ നിന്ന കറുത്ത് തടിച്ച കുടവയറൻ കൺമുമ്പിൽ നിന്ന് അപ്രത്യക്ഷമാകുന്നതേയില്ല. അയാളും മൂരികളും ഉറക്കം കുത്തിക്കെടുത്തി വഴിമുടക്കി നിൽക്കുകയാണ്.
അവൻ എഴുന്നേറ്റ് ഉമ്മറക്കോലായിലെ ചിമ്മിണി വിളക്ക് തിരി നീട്ടി കത്തിച്ചു.
ഒരു ബീഡിയെടുത്ത് തീ പിടിപ്പിച്ച് ചുമരും ചാരിയിരുന്നു.
ഉമ്മറത്തിണ്ണയിൽ കിടക്കാതെ അകത്തെ കട്ടിലിൽ കിടന്നാൽ മതിയായിരുന്നു.
നേരം വൈകിയെത്തിയതു കാരണം ഉമ്മയെ ശല്യപ്പെടുത്താതെ ഉമ്മറക്കോലായിൽത്തന്നെ കിടന്നതാണ് വിനയായത്.
നേരം വെളുത്ത് കിട്ടിയിരുന്നെങ്കിൽ അവേലത്ത് ചെറിയ കുഞ്ഞിക്കോയ തങ്ങളുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു നോക്കാമായിരുന്നു. ബാധ കൂടിയിട്ടുണ്ടെങ്കിൽ ഒഴിപ്പിച്ചു കിട്ടാൻ വേറെയും ഒരുപാട് സിദ്ധന്മാർ നാട്ടിലുണ്ടല്ലൊ… പേടിക്കാനൊന്നുമില്ല. ബീഡി കുത്തിക്കെടുത്തി അവൻ വീണ്ടും തലയണയിൽ മുഖം അമർത്തിവെച്ച് കണ്ണടച്ചു.
ഒന്നുമയങ്ങിയപ്പോഴേക്കും കുഞ്ഞാമു ഞെട്ടി എണീറ്റു.
നേരം വെളുത്തിരിക്കുന്നു.
അവൻ കിടക്കപ്പായ മടക്കിവെച്ച്, കുപ്പായവുമെടുത്തിട്ട് തിടുക്കത്തിൽ മുറ്റത്തേക്കിറങ്ങി.
തേളമുട്ടും നെഞ്ചിടിപ്പും കുറഞ്ഞിട്ടുണ്ട്. ഉറക്ക ക്ഷീണമുണ്ടെങ്കിലും ആകെയൊരയവ്. അത് ക്രമേണ ധൈര്യമായി. ആ ധൈര്യത്തോടെ അവൻ കിഴക്കോട്ട് നടന്നു.
കാന്തപുരത്തങ്ങാടിയിലെത്തി, ഗോപാലന്റെ ചായപ്പീടികയിലിരുന്നുകൊണ്ട് കുഞ്ഞാമു പാതിരാത്രി സംഭവിച്ച കാര്യങ്ങൾ വള്ളിപുള്ളി വിടാതെ വിസ്തരിച്ചു.
‘അത് ജിന്നാ….
പരോപകാരികൾക്ക് മാത്രം കാണാൻ പറ്റുന്ന ഇഖാസ് ജിന്ന്…’
കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ കൂട്ടൂസ്സമൊല്ലാക്ക വിധി കൽപിച്ചു.
അന്ന് തൊട്ട് കാന്തപുരത്തുകാർ കുഞ്ഞാമു എന്ന പേര് മറന്നു തുടങ്ങി.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added