ഒസ്യത്ത്‌

ചന്ദ്രികസോപ്പിനെപ്പോഴും
അമ്മയുടെ മണമാണ്.
നിലംപരണ്ടയുടെ പച്ചമിനുപ്പാണ്
കാലിലെ കരപ്പന്റെ പഴുപ്പും നോവുമാണ്

ജൂണിലെ ആദ്യ മഴയ്ക്ക്
സങ്കടങ്ങളുടെ ഓരുവെള്ളത്തിന്റെ
ചൂടാണ് ‘
ഒന്നാം ക്ലാസ്സിന്റെ മൂലയിൽ ഒറ്റപ്പെട്ടൊരിരുട്ടാണ്
നനഞ്ഞ പക്ഷിയുടെ മണമാണ്

ചില പേടികൾക്ക്
അമ്മാമ്മയുടെ കരിമ്പടത്തിന്റെ
പൂതലിച്ച മണമാണ്
ഇരുട്ടിന്റെ കനത്ത കൊമ്പിലെ കൂറ്റൻ ചിറകടിയൊച്ചയിൽ,,
നിശ്ശബ്ദതയെക്കൊത്തി പറിച്ചു തിന്നുന്ന
നെടുളാന്റെ കൂക്കിയിൽ,നെഞ്ചിടിച്ച്
ആറ് എന്ന അക്കംപോലെ ചുരുണ്ട്
അമ്മാമ്മയോടൊട്ടിക്കിടക്കും
ഇന്നും ഇരുട്ടിന്റെയാഴങ്ങളിൽ കൊല ചെയ്യപ്പെടുന്ന നിശ്ശബ്ദതയുടെ ഞരക്കങ്ങൾ ആ പുരാതനഗന്ധമായെന്നെ
പൊതിഞ്ഞു നിൽക്കാറുണ്ട്.

സ്‌കൂളിലെ ഉപ്പുമാവിന്റെ മണത്തോളം
വിശന്നിട്ടില്ലൊരു കൊതിയുമിന്നേവരെ

വാടിയ കണ്ണിമാങ്ങ പോലെ ആദ്യ പ്രണയത്തിന്റെ വെയിൽച്ചുന,
പനിച്ചു പൊള്ളിയൊരുച്ചയുടെ വിളർച്ച പോലെ ബീഡിച്ചുവയുള്ള ചുംബനം

പായൽ മണമുള്ള പച്ചജലരാശിയുടെ
തണുത്ത ചുരുളുകളായി ഏകാന്തതയുടെ സീൽക്കാരം

ഉന്മാദത്തിന്റെ രാസവിഷം കുടിച്ച് പൂത്ത ചെമ്പരത്തിയ്ക് കവിതയുടെ മണം

അങ്ങനെ ഓരോ മണവും ഭൂതകാലത്തിന്റെ പെട്ടിയിൽ അടച്ചുവെച്ച
ജീവിതത്തിന്റെ ഒസ്യത്തുകളാണ്….

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added