കടൽത്തീരത്തെ നനഞ്ഞ മണലിൽ രാമൻ വ്യസനിച്ചു.അവന്റെ ഹൃദയത്തിലേയ്ക്ക് ഓർമ്മകളുടെ തിരമാലകൾ അലയടിച്ചു.നരച്ച ആകാശത്തിനും മങ്ങിയ ഇരുട്ടിനുമിടയിൽ അവന്റെ ദീർഘനിശ്വാസങ്ങൾ അലിഞ്ഞു.വൈകുന്നേരത്തെ സൗഹൃദങ്ങളിൽനിന്ന് എപ്പോഴാണ് ഇറങ്ങി നടന്നത്.. നഗരത്തിന്റെ നാനാദിക്കുകൾ കടന്ന് അങ്ങനെ ഓരോ തിരിവുകൾ.
രണ്ട് ബിയറിന്റെ തണുപ്പും നാലര പെഗ്ഗിന്റെ ചൂടും അവനെ ചൂഴ്ന്നു.രാത്രി അനാഥനാക്കുമ്പോഴും ഒരു ഹൃദയം ആ ഏകാകിയുടെ സിരകളിൽ തൊട്ടു.
ബീച്ച് റോഡിലൂടെ നടന്നു വന്ന ഒരാൾ വിളക്കുകാലും മണൽപ്പരപ്പും കടന്ന് അവന്റെ അരികിലിരുന്നു.മങ്ങിയ വെളിച്ചത്തിലും നഷ്ടപ്പെട്ട ഒരു പകൽദു:ഖം അയാളുടെ മുഖത്തു കനത്തു.കടലിന്റെ വിദൂരതയിൽ നിന്നും അയാൾ ആരെയോ കാത്തിരിക്കുമ്പോലെ.
ഇന്ന് മൈഥിലി വിളിക്കാത്തതെന്തെന്ന് രാമന്റെ മനസ്സുരുകി. യാത്രയുടെ പൊരുളുകൾ അവന്റെ ചിന്തകളെ ഉഴുതു.കാത്തിരിപ്പിന്റെ പാളത്തിൽ വടക്കോട്ടുള്ള ഒരു വണ്ടി ഹൃദയമിടിച്ചു നിന്നു.റിക്ഷയുടെ കിതപ്പിൽ നിന്ന് പാളത്തിലേയ്ക്കുള്ള ദൂരത്തിലാണ് മൈഥിലി വിളിച്ചത്.അവൾ അങ്ങനെയാണ്. എത്ര കാത്തിരുന്നാലും തെരക്കുകളുടെ കൂമ്പാരത്തിലാണ് അവളുടെ വിളിച്ചെടികൾ പൂക്കുന്നത്. അതിന്റെ സുഗന്ധം കൊണ്ട് രാമന്റെ ദിനസരികൾ.
വണ്ടി നിരങ്ങി നീങ്ങുമ്പോഴും അവൻ അവളോട് എന്തൊക്കെയോ പരാതികൾ പറഞ്ഞുകൊണ്ടിരുന്നു. അവൾ ചോദിച്ചു: – നീയിപ്പോൾ എവിടെയാണ്. – അതൊക്കെയുണ്ട് – അവൻ അങ്ങനെയേ പറയൂ. – നീയെന്നെ തനിച്ചാക്കി പോയില്ലേ.. പിന്നെ എന്തിനാണറിയുന്നത്.- അവന്റെ വാക്കുകൾ ഒരു കൊച്ചു കുട്ടിയുടെ സിദ്ധാന്തം പോലെ വിതുമ്പി.രാമന്റെ ശാഠ്യങ്ങൾ അങ്ങനെയൊക്കെയാകുമ്പോൾ മൈഥിലി പറയും.. – ഒരു കുത്തു ഞാൻ വെച്ചു തരും. – അപ്പോൾ അവൻ നിശ്ശബ്ദനാകും. ആ നിശ്ശബ്ദതയിലും അർത്ഥങ്ങളുടെ കടലിരമ്പുന്നത് അവളറിയും. അപ്പോൾ ജന്മത്തിന്റെ പൂർവ്വസ്ഥലികളിൽ നിന്ന് മനസ്സിലേയ്ക്ക് ചുരക്കുന്ന ഒരീണത്തിൽ അവൾ വിളിക്കും… രാമാ…. ന്റെ രാമാ…
മൈഥിലിയുടെ സംബോധനകൾ അവൻ കേൾക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്. എങ്കിലും അവൾ മനസ്സുകൊണ്ട് വിളിക്കുന്നത് അവനെപ്പോഴും കേൾക്കും.
അനുയാത്രികരുടെ മനസ്സു പോലെ പാത അങ്ങനെ നീണ്ടു കിടന്നു.വണ്ടിയുടെ അവസാനബോഗിയും അവനെ കടന്നുപോയി.ഇനി എവിടേയ്ക്കാണ് പോകുന്നത്.നിരാശയുടെ ഒരെളള് അവന്റെ മനസ്സിൽ കുരുത്തു.
വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു യാത്ര. ജീവിതത്തിന്റെ പരപ്പുകളിലേയ്ക്ക് രാമൻ ഓർമ്മകളെറിഞ്ഞു.നിരന്തര സഞ്ചാരത്തിന്റെ ദിനങ്ങളിലെന്നോ അവന്റെ കിനാവുകളിലേയ്ക്ക് ഒരു മഴ പെയ്തിറങ്ങി. മഴയിലൂടെ നനഞ്ഞു നടക്കുമ്പോൾ അവന്റെ മനസ്സ് വല്ലാതെ കുളിർന്നു. മൈഥിലിയെ കാണുന്നത് യാദൃച്ഛികമായാണ്.പിന്നീട് അവളൊരു സാന്നിദ്ധ്യമായി അവ നിൽ നിറഞ്ഞു. അവരുടെ ദിനങ്ങളിൽ വാക്കുകൾ വലിയ ശബ്ദകോശങ്ങളായി. അങ്ങനത്തെ ഒരു ദിവസം ഒരു മുന്നറിയിപ്പും മുഖവുരയുമില്ലാതെ രാമൻ മൈഥിലിയോട് പറഞ്ഞു. – ഇന്നു ഞാൻ വരുന്നു.- അവന്റെ വലതുകാതിൽ അവളുടെ സന്തോഷത്തിന്റെ സ്വരം നിറഞ്ഞു.യാത്രയുടെ ക്ഷീണം കാഴ്ചയുടെ ആകാംക്ഷകൊണ്ട് അവൻ തുടച്ചു.
ഒപ്പം നടന്ന ദിനങ്ങളിലേയ്ക്ക് മൈഥിലി അവനെ കൂട്ടിക്കൊണ്ടുപോയി. മഴ ചാറുന്നുണ്ടായിരുന്നു. അവൻ നിശ്ശബ്ദനായി അവളോടൊപ്പം നടന്നു.- മഴ പെയ്യുമ്പോഴും നിനക്ക് വാക്കുകൾക്ക് വറുതിയോ – എന്ന് മൈഥിലി സന്ദേഹം പറഞ്ഞു. അപ്പോഴും അവൻ ഭൂതകാലത്തിന്റെ ആകാശവും ഭൂമിയും നോക്കി നടന്നു.ചാറുന്ന മഴകൊണ്ട് അവന്റെ മനസ്സുനിറഞ്ഞപ്പോൾ മൈഥിലി അതിൽ നിന്ന് തീർത്ഥം നുകർന്നു. അപ്പോഴാകട്ടെ തീർത്ഥജലത്തിലേയ്ക്കിറങ്ങിവന്ന് അവൻ വിളിച്ചു. – മൈഥിലീ …. –
മൈഥിലിയോടൊപ്പം
അല്പദൂരം സഞ്ചരിച്ചപ്പോൾ അവൻ ഒരു പ്രാർത്ഥനയിൽ നിറഞ്ഞു.രാമൻ മൈഥിലിയുടെ മുടിയിലും ചുമലിലും മെല്ലെ തലോടി. അവൻ അവളെ ഹൃദയംകൊണ്ട് തൊട്ടു.
രാമൻ അങ്ങനെ ചെയ്യുമെന്ന് അവൾക്കറിയാമായിരുന്നു.കാരണം അവൻ അത്രയ്ക്കുമവളെ.. എന്നാലും മൈഥിലി അവനെ കുറ്റപ്പെടുത്തി.ഞാൻ നിന്നെ അങ്ങനെയൊന്നും കാണുന്നില്ലടാ എന്ന് രാമന്റെ ഹൃദയത്തിൽ കുത്തി. ചിലപ്പോഴൊക്കെ അവൾ അങ്ങനെയാണ്.വലിയ കേമിയായി സിദ്ധാന്തങ്ങൾ ചാറ്റും, സ്‌നേഹത്തിന്റെ നാനാർത്ഥങ്ങൾ അറിയാമെങ്കിലും. – ഇഷ്ടത്തെ എങ്ങനെയാണ് മൈഥിലീ നീ നിർവ്വചിക്കുക.- രാമൻ ചോദ്യത്തിന്റെ ഉടലൊരുക്കി. അങ്ങനത്തെ ചോദ്യങ്ങൾ കേൾക്കുമ്പോൾ ചിരിച്ചുകൊണ്ട് അവൾ പറയും.. – കുറുമ്പാ ഞാൻ നിന്നെ കൊല്ലും. – എന്നിട്ട് സ്‌നേഹത്തിന്റെ വ്യാകരണങ്ങൾ കൊണ്ട് പുതിയ പ്രത്യയങ്ങൾ ഉണ്ടാക്കും.അതാണവളുടെ പ്രത്യയശാസ്ത്രം.ദിവസങ്ങളുടെ നിരന്തരങ്ങൾ അവൾ വിശകലനം ചെയ്യും. എന്തിനാണവൾ ഇതൊക്കെ വല്ലപ്പോഴും അവനോട് പറയുന്നത്. ആ..
സൗഹൃദത്തിനും അപ്പുറമുള്ള പച്ചപ്പിലേയ്ക്ക് രാമൻ മൈഥിലിയെ ക്ഷണിച്ചു. അവളുടെ മാറിലും മടിയിലും അവനൊരു കുട്ടിയായി.കവിളിലും ചുണ്ടിലും അവൻ മുതിർന്നു. അപ്പോൾ ലജ്ജയോടെ അവൾ പറഞ്ഞു.. – കള്ളാ നീ അടി കൊള്ളും.
വഴുക്കുന്ന വഴിയിൽ അവനോടൊപ്പം നടക്കുമ്പോൾ മൈഥിലിയുടെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു. അവളുടെ സംസാരത്തിൽ ഇതുവരെയില്ലാതിരുന്ന ഒരു നനവ്.ആശങ്കയുടെ ഒരു തരി അവളുടെ ഹൃദയത്തിലിരുന്ന് പിടഞ്ഞു. അന്നേരം മനസ്സിന്റെ ജൈവഘടികാരം രാമന്റെയുള്ളിൽ വ്യഥയായി വിങ്ങി. അവൻ ഹൃദയം പറിച്ചെടുത്ത് മൈഥിലിയുടെ കൈയിൽ വെച്ചുകൊടുത്തു.സ്പന്ദിക്കുന്ന ഹൃദയം കൈയിൽ ചേർത്തു പിടിച്ച് ആർദ്രമായ ശബ്ദത്തിൽ അവൾ വിളിച്ചു. – എടാ….. – ശാന്തമായ സാന്ത്വനത്തിന്റെ ഗരിമയിൽ രാമൻ ലയിച്ചു.
മഴ കുഴച്ച വഴിയിൽ രണ്ടു പേരും സംസാരിച്ചു നടന്നു. അവന്റെ കാലിടറിയപ്പോൾ മൈഥിലി ഇടം കൈകൊണ്ട് അവന്റെ വലം കൈ പിടിച്ചു.തൃഷ്ണകൾ കോർത്ത നൂലുകൾ വലിഞ്ഞുമുറുകുന്നത് രാമനറിഞ്ഞു. വഴികളേക്കുറിച്ച് അവൻ ബോധവാനായിരുന്നില്ല. വഴിമുറിച്ച് കടക്കുമ്പോൾ അവൾ പറഞ്ഞു. _ നീയെന്നെ വണ്ടീടെ മുന്നീച്ചാടിക്കും.- വഴിയുടെ വ്യാകരണമറിയാതെ അങ്ങനെ നടക്കുന്നത് രാമന്റെ സ്വഭാവമാണ്. ജീവിതത്തിന്റെ ക്രമപ്പെടുത്തലുകൾ അവനൊരിക്കലും വഴങ്ങുകയില്ല.മാന്യതയുടെ കടുങ്കെട്ടുകൾ കൊണ്ട് മനസ്സിനെ മുറുക്കിവെയ്ക്കാൻ അവനിഷ്ടമില്ല. ആധുനികം അവന് ഘോഷയാത്രകളുടെ ജളരൂപവും നഗ്‌നനൃപനുമാണ്. അനന്തമായ വഴി അവരെ പിന്നേയും പിന്നേയും വിളിച്ചുകൊണ്ടേയിരുന്നു.
ഇന്നലെയുടെ സഞ്ചാരത്തിനിടയ്ക്ക് മൈഥിലി എന്തൊക്കെയാണ് പറഞ്ഞത്. ശരിയുടേയും തെറ്റിന്റെയും ബൗദ്ധിക വിശകലനം. ജീവിതത്തിന്റെ പാഠപുസ്തകത്തിൽ തുലനപ്പെടാത്ത ഒരദ്ധ്യായം. ആശങ്കയുടെ നിൽക്കക്കള്ളിയിൽ രാമൻ ജാഗരൂകനായി.ഓർമ്മപ്പെടുത്തലുകൾക്കപ്പുറം അവന്റെ മനസ്സ് തുടിച്ചു.കല്മഷമില്ലാത്ത മനസ്സുകൊണ്ട് രാമൻ തൃഷ്ണകളിലേയ്ക്ക് ഇറങ്ങിപ്പോയി.
സുഷുപ്തിയിലേയ്ക്ക് കടന്നപ്പോൾ മൈഥിലി രാമനിൽ നിറഞ്ഞു.പ്രകൃതി ഒരു സംഗീതമായി അവരിൽ നിറഞ്ഞു.ഉഷസ്സിലും പെയ്‌തൊഴിയാത്ത മഴയിലേയ്ക്ക് മൈഥിലി നോക്കിയിരുന്നു. ദൂരെ… മഴ നനഞ്ഞൊരാൾ.. തെക്കോട്ടുള്ള ഒരു വണ്ടി.. അവളുടെ ചുണ്ടുകൾ വിറച്ചു.വിഷാദം അവൾക്കുമേൽ നനഞ്ഞു.ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് മൈഥിലി വിളിച്ചു.. രാമാ……. ന്റെ ….

