കുട്ടിക്കുറ്റവാളികൾ ഉണ്ടായിത്തീരുന്നത്

വളർച്ചയുടെ അടിസ്ഥാന കാലമായ കുട്ടിപ്രായത്തിൽ തന്നെയാണ് ഏതൊരാളിലും കുറ്റവാസനകൾ ജന്മമെടുക്കുന്നത്. വൈകാരികവും മാനസികവും സാമൂഹികവുമായ പലവിധ കാരണങ്ങളും അക്രമ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നുണ്ട്. അതേ സമയം ധാർമ്മിക മൂല്യങ്ങൾ അതിന്റെ അന്തസ്സോടെ പരിപാലിക്കപ്പെടുന്ന കുടുംബങ്ങളിലും സമൂഹങ്ങളിലും അക്രമങ്ങൾ കുറവാണെന്ന് കണ്ടുവരുന്നുണ്ട്.”

ഓരോ വ്യക്തികളുടെയും സ്വഭാവ സവിശേഷതകളും ജീവിത ശൈലിയും സാമൂഹിക വ്യവഹാരങ്ങളുമെല്ലാം ശൈശവ ഘട്ടത്തിൽതന്നെ രൂപപ്പെടുന്നുണ്ട്. കൗമാരത്തിന്റെ ആരംഭത്തിലോ ബാല്യത്തിലോ അത് സ്ഥായീഭാവം ആർജിക്കുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ കൗമാരക്കാരും ശിശുക്കളാണെങ്കിലും പക്വതയിലേക്കും പൂർണ്ണതയിലേക്കുമുള്ള വളർച്ചയിൽ ഏറെ പ്രധാനമാണ് ഈ കാലഘട്ടം. 10 മുതൽ 19 വയസ്സുവരെയാണ് ലോകാരോഗ്യ സംഘടന കൗമാര കാലമായി കണക്കാക്കുന്നത്. ലോക ജനസംഖ്യയിൽ അഞ്ചിലൊന്ന് കൗമാരക്കാരാണെങ്കിൽ ഇന്ത്യയിൽ ഇവരുടെ അനുപാതം 22.8 ശതമാനമാണ്. ലൈംഗിക ഹോർമോണുകളുൾപ്പെടെ മാനസിക-ശാരീരിക ഹോർമോണുകളുടെ ത്വരിത ഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് കാരണമാണ് ഈ പ്രായത്തിലെ കുട്ടികൾ പെട്ടെന്ന് വികാര വിക്ഷുഭ്ധരാകുന്നതും പ്രതികരിക്കുന്നതും. നേരംപോക്കിനായോ കൂട്ടുകാരുടെ സമ്മർദങ്ങൾക്ക് വഴങ്ങിയോ ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങുന്ന കൗമാരക്കാരിൽ പലരും പിന്നീട് ഇത്തരം വസ്തുക്കളുടെ സ്ഥിരം ആവശ്യക്കാരാവുന്നതും ഈയൊരു പ്രായത്തിലാണ്. മുതിർന്നവരായി അംഗീകരിക്കപ്പെടാനും കൂട്ടുകാരുമൊത്ത് സമയം ചെലവിടാനുമെല്ലാം താൽപര്യപ്പെടുന്നതും ഈ പ്രായത്തിന്റെ പ്രത്യേകതയാണ്.
10 മുതൽ 18 വയസ്സുവരെ കൗമാരത്തിന്റെ ആരംഭ ദശയാണ്. 14 മുതൽ 16 വരെ മധ്യ ദശയും. 17 മുതൽ 19 വരെ കൗമാരാന്ത്യ ദശയുമായാണ് കണക്കാക്കപ്പെടുന്നത്. തലച്ചോറിൽ ആംഫിറ്റമിൻ ഹോർമോണുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് കൗമാരക്കാരിൽ പ്രണയ ചാപല്യങ്ങൾ കണ്ടുതുടങ്ങുന്നത്. ഈ പ്രായത്തിലെ ലൈംഗിക വേഴ്ച ആഗോള തലത്തിൽതന്നെ ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. കൗമാരക്കാരിൽ പ്രതിവർഷം അഞ്ച് ശതമാനം പേരെങ്കിലും ലൈംഗിക രോഗമുള്ളവരുമായി ബന്ധത്തിലേർപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പ്രതിവർഷം പത്തുലക്ഷം കുട്ടികൾ പുതുതായി ലൈംഗിക വ്യാപാരത്തിൽ ഏർപ്പെടുന്നു. ഇത്തരത്തിൽപ്പെട്ട പതിനഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) യും സെർവിക്കൽ ക്യാൻസറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പ്രേമാഭ്യർത്ഥനകൾ നിരസിക്കപ്പെടുമ്പോൾ അക്രമത്തിനും കൊലപാതകത്തിനും മുതിരുന്ന മാനസികാവസ്ഥയിലാണ് ഈ പ്രായത്തിലെ കുട്ടികളുണ്ടാവുക. ഇത്തരം മാനസിക വൈകല്യമുള്ളവരെ മനഃശാസ്ത്രജ്ഞർ ‘സ്റ്റോക്കേഴ്‌സ്’ എന്നാണ് വിളിക്കുന്നത്. പിൻതുടർന്ന് ശല്യം ചെയ്യുന്നവർ എന്നർത്ഥം.
കൗമാരത്തിന്റെ തുടക്കത്തിൽതന്നെ പ്രണയം തുടങ്ങുന്നതിന്റെ കാരണങ്ങളിൽ പ്രധാനം ദൃശ്യ മാധ്യമങ്ങളിലൂടെ ആകർഷിക്കപ്പെടുന്ന പ്രണയ രംഗങ്ങളാണ്. വീട്ടുജോലിക്കാരുമായോ ബസ് ഡ്രൈവറുമായോ അടുത്ത വീട്ടിലെ ആൺകുട്ടികളുമായോ ബന്ധം സ്ഥാപിക്കുന്ന പെൺകുട്ടികൾ വർഷങ്ങളോളം ഈ ബന്ധങ്ങൾ വീട്ടുകാരെ ഒളിപ്പിച്ചു വെക്കുന്നതിലും വളരെ സമർത്ഥരാണ്. കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കത്തെത്തുമ്പോഴെ രക്ഷിതാക്കൾ വിവരം അറിയുന്നുള്ളൂ. കുട്ടികളുടെ ഭാവിയെക്കുറിച്ച് നെയ്ത സ്വപ്നങ്ങൾ തകർന്നു പോകുന്ന ഇത്തരം നിമിഷങ്ങളിൽ മാതാപിതാക്കൾ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല. കുട്ടികൾ മുതിർന്നു വരുമ്പോൾതന്നെ പ്രണയത്തിന്റെ ചതിക്കുഴികളെക്കുറിച്ചും ജീവിത ലക്ഷ്യങ്ങളെക്കുറിച്ചും അവർക്ക് ശരിയായ അവബോധം നൽകണം. അവരെ തുറന്ന് സ്‌നേഹിക്കുകയും എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന ബോധം അവരിൽ വളർത്തുകയും വേണം. അങ്ങനെ മാത്രമേ കുട്ടികളുടെ ഓരോ നീക്കങ്ങളും കണ്ടുപിടിക്കാനാവുകയുള്ളൂ.


കൗമാരക്കാരായ ആൺകുട്ടികളെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സെക്‌സ് റാക്കറ്റുകൾ അപകടകരമാംവിധം വർധിച്ചു വരികയാണ്. നിയമത്തിനും പൊലീസിനുമൊന്നും അതിനെ കാര്യമായി നിയന്ത്രിക്കാൻ കഴിയുന്നില്ല. കുട്ടികൾ പഠനത്തിൽ പിന്നാക്കം നിൽക്കുകയോ സ്വഭാവ വൈചിത്ര്യങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ അന്വേഷിച്ച് പോവുകതന്നെ വേണം.
വളർച്ചയുടെ അടിസ്ഥാന കാലമായ കുട്ടിപ്രായത്തിൽ തന്നെയാണ് ഏതൊരാളിലും കുറ്റവാസനകൾ ജന്മമെടുക്കുന്നത്. വൈകാരികവും മാനസികവും സാമൂഹികവുമായ പലവിധ കാരണങ്ങളും അക്രമ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നുണ്ട്. അതേ സമയം ധാർമ്മിക മൂല്യങ്ങൾ അതിന്റെ അന്തസ്സോടെ പരിപാലിക്കപ്പെടുന്ന കുടുംബങ്ങളിലും സമൂഹങ്ങളിലും അക്രമങ്ങൾ കുറവാണെന്ന് കണ്ടുവരുന്നുണ്ട്. എല്ലാതരം വിപരീത (നെഗറ്റീവ്) വികാരങ്ങളും വ്യക്തിയുടെ ഹൃദയ വികാരങ്ങളെ മലിനപ്പെടുത്തുകയും അക്രമ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകുകയും ചെയ്യുന്നു. ഒബ്‌സഷൻ, മാനിയ, സ്‌കിസോഫ്രീനിയ തുടങ്ങി ചെറുതും വലുതുമായ മാനസിക രോഗങ്ങളും ഈ പ്രായത്തിലെ കുട്ടികൾക്കുണ്ടാകും.


ശാരീരിക അവശതകളും ദാരിദ്ര്യവും തിരസ്‌കരണവുമെല്ലാം പതിയെ അക്രമ വാസനകളിലേക്ക് നയിക്കാം. പിറ്റിയൂട്ടറി, ആഡ്രിയനൽ തുടങ്ങിയ ഗ്രന്ഥിരസങ്ങളിലുണ്ടാകുന്ന അസന്തുലിതത്വവും വികാര വിചാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തിൽ വരുന്ന തകരാറുകളും കുട്ടികളിൽ അക്രമ വാസന വർധിപ്പിക്കുന്നു. കുഞ്ഞു പ്രായത്തിൽ തീവ്രമായ അച്ചടക്കത്തിന് വിധേയമാക്കപ്പെടുന്ന കുട്ടികളും ലൈംഗികാതിക്രമങ്ങൾക്കിരയാകുന്നവരും ഭാവിയിൽ പലവിധ പെരുമാറ്റ വൈകല്യങ്ങളും പ്രകടിപ്പിക്കും. ജനസംഖ്യയുടെ മുപ്പത്തിയാറ് ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് യു.എസ്സിൽ നടത്തിയ പഠനം തെളിയിക്കുന്നത്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് (ഇംഹാൻസ്), സ്‌കൂൾ കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച് 45 ശതമാനം കുട്ടികൾക്കും ജീവിതം മടുപ്പുളവാക്കുന്നതായും 35.4 ശതമാനം ആൺകുട്ടികളും 34 ശതമാനം പെൺകുട്ടികളും ലൈംഗിക പീഡനത്തിന്നിരയാവുന്നതായും കണ്ടെത്തുകയുണ്ടായി. ലൈംഗികതക്ക് അടിമപ്പെട്ട കുട്ടികൾ 18 ശതമാനമുണ്ടെന്നും ഇംഹാൻസിന്റെ പഠനം വെളിപ്പെടുത്തുന്നു.


കോഴിക്കോട് സിറ്റി പൊലീസ് കൃത്യനിർവഹണത്തിനിടെ കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകളാണ് ഒ.ആർ.സി (Our Responsibility to Children) എന്നൊരു മഹത്തായ സംരംഭത്തിന് നിമിത്തമായത്. ആറിനും പന്ത്രണ്ടിനും ഇടയിലുള്ള ക്ലാസുകളിൽ പഠിക്കുന്ന 62 കുട്ടികൾ ചുരുങ്ങിയ കാലയളവിനുള്ളിൽ വിവിധ കുറ്റകൃത്യങ്ങളിൽപെട്ട് പിടിക്കപ്പെടുകയുണ്ടായി. മയക്കുമരുന്നിന്റെ മായാലോകത്ത് വിഹരിക്കുന്ന കുട്ടികളും ചൂഷണത്തിന് വിധേയരായി ശരീരം വിൽക്കുന്ന കൗമാരക്കാരും മോഷണം പതിവാക്കിയ സ്‌കൂൾ കുട്ടികളും പൊലീസ് പിടികൂടിയ കൂട്ടത്തിലുണ്ടായിരുന്നു. പിടിക്കപ്പെട്ട പല കുട്ടികളും പൊലീസിനോട് വെളിപ്പെടുത്തിയ മൊഴികളിൽനിന്ന് മനസ്സിലാക്കാനായത് ഈ കുട്ടികളെയൊന്നും അവരവരുടെ രക്ഷിതാക്കൾ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല എന്നാണ്.
തെറ്റിലേക്ക് വഴുതി വീഴാൻ സാധ്യതയുള്ള കുട്ടികളെ തിരിച്ചറിയുകയും മെന്ററിങ് പ്രക്രിയയിലൂടെ അവരുമായി നല്ല ബന്ധം സ്ഥാപിച്ച് സ്വഭാവ പരിവർത്തനം നടത്തുകയുമാണ് ഒ.ആർ.സി പദ്ധതിയിലൂടെ ചെയ്യുന്നത്. കേരള പൊലീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് സ്‌കൂൾ തലങ്ങളിൽ ഒ.ആർ.സി പ്രാവർത്തികമാക്കുന്നത്. സ്‌കൂൾ തലത്തിൽ അധ്യാപകരുടെയും ഒ.ആർ.സി തലത്തിൽ വിദഗ്ധരുടെയും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് തലത്തിൽ അതി വിദഗ്ധരുടെയും പാനൽ കുട്ടികളുടെ പ്രശ്‌നങ്ങൾ പഠിക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ, ഇംഹാൻസ്, ജുവനൈൽ പൊലീസ് വിംഗ്, വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പുകൾ, മറ്റ് സന്നദ്ധ സാംസ്‌കാരിക സംഘടനകൾ എല്ലാം ഇപ്പോൾ ഒ.ആർ.സിയുമായി സഹകരിച്ച് വരുന്നുണ്ട്.
സൃഷ്ടിക്കാനും നശിപ്പിക്കാനുമുള്ള മനുഷ്യ വാസനയെയാണ് ഫ്രോയിഡ് ഇൻസ്റ്റിങ്റ്റ് തിയറിയിലൂടെ വിശദീകരിക്കുന്നത്. അക്രമം നിറഞ്ഞ ടി.വി രംഗങ്ങൾ പതിവായി കാണുന്നതും ലഹരി വസ്തുക്കളുടെ ഉപയോഗവും കുടുംബ കലഹങ്ങളും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളും അതാത് സമയങ്ങളിൽ പരിഹരിക്കപ്പെടാതെ പോവുന്ന മാനസിക പ്രശ്‌നങ്ങളുമാണ് അധികം കുട്ടികളെയും അക്രമത്തിലേക്ക് നയിക്കുന്നത്. കുട്ടികളുടെ കുസൃതിയും അക്രമ വാസനയും ചെറു പ്രായത്തിൽ വേർതിരിച്ചറിയുക പ്രയാസകരമാണ്. സ്വഭാവ വൈകല്യങ്ങളും മാനസിക തകരാറുകളും ചികിത്സിച്ചു ഭേദമാക്കുന്നതിന് ഇവ നേരത്തെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ചെറിയ രീതിയിലുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസികാസ്വാസ്ഥ്യങ്ങളും കൗൺസിലിങ്ങിലൂടെ മാറ്റിയെടുക്കാനാവും.
വീട്ടിൽ ഒരു കുഞ്ഞുകൂടി പിറക്കുന്നതോടെ മൂത്ത കുട്ടിയിൽ അപകർഷതയും ഒരുതരം അസൂയയുമൊക്കെ കണ്ടുവരാറുണ്ട്. ഇളയെ കുട്ടിയോട് മാതാവിനോ പിതാവിനോ തോന്നുന്ന അമിത വാത്സല്യത്തെ പ്രഫേർഡ് സിബിലിങ് എന്നാണ് പറയുക. അധിക ശ്രദ്ധയും പരിഗണനയും കിട്ടുന്നവർ എന്നർത്ഥം. ഈ സാഹചര്യത്തിൽ മൂത്ത കൂട്ടിക്ക് ഇളയ കുട്ടിയോട് തോന്നുന്ന വിദ്വേഷമാണ് സിബിലിയൻ റൈവെൽറി. ഇത് രണ്ടും നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യമല്ല. മനഃശാസ്ത്രജ്ഞരുടെ പക്ഷത്തുനിന്നുള്ള നിരീക്ഷണത്തിൽ വളരെ ഗൗരവമുള്ള ഒന്നാണിത്. ഇത്തരം സാഹചര്യങ്ങളിൽ ഇളയ കുഞ്ഞ് കൊല്ലപ്പെട്ട സംഭവങ്ങൾ വരെയുണ്ട്. മാതാവും പിതാവും ഒന്ന് കണ്ടറിഞ്ഞ് പെരുമാറിയാൽ മാത്രം മതി. പൈതലിനേക്കാൾ പരിഗണന, തനിക്കാണെന്ന് മൂത്ത കുട്ടിയെ എപ്പോഴും തോന്നിപ്പിച്ചുകൊണ്ടിരിക്കണം.

Share this:

Recently added