മലയാള സാഹിത്യചരിത്രത്തിലെ എക്കാലത്തെയും വിപ്ലവാത്മകവും ദാർശനികവുമായ പരീക്ഷണങ്ങളിലൊന്നാണ് 1947ൽ പ്രസിദ്ധീകരിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ശബ്ദങ്ങൾ’ എന്ന നോവൽ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷം പുറത്തുവന്ന ഈ കൃതി, ദേശീയ പ്രസ്ഥാനത്തിന്റെ ആവേശവും ഭാവി ഭാരതത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും നിറഞ്ഞ പൊതുഅന്തരീക്ഷത്തിന് നടുവിലാണ് മനുഷ്യവംശത്തിന്റെ കടുത്ത നിരാശകളെയും ആത്മവിനാശത്തിന്റെ കറുത്ത യാഥാർത്ഥ്യങ്ങളെയും വിളിച്ചുപറഞ്ഞത്. പ്രസിദ്ധീകരണകാലത്ത് പരമ്പരാഗത സമൂഹത്തിന്റെ കാപട്യങ്ങളെയും ബഹുമാന്യത എന്ന മുഖമൂടിയെയും നഗ്‌നമായി ചോദ്യം ചെയ്തതിന്റെ പേരിൽ ഈ കൃതി കടുത്ത എതിർപ്പുകൾ നേരിടുകയും അശ്ലീല സാഹിത്യം എന്ന് മുദ്രകുത്തപ്പെട്ട് അനൗദ്യോഗികമായി നിരോധിക്കപ്പെടുകയും ചെയ്തു. പുസ്തകം കണ്ടുകെട്ടാനും കോപ്പികൾ കത്തിക്കാനുമുള്ള ആക്രോശങ്ങൾ അക്കാലത്തെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്നുയർന്നു. എന്നാൽ, ആധുനികതയുടെ ഏകമാന മുഖത്തെ അപനിർമിച്ച ഈ കൃതി ഇന്ന് മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള മൈൽസ്‌റ്റോണുകളിലൊന്നായും, ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ സാഹിത്യ കൃതികളുടെ മുൻനിരയിലുമാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ബാല്യകാലസഖി,ന്റൂപ്പുപ്പാക്കൊരാനേണ്ടാര്ന്ന്,പാത്തുമ്മയുടെ ആട്,മതിലുകൾ,പ്രേമലേഖനം തുടങ്ങിയ കൃതികളിൽ നാം കണ്ടുശീലിച്ച മധുരവും കാവ്യാത്മകവും ഊഷ്മളവുമായ ആ ബഷീറിയൻ ശൈലിയല്ല ‘ശബ്ദങ്ങളി’ൽ ഉള്ളത് എന്നത് ഈ നോവലിനെ അദ്ദേഹത്തിന്റെ മറ്റ് രചനകളിൽ നിന്ന് വ്യത്യസ്തവും അസാധാരണവുമായ ഒരു പരീക്ഷണമാക്കുന്നു.
ശബ്ദങ്ങളിലെ ഭാഷ കൂടുതൽ പരുക്കനും, മുറിഞ്ഞതും, വായനക്കാരെ അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതുമാണ്.
ബഷീറിന്റെ പൊതുവായ ശൈലി ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ലളിതവും നർമ്മരസപ്രധാനവുമായ സംഭാഷണങ്ങളിലൂടെയും നാടൻസാധാരണക്കാരുടെ ഭാഷയിലൂടെയും വികസിക്കുമ്പോൾ, ‘ശബ്ദങ്ങൾ’ അതിൽ നിന്നെല്ലാം ഭിന്നമായി യുദ്ധാനന്തര മനുഷ്യാവസ്ഥയുടെ ഇരുണ്ട ഭീതികളെയും അസ്തിത്വവാദപരമായ ആശങ്കകളെയും ആവിഷ്‌കരിക്കാൻ തികച്ചും വിഭിന്നമായൊരു ഭാഷാശില്പം രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു സാധാരണ ശൈലിവ്യത്യാസമല്ല, മറിച്ച് നോവലിന്റെ പ്രമേയവും അതിലെ കഥാപാത്രങ്ങളുടെ ആന്തരിക ട്രോമയും ആവശ്യപ്പെട്ട നിർബന്ധിതവും ധീരവുമായ ഭാഷാപരമായ പരിവർത്തനമാണ്. ഭാഷ, ശൈലി, വ്യാകരണം എന്നിവയിലുടനീളം പാരമ്പര്യമായി നിലനിന്നിരുന്ന വ്യവസ്ഥാപിത രീതികളെ ബഷീർ നോവലിൽ പൂർണ്ണമായി ലംഘിക്കുന്നത് കാണാം.
ബഷീർ കൃതികളുടെ ഏറ്റവും വലിയ സവിശേഷതയായി പൊതുവെ വിലയിരുത്തുന്ന ഹാസ്യവും പരിഹാസവും അന്തർലീനമാക്കിയ രീതിയും ‘ശബ്ദങ്ങളി’ൽ പൂർണ്ണമായും അപ്രത്യക്ഷമാകുന്നു. കഠിനമായ ദാരിദ്ര്യത്തെയും സങ്കടങ്ങളെയും ചെറു പുഞ്ചിരിയോടെ അവതരിപ്പിക്കാൻ ബഷീറിന് ഇതര കൃതികളിൽ കഴിയുമെങ്കിൽ, ഇവിടെ ആ നർമ്മത്തിന് പകരം ഭീതിയും അസ്വസ്ഥതയും നിറഞ്ഞ അന്തരീക്ഷമാണ് വാക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇവിടെ വാക്കുകൾക്ക് മൂർച്ചയേറുന്നു, അവ വായനക്കാരനെ ചിരിപ്പിക്കുന്നില്ല, മറിച്ച് ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ശൈലീപരമായി നോക്കിയാൽ, മറ്റ് കൃതികളിൽ ഒഴുക്കുള്ളതും വിവരണാത്മകവുമായ ആഖ്യാനഗദ്യമാണെങ്കിൽ, ശബ്ദങ്ങളിൽ അത് വിക്കി വിക്കി പറയുന്നതുപോലെ മുറിഞ്ഞുപോയ വാക്യങ്ങളാണ്. യുദ്ധം കഴിഞ്ഞ് മാനസികമായി തകർന്ന, പോസ്റ്റ്‌ട്രോമാറ്റിക് സറ്റ്രെസ് ഡിസോർഡർ (PTSD) എന്ന് വിളിക്കുന്ന ഗുരുതരമായ മാനസികാവസ്ഥ നേരിടുന്ന ഒരു സൈനികന്റെ വ്യക്തിത്വ അസ്ഥിരതയെ പ്രതിഫലിപ്പിക്കാൻ ഇത്തരം തകർന്ന വാക്യഘടന തന്നെയാണ് ബഷീർ ഉപയോഗിക്കുന്നത്.
മലയാള സാഹിത്യത്തിൽ PTSD എന്ന മാനസികാവസ്ഥയെ ഇത്രയും ശാസ്ത്രീയമായും യാഥാർത്ഥ്യബോധത്തോടെയും ചിത്രീകരിച്ച മറ്റൊരു കൃതിയില്ലെന്ന് പറയാം. ഇന്നത്തെ മെഡിക്കൽ മാനദണ്ഡങ്ങളോട് പൂർണ്ണമായും പൊരുത്തപ്പെടുന്ന രീതിയിലാണ് ബഷീർ സൈനികന്റെ ലക്ഷണങ്ങളെ വരച്ചുകാട്ടുന്നത്. ചെറിയ വാക്യങ്ങൾ, പെട്ടെന്നുള്ള മൗനങ്ങൾ, ആവർത്തനങ്ങൾ, ചോദ്യങ്ങൾ, നിലവിളികൾ എന്നിവയിലൂടെ യുദ്ധം തകർത്ത മനുഷ്യന്റെ മനസ്സ് തന്നെയായി ഇവിടെ ഭാഷ രൂപാന്തരപ്പെടുന്നു. യുദ്ധത്തിന്റെ ഓർമ്മകൾ അവനെ നിരന്തരം വേട്ടയാടുന്ന ഇൻട്രൂസീവ് മെമ്മറികൾ, കുളിക്കാൻ പോലും ഭയം തോന്നുകയും വെള്ളത്തെ ഭൂമിയുടെ രക്തമായി സങ്കൽപ്പിക്കുകയും ചെയ്യുന്ന സെൻസറി ട്രിഗറുകൾ, വിച്ഛേദനവും അന്യതാബോധവും, പരാജയപ്പെട്ടുപോകുന്ന ആത്മഹത്യാപ്രവണതകൾ എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
ഫ്രോയിഡിന്റെ ‘ഇദ്ദ്’ ആദിമാവേശങ്ങൾ യുദ്ധത്തിന്റെ അരാജകത്വത്തിൽ പുറത്തുവരുന്നതും, സമൂഹത്തിന്റെ ബഹുമാന്യത എന്ന സൂപ്പർ ഈഗോയുമായി അവ ഏറ്റുമുട്ടുന്നതും നോവലിൽ കാണാം.
സൈനികന്റെ അബോധമനസ്സിലെ അടിച്ചമർത്തപ്പെട്ട ക്രൂരതകളും ഭയങ്ങളും അവന്റെ ഷാഡോയുടെ പ്രകടനമാണ്. ബഷീറിന്റെ സ്വന്തം ജീവിതാനുഭവങ്ങൾ, പ്രത്യേകിച്ച് അദ്ദേഹം അനുഭവിച്ചിട്ടുള്ള മാനസികാശുപത്രി വാസങ്ങൾ, ഈ ചിത്രീകരണത്തിന് ആധികാരികതയേകുന്നുണ്ട്. അദ്ദേഹം എഴുത്തിനെ ഒരു ആട്ടോതെറാപ്പി അഥവാ മാനസിക ശമനത്തിനുള്ള കാഥാർസിസിന്റെ ഉപാധിയായാണ് ഉപയോഗിച്ചത്.
കഥാഖ്യാനത്തിനപ്പുറം ലോകത്തിന്റെ ഭ്രാന്തിനെതിരെയുള്ള ശക്തമായ മാനവിക പ്രതിരോധമായി ഈ നോവൽ മാറുന്നുണ്ട്. ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള തീക്ഷ്ണമായ സംഭാഷണരൂപത്തിലാണ് നോവൽ വികസിക്കുന്നത്. യുദ്ധം കഴിഞ്ഞ്, രോഗബാധിതനായി, ജീവിതം വഴിമുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട ഒരു മുൻ പട്ടാളക്കാരൻ കുമ്പസാരിക്കാനുള്ള ആഗ്രഹത്തോടെ എഴുത്തുകാരന്റെ മുന്നിലെത്തി തന്റെ കഥ തുറന്നുപറയുമ്പോൾ, എഴുത്തുകാരൻ വെറും കേൾവിക്കാരനായി മാറുകയും ബഷീർ ആഖ്യാതാവ് എന്ന പദവിയിൽ നിന്ന് മാറിനിന്ന് വായനക്കാരെ നേരിട്ട് ആ ആന്തരികരോദനങ്ങൾ കേൾപ്പിക്കുകയും ചെയ്യുന്നു. സംഭാഷണങ്ങൾ ആത്മസംഭാഷണത്തിന്റെയോ കുമ്പസാരത്തിന്റെയോ തലത്തിലേക്ക് ഉയരുകയാണ്.
വ്യാകരണപരമായ തലത്തിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് നോവൽ മുന്നോട്ടുവെക്കുന്നത്. പരമ്പരാഗതമായ വാക്യഘടനയെയോ (Subject-Object-Verb pattern) പൂർണ്ണവിരാമങ്ങളുടെ കൃത്യതയെയോ ബഷീർ ഇവിടെ പിന്തുടരുന്നില്ല. വാക്യങ്ങൾ അപൂർണ്ണമായി അവസാനിക്കുകയും, ചിന്തകളുടെ പെട്ടെന്നുള്ള മുറിഞ്ഞുപോകലുകളെ സൂചിപ്പിക്കാൻ വിരാമചിഹ്നങ്ങൾ വിചിത്രമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, താൻ അനുഭവിച്ച ക്രൂരത വിവരിക്കുമ്പോൾ സൈനികൻ പറയുന്നത് കാണുക: ‘രക്തം… എവിടെയും ചോര. മനുഷ്യന്മാരുടെ മാംസം. ഞാൻ… ഞാൻ മനുഷ്യനെ കൊന്നിട്ടേയുള്ളൂ.’ഈ വാക്യങ്ങളിലെ വ്യാകരണപരമായ അപൂർണ്ണതയും വിട്ടുപോകലുകളും സൈനികന്റെ ഉലഞ്ഞുപോയ മനസ്സിന്റെ നേർചിത്രമാണ് നൽകുന്നത്.
സാധാരണയായി ബഷീർ ഉപയോഗിക്കുന്ന റൊമാന്റിക് അല്ലെങ്കിൽ നോസ്റ്റാൾജിക് ഭാഷാശൈലിയെ ഈ നോവലിൽ പൂർണ്ണമായി കൈയൊഴിയുന്നുണ്ട്. സിഫിലിസ്, ഗൊണോറിയ തുടങ്ങിയ ലൈംഗിക രോഗങ്ങളെക്കുറിച്ചും, ശരീരത്തിന്റെ ചീഞ്ഞളിയലിനെക്കുറിച്ചും, സ്വവർഗ്ഗരതിയെക്കുറിച്ചും, ലൈംഗികത അഭിമുഖീകരിക്കുന്ന സങ്കർണ്ണതകളെക്കുറിച്ചും (spoken-word style) ഒളിച്ചു കടത്തലുകളില്ലാതെ നേർക്കുനേരെ സംസാരിക്കുന്ന പരുക്കൻ യഥാർത്ഥ്യവാദ ശൈലിയാണ് ഇതിലുള്ളത്. അക്കാലത്തെ സാഹിത്യ പരിസരത്തിന് ഒട്ടും പരിചിതമല്ലാത്ത ഇത്തരം പദപ്രയോഗങ്ങൾ കൊണ്ടാണ് ഈ കൃതിക്ക് അശ്ലീലം എന്ന മുദ്ര ചാർത്തപ്പെട്ടത്. എങ്കിലും, വ്യാകരണത്തേക്കാൾ അനുഭവത്തിന്റെ തീവ്രതയെ മുന്നിൽ നിർത്തിക്കൊണ്ട് സാഹിത്യഭാഷയെ തികച്ചും അനുഭവഭാഷയായി മാറ്റാൻ ബഷീറിന് ഇതിലൂടെ സാധിച്ചു.
മലയാള സാഹിത്യ ചരിത്രത്തിൽ ആദ്യമായി സ്വവർഗരതിയെയും പുരുഷ വേശ്യാവൃത്തിയെയും നേരിട്ട് ചർച്ച വെയ്ക്കുന്ന കൃതി കൂടിയാണിത്. ലൈംഗികതയെ ഒരു പാപമായോ ധാർമ്മികച്യുതിയായോ കാണുന്നതിന് പകരം, മാനുഷികമായ ജിജ്ഞാസയായും സാമൂഹികമായ ചതിയുടെയും ദാരിദ്ര്യത്തിന്റെയും ഫലമായി ഉണ്ടാകുന്ന ദുരന്തമായും ബഷീർ വിലയിരുത്തുന്നു. ഇത് പരമ്പരാഗത ലിംഗപരമായ ധാരണകളെ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. നോവലിലെ ലിംഗതത്വ വിശകലനത്തിലൂടെ, സൈനികന്റെ തകർച്ചയിലൂടെ പരമ്പരാഗത വീരപുരുഷത്വത്തിന്റെ പ്രതിസന്ധിയെ ബഷീർ അടയാളപ്പെടുത്തുന്നു.
യുദ്ധം പുരുഷനെ വെറുമൊരു കൊലയന്ത്രമാക്കുമ്പോൾ അവന്റെ പുരുഷത്വം തന്നെ അവനെ നശിപ്പിക്കുന്നു. നോവലിൽ സ്ത്രീകളുടെ സാന്നിധ്യം കുറവാണെങ്കിലും അവരുടെ അഭാവം ശക്തമാണ്. പുരുഷവേഷം ധരിച്ച വേശ്യയുടെ ചിത്രീകരണത്തിലൂടെ ജെൻഡർ ഫ്‌ലൂയിഡിറ്റി സൂചനകൾ 1940കളിൽ തന്നെ ബഷീർ നൽകുന്നുണ്ട്.
അതിനോടൊപ്പം തന്നെ പാത്തുമ്മയുടെ ആട് ലെയോ പ്രേമലേഖനത്തിലെയോ ഭാഷ പ്രാദേശികമായ തനിമയും മലബാർ മുസ്ലീം ഭാഷാശൈലിയുടെ സവിശേഷതകളും നിറഞ്ഞതാണെങ്കിൽ, ‘ശബ്ദങ്ങളി’ലേക്ക് വരുമ്പോൾ ബഷീർ ആ പ്രാദേശിക മുദ്രകൾ പൂർണ്ണമായി മാറ്റിവെക്കുന്നു. ഇതിലെ കഥാപാത്രങ്ങൾക്ക് പേരുകളില്ല; അവ വെറും ‘പട്ടാളക്കാരൻ’, ‘എഴുത്തുകാരൻ’ എന്നിവർ മാത്രമാണ്. ലോകത്തെവിടെയുമുള്ള യുദ്ധബാധിതരായ മനുഷ്യരുടെ സാർവത്രികവും പ്രതീകാത്മകവുമായ ഒരു ഭാഷയായി ഇത് മാറുന്നത് അതുകൊണ്ടാണ്.
കഥാപാത്രങ്ങളെ ഭ്രാന്തന്മാർ എന്ന് മുദ്രകുട്ടി അകറ്റാതെ, അവരുടെ വേദനകളെ സാമൂഹികസാമ്പത്തിക കാരണങ്ങളുമായി ബന്ധിപ്പിച്ചു കാണാനാണ് ബഷീർ ശ്രമിച്ചത്. നാൽക്കവലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു അനാഥനായി വളർന്ന്, പിന്നീട് ഒരു പൂജാരിയാൽ ദത്തെടുക്കപ്പെടുകയും ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകളിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന കേന്ദ്രകഥാപാത്രത്തിലൂടെ, യുദ്ധം മനുഷ്യനെ കൊലയന്ത്രമാക്കുന്നു എന്ന് ബഷീർ സമർത്ഥിക്കുന്നു. യുദ്ധാനന്തര സമൂഹത്തിന്റെ ക്രൂരതയും അരികുകളിലേക്ക് തള്ളപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതയുമാണ് നോവലിന്റെ കാതൽ. യുദ്ധം കഴിഞ്ഞെത്തുന്ന അവനെ വരവേൽക്കുന്നത് ദാരിദ്ര്യവും തൊഴിലില്ലായ്മയും ലൈംഗികരോഗങ്ങളാൽ ജീർണ്ണിച്ച അടിത്തട്ടിലെ സാമൂഹിക യാഥാർത്ഥ്യങ്ങളുമാണ്. വിശപ്പ് മനുഷ്യനെ എന്തൊക്കെ ചെയ്യിക്കും എന്നതിന്റെ ക്രൂരമായ സത്യങ്ങൾ വെളിപ്പെടുത്തുന്ന നോവൽ, വിശപ്പടക്കാൻ ശരീരവില്പന നടത്തേണ്ടി വരുന്ന സ്ത്രീകളുടെയും നഗരങ്ങളിലെ ചേരികളിലെ ദയനീയ ജീവിതത്തിന്റെയും നേർചിത്രമാണ് നൽകുന്നത്. പട്ടിണി കാരണം സ്വന്തം കുഞ്ഞിനെ തള്ളിപ്പറയേണ്ടി വരുന്ന വേശ്യയായ അമ്മയിലൂടെയും മുലപ്പാലിനായി കൊതിക്കുന്ന അനാഥനായ സൈനികനിലൂടെയും സമൂഹം കെട്ടിഘോഷിക്കുന്ന മാതൃത്വത്തിന്റെ റൊമാന്റിക് സങ്കല്പങ്ങളെ നോവൽ തകിടം മറിക്കുന്നു. മതം, രാഷ്ട്രീയം, ആധുനികത എന്നിവയുടെ പേരിൽ മനുഷ്യൻ അനുഭവിക്കുന്ന നരകയാതനകളെ തുറന്നുകാട്ടുന്ന സൈനികൻ, ഈ ലോകത്തെ മുഴുവൻ ഒരു ഭ്രാന്താലയമായാണ് കാണുന്നത്. കേസരി ബാലകൃഷ്ണപിള്ള തന്റെ മുന്നുരയിൽ നിരീക്ഷിച്ചതുപോലെ, ലോകത്തെ വലിയ ഒരു മാനസിക ആശുപത്രിയായി കാണിക്കുന്ന ഏകീകൃതമായ ഒരു ഭാവം സൃഷ്ടിക്കാൻ നോവലിന് കഴിഞ്ഞിട്ടുണ്ട്.
മുഴുവനായും സംഭാഷണ രൂപത്തിലാണ് ഈ നോവൽ രചന. രൂപപരമായും ഈ നോവൽ വേറിട്ടു നിൽക്കു ന്നു. ശരാശരി ഗദ്യാഖ്യാനത്തിന് പകരം പൂർണ്ണമായും വാമൊഴി ശൈലിയിൽ (spoken-word style) അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ, രേഖീയമായ കഥപറച്ചിലിനു പകരം വിച്ഛേദിക്കപ്പെട്ട അനുഭവങ്ങളും ചിന്താപ്രവാഹവും മനഃശാസ്ത്രപരമായ തീവ്രതയുമാണ് മുന്നിട്ടു നിൽക്കുന്നത്. അതിനാൽ തന്നെ മലയാളത്തിലെ ആധുനിക നോവൽഭാഷയുടെ ആദ്യകാല മുന്നോടിയായി ഈ ശൈലിയെ വിലയിരുത്താം. ഇതിലൂടെ നോവലിന്റെ തലക്കെട്ടിനെ അന്വർത്ഥമാക്കുംവിധം ഒരു ബഹുസ്വരത കൃതിക്ക് കൈവരുന്നു. സൈനികൻ, സ്ത്രീ, വിശപ്പ്, ഭ്രാന്ത്, മരണം, കുറ്റബോധം, ദൈവത്തെ ചോദ്യം ചെയ്യുന്ന മനുഷ്യൻ—ഇവയെല്ലാം ഭാഷയിൽ വ്യത്യസ്തങ്ങളായ പുതു ശബ്ദങ്ങളാണ്.
സാംസ്‌കാരികമായും സാങ്കേതികമായും നോവൽ ഒരു സവിശേഷ തലം ഈനോവൽ വായനക്കാരന് സമ്മാനിക്കുന്നുണ്ട് . കാഴ്ചയേക്കാൾ കൂടുതൽ ശബ്ദങ്ങൾക്കും സംഭാഷണങ്ങൾക്കും ആന്തരികരോദനങ്ങൾക്കുമാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ‘എന്താ കാണാനുള്ളത് ഈ ലോകത്തിൽ, ഞാൻ എല്ലാം കേൾക്കുന്നുണ്ടല്ലോ’ എന്ന നോവലിലെ അന്ധന്റെ വാക്കുകൾ ഈ കൃതിയുടെ സത്തയെ കൃത്യമായി വെളിപ്പെടുത്തുന്നു.സവിശേഷമായ ഭാഷയിലൂടെ നോവൽ ഉയർത്തുന്ന ഗഹനമായ ദാർശനിക ചോദ്യങ്ങളാണ് ശബ്ദങ്ങളെ ബഷീറിന്റെ ഏറ്റവും ഗൗരവമുള്ള കൃതിയാക്കി മാറ്റുന്നത്. ദൈവത്തിന്റെ നിലനിൽപ്പും നീതിയും ചോദ്യം ചെയ്തുകൊണ്ട് ‘ഈശ്വരനുണ്ടോ?’എന്ന് സൈനികൻ ചോദിക്കുമ്പോൾ, ‘വേണമെങ്കിൽ ഉണ്ട്… എന്റെ ഈ മുപ്പത്തിനാലാമത്തെ വയസ്സിൽ ഇങ്ങനെയാണ് തോന്നുന്നത്’ എന്ന എഴുത്തുകാരന്റെ മറുപടി അഗ്‌നോസ്റ്റിസിസത്തിന്റെയോ അസ്തിത്വവാദപരമായ സംശയത്തിന്റെയോ പ്രതിഫലനമാണ്. യുദ്ധത്തിന്റെ ഭീകരതയ്ക്ക് ശേഷം ജീവിതം എന്തിനുവേണ്ടി എന്ന ചോദ്യവും ലോകം ഒരു വലിയ മാനസിക ആശുപത്രിയാണെന്ന തോന്നലും ജീവിതത്തിന്റെ അർത്ഥശൂന്യതയെ ദൃഢീകരിക്കുന്നു. സുഹൃത്തിനെ സ്വന്തം അപേക്ഷപ്രകാരം വധിക്കേണ്ടി വന്ന സൈനികന്റെ മനസ്സിലെ സംഘർഷവും ‘ഞാൻ ഒരിക്കലും മറ്റൊന്നും ചെയ്തിട്ടില്ല, മനുഷ്യരെ കൊന്നിട്ടേ ഉള്ളൂ’ എന്ന വാക്കുകളും യുദ്ധത്തിന്റെ നൈതിക ദുരന്തത്തെയും അതിന്റെ അർത്ഥശൂന്യമായ ധാർമ്മികതയെയും വിചാരണ ചെയ്യുന്നു. പതാകകൾ, മതങ്ങൾ, രാഷ്ട്രീയം, സമൂഹത്തിന്റെ കപട ബഹുമാന്യത എന്നിവയുടെ പിന്നിലെ ഭ്രാന്തിനെയും, ഭൂമിയുടെ രക്തമായി വെള്ളത്തെ കാണുന്ന സൈനികന്റെ കണ്ണിലൂടെ പ്രകൃതിയും മനുഷ്യലോകത്തിന്റെ വൃത്തികേടും തമ്മിലുള്ള വൈരുദ്ധ്യത്തെയും നോവലിന്റെ ദാർശനിക ഭാഷ ചോദ്യം ചെയ്യുന്നുണ്ട്.
ദേശീയതയെക്കുറിച്ചുള്ള പരമ്പരാഗതമായ വ്യാഖ്യാനങ്ങളെ തച്ചുടയ്ക്കുന്ന ബഷീറിന്റെ ശൈലി ഇതിൽ അത്യധികം മൂർച്ചയുള്ളതാണ്. കൊടികളെ വെറും ‘ചായം മുക്കിയ തുണിക്കഷ്ണങ്ങൾ’എന്ന് വിശേഷിപ്പിക്കുന്നതിലൂടെ രാജ്യങ്ങളുടെ അതിരുകൾ മനുഷ്യരിലുണ്ടാക്കുന്ന ഭ്രാന്തിനെ വിപ്ലവാത്മകമായ ശൈലിയിൽ അദ്ദേഹം ചോദ്യം ചെയ്യുകയും അതിരുകളില്ലാത്ത വിശ്വമാനവികത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ജീവിതം അസഹ്യമാകുമ്പോൾ മരണം ഒരു പരിഹാരമാണോ എന്ന ചോദ്യവും പരാജയപ്പെടുന്ന ആത്മഹത്യാശ്രമങ്ങളും ജീവിതത്തിന്റെ നിർബന്ധിത നിലനിൽപ്പിനെ സൂചിപ്പിക്കുന്നുണ്ട്. ലൈംഗികതയെയും ശരീരരോഗങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങൾ പരമ്പരാഗത ധാർമ്മിക ദ്വന്ദ്വങ്ങളെ അട്ടിമറിക്കുന്നു. ഈ ചോദ്യങ്ങൾ സാർത്രും കാമുവും മുന്നോട്ടുവെച്ച അസ്തിത്വവാദ തത്വശാസ്ത്രത്തോട് (Existential philosophy)) അങ്ങേയറ്റം ചേർന്നുനിൽക്കുന്നവയാണ്. ഇതിൽ നിഹിലിസത്തിന്റെ സൂചനകൾ ഉണ്ടെങ്കിലും ബഷീർ പൂർണ്ണമായ ശൂന്യതയിലേക്ക് വായനക്കാരെ തള്ളിവിടുന്നില്ല. സമ്പൂർണ്ണമായ നിരാശയ്ക്കിടയിലും പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ഓർമ്മകളും, മനുഷ്യർ തമ്മിലുള്ള സംഭാഷണങ്ങളും, എഴുത്തുകാരനോടുള്ള സൈനികന്റെ കുറ്റസമ്മതവും ഒരു അതിജീവനത്തിന്റെ നേർത്ത പ്രത്യാശ നൽകുന്നുണ്ട്. ബഷീറിന്റെ ഇതര കൃതികളിലെ ഭാഷ വായനക്കാരനെ ജീവിതത്തിന്റെ സൗന്ദര്യത്തിലേക്കും പ്രത്യാശയിലേക്കും എളുപ്പത്തിൽ നയിക്കുമ്പോൾ, ശബ്ദങ്ങളിലെ ഭാഷ, ശൈലി, വ്യാകരണപരമായ പരീക്ഷണങ്ങൾ എന്നിവയിലൂടെ അവനെ യുദ്ധത്തിന്റെ ഭീകരതയിലേക്കും മനുഷ്യനാഗരികതയുടെ കപടതയിലേക്കും പിടിച്ചിരുത്തുന്നു.
പ്രതിപാദ്യവിഷയത്തിന്റെ തീക്ഷ്ണതയ്ക്കനുസരിച്ച് ഒരു എഴുത്തുകാരൻ തന്റെ ശൈലിയെ എങ്ങനെ ഉടച്ചുവാർക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നോവൽ. നോവലിൽ ഭാഷ കഥ പറയുന്ന ഒരു വെറും ഉപകരണമല്ല; യുദ്ധത്തിൽ തകർന്ന മനുഷ്യന്റെ മനസ്സിന്റെ ആകെത്തുകയാണ്. അതിനാൽ തന്നെ, ശബ്ദങ്ങളെ ബഷീറിന്റെ ഏറ്റവും അസ്വസ്ഥവും ഏറ്റവും ആധുനികവുമായ ഭാഷയിൽ എഴുതപ്പെട്ട കാലാതീതമായ ദാർശനിക കൃതിയായി വിലയിരുത്താം.
