അകലേയ്ക്കു നോക്കി
-യിരിപ്പാണാ പൈതൽ
ഒരു വേള പോലും
കൺചിമ്മാതെ..

മിഴികളൊന്നിടറിയാൽ
കാണാതെ പോകുമെ
-ന്നച്ഛനെയെന്നവൻ
ആധിയാലേ..

ഇടവഴിയിലൂടെ
കടന്നു വരുന്നൊരാ
വെട്ടമവന്റെ മനം
കവർന്നൂ…

മുറ്റത്തിന്നരികിലാ
-യണയുന്നൊരാൾ രൂപം
കണ്ടു, കൊതിയോടെയാ പൈതലും.

പിച്ചവച്ചവനോടിയരിക
-ത്തണയുമ്പോൾ
അച്ഛന്റെ കണ്ണിലും
നീർ നിറഞ്ഞു…

അച്ഛേ,യെന്നൊരു വിളി
കേൾക്കുവാ നേറെയായ്
കൊതിയെന്നിലുണ്ടെന്റെ പൊന്മകനേ…

കൂടെയിരിക്കാനും
കൂടിക്കളിപ്പാനും
കൊതിയേറെയുണ്ടെന്റെ
നെഞ്ചിലായി…

മക്കൾ തൻ കൊഞ്ചലും
നിർമല സ്നേഹവും
നിർവൃതിയോടെന്നും കണ്ടു നിൽക്കാൻ

ഒരുപാട് മോഹങ്ങ
ളച്ഛനുണ്ടേ, യെന്റെ
കുഞ്ഞിനെ കൊഞ്ചിക്കാൻ
ദാഹമുണ്ടേ.

ആവതില്ലല്ലോ
തിരിച്ചു പോയീടണം
ജീവിതപ്രാരാബ്ധം
തീർത്തീടുവാൻ.

നല്ലൊരു ജീവിതം
നിനക്കു നൽകീടുവാൻ
പോയതാണോമനേ,
നീ പൊറുക്കൂ.

Share this:

Recently added