( സമർപ്പണം: അകാലത്തിൽ, അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാർക്കും🙏 കാരണം, കക്ഷി രാഷ്ട്രീയമോ, വ്യക്തി വൈരാഗ്യമോ – പലതുമാകാം ! പക്ഷെ, “അമ്മക്കണ്ണീരിന് ” നിറവും രുചിയും ഒന്നുമാത്രം!!! )

പ്രാതൽ ഒരുക്കി അമ്മ മകനെ കാത്തിരുന്നു.
ഉടൻ വരാമെന്നും പറഞ്ഞ് കാലത്ത് ഏഴു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഇപ്പോൾ സമയം ഒമ്പതു കഴിഞ്ഞു –
മകന് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ് അമ്മ ഇന്ന് തയാറാക്കിയിരിക്കുന്നത്. കപ്പയും മീൻകറിയും വറുത്തെടുത്ത മുളകും ചേർത്ത് മകൻ ഭക്ഷണം കഴിക്കുന്ന കാഴ്ച ‘അമ്മക്കെപ്പോഴും കൗതുകകരമാണ്.
നല്ല ഭക്ഷണവും സുഹൃത്തുക്കളും ചെറുപ്പം തൊട്ടേ അവന്റെ ബല ഹീനതയാണ്. ഭക്ഷണം എടുത്തുവെച്ചപ്പോഴാണ് രണ്ടു സുഹൃത്തുക്കൾ വന്നു വിളിച്ചത്.അവർക്കൊപ്പം പുറത്തേക്കിറങ്ങുമ്പോൾ ഭക്ഷണത്തിലേക്കും, സുഹൃത്തുക്കളുടെ മുഖത്തേക്കും മകൻ മാറി മാറി നോക്കുന്നതു കണ്ട് അമ്മയ്ക്ക് ചിരി വന്നു –

സമയം നീങ്ങവേ, തുറന്നു വെച്ച ചായയിൽ പാട കെട്ടി. അമ്മ, വിരൽതൊട്ടു പാട നീക്കുവാൻ മുതിർന്നെങ്കിലും പിന്നെ, വേണ്ടെന്നു വെച്ചു.

മകൻ ഇപ്പോൾ വരും! വരട്ടെ – അമ്മ കാത്തിരുന്നു.
ആ കാത്തിരിപ്പിനിടയിൽ പുറത്തുനിന്നുള്ള ആർത്ത നാദങ്ങളും, ആക്രോശങ്ങളും അമ്മ അറിഞ്ഞതേയില്ല.!

ഒരുക്കിവെച്ച ഭക്ഷണത്തിലേക്ക് മാത്രം നോക്കി നോക്കിയിരിക്കെ ചായയിൽ ഒരു ഈച്ച വന്നുവീണു.
രക്ഷപ്പെടാനൊരു ശ്രമം – ഒരു പിടച്ചിൽ – തീർന്നു !

ആ കാഴ്ചയിൽ മിഴിയുടക്കി നിന്ന അമ്മയുടെ കണ്ണിൽ നിന്നും, ഒരു തുള്ളി ചോര ചായഗ്ലാസ്സിലേയ്ക്കിറ്റു വീണു.
നിമിഷങ്ങൾക്കകം ചത്ത ഈച്ചയും, പാട കെട്ടിയ ചായയും രക്തവർണ്ണമായി ..!

Share this:

Recently added