ഒറ്റമുറി


ഒറ്റമുറിയുള്ള തന്റെ വീട്ടിൽ ഇരുന്ന് ആയാൾ ആരും കാണാതെ തേങ്ങി കരയുന്നു ….
ഇന്നലകളിൽ പോയ് മറഞ്ഞ കാലത്തിനൊക്കയും സുഗന്ധവും, സന്തോഷവും, ഉണർവ്വുമുണ്ടായിരുന്നു.
പേരും, പ്രശസ്തിയും , ആദരവും , ബഹുമാനവും നിറഞ്ഞ നിറമുള്ള ദിനങ്ങളയായിരുന്നു.
ഊണും ഉറക്കവും മറന്ന് എഴുതി കൂട്ടിയ കഥകളും, നാടകങ്ങളും…..
വായിച്ചവരും, കണ്ടവരും ആവേശഭരിതരായി വാരി പുണർന്ന് അഭിനന്ദിച്ചു, അംഗീകാരങ്ങളുടെ ഘോഷയാത്രകൾ …. ആ ദിവസങ്ങളുടെ സംതൃപ്തിയടയുമ്പോൾ വീണ്ടും ഒറ്റമുറിക്കുള്ളിൽ തനിച്ചാവുമ്പോൾ… ഉത്തരം കൊടുക്കാനാവാത്ത കുറേ ചോദ്യങ്ങളുണ്ട് …. അത് മകളുടേതോ, ഭാര്യയുടേതോ ആയിരിക്കും.
സ്കൂൾ ഫീസ്…..?
അരി തീർന്നിരിക്കുന്നു…..?
ഗ്യാസ് ….?
ഇലക്ട്രിസിറ്റി ബിൽ ?
ഉടുപ്പ് ….?
സാരി ….?
ആവശ്യങ്ങളുടെ നീളുന്ന ചോദ്യങ്ങൾ …
ഉള്ളം കയ്യിൽ അപ്പോഴും ചുരുട്ടി പിടിച്ച പഴകിയ നോട്ടുകളുണ്ട്.
(ചുരുട്ടി തന്നത് കൊണ്ടാണ് ചുരുട്ടി പിടിച്ചിരിക്കുന്നത് )
നാടകം ചെയ്ത് തിരിച്ചു പോകുമ്പോൾ സംഘാടകർ തരുന്നതാണ്.
“ചെറിയൊരു പൈസ “
അങ്ങനെയാണ് മിക്കവരും പറയാറുള്ളത്. കലാഹൃദയമുള്ളവൻ അതുകൊണ്ടു തൃപ്തിപെടും എന്നുള്ള വിശ്വാസമാണ് അവരുടേത് ….
അതുകൊണ്ട് മേൽ ചോദിച്ച ഒരുചോദ്യത്തിനു പോലും തികയാത്ത ആ ചെടിച്ച നോട്ടുകൾ നോക്കി നിൽക്കും. ഇപ്പോൾ ഗൂഗിൾപേ വഴിയാണ് പലരും പണം അയക്കുന്നത്. നാടകം കഴിഞ്ഞ് പോരുമ്പോൾ ഗൂഗിൾ ചെയ്യാം എന്ന ഒറ്റവാക്കിലും ചിരിയിലും കാര്യം ഒതുങ്ങും. പലപ്പോഴും ഗൂഗിൾ ആവിയായി പോകും.

നിസ്സഹായമായ എന്റെ നോട്ടത്തിൽ തോറ്റു പോകുന്ന അമ്മയും മകളും….

ഒരു കണക്കിന് ഈ വീട് ഒറ്റമുറി ആയത് നന്നായി… വിരുന്നുകാരില്ല… മറ്റു സന്ദർശകരില്ല… ഇവിടെ ഞാനും എന്റെ ഇല്ലായ്മകളും മാത്രം ബാക്കി.

തോൽവികളുടെ നീണ്ട ഈ ജീവിത പ്രയാണത്തിൽ അച്ഛന്റെ അക്ഷരങ്ങൾ മകൾക്ക് പ്രിയപ്പെട്ടതാകുന്നു, പ്രശസ്തി ഭാര്യക്ക് അഭിമാനവും… തോറ്റു പോകുന്നത് ഞാനാണ്…. ഒറ്റമുറിക്കപ്പുറത്തുനിന്നും ആരോ പറയുന്നത് കേൾക്കാം… കക്കാനെങ്കിലും പൊയ്ക്കൂടേ എന്ന്…. അതു കേൾക്കുമ്പോൾ ഒറ്റമുറയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് ഞാൻ കരയും… എന്റെ നാടകത്തിലെ ക്ലൈമാക്‌സ് പോലെ…

Share this:

Recently added