ഹമ്പി.. കണ്ണുകൾ കണ്ടത്, ഹൃദയം എഴുതിയത്..

‘ എത്തറ ദൂരത്തിലാണോ ‘

ഹമ്പിയിലേക്കൊരു യാത്ര എന്ന് ചിന്തിക്കുമ്പോഴൊക്കെ ഈ ഒരുപാട്ട് എന്റെ ചുണ്ടിൽ വന്ന് തിക്കുമുട്ടുമായിരുന്നു

കർണാടകയിൽ ആണെങ്കിലും വേറെ ഏതോ വിദൂരദേശത്ത് എത്തുന്നത്രയും ദൂരമുണ്ടെന്ന്
തോന്നിക്കുന്ന ഇടമായി അതങ്ങിനെ കിടന്നു..
കേരളത്തിൽ നിന്ന് ഹമ്പിയിലേക്ക് നേരിട്ടുള്ള ട്രെയിനോ വിമാനസർവീസോ ഇല്ല..
അരുചിയുള്ള ഭക്ഷണ പരമ്പരകളും.. ചിലപ്പോഴൊക്കെ വൃത്തിഹീനമായ ടോയ്ലെറ്റുകളും എന്നിരുന്നാലും ഏറ്റവും പ്രിയപ്പെട്ട യാത്ര ഏതെന്നു ചോദിച്ചാൽ അത് ട്രെയിൻ തന്നെയാണ്..ഇന്ത്യൻ റെയിൽവേയെ വിശ്വസിച്ചു സാധാരണക്കാരുടെ ആഡംബരമായ AC കോച്ചിലിരുന്ന് ഹോസ്‌പ്പെട്ട് സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ഞാൻ ഏറെ സന്തോഷവതി ആയിരുന്നു..

പുലർച്ചെ മങ്ങലിൽ ബസ് ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പച്ചപ്പിനിടയിൽ പതുങ്ങിയിരിക്കുന്ന കല്ലുകൾ.. മാറി മാറി വരുന്ന കല്ലുകളും മലകളും..അത് തന്നെ തന്നെയായിരുന്നു ഹമ്പിയിലെ എന്റെ ആദ്യകാഴ്ച..

ഹമ്പിയെ പറ്റി എഴുതണമെങ്കിൽ അക്ഷരങ്ങൾ വെള്ളാരം കല്ലുകൾ പോലെ മിനുസപ്പെടണം.. എന്നാലേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉരുളൻകല്ലുകൾ നിറഞ്ഞ തെരുവിലേക്ക്ക് നിങ്ങൾക്ക് കാലെടുത്തു വെച്ച് നടന്ന് കയറാൻ പറ്റൂ..
എന്നാലേ നീണ്ടു കൂർത്ത നിഴലുകൾക്കും പൊള്ളിയടർന്ന കല്ലുകൾക്കും ചിതറി വീണ വാക്കുകൾക്കും അർത്ഥമുണ്ടാവൂ..എന്നാലേ മുറിവുകൾ മായ്ക്കാത്ത വാക്കുകൾ കൊണ്ട് മനസ്സിന്റെ അകത്തളത്തിൽ നിന്ന് നേരെ പുറത്തേയ്ക്ക് വീണ വരികളെ നിങ്ങൾക്ക് വായിച്ചെടുക്കാൻ പറ്റൂ..

സൂര്യനും നിഴലിനുമിടയിൽ ഹമ്പി…

സ്വപ്നമോ യഥാർഥ്യമോ എന്ന് തോന്നിപ്പിക്കുന്ന പുരാതന ക്ഷേത്രശേഷിപ്പുകളുടെ വിശാലഭൂമി
സ്വർണം പോലെ വിളങ്ങിയ ഭൂമി. സ്വപ്നങ്ങൾ കൊണ്ട് വളർന്ന സംസ്‌കാരം.. വിജയ നഗര സാമ്രാജ്യത്തിന്റെ ഹൃദയം..ഹമ്പിയിലെ നിശബ്ദതയിൽ ഒരു കാലത്ത് മുഴങ്ങിയത്
വാണിജ്യത്തിന്റെ ശബ്ദവും വാളിന്റെ മിന്നലുകളുമായിരുന്നു

സുൽത്താൻമാരുടെ അധിനിവേശത്തോടെ
എല്ലാം തകർന്നു.. തളിക്കോട്ട യുദ്ധത്തിൽ ഓരോ ക്ഷേത്രങ്ങളും ശില്പങ്ങളും നശിപ്പിക്കപ്പെട്ടു. കയ്യും കാതും ശിരസ്സും അറ്റ്
കബന്ധം പോലെ..കരിങ്കല്ലിൽ കൊത്തിയ ശില്പങ്ങൾക്ക് ഇത്രയും ആഴത്തിൽ മുറിവുണ്ടാക്കാൻ പറ്റുമോ…എന്നാൽ അത് അവിടുത്തെ മനുഷ്യരിൽ ഉണ്ടാക്കിയ മുറിവ് എത്രത്തോളം ആയിരിക്കും.. ഞാൻ അത്ഭുതപ്പെട്ടു

ഹമ്പിയിലെ കാഴ്ചകൾ കിലോമീറ്റർ കണക്കിന് ചിതറിക്കിടക്കുകയാണ്..തുണ്ടു തുണ്ടുകളായി…നഷ്ടങ്ങളാണ് നിരത്തിവെച്ചിരിക്കുന്നത്. ജീവിതം പോലെ..

ഹമ്പി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് കരിങ്കല്ലിൽ തീർത്ത ഒരു രഥത്തിന്റെ ചിത്രമാണ്.. നമ്മുടെ അമ്പതു രൂപ നോട്ടിൽ ആലേഖനം ചെയ്ത ഹമ്പിയുടെ ഈ മുഖമുദ്ര വിറ്റാല ക്ഷേത്രത്തിനു മുൻപിൽ നിലകൊള്ളുന്നു .ഹമ്പിയിലെ കല്ലുകൾക്കിടയിൽ അത് ഒറ്റയ്ക്കാണ്…ചലിക്കാൻ ജനിച്ചിട്ടും നിശ്ചലമായി നിൽക്കേണ്ട വിധി.. അതുതന്നെയാണ് അതിന്റെ വേദനയും..

.ക്ഷേത്രത്തിന്റെ ഭംഗിയും ആഡംബരവും കൊത്തുപണികളും വർണ്ണനാതീതമാണ് ..വിറ്റലയിലെ സംഗീത സ്തംഭങ്ങൾ വളരെ പ്രസിദ്ധമാണ്
കല്ലുകൾ തട്ടുമ്പോൾ വിവിധ ശബ്ദങ്ങൾ
ഉണ്ടാകുന്ന അത്ഭുതം..ചുമരുകളിലെ വിള്ള ലുകളിൽ കാലത്തിന്റെ വിരളയടയാളങ്ങൾ

അടുത്തുള്ള വിരൂപാക്ഷ ക്ഷേത്രത്തിൽ ഇന്നും ആരാധന നടക്കുന്നുണ്ട്.കാലം മറക്കാത്ത കഥകൾ ഉയർന്നുനിൽക്കുന്ന
ക്ഷേത്ര ഗോപുരത്തിൽ കൊത്തിയിരിക്കുന്നു
കാറ്റുപോലും ഇവിടെ മന്ത്രം ചൊല്ലുന്ന പോലെ.. ശിവന്റെ സാന്നിധ്യം ഹൃദയത്തെ തൊട്ടുണർത്തുന്നു

വിരൂപാക്ഷക്ഷേത്രത്തിന് സമീപം കാണപ്പെടുന്ന മാതംഗ ഹിൽ ഹമ്പിയിലെ സൂര്യോദയവും സൂര്യാസ്തമയവും കാണാൻ
ഏറ്റവും നല്ല സ്ഥലമാണ്.. തൊട്ടടുത്ത്
കാറ്റ് മൃദുവായി തഴുകുമ്പോൾ ഒരു ദൈവിക സ്പർശം പോലെ ഹേമകൂട പർവതം. മനസ്സിലെ എല്ലാ ഭാരങ്ങളും ഇവിടെ എത്തുമ്പോൾ പതുക്കെ ഒഴിഞ്ഞു പോകുന്നു..

ലോട്ടസ് മഹൽ..കമലം പോലെ രൂപ കല്പന ചെയ്ത മനോഹര ഭവനം..എലിഫന്റ് സ്റ്റേബ്ൾസ്.. രാജകീയ ആനകളെ പാർപ്പിച്ചിരുന്ന സ്ഥലം..രാജകീയ പാതകളും മാർക്കറ്റുകളും.. രാജധാനിയുടെ അവശിഷ്ടങ്ങൾ..

ബാലിഗുഹയുടെ തണുപ്പിൽ കയറി ഇറങ്ങിയും ഹനുമാൻ കുരങ്ങൻമാർക്ക് തീറ്റകൊടുത്തും…

രാജാവിന്റെ സീക്രെട് ചാമ്പിലെ ഇരുട്ടിൽ നടക്കുമ്പോൾ രാജാക്കൻ
മാരുടെ ആഘോഷങ്ങളും രാജസഭകളും നടന്നിരുന്ന ഒരു കാലത്തിന്റെ എക്കോ കേൾക്കുന്നതുപോലെ തോന്നി…കല്ലിൻ നഗരത്തിന്റെ മൗനത്തിൽ ഞാൻ കേട്ടത്
രാജാക്കൻമാരുടെ പടവെട്ടുകളുടെ ഇടി
മുഴക്കങ്ങൾ

ചില സ്ഥലങ്ങളിൽ ചെറിയ രൂപത്തിൽ മത്സ്യങ്ങൾ, മൃഗങ്ങൾ,മനുഷ്യ ജീവിത രംഗങ്ങൾ എന്നിവ കൊത്തിയിരിക്കുന്നത് കാണാം.
മത്സ്യം ഹമ്പിയിൽ സാധാരണ അലങ്കാരം മാത്രമല്ല..പുഷ്‌കരിണി (കുളം )ഉള്ള സ്ഥലങ്ങളിൽ മത്സ്യം ജലത്തിന്റെ പ്രതീകങ്ങളാണ്..

രാജവീഥിയിൽ പട്ടുമണമുള്ള വിരുന്നുകൾ
പൊന്നു പാത്രങ്ങളിൽ നിറഞ്ഞ വിഭവങ്ങൾ
ജീവിതത്തിന്റെ രുചികൾ ഒരു കാറ്റായി എത്തി ഹമ്പിയുടെ അടുക്കളയിൽ നൃത്തം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു

മൺചട്ടിയിൽ തിളച്ചു പൊങ്ങുന്ന അരി..മുളകിന്റെ ചൂട് ചുംബിച്ച കറിക്കൂട്ടുകൾ… ചോളക്കഞ്ഞി.. ഓട്ടു കിണ്ണത്തിൽ സാധാരണ ജനങ്ങളുടെ ജീവിതം ഇന്നും തുള്ളി തുളുമ്പുന്നു

ഹമ്പിയിലെ ചായയ്ക്ക് ഇത്തിരി മധുരം കൂടുതലാണ്.. എന്നാൽ അധിക വിലയൊന്നുമില്ല.. ഗ്ലാസിൽ ചായ ബാക്കിവന്നാൽ അത് കുടിക്കാനായി വാനരസംഘവും ഉണ്ട്..

ഹമ്പിയുടെ ആത്മാവ് തുംഗഭദ്ര നദിയുടെ
ഇരുലാഴങ്ങളിൽ ആണ്..
തുംഗഭദ്ര തീരത്തെ കാറ്റ് മുടിയിഴകളിൽ കഥമെനയുമ്പോൾ എന്റെ ശ്വാസം പോലും കവിതയായ് മാറുന്നു..
നദിയെ ഒറ്റ ചുംബനത്താൽ ചുവപ്പിച്ചു സൂര്യൻ പതുക്കെ മറയുമ്പോൾ ആകാശം ചുവപ്പ് രാശിയിൽ നിറയുന്നു.. ഒരു ചിത്രകാരന്റെ ക്യാൻവാസിലെന്നപോലെ.

തുംഗഭദ്ര ഡാം സൈറ്റ് കാണാതെ നിങ്ങൾക്ക് ഹമ്പിയിൽ നിന്നൊരു മടക്ക യാത്ര സാധ്യമല്ല. ചുറ്റും ഗാർഡൻ..വ്യൂ പോയിന്റുകൾ.. പ്രകൃതിയും മനുഷ്യ ശക്തിയും ചേർന്ന ഒരത്ഭുത സൃഷ്ടി..

സൺഗ്ലാസ് ഉറക്കത്തിൽ പോലും വെയ്ക്കുമെന്ന് പണ്ടേ അപഖ്യാതി ഉള്ള ഞാൻ ഗ്ലാസ് വെച്ച് മുഖം മറച്ചിട്ടും
ദുപ്പട്ട കൊണ്ട് ദേഹം മൂടിയിട്ടും
ഹമ്പി എന്നെ തൊട്ടുപോയി എന്നതിന്റെ തെളിവായി സൂര്യന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ഇരുണ്ട നിറം എന്റെ കഴുത്തിലും കൈത്തണ്ടയിലും മാസങ്ങളോളം കരുവാളിച്ചു കിടന്നു..ഹമ്പിയുടെ നെഞ്ചിൽ കാലം ആഴത്തിൽ കൊത്തിയ മുറിവ് പോലെ..

തിരിച്ചുള്ള വരവിൽ ജനാലയ്ക്കപ്പുറം കാഴ്ചകൾ മാറുന്നു..എങ്കിലും എന്റെയുള്ളിൽ മാറാതെ നിൽക്കുന്നത് ഹമ്പിയുടെ അതെ സന്ധ്യ..ഒരുപാട് ദൂരം വന്നിട്ടും
എന്റെ ഹൃദയം ഇപ്പോഴും പഴയ കല്ലുകളിൽ ഒന്നിൽ ഇരുന്ന് സൂര്യാസ്തമയം നോക്കി കാണുകയാണ്..

കാണാൻ പോയ കാഴ്ചകൾ ഇപ്പോഴും ഉള്ളിൽ താമസിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ ഗോപുരങ്ങൾക്കിടയിൽ കാറ്റ് പാടുന്നു
തകർന്ന വിഗ്രഹങ്ങൾ കണ്ണടയ്ക്കാതെ എന്നെ നോക്കുന്നു… സന്ധ്യകൾ ചുവപ്പ് കല്ലിൽത്തിളങ്ങുന്നു… എന്റെയുള്ളിൽ മലയോളം വളർന്ന് വളർന്ന് പാറകൾ ഒന്നിന് മുകളിൽ ഒന്നായ് പ്രകൃതിയുടെ അത്ഭുതം പോലെ..

പാറകളുടെ നിഴലിൽ വിജയ നഗര
സാമ്രാജ്യത്തിന്റെ സ്വപ്നങ്ങൾ ചിതറി കിടക്കുന്നു..അതിൽ ഓരോ കല്ലും ഒരു കഥയുടെ അവസാന വരി….

Like this:
Share this:
About Author

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added