മുദ്രപ്പത്രത്തിലൊപ്പിട്ടു കൊടുത്തപ്പോൾ ചെട്ടിയാരുടെ മുഖമൊന്നയഞ്ഞത് പരമു ശ്രദ്ധിച്ചിരുന്നു. ആശുപത്രിയിൽ ബാക്കി കെട്ടാനുള്ള തൊകയ്ക്കായിട്ടാ. പിന്നെ വാടകയടക്കാതെ പുറകിലെ മുറിയില്‍ കെടക്കാം. ഒരു വർഷത്തേക്ക്.മുന്നിലൊള്ള മുറികളിൽ വാടകക്കാരു വരും. ഒരു നോട്ടം കിട്ടുമല്ലോ. വ്യവസ്ഥകളും സാഹചര്യങ്ങളും വിവരിച്ച് വത്സൻ മെമ്പറ് മുഖം തിരിഞ്ഞു നിന്നു.
ഒരാണ്ടു കഴിഞ്ഞാൽ.. അതപ്പം തീരുമാനിക്കാം.. പറഞ്ഞോ എഴുതിയോ ഉറപ്പിക്കാത്ത ആ വ്യവസ്ഥ
മൂന്നാളിന്റേയും ഉള്ളിൽ തെളിഞ്ഞു. വ്യത്യസ്തമായ മൂന്ന് രൂപങ്ങളിൽ.
പുറകിലത്തെ ചാവടിയിലെട കൊറവാ. മുന്നിലെ ഒരു ചക്രത്തിന്റെ താളപ്പിഴയിൽ ഞരങ്ങുന്ന വീൽ ചെയർ തൊടാപ്പാടകലെയെത്തിരിക്കുന്നു. എട കൊറയും തോറും അടുത്തടുത്തുവരും. ചലനമറ്റവയും അറ്റു കൊണ്ടിരിക്കുന്നവയും…… ചലിക്കാൻ പാങ്ങുള്ളവ അകന്നകന്നും….
സ്വന്തം വീട്ടിലൊരു വാടകക്കാരനായി,
പാതി ചത്ത ശരീരവും മനസ്സുമായി പരമേശ്വരൻ കണ്ണുകളിറുക്കിയടച്ച് മലർന്നു കെടന്നു.
സുഷുമ്ന തകർന്നവർക്കായി നീക്കിവച്ചിട്ടുള്ള കട്ടിലുകളിലൊന്നിൽ എടവെട്ടു വെട്ടി വീഴ്ത്തപ്പെട്ട രണ്ട് തെങ്ങിൻ തടിക്കഷണങ്ങൾപോലെ ഒന്നര മാസം മുമ്പ്
തുടങ്ങിവച്ച അതേ കിടപ്പ്.
അരക്കെട്ടിനു നടുക്ക് ഒരു ശിബിരമുയർന്നു നിന്നു. തളരാതെ നില്ക്കുമാ ദൃഢധ്വജത്തിൽ ഉയർന്നു പാറിയിരുന്നത് വിജയമോ പരാജയമോ..
തിരിച്ചറിയാനാകാതെ സാവിത്രി ഓടി… ഭൂമി വാ പിളർന്നില്ല…..തിരമാലകളുയർന്നില്ല….അവൾ എവിടേക്കോ ഓടി മറഞ്ഞു.
അവൾ വല്ലാതെ ഭയന്നിരുന്നു. അത്ര ആയത്തിൽ,
അത്ര ഉയരത്തിൽ, ഒരു കൊടിയേറ്റം, ഒരുത്സവത്തിനും അവൾ കണ്ടിരുന്നില്ല.
അഭോയ് ദാസ്, പരമേശ്വരനെ ഉരുളൻ തടിയുരുട്ടും പോലെ കട്ടിലിൽ അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി. പൗഡറിട്ട് മിനുക്കി. എടയ്ക്കു വീട്ടിൽ ചെന്നു വലിയ കോടാലീം കൈക്കൊടാലീം രാകി.. വടവും കയറും പുറത്തിട്ടുണക്കി. മുറ്റം തൂത്തുവാരി.. ഏതോകാലത്തു കൂടെക്കൂടിയതാണ്. ചെക്കന്റെ നോട്ടം ശരിയല്ലെന്ന് സാവിത്രി നിരന്തരം മന്ത്രിച്ചു കൊണ്ടിരുന്നെങ്കിലും അവനെ ഒഴിവാക്കിയില്ല. അവൾക്കു തെറ്റിയെന്നു തോന്നിയ കൊണ്ടല്ല.അവനെത്രകണ്ടുയരാനാ, എന്നൊരാത്മ വിശ്വാസം.അത്രതന്നെ. നന്നായി..
ഒന്നും സ്വന്തമായി ചെയ്തു നോക്കീട്ടില്ലേലും, ഒക്കെയ
റിയാം അവന്. എറിക്കാൻ, വക്കത്തൊളയിടാൻ, ചില്ല കോതാൻ… എട വെട്ടിനു കെട്ടാനും വെട്ടാനും… പരമേശ്വരന്റെ വേർപ്പിലെ ഉപ്പുരസം.. മൂത്രത്തിന്റെ സാന്ദ്രത.. കഞ്ഞി വെള്ളം എപ്പം….. കള്ള് എപ്പം…
ഒക്കെ അവൻ പഠിച്ചു.
സമ്മതപത്രം;മുദ്രപ്പത്രത്തിലോ വെള്ളപ്പേപ്പറിലോ ഒന്നു
മല്ലാ..തൂലികയോ മുദ്രവയ്ക്കാൻ പെരുവിരലോ ഇല്ല. മരത്തിന്റെ ഭാഷയിൽ.. പച്ചിലക്കാടിനിടയിലൂടെ കറങ്ങിത്തിരിയുന്ന കാറ്റിന്റെ ഭാഷയിൽ.. കലപില കൂടും കിളിയുടെ ഭാഷയിൽ.. ഇലകൾക്കിടയിലൂടൊഴുകി
യിറങ്ങുന്ന നിലാക്കുളിരിന്റെ ഭാഷയിൽ… സർപ്പങ്ങളിണചേരും പോലെ മണ്ണിനടിയിൽ പിണയുന്ന വേരുകൾ കൈമാറുന്ന സ്വകാര്യ സല്ലാപങ്ങളുടെ ഭാഷയിൽ….. ഒക്കെയെഴുതാനവനെ പഠിപ്പിച്ചിട്ടു വേണം കോടാലി കൈയിൽ പിടിപ്പിക്കാൻ…
.. അതാണ് പ്രകൃതി നിയമം..വണങ്ങി അനുവാദം തേടണം.. മറ്റൊരുത്തൻ പൂജിച്ചുഴിഞ്ഞു വച്ചിരിക്കുന്നത് നോക്കി കൊതിക്കരുത്. അന്യന്റെ മോഹിക്കരുത്.. … നോക്കരുത്… കാണരുത്..
ആയുധം കൈയിൽ പിടിപ്പിക്കുന്നതിനു മുമ്പ് ഇത്താക്കു മാപ്പിള പറഞ്ഞു പറഞ്ഞൊറപ്പിച്ചു വച്ച ആചാരാനുഷ്ഠാനങ്ങള്‍ ഒന്നൊന്നായി മുന്നിൽ തെളിഞ്ഞു വന്നു. പള്ളിക്കൂടം.. ന്ന് കേട്ടിട്ട് പോലുമില്ലാത്ത ഇത്താക്കെങ്ങനെ ഇതൊക്കെ പഠിച്ചൂന്ന്, പരമൂനൊരെത്തും പിടിയും കിട്ടിയിരുന്നില്ല. മേല്ക്കൂര മേഞ്ഞിരുന്ന രണ്ട് തകരപ്പാളികൾക്കിടയിലുള്ള നേർത്ത വിടവിലൂടെ…
സർവ്വകലാശാലയൊ, പ്രവേശനപ്പരീക്ഷയോ, പള്ളിക്കൂടമോ.. എന്തിന് അക്ഷരങ്ങൾ പോലുമോ ഇല്ലാത്ത ഒരു വിദൂരകാലത്തേക്ക് പരമേശ്വരൻ ഉൾക്കണ്ണു തുറന്നു.. ആശാനേ തേടി.
നിശ്ചലമായിക്കിടക്കുന്ന തൊട്ടാലറിയാത്ത തുടകളിൽ
വെറുതെ വിരലുകളോടിച്ചു കൊണ്ടിരുന്നു. എത്ര കാലം…. ഇനി എത്ര കാലം. ഭിത്തിയിൽ ചാരി നിർ ത്തിയ ചിത്രവധക്കൂടു നോക്കി അയാൾ ചരിത്രം അയ വിറക്കിക്കൊണ്ടിരുന്നു.
………. ഏകാനന്ദ ചിദാകൃത്യൈ വൃക്ഷാണാം പതയേ നമ:…. ഏകാക്ഷര്യൈ വനാനാം പതയേ നമ:…….
‘പ’ എഴുതി ചുറ്റും ഒരു വട്ടം വരച്ച് അടിയിൽ രണ്ടു കുത്തും കുത്തി പരമു എന്ന പരമേശ്വരന്റെ തനതായ മുദ്രയ്ക്കു താഴെ മഷിയിൽ മുങ്ങി നിവർന്ന അഭോയ് ദാസിന്റെ പെരുവിരൽ ഞെരിഞ്ഞമർന്നു.മുകളിലെഴു വച്ചിരിക്കുന്ന ലിപികളൊക്കെയും അവനു വെറും ചിത്രങ്ങൾ മാത്രം. എങ്കിലും അവൻ ആവുന്നത്ര ആയത്തില് അമർത്തിപ്പിടിച്ചു. തന്റെ ജീവൻ തന്നെ ആ ലോലമായ കടലാസിലേക്ക് പകർന്നു.
ഇലകളോടും പക്ഷികളോടും പൂവിനോടും വേരിനോ
ടും.. മണ്ണിനോടും അനുവാദം ചോദിച്ചു സമ്മതം കിട്ടിയെന്ന്, സ്വയമൊരു ബോധ്യത്തിലെത്തിയിട്ടേ പരമു മഴു വീശിയിരുന്നൊള്ളു. അതും നാളും നക്ഷത്രോം ഒക്കെ നോക്കി, തിട്ടം വരുത്തി.
രവി മേനോൻ ഡോക്ടറും അങ്ങനെ തന്നെയാ യിരുന്നു. എല്ലാം വിശദമായി പറഞ്ഞു തന്നു.. കൈ വിരൽതുമ്പിൽ നിന്ന് തലച്ചോറിലേക്ക് ഒരു മിന്നലോടിയത്,… അയാൾ തൊട്ടപ്പോൾ.. പരമു കണ്ടവരോടെല്ലാം അങ്ങനെയാ പറഞ്ഞത്.
പുറം നെടുകെ വെട്ടിപ്പിളരുന്നത്… മാംസം വകഞ്ഞു മാറ്റി… എല്ലു പൊളിച്ച് സുഷുമ്ന തൊടുന്നത്.. നെടു നീളത്തിൽ ആണികളും ദണ്ഡുകളുമിട്ട് നട്ടെല്ല് വടി പോലുറപ്പിക്കുന്നത്. അയാൾ പറഞ്ഞതൊക്കെയും പരമു വെള്ളിത്തിരയിലെന്നപോലെ കണ്ടു.
അയാൾക്കു മുന്നില്‍, ഓപ്പറേഷൻ ടേബിളിൽ സാഷ്ടാംഗം പ്രണമിച്ചു കമിഴ്ന്നു കിടന്നപ്പോൾ പരമു വിശ്വസിച്ചിരുന്നു…’ ഒറപ്പായും ഞാൻ വീണ്ടും മരം കേറും… എന്റെ സ്വർഗ്ഗത്തോടടുക്കും’.
വളരെ വൈകിയാണ് പരമുവിനോട് മെമ്പറു പറഞ്ഞ ത്.. മേനോൻ ഡോക്ടറല്ല അത് ചെയ്തത്. അതിലും അനേകം മടങ്ങ് വൈദഗ്ധ്യം സിദ്ധിച്ച, വളരെ പരിചയസമ്പന്നനായ മറ്റൊരാൾ..’ നമ്മള് ചെയ്യാനുള്ളതൊക്കെ ചെയ്തു.. ഒക്കെ വിധി.’
അങ്ങനെ പറയാനൊക്കുവോ? എന്റെ നിശ്ചയോം വിശ്വാസോം… അതിനൊന്നും ഒരു വെലേയില്ലേ….
ഒന്നുവല്ലേലും.. എന്റേതല്ലേ ഈ ശരീരം.. ഓപ്പറേഷനുള്ള പൈസ നാട്ടാരുപിരിച്ചതാണെന്നുവച്ച്;എന്നോടൊ ന്ന് ചോദിക്കുകേലും ചെയ്യേണ്ടീരുന്നില്ലേ?.
മരം വെട്ടി വീഴ്ത്തും മുമ്പ്… ഒരു ശിഖരം മുറിക്കും മുമ്പ്
…..ഒരില പിഴുതെടുക്കും മുമ്പ്.. തൊഴണം… സമ്മതം വാങ്ങണം. മുദ്രപ്പത്രങ്ങളോ സാക്ഷി മൊഴികളോ ന്യായാധിപന്റെ സാന്നിധ്യമോ ഒന്നും വേണ്ട… അങ്ങനെയാ ണല്ലോ.. നാട്ടു നടപ്പ്. നമിക്കണം ;ചുറ്റും നടക്കണം
പരമൂനറിയില്ല.. അതവർക്കു ബാധകമല്ലെന്ന്..അവരുടെ കൈകൾ, ഒരിക്കലും കറപുരളാത്തതാണ്, പരിശുദ്ധമാണ്. അവർ ദേവതുല്യരാണ്. ഇന്ദ്രൻ മിന്നലുതിർക്കുന്നതും ധർമ്മൻ ജീവനെടുക്കുന്നതും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയിട്ടല്ലല്ലൊ.
ആദ്യമായിട്ടന്നയൾ സാവിത്രിയേ വെറുപ്പോടെ ഓർത്തു. ഓപ്പറേഷന്‍റന്നെങ്കിലും ഒന്നു വന്നു കൂടാരു ന്നോ? ആരുമില്ലാതായല്ലോ….
ഒരു കാലത്ത് പരമേശ്വരനേം സാവിത്രീനേം തമ്മിലകറ്റാനൊന്നുമുണ്ടായിരുന്നില്ല; ഒരു കുട്ടി പോലും…
എവിടെയാണേലും കാത്തോളണേ.. സാമീ…
പരമു ബംഗാളിയെ തുറിച്ചു നോക്കി..
കൂടിനുള്ളിലാക്കി, ഇരുകാലുകളും അരക്കെട്ടും പൂട്ടി..
പാരലൽ ബാറുകൾക്കിടയിലൂടെ ഉരുട്ടി.. കഴുകിയുണക്കിയ റബ്ബറ് ട്യൂബിട്ടു മൂത്രം കറന്നെടുത്ത്… ഒരു മാസത്തോളം അങ്ങനെ ആശുപത്രീല്.
ഒക്കെ വെറുതെ… അര തൊട്ടു പെരു വിരൽ തുമ്പു വരെ ഒരു തുടിപ്പുപോലുമുണർത്താനായില്ല.
വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങൾ നിറഞ്ഞ വിടുതൽ
പത്രവുമായി ആംബുലൻസിൽ ആഘോഷമായിത്ത
ന്നെ വീട്ടിലെത്തിച്ചു..ചാവടിയിലേക്ക് മാറ്റി പ്രതിഷ്ഠിക്കും മുമ്പ് രണ്ടാഴ്ച വീടിനുള്ളിൽ പ്രദർശ നത്തിനു വച്ചൂ. നാട്ടാരൊക്കെ ക്യൂ നിന്നു കണ്ടു.
ടിക്കറ്റ് വച്ചാലോന്ന് അഭോയുടെ പൊട്ട ബുദ്ധിയിൽ തോന്നി. അവനതു പരമൂന്റെ ചെവിയിൽ മന്ത്രിച്ചു.
വീഴ്ചയ്ക്കു ശേഷം ആദ്യമായിട്ട് പരമു പുഞ്ചിരിച്ചു.
അഭോയ് ചിരിച്ചില്ല… അതേ കച്ചവടബുദ്ധിയോടെ, അവൻ…. ശിലപോലുറച്ച… ജീവിതത്തെയും മരണത്തെയും പകുത്തു മാറ്റുന്ന, ആ കൊടി മരത്തുമ്പത്തേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു..
