മരണവംശം: സ്ത്രീകളുടെ മുറിവുകളിലും സ്മൃതികളിലും എഴുതപ്പെട്ട ആഖ്യാനം

പി.വി. ഷാജി കുമാറിന്റെ ‘മരണവംശം’ എന്ന നോവൽ കേവലം ഒരു ഗ്രാമത്തിന്റെ കഥയല്ല; അത് ചോരയും കണ്ണീരും കൊണ്ട് എഴുതപ്പെട്ട ഒരു വംശാവലിയാണ്. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന ഏർക്കാന എന്ന മലയോര ഗ്രാമത്തിലെ മൂന്ന് തലമുറകളുടെ ജീവിതത്തിലൂടെ, മനുഷ്യസഹജമായ പകയുടെയും സ്‌നേഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും സങ്കീർണ്ണതകളെ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. പുരുഷാധിപത്യം നിർമ്മിച്ച ഹിംസയുടെ ലോകത്ത് സ്ത്രീകൾ എങ്ങനെ മുറിവേൽപ്പിക്കപ്പെടുന്നുവെന്നും, ആ മുറിവുകളെ അവർ എങ്ങനെ അതിജീവനത്തിനുള്ള കരുത്താക്കി മാറ്റുന്നുവെന്നും നോവലിൽ ആഖ്യാനം ചെയ്യുന്നു.
ഉത്തരമലബാറിലെ പാരമ്പര്യ കലാരൂപമായ പൂരക്കളിയിലെ ‘പൂരമാല’യുടെ പതിനെട്ട് നിറങ്ങളുടെ ക്രമത്തിലാണ് മരണ വംശത്തിലെ അധ്യായങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഘടനാപരമായ സവിശേഷത വായനയെ താളാത്മകമാക്കുന്നതോടൊപ്പം തന്നെ, ഓരോ അദ്ധ്യായം കഴിയുമ്പോഴും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാൽ വായനക്കാരെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. കുരുക്ഷേത്ര യുദ്ധത്തിന്റെ സ്മരണകൾ ഉണർത്തുന്ന പതിനെട്ട് ഭാഗങ്ങൾ പൂർത്തിയാകുമ്പോൾ, ഏർക്കാന പകയുടെയും പ്രതികാരത്തിന്റെയും ഭൂമികയായി പരിണമിക്കുന്നത് നമുക്ക് കാണാം.


കുഞ്ഞമ്മാർ: അതിജീവനത്തിന്റെയും ആർജ്ജവത്തിന്റെയും പെൺരൂപം


ഏർക്കാനയിലെ വംശവൃക്ഷത്തിലെ ഏറ്റവും കരുത്തുറ്റ വേരാണ് കുഞ്ഞമ്മാർ. ആറ് വിവാഹങ്ങൾ കഴിക്കേണ്ടി വന്നവൾ എന്ന നിലയിൽ സമൂഹത്തിന്റെ കടുത്ത പരിഹാസങ്ങളും കുറ്റപ്പെടുത്തലുകൾക്കും അവർ ഇരയാകുന്നുണ്ട്. എന്നാൽ, തന്നെ വ്യക്തിയായി പരിഗണിക്കാത്ത, തനിക്ക് സ്‌നേഹം ലഭിക്കാത്ത ഇടങ്ങളിൽ നിന്ന് ഭയമില്ലാതെ ഇറങ്ങിപ്പോരാൻ കാണിച്ച ആർജ്ജവമാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.
സ്ത്രീപക്ഷ സൗഹൃദത്തിന്റെ മനോഹരമായ ഒരു തലം കുഞ്ഞമ്മാറിൽ കാണാം. തന്റെ ആറാമത്തെ ഭർത്താവ് കോമൻ സന്ന്യാസം സ്വീകരിച്ചു പോകുമ്പോൾ, അയാളുടെ അമ്മ വെള്ളച്ചിയുമായി കുഞ്ഞമ്മാർ പുലർത്തുന്ന ആത്മബന്ധം ശ്രദ്ധേയമാണ്. പുരുഷൻ ഉപേക്ഷിച്ചു പോയ ഇടത്ത് രണ്ട് സ്ത്രീകൾ പരസ്പരം താങ്ങായി മാറുന്ന കാഴ്ചയാണിത്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ അവരായിത്തന്നെ അറിയുകയും മനസിലാക്കുകയും ചെയ്യുന്ന മനോഹാരിത ആ ബന്ധത്തിലുണ്ട്..ശബരിമല ദർശനത്തിനു പോയ കോമൻ അവിടെ വച്ച് സന്ന്യാസത്തിനായി പോയെന്നറിയുമ്പോൾ വെള്ളച്ചിയുടെ സങ്കടം മുഴുവൻ കുഞ്ഞമ്മാറിനെ ഓർത്താണ്. ശാരീരികമായും മാനസികമായും കോമനോട് അടുത്തിട്ടില്ലാത്ത കുഞ്ഞമ്മാറിന് പക്ഷേ അതൊരു വേദനയാവുന്നില്ല.ശേഷം കൊട്ടനുമായുള്ള ബന്ധത്തിലാണ് അവർ ദാമ്പത്യത്തിലെ ചൂടും തണുപ്പും അറിയുന്നത്. വെള്ളച്ചി അനുഗ്രഹവും , സ്‌നേഹവും നൽകി അവർക്ക് കൂട്ടു നിൽക്കുന്നു .കൊട്ടനും കുഞ്ഞങ്ങൾക്കുമൊപ്പം നല്ലൊരു ജീവിതം കുഞ്ഞമ്മാറിനുണ്ടായി.പരസ്പരം അതിയായ സ്‌നേഹവും. പക്ഷേ തന്റെ പോരുകോഴിയായ ചിരൂണ്ടന്റെ മരണം കൊട്ടനെ വിഷാദത്തിലാക്കുന്നു. അയാൾ തന്റെ തോക്കിൽ നിന്ന് വെടിയുതിർത്ത് ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. കഥയുടെ ആരംഭത്തിൽ ജീവിതത്തെ അങ്കത്തട്ടായി കാണുന്ന കുഞ്ഞമ്മാർ കൊട്ടന്റെയും , മകൾ തമ്പായിയുടെയും മരണത്തോടെ തീർത്തും ഒറ്റപ്പെടലിന്റെ വേദനയിലാവുന്നു.
ഒരു രാത്രി, താനത്തെ ചെറിയപോതിയുടെ കാവിൽ വളഞ്ഞു നിൽക്കുന്ന വേരുകളിൽ ഊഞ്ഞാലാടിയ കുഞ്ഞമ്മാർ, ചെറിയ പോതിയെ കാണുന്നു.അവർ കുട്ടികളായി കൂട്ടുകൂടി മണ്ണിലും വിണ്ണിലും കളിച്ചതിൽ പിന്നെ, അവരുടെ ബോധവും ഊഞ്ഞാലുപോലെ ആടാൻ തുടങ്ങി. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ പായ്ക്കപ്പലായി ഉലയുമ്പോൾ കുഞ്ഞമ്മാറിന് ചുറ്റും പൂമ്പാറ്റകൾ വന്നു നിറഞ്ഞു . പിന്നീടൊരിക്കൽ അപ്രതീക്ഷിതമായി ബോധത്തിലേക്ക് തിരിച്ചു വരുമ്പോഴും അവരൊന്നും മറന്നിട്ടില്ലായിരുന്നു. താനും വെള്ളച്ചിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം അവർ മകൻ അമ്പാടിയുടെ ഭാര്യ മാധവിയോടും സൂക്ഷിക്കുന്നുണ്ട്. പ്രമാണിയായ കോമനുമായുള്ള മാധവിയുടെ രഹസ്യ ബന്ധത്തെക്കുറിച്ചു പറയുമ്പോൾ’ ചെല ഇഷ്ടങ്ങളുടെ തെറ്റും ശരിയൊന്നും നിശ്ചയിക്കാൻ നമ്മൊ ആരുമല്ല മാധവീ… എന്നാണവർ പറയുന്നത്. ഏർക്കാനയിലെ മാത്രം ജീവിതം കണ്ട കുഞ്ഞമ്മാർ പക്ഷേ ആ ജീവിതം പഠിപ്പിച്ച തത്വചിന്തയുടെ വിശാലതയിലാണ്. കൊട്ടൻ അവശേഷിപ്പിച്ചു പോയ തോക്കു പോലെ,മരണ വംശത്തിലെ കരുത്തുറ്റ കഥാപാത്രമാണ്.

‘മരിച്ചവരെ അറിയണമെങ്കിൽ ജീവിതത്തിന്റെ സത്യം മനസ്സിലാക്കണം’ എന്ന കുഞ്ഞമ്മാറുടെ തിരിച്ചറിവ് അവരുടെ ആത്മീയവും ദാർശനികവുമായ വളർച്ചയെ സൂചിപ്പിക്കുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെയും ഇഷ്ടങ്ങളെയും വിധി കൽപ്പിക്കാതെ നോക്കിക്കാണുന്ന അവരുടെ നിലപാട് ഒരു വലിയ തത്വചിന്തയുടെ പ്രകാശനമാണ്.


ജാനകി: പ്രതികാരത്തിന്റെ കടും കനൽ

നോവലിലെ ‘പെൺശകുനി’ എന്ന് വിളിക്കാവുന്ന ജാനകി, സ്‌നേഹത്തെക്കാൾ പകയ്ക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രമാണ്. എർക്കാനയിലെ പുരുഷന്മാരെ ഹിംസയിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നതിൽ ജാനകിയുടെ പങ്ക് ചെറുതല്ല. മാതൃത്വത്തെ പോലും അവർ പ്രതികാരത്തിനുള്ള ഉപാധിയാക്കി മാറ്റുന്നു.
സഹോദരൻ കമ്മാരന്റെ അസുഖവും ദുരിതവും നിറഞ്ഞ അവസാന നാളുകളിൽ സ്‌നേഹം നടിച്ചും, അയാളറിയാതെ ഉള്ളിൽ പ്രാകിയും കൂടെ നിന്നതിന്റെ പ്രതിഫലമാണ് ഏർക്കാനയിലെ മണ്ണും ,സ്ഥിരവാസവും. മകനായ കൃഷ്ണനെ അവന്റെ തെറ്റുകളിൽ ശാസിക്കാതെ, രോഗാവസ്ഥയിൽ പോലും മക്കൾക്കും കൊച്ചു മക്കൾക്കും നിരന്തരം പകയൂട്ടുന്ന സ്ത്രീയാണ് ജാനകി.
മകൻ കൃഷ്ണനിലും കൊച്ചുമക്കളായ ചന്ദ്രനിലും, അരവിന്ദനിലും അവർ കുത്തിവയ്ക്കുന്ന പക ബന്ധങ്ങളെയും, സമാധാന ജീവിതത്തെയും ഇല്ലാതാക്കുന്നു. ചന്ദ്രന്റെ മരണശേഷം അരവിന്ദനെ ചാവേറാക്കാനാണ് ശ്രമം. അവരുടെ ചിന്തകളും വർത്തമാനങ്ങളും എപ്പോഴും തങ്ങളുടെ പ്രതിയോഗികളെക്കുറിച്ചാണ്. ആണത്തമെന്നാൽ മറ്റൊരാളെ ഉപദ്രവിക്കുന്നതും, പക വീട്ടുന്നതുമാണെന്ന് അവർ കരുതുന്നു. ഭരതന്റെ അമ്മാവനായ എരിയെ കൊന്ന ശേഷം പാതി ജീവനോടെ കുഴിച്ചിടുന്നത് അവരുടെ മേൽനോട്ടത്തിലാണ്. പാലോർത്തമ്മയെ ഉപാസിച്ച് ഉള്ളിൽ പകയുടെ കടും കനലുകളുമായി ജാനകി. അവർ സ്‌നേഹത്തിന്റെ മധുരം ചേർത്ത്, നിസ്സഹായതയുടെ മുഖം മൂടി ധരിച്ച് തന്റെ പേരക്കുട്ടികളെ ഉപയോഗിക്കുകയാണ്.
സ്വന്തം മക്കളെയും പേരക്കുട്ടികളെയും ശത്രുക്കൾക്കെതിരെ ആയുധമാക്കുന്ന ജാനകി, പൗരുഷം എന്നത് പക വീട്ടിലാണെന്ന് അവരെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. പാലോർത്തമ്മ എന്ന ദൈവത്തെ ഉപാസിക്കുമ്പോഴും അവരുടെ ഉള്ളിൽ കാരുണ്യത്തിന് പകരം പ്രതികാരത്തിന്റെ കടുംകനലായിരുന്നു. ഏർക്കാനയിലെ യുവാക്കളുടെ അകാലമരണങ്ങൾക്ക് പിന്നിൽ ജാനകിയുടെ ഈ വിനാശകരമായ പകയുടെ വിത്തുപാകലുണ്ട്.

അരവിന്ദന്റെയും ചന്ദ്രന്റെയും മരണത്തിന് കാരണം ജാനകിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ചന്ദ്രന്റെ അനിയൻ രാജേന്ദ്രൻ ഭാര്യ അമരയോട് പറയുന്നത് ‘ ഓരേ ഉള്ളിൽ പകയാണേ ആ പക കുടിക്കാൻ നിക്കറ്… ചത്തുപോകും’ എന്നാണ്.

ഈ വാക്കുകൾ ജാനകി എന്ന കഥാപാത്രത്തിന്റെ ആസുരതയെ വായനക്കാർക്ക് മുന്നിൽ കൃത്യമായി വരച്ചുകാട്ടുന്നു.

ഭാസ്‌ക്കരനെ പ്രണയിച്ച നളിനിയുടെ ജീവിതം തകർത്തതും അവരുടെ പിടിവാശിയായിരുന്നു. അതേ ഭാസ്‌ക്കരനെ നളിനിയെക്കൊണ്ട് കൊല്ലിക്കുകയും ചെയ്യുന്നു. കൂടെ നളിനിയും ഇല്ലാതാവുന്നെങ്കിലും. അതവരെ സ്പർശിക്കുന്നില്ല. പക വീട്ടാൻ കഴിഞ്ഞതിന്റെ സംതൃപ്തിയും സന്തോഷവും മാത്രമായിരുന്നു അവരുടെ ഉള്ളിൽ. മറ്റുള്ളവരോടുള്ള വിദ്വേഷം മാത്രം മനസ്സിൽ കൊണ്ടു നടന്ന് പ്രിയപ്പെട്ടവരുടെ ജീവിതം കൂടി ഇല്ലാതാക്കുന്നു ജാനകി.

നളിനി: ചതിക്കപ്പെട്ട പ്രണയത്തിന്റെ വിങ്ങൽ


നോവലിലെ ഏറ്റവും ഹൃദയസ്പർശിയായ കഥാപാത്രമാണ് നളിനി. നിഷ്‌കളങ്കയായ പെൺകുട്ടിയിൽ നിന്ന്, അതിലോലയായ പ്രണയിനിയിൽ നിന്ന് ജീവിതത്തിന്റെ ദുർഘടപാതകളിലൂടെയുള്ള സഞ്ചാരം അവളെ മാറ്റിയെടുക്കുന്നു. രാഷ്ട്രീയവും കുടുംബപരവുമായ പകയുടെ ഇരയായി മാറേണ്ടി വന്നവൾ. ഭാസ്‌കരനെ പ്രണയിച്ചു എന്ന കുറ്റത്തിന് ഭർത്താവിൽ നിന്ന് അവൾ അനുഭവിക്കുന്ന ശാരീരിക മാനസികപീഡനങ്ങൾ. ഭർത്താവിനാൽ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നെങ്കിലും ദാമ്പത്യത്തിൽ നിന്ന് പുറത്തിറങ്ങാൻ അവൾ ശ്രമിക്കുന്നില്ല. ‘ വേദനയും അപമാനവും തുടർച്ചയായി അനുഭവിച്ചു കൊണ്ടിരിക്കുമ്പോ ശീലമാവും. അതാണ് ശരിയെന്ന് തോന്നും’ എന്ന് നളിനി ചിന്തിക്കുന്നുണ്ട്. മാത്രമല്ല വന്നു കയറാൻ അവൾക്ക് ഒരിടമുണ്ടായിരുന്നില്ല. സ്വന്തം എന്നു കരുതിയതൊന്നും പെണ്ണിന് സ്വന്തമല്ലെന്ന് അവൾ തിരിച്ചറിയുന്നത് കല്യാണത്തിന് ശേഷമാണ്… ‘ഒട്ടും സുഖകരമല്ലെങ്കിലും സന്തോഷത്തിലാണ് ജീവിക്കുന്നതെന്ന് നാട്ടുകാരെ കാണിക്കാൻ ആഭരണങ്ങളണിഞ്ഞ്, നിറമുള്ള വസ്ത്രം ധരിച്ച് സിന്ദൂരം കടുപ്പത്തിൽ തൊട്ട് എർക്കാനയിലെ വിവാഹിതരായ സ്ത്രീകൾ തെയ്യം കാണാനെത്തും. പ്രണയ പരാജിതരും നിശബ്ദാനുരാഗികളും പഴയ കാമുകിമാരെ കാണാൻ കാവിലെത്തും.അകന്നുപോയവർ തിരിച്ചുവരുമെന്ന തെയ്യത്തിന്റെ അരുളപ്പാട് കേട്ട് അവർ തിരിച്ചു പോകും അങ്ങനെയൊരു കണ്ടുമുട്ടലിലാണ് ഭാസ്‌ക്കരന് അവളെ തിരികെ കിട്ടുമെന്ന് തോന്നിക്കുന്നത്. പ്രണയകാലത്തിന്റെ അടയാളങ്ങളെ അരുമയോടെ സൂക്ഷിക്കുന്ന ഭാസ്‌ക്കരൻ അവളെ അടുത്തു കാണാൻ മോഹിക്കുന്നു.
എന്നാൽ ജാനകിയുടെ കുതന്ത്രങ്ങളിൽ പെട്ടുപോകുന്ന നളിനി, ഒടുവിൽ പ്രാണനായ ഭാസ്‌കരനെ ചതിയിലൂടെ ഇല്ലാതാക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. ഒരു സ്ത്രീ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ തന്നെ നശിപ്പിക്കാൻ നിർബന്ധിതയായ അവസ്ഥ ആധുനിക ട്രാജഡികളുടെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളുന്നു. കരയിലിട്ട മത്സ്യം പോലെ ഭാസ്‌ക്കരൻ ഉള്ളിൽ പിടയുമ്പോഴും, പ്രതികാര ദുർഗയായി ഹൃദയത്തിന്റെ പാതിയായ ഭാസ്‌കരനെ ചതിയിലൂടെ ഇല്ലാതാക്കാൻ കൂട്ടുനിൽക്കുന്ന നളിനി തന്റെ അപരമുഖം കൊണ്ട് അമ്പരപ്പിക്കുന്നുണ്ട്. എന്നാൽ ഒടുവിൽ ഭാസ്‌ക്കരൻ മനസ്സിൽ സൂക്ഷിച്ച അതേ നൈർമ്മല്യത്തോടെ അവൾ അവന്റെ പിറകേ യാത്രയാവുന്നു.നോവലിന്റെ എല്ലാ ഘട്ടങ്ങളിലും സവിശേഷമായി അടയാളപ്പെടുന്ന കഥാപാത്രമാണ് നളിനി. ഭാസ്‌കരന്റെ മരണശേഷം അവൾ നടത്തുന്ന അന്തിമ യാത്ര, പകയ്ക്കപ്പുറം സ്‌നേഹം തന്നെയാണ് സ്ത്രീമനസ്സിന്റെ ആത്യന്തിക സത്യമെന്ന് തെളിയിക്കുന്നു.
ഏർക്കാന എന്ന ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം നോവലിൽ ഒരു കഥാപാത്രത്തെപ്പോലെ സജീവമാണ്. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ശത്രുതയും കുടുംബങ്ങളും തമ്മിലുള്ള കുടിപ്പകയും ഈ മലയോര ഗ്രാമത്തെ എങ്ങനെ വിഴുങ്ങുന്നു എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നു. പുരുഷന്മാരുടെ പക ഏർക്കാനയെ ചോരക്കളമാക്കുമ്പോൾ, അതിനിടയിൽ പെട്ടുപോകുന്ന സ്ത്രീകളുടെ മുറിവുകളും സ്മൃതികളുമാണ് ഈ നോവലിനെ ഒരു രാഷ്ട്രീയ ആഖ്യാനമാക്കി മാറ്റുന്നത്. ഭൂമിയുമായുള്ള മനുഷ്യന്റെ ബന്ധവും, അതിൽ കലരുന്ന രാഷ്ട്രീയവും പൂരക്കളിയിലെ പാട്ടുകൾ പോലെ നോവലിൽ അലിഞ്ഞുചേർന്നിരിക്കുന്നു.
കുഞ്ഞമ്മാറിലെ അതിജീവനവും, ജാനകിയിലെ ആസുരതയും, നളിനിയിലെ നിസ്സഹായതയും ചേർന്ന് ‘മരണവംശം’ ഒരു ഗ്രാമത്തിന്റെ മാത്രമല്ല, മനുഷ്യസഹജമായ വികാരങ്ങളുടെ ഒരു വലിയ വംശാവലി തീർക്കുന്നു. പുരുഷാധിപത്യപരമായ ചരിത്ര രചനകളിൽ നിന്ന് വിട്ടുപോയ സ്ത്രീകളുടെ സ്മൃതികളെയും വേദനകളെയും പി.വി. ഷാജി കുമാർ ഈ നോവലിലൂടെ ആവിഷ്‌ക്കരിക്കുന്നു.

Share this:

Recently added