നിലാവുള്ള ആ രാത്രിയിലെ അവസാനത്തെ യാത്ര .
ഓട്ടോയിൽ യാത്ര ചെയ്യുന്ന ഹെലൻ
ഓട്ടോ ഓടിക്കുന്ന ഹരിപ്രസാദ്.
നിലാവിലും നക്ഷത്രവെളിച്ചത്തിലെ പാറി പറക്കുന്ന ഹെലന്റെ എണ്ണ വറ്റിയചുരുണ്ട മുടിയിഴകൾ. കണ്ണുനീർ പുറത്തേക്ക് തള്ളി വീഴാൻ തുടങ്ങി നിൽക്കുന്ന നിറം മങ്ങിയകണ്ണുകൾ. വണ്ടിയുടെ ഉയർന്നു താഴ്ചക്കിടയിൽ കുപ്പിവളകൾകൂട്ടിയിടിക്കുന്ന ശബ്ദങ്ങൾ . അതൊരു താളം പോലെ ഹരിയുടെ കാതുകളിൽ.
ഹെലനിലാകട്ടെ നെഞ്ചിനകത്ത് ഈർച്ചവാളുകൊണ്ട് നെടും ചേദിക്കുന്ന പോലെ.
ഇതേപോലുള്ള എത്രയോ യാത്രകൾ
എത്രയോ ലോഡ്ജ് മുറികൾ. ശരീരം പങ്കിട്ടെടുത്ത , മുറിവേൽപ്പിച്ച എത്രയോ പേർ….
കണക്കോർമ്മയില്ല. ഹെലൻ മുഖം വെട്ടിച്ച് തെരുവിലേക്ക്…. പാതിയുറക്കത്തിലേക്ക് വന്നു വീഴുന്ന തെരുവ്. തെരുവിന് ഇപ്പോൾ പിഴച്ച . സ്ത്രീയുടെ ഗന്ധം. തെരുവിന്റെ അവസാനത്തെ കോണിലേക്ക് ഒരു വലിയപാലത്തിലൂടെ കടന്നു വേണം ഹെലന്റെ വീട്ടിലെത്താൻ. ആ പാലത്തിലൂടെ എത്രയോ തവണ കടന്നുപോമ്പോൾ ഹെലൻ ചിന്തിച്ചിട്ടുണ്ട്.
താഴേക്ക് എടുത്ത് ചാടിയാലോ…. എന്ന്
അപ്പോഴേക്കും വീട്ടിലുള്ള അനിയത്തിമാരുടേയും, വൃദ്ധയായ അമ്മയുടേയും മുഖമായിരുന്നു വിലങ്ങായി വീഴാറുള്ളത്. ഇന്ന് അവരെല്ലാം രക്ഷപെട്ടിരിക്കുന്നു.
അതോടെ എന്റെ വേഷവും അഴിച്ചു വെക്കാറായിരിക്കുന്നു. പാലം അടുത്തു വരുന്നു.
“ചാടിയേക്കാം”
ഹെലൻ തീരുമാനിക്കുന്നു.
ഇന്നത്തെ അതിഥി ഒരു കിഴവൻ സേട്ട്ജി സമ്മാനിച്ച പച്ച കുപ്പിവളയും നോട്ടുകെട്ടുകളും കൈയ്യിലുണ്ട്. അത് ഹരിക്ക് കൊടുക്കാം. എത്രയോ കാലങ്ങളായുള്ള എന്റെ സ്ഥിരം സാരഥിയാണ്. എന്നെ കൊണ്ടു പോകും തിരിച്ചു വീട്ടിൽ വിടും. ഇതുവരെ ഞങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. ജീവിക്കാൻ വേണ്ടി മാത്രമായതു കൊണ്ടല്ലേ അവനും എനിക്ക് തുണയായി വരുന്നത്.
പാലം അടുത്തെത്തി. ഹെലൻ പറഞ്ഞതനുസരിച്ച്, ഹരി ഓട്ടോ നിർത്തി.
കുപ്പിവളകളും , പണപൊതിയും ഹരിയുടെ കയ്യിൽ ഏൽപ്പിച്ച് അവൾ പാലത്തിന്റെ മുകളിലേക്ക് കയറി. അഗാധമായ താഴ്ചയിൽ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്ക്.
ജീവിത ലക്ഷ്യം നിറവേറ്റിയ പുഞ്ചിരിയോടെ കണ്ണുകൾ ഇറുകിയടച്ച് അവൾ താഴേക്ക് ചാടാൻ ഒരുമ്പെട്ടു.
പെട്ടെന്ന് …. ഒരു കൈ അവളെ ബലമായി പിറകോട്ട് വലിച്ചു.
ഹരിയുടെ ബലമായ കൈകൾ അവൾ തള്ളി മാറ്റാൻ ശ്രമിച്ചു.
എനിക്ക് … മരിക്കണം …. എന്നെ തടയരുത് ….പ്ലീസ് ….
ഹെലൻ അവന്റെ മുഖത്തു നോക്കാതെ കുതറാൻ ശ്രമിച്ചു.
പച്ചകുപ്പിവളകൾ ഞെരിഞ്ഞ് ഉടച്ച്, നോട്ടുകെട്ടുകൾ ഉയരത്തിലേക്ക് വലിച്ചെറിഞ്ഞ് ഹരിപ്രസാദ് പറഞ്ഞു.
“ഇത്രയും കാലം നീ മരിച്ചിരിക്കുകയായിരുന്നു. ഇനി നീ പുനർജനിക്കണം. മരിച്ചവരുടെ ഒരു ജനനം കാണാൻ സാക്ഷിയായി ഞാനുമുണ്ട് “
അപ്പോൾ ആദ്യമായി ഹെലൻ ഹരിയുടെ ശബ്ദo കേട്ടു.
