ഒരു നനുത്ത സയാഹ്‌നത്തിൽ റൂമിന്റെ ജാലകത്തിനരികെയായുള്ള ബുക്ക് ഷെൽഫിൽ ഭംഗിയായി അടുക്കിവെച്ചിട്ടുള്ള ബുക്കുകളെ നോവിക്കാതെ, വിടർന്ന കണ്ണുകളോടെ അത്രമേൽ മൃദുവായി അവളൊന്ന് വിരലോടിച്ചു. അതിൽ ഒരു ചുവന്ന ചട്ടയുള്ള ബുക്കിലേക്ക് എന്തുകൊണ്ടോ, സ്വയം അറിയാതെ കൈ നീട്ടി. ആ ബുക്കിൻറെ ഓരോ ഇതളുകളും മറിച്ചുകൊണ്ടവൾ, ജനലോരം ഇളം തെന്നലിന് തഴുകാൻ പാകത്തിൽ നിന്നുകൊണ്ട്, ഒരു നെടുവീർപ്പോടെ ഇന്നലെകളിലേക്ക് പെയ്‌തിറങ്ങി.
പുഷ്പാലകൃതമായ കതിർമണ്ഡപത്തിൽ ആടയാഭരണങ്ങളോടെ ഒരു കൊച്ചു സുന്ദരി. ജാനകിയെന്ന ഞാൻ. ചുറ്റുമുള്ള ആഹ്ളാദ കോലാഹലങ്ങളോടെ അവൻ എന്റെ കഴുത്തിൽ താലി ചർത്തി. അതിനെ തുടർന്ന് ഏതൊരു പെണ്ണിനേയും പോലെ ജനിച്ചു വളർന്ന വീടും നാടും മറികടന്ന് ഗ്രാമീണതയുടെ നൈർമല്ല്യം നിറഞ്ഞു നിൽക്കുന്ന വയലോരത്തുള്ള ഒരു കൊച്ചു വീട്ടിലേക്ക് പറിച്ചുനടപ്പെട്ടു. ഞങ്ങളുടെ ആഹ്ളാദകരമായ പ്രണയകാലത്തിൻ്റെ അടയാളമെന്നപോൽ ഒരു കുഞ്ഞു പൂമൊട്ട് എൻെറ ഉദരത്തിൽ നാമ്പിട്ട വിവരം അത്രമേൽ സന്തോഷത്തോടുകൂടി ഞങ്ങൾ വരവേറ്റു.
ആ സുദിനത്തിൻറെ ഓർമ്മ, ഈ അവസരത്തിലും എന്റെ മനസ്സിൽ തടഞ്ഞു നിർത്താനാവാത്ത വേലിയേറ്റങ്ങൾ സൃഷ്‌ടിക്കുന്നത് അത്‌ഭുതത്തോടുകൂടി ഞാൻ ഓർത്തു. പിന്നീടുള്ള ഒരോ നിമിഷവും ഞങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എല്ലാ ആഗ്രഹവും സാധിച്ചു തന്നുകൊണ്ടു കുഞ്ഞിന്റെ ചെറിയ ചലനങ്ങളിൽ പോലും തൻ്റെ ലോകത്തെ ചുരുക്കിക്കൊണ്ട് അവന്റെ അച്ഛനും… കാത്തിരിപ്പിന്റെ ദൈർഘ്യം കുറയും തോറും എന്നെ തേടി പലതരം ശാരീരിക ബുദ്ധിമുട്ടുകളും എത്തിതുടങ്ങി, കൂടെ കൂടെ അത് വർദ്ധിച്ചുകൊണ്ടിരുന്നെങ്കിലും, എന്നിലെ അമ്മയ്ക്ക് തന്റെ കുഞ്ഞെന്ന സ്വപ്നത്തേക്കാൾ വലുതായിരുന്നില്ല ഒന്നും തന്നെ. അങ്ങനെയിരിക്കെ 9-ാം മാസം, അവൻ ഭൂമിയിലെ പ്രകാശം കാണാൻ ഇനി ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ, വലിയൊരു മഴ പെയ്തു തീർന്നൊരു സായാഹ്‌നം, പുറത്തെ കാഴ്‌ചകളും കണ്ട് ഞങ്ങൾ ആ തണുത്ത അന്തരീക്ഷത്തിൽ വീടിന്റെ പൂമുഖത്ത് വെറുതെ ഇരിക്കുന്നതിനിടെ ഞാൻ ചോദിച്ചു
“നമുക്കൊന്ന് പുറത്ത് പോയാലോ”, അപ്പോഴേക്കും മഴത്തുള്ളികൾ തിരികെ വരാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു. യാത്രകൾ ഒരുപാട് ഇഷ്ടമുള്ള എനിക്ക് നിറവയറൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. ബൈക്കിലായിരുന്നു യാത്ര ആ മാനോഹരമായ പ്രകൃതി ഇന്നും എന്റെ മുൻപിൽ തെളിഞ്ഞു നിൽക്കുന്നു. ഇന്നത്തെ കാലാവസ്‌ഥയോട് വളരെ സാമ്യത്തോടെ…, യാത്രക്കിടെ എന്റെ കവിളിൽ തട്ടി തടഞ്ഞു പോയ മഴത്തുള്ളികൾ ഇന്നും എനിക്ക് തണുപ്പേകുന്നു. കൂടെ ഒരു ഐസ്ക്രീം തണുപ്പുകൂടി ആയപ്പോൾ, പുറത്തെ തണുപ്പിൽ അവനെ വീണ്ടും തണുപ്പിച്ചതിന് പിൻതുണച്ചോ പ്രതിഷേധിച്ചോ ഉദരത്തിൽ നിന്നവൻ മൃദുവായി ചിവിട്ടി കൊണ്ടിരിക്കുന്നു.
ഏതാനും നിമിഷങ്ങൾക്കകം അസ്‌ഥികൾ നുറുങ്ങുന്ന വേദനയിലും പുഞ്ചിരി തുകി ഞാൻ അവന് ജന്‌മം നൽകി, കൂടെ എന്നിലെ അമ്മയും, എന്റെ പൊന്നോമനയെ ഉണ്ണിയെന്ന് വിളിച്ചു. പകൽ അവൻ ഉറങ്ങുമ്പോൾ അവന് വേണ്ടതെല്ലാം ചെയ്‌ത്, രാത്രി യാമങ്ങളിൽ ഉണർന്നു കരയുന്നവനോടൊപ്പം ഉണർന്നിരുന്ന എത്രയോ രാത്രികൾ. കുഞ്ഞു നാവിൽ നിന്നും അവനാദ്യമായി അമ്മാ എന്ന് വിളിച്ച ദിവസം, അതറിഞ്ഞു അന്ന് അദ്ദേഹം നേരത്തെ വന്നതും സന്തോഷം അടക്കി നിർത്താനാവാത്ത ഞാൻ അദ്ദേഹത്തിന് മധുരം നൽകിയതും ഇന്നും കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു. ഒരു കാക്കയെ കണ്ട് സ്പഷ്ടമായി ഉചരിക്കാൻ കഴിയാത്തവന് പലആവർത്തി ക്ഷമയോടുകൂടി പറഞ്ഞുകൊടുത്ത്, അവസാനം അവൻ കാക്ക എന്ന് ഉച്ചരിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. അങ്ങനെ ആദ്യത്തേതെന്തും പ്രിയപ്പെട്ടതെന്നോതുന്ന ഒരുപിടി ഓർമ്മകൾ.
അതിനിടെ അദ്ദേഹം ഞങ്ങളെ തനിച്ചാക്കി എന്നന്നേക്കുമായി അകന്നുപോയി, കടുത്ത ഹൃദയഭാരം അനുഭവിക്കുമ്പോഴും എൻറെ മകനെ എങ്ങിനെ സുരക്ഷിതനാക്കാം എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അയൽപക്കത്തെ വീടുകളിൽ പോയി വീടുപണി ചെയ്‌ത് ഞങ്ങളുടെ ജീവിത മാർഗ്ഗം കണ്ടെത്തുന്നതോടൊപ്പം, എന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അവന്റെ സന്തോഷങ്ങൾക്കായി മാറ്റിവെക്കാനും ഞാൻ മറന്നിരുന്നില്ല.
എന്റെ ആവശ്യങ്ങൾ അവനിലേക്ക് മാത്രം ചുരുങ്ങിയപ്പോൾ അവന്റെ ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് സ്നേഹത്തിന്റെ അന്ധതയിൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ജോലിക്ക് പോകാൻ ഇറങ്ങിയ എന്നോട് അവൻ “അമ്മേ എനിക്ക് ഈ Watch വേണം, പണി കഴിഞ്ഞുവരുമ്പോൾ വാങ്ങിത്തരണേ” വാച്ചിൻെറ ഫോട്ടോ നീട്ടിപിടച്ചുകൊണ്ടവൻ പറഞ്ഞു. അതിലെ വില കണ്ട് വാങ്ങുവാനുള്ള പണത്തെ പറ്റി ചിന്തിച്ച ഞാൻ നരച്ചു തുടങ്ങിയ സാരി തലപ്പുകൊണ്ട് നിറഞ്ഞുവന്ന കണ്ണുതുടച്ചെങ്കിലും, പലരിൽ നിന്നും പണം കടം വാങ്ങി, വാച്ചുമായി വീട്ടിൽ എത്തിയ എന്നെ ചേർത്തു നിർത്തി ആ 9-ാം ക്ലാസുകാരൻ പറഞ്ഞത് ” എനിക്ക് ജോലി കിട്ടട്ടേ എന്റെ അമ്മയെ ഞാൻ കഷ്‌ടപ്പെടുന്ന ഒരു ജോലിക്കും വിടില്ല, ഞാൻ എന്റെ അമ്മയെ പൊന്നുപോലെ നോക്കും, എനിക്ക് എന്റെ അമ്മ ഇതുപോലെ എന്നും കൂടെ വേണം.” ഇതിൽപരം ഒരു അമ്മയ്ക്ക് എന്തുവേണം.
SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയതിന്റെ സ്വീകരണങ്ങളിലെല്ലാം, അഭിമാനത്തോടുകൂടി “എന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട് ഈ വിജയത്തിന്” എന്ന് എന്നെ ചേർത്തുനിർത്തി പറയുമായിരുന്നു. പിന്നീട് ഉന്നത വിദ്യാഭ്യസത്തിലുൾപ്പെടെ കൈവെച്ച എല്ലാ മേഖലകളിലും അവൻ ഉയരങ്ങൾ താണ്ടി. പക്ഷെ അവിടെയെങ്ങും അമ്മയുടെ വിയർപ്പിന്റെ മാഹാത്മ്യം കേൾക്കാനില്ലായിരുന്നു. അല്ലെങ്കിൽ അവൻ തന്നെ അത് മറന്നുതുടങ്ങിയിരുന്നു. എന്നാലും ആ 9-ാം ക്ലാസുകാരന്റെ വാക്കുകൾ എന്നിൽ അത്രമേൽ ആഴ്ന്നിറങ്ങിയിരുന്നു. അതും സ്വപ്നം കണ്ട് എന്റെ ഓരോ ദിവസവും മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
അങ്ങനെ കാലങ്ങൾക്കു ശേഷം എന്റെ മകൻ എന്നെ തേടി വന്ന ആ ദിവസം മോൻ ഇനി അമ്മയെ വിട്ട് പോകരുത്” ഇടറിയ വാക്കുകളാൽ പറഞ്ഞ എനിക്ക് കിട്ടിയ മറുപടി “ഇല്ലമ്മേ ഞാൻ പോവുകയാണ്. വിദേശത്തൊരു ജോലി ലഭിച്ചിട്ടുണ്ട്. അത് അമ്മയോട് പറയാൻ വന്നതാണ് “ഇടിത്തീ പോലെ കേട്ട ആ വാക്കുകൾ, ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത വാക്കുകൾ, ശേഷം വേദനയോടുകൂടി ഞാൻ മനസ്സിലാക്കി ” ഇനി ഞാൻ തനിച്ചാവുകയാണ്.”. എന്നാലും അവൻ ഇനിയും ഉന്നതങ്ങളിൽ എത്തണമെന്നു കേൾക്കുമ്പോഴും, ഓരോ തന്നെ ഞാൻ ആഗ്രഹിച്ചു. പിന്നീടങ്ങോട്ട് ഒരോ Door Bell ഫോൺ Ring കേൾക്കുമ്പോഴും നെഞ്ചിടിപ്പോടെ ഞാൻ കാതോർക്കും. നിരാശ തന്നെയായിരുന്നു ഫലം.
കാത്തിരിപ്പിനൊടുവിൽ വർഷങ്ങൾപിന്നിട്ടപ്പോൾ അവൻറെ ശബ്ദം എന്നെ തേടി വന്നു. “അമ്മേ നാളെ എന്റെ വിവാഹമാണ്. അമ്മയ്ക്ക് എന്തായാലും ഇവിടെ വരാൻ കഴിയില്ലല്ലോ, ഞാൻ ഇഷ്ടപെടുന്ന ഒരു കുട്ടിയാണ്. സങ്കടങ്ങൾക്ക് അതിരില്ലെങ്കിലും എന്റെ ഹൃദയം വേവലാതിയോടെ ചോദിച്ചു കൊണ്ടിരുന്നു. “അന്യ നാട്ടിലെ കുട്ടിയല്ലേ, അവനെ സ്നേഹിക്കുമോ, അവൻ കാര്യങ്ങൾ ശ്രദ്ധിക്കുമോ” അങ്ങിനെയെല്ലാം……..
തിരുവോണവും തിരുവാതിരയും വർഷവും വിഷുവും ഏറെ പോയ് മറഞ്ഞു. ഒരു ദിവസം നാട്ടിലെ അറിയപ്പെടുന്ന ഒരു ബ്രോക്കർ വന്നു പറഞ്ഞു, “ജാനകിയമ്മേ, നല്ല വിലകിട്ടിയാൽ ഈ വീടും പുരയിടവും കൊടുക്കാമെന്ന് ഉണ്ണി വിളിച്ചു പറഞ്ഞിരുന്നു.”
“അങ്ങിനെ ചെയ്യാം വാസു, അല്ലെങ്കിലും ഇതെല്ലാം എന്നേ ഞാൻ അവന് നൽകിയതാ”
“എനിക്ക് തോന്നുന്നത് ജാനകിയമ്മയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള പരിപാടിയായിരിക്കു മെന്നാ”. “ആണോ, ഈ നാടും വീടും വിട്ട്, അവന്റെ അച്‌ഛൻ ഉറങ്ങുന്ന ഈ മണ്ണ് വിട്ട്, എന്നാലും എന്റെ ഉണ്ണിയോടൊപ്പം നിൽക്കാമല്ലൊ എത്ര കാലമായുള്ള ആഗ്രഹമാണെന്നറിയോ”
വീടിന്റെ വിൽപ്പന നടക്കുന്ന ദിവസം ഉണ്ണിയുണ്ട് കൂടെ എല്ലാത്തിനും, നടപടികൾ എല്ലാം കഴിഞ്ഞു. ഇനി വീട് വിട്ട് ഇറങ്ങണം. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ വീടിൽ നിന്നും ഇറങ്ങവെ അമ്മേ എല്ലാം എടുത്തില്ലേ”, തുളുമ്പാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ എൻെറ മകന്റെ പുഞ്ചിരിക്കുന്ന മുഖം കാണേ തിരികെ പോയി, കാറിൽ കയറിയ ഞാൻ ഒരിക്കൽ കുടി നോക്കി വീടും എന്റെ ഉണ്ണി ഓടി കളിച്ച മുറ്റവും എല്ലാം, കണ്ണുകൾ ചേർത്തടച്ചു. ആ യാത്ര അവസാനിച്ചത് ഒരു വലിയ വീടിന്റെ മുൻപിലായിരുന്നു. അവിടെ ഞങ്ങളെ വരവേൽക്കാൻ എന്നെ പോലെ ഒരാപാടു മുഖങ്ങൾ ഉണ്ടായിരുന്നു. എന്നെ മാത്രം സ്വീകരിച്ചവർ അകത്തേക്ക് കൊണ്ടുപോകെ എന്റെ ഉണ്ണി എന്നോട് പറഞ്ഞു. “ഞാൻ വരും അമ്മേ, എനിക്ക് കുറച്ച് ബാധ്യതകൾ ഉണ്ട്. അതാണ് അമ്മയെ ഞാൻ… ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതിൽ ഒരു ബാധ്യത എന്റെ ഉണ്ണി ഇവിടെ ഒഴിവാക്കി” എല്ലാം ഇന്നലെയെന്നപോലെ പെയ്തിറങ്ങി.
കയ്യിലിരിക്കുന്ന പുസ്‌തക പുറം ചട്ടയിൽ വീണ കണ്ണുനീർത്തുള്ളി തിളങ്ങി നിന്നതോടൊപ്പം ടി. വി കൊച്ചുബാവയുടെ “വൃദ്ധസദനം” എന്നെ നോക്കി പുഞ്ചിരിച്ചു
