ശൂന്യയാനം

തലക്കകത്ത് വെള്ളം തിളക്കുന്നതുപോലെ… തിരിഞ്ഞും മറിഞ്ഞും കിടന്നു ഞെരിപിരികൊണ്ടു ഉറക്കം വരുന്നില്ല മറ്റു മുറികളിലെല്ലാവരും സുഖ നിദ്രയിലാണ്. തലക്കകത്ത് ഒരു ഞെണ്ടിറുക്കുന്നതുപോലുള്ള സുഖനൊമ്പരം. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു സാവധാനം എണീറ്റ്‌ ലൈറ്റിട്ട് എഴുതാൻ തുടങ്ങി.
ഞണ്ടുകൾ ഇറുക്കുകാലുകൊണ്ടുള്ള ആക്രമണം പതിയെ അവസാനിപ്പിച്ചു.
എഴുതിയ പേജുകളെല്ലാം വലിച്ചു കീറിയെറിഞ്ഞു. എണീറ്റ് ജനലുകൾ തുറന്നിട്ടു. ഒരു കുളിർ കാറ്റ് അകത്തേക്ക് അരിച്ചെത്തി.
പുറത്ത് ചെറിയ നിലാവുണ്ട്. നിലാ ഭംഗിയും പുറം കാഴ്ചകളും എല്ലാം ശൂന്യമായി തോന്നി.
മുപ്പത്തിയാറ് വർഷങ്ങൾ കുത്തിയൊഴുകി ഒലിച്ചു പോയി. അച്ചനില്ലെന്ന് പറഞ്ഞ് അമ്മ അടിച്ചേൽപ്പിച്ച ദൗത്യങ്ങളെല്ലാം നിർവ്വഹിച്ചു.
രണ്ട് അനിയത്തിമാരുടെയും വിവാഹം നടത്തി കൊടുത്തു. ചേട്ടൻ നേരത്തെ വീട് വിട്ടിറങ്ങി പോയതു കൊണ്ട് അവൻ രക്ഷപ്പെട്ടു.
കല്യാണം കഴിപ്പിച്ച് വിട്ടിട്ടും അനിയത്തിമാരും മകളും തന്നെ വിടാതെ പിടി മുറുക്കി. താനെന്തെങ്കിലും പറഞ്ഞാൽ വഴക്കവും.
എല്ലാം വലിച്ചെറിഞ്ഞ് ഓടിപോകണം അകലേക്ക്… തനിയെ മഴയിൽ നനഞ്ഞ് നടക്കണം… മഴയുടെ കുളിരിൽ കോരിത്തരിക്കണം…
ഒരിക്കൽ വീടിനകത്തുണ്ടായ എരിപിരിച്ചൂടിൽ ഇറങ്ങിപോയതായിരുന്നു അന്ന് അഛനും ചേട്ടനും എല്ലാവരും ഉണ്ടായിരുന്നല്ലോ… തനിക്ക് വെറും ഒമ്പത് വയസ്സ്!
കുറെ ദൂരം നടന്നപ്പോൾ മഴപെയ്യാൻ തുടങ്ങി… മഴ ശക്തമായതറിഞ്ഞില്ല. തണുപ്പും കുളിരുമറിയാതെ തലയിലെ മേളപ്പെരുക്കങ്ങൾ… മനസ്സറിയാതെ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു…
ഒടുവിൽ രണ്ട് നിഴൽ രൂപങ്ങൾ തന്നെ പിന്തുടർന്നു…
പിറകിലെ കാലടിശബ്ദം കനപ്പെട്ടതോർമ്മയുണ്ട്.
പിന്നീട് ആ നിഴലുകൾ തന്നെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ക്രൂരമായാക്രമിച്ചു !
ഒന്ന് നിലവിളിക്കാനാവാത്ത വിധം താൻ ഞെരിഞ്ഞമർന്നു ശ്വാസനാളം കുറഞ്ഞ് വരുന്നതായും കണ്ണിൽ ഇരുട്ട് കയറുന്നതായും അനുഭവപ്പെട്ടു.
ബോധം വീണ്ടുകിട്ടിയപ്പോൾ ഭാഗ്യയും അപ്പച്ചിയും അരികിലിരുന്ന് കരയുന്നുണ്ടായിരുന്നു.
അപ്പച്ചിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ തൻ്റെ ചുണ്ടിൽ പതിച്ചു…
കനൽ ചൂട് !
സാവധാനം ആ ചൂടു കണ്ണീർ വരണ്ട തൻ്റെ തൊണ്ടയിലേക്കരിച്ചെത്തി. സാവധാനം അവൾ ശബ്ദമുയർത്തി…
”അമ്മേ”…
എൻ്റെ പൊന്നുമോളെ എന്ന് പറഞ്ഞു കൊണ്ട് അപ്പച്ചി അവളെ മാറോടണച്ചു.
“മോളെ, അരുന്ധതി, നിന്നോട് ആ കാലമാടൻമാർ ഈ പണി ചെയ്തല്ലോ ?”
അപ്പച്ചി സങ്കടം സഹിക്കാനാവാതെ പൊട്ടി പൊട്ടി കരഞ്ഞു.
ഭാഗ്യയെയും തന്നെയും മുടി ചീകിയും ഒരുക്കിയും സ്‌കൂളിൽ വിട്ടിക്കുന്ന, ചോറുരുട്ടി തരാറുണ്ടായിരുന്ന അപ്പച്ചിയുടെ വയറ്റിൽ പിറന്നില്ലല്ലോ എന്ന് അവൾ പലവട്ടം ഖേദിച്ചിട്ടുണ്ട്.
ശരീരമാസകലം. വേദനയും നീറ്റലും…. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ഒരു ഇടിമിന്നൽ പോലെ മനസ്സിലേക്കിടക്കിടെ ഇരച്ചുകയറി.
“ഞാൻ രാജിയെ വിളിക്കട്ടെ മോളെ അമ്മ നിന്നെ കാണാതെ പേടിക്കുന്നുണ്ടാവും”.
അപ്പച്ചിയുടെ വേദന അതാണ്. അമ്മയെല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും?
ഏതൊരമ്മയുടെയും നെഞ്ചിൻ കൂട് പൊള്ളിപ്പോവുന്ന അനുഭവം…
അപ്പച്ചി തൈലം കൊണ്ട് ശരീരമാസകലം ഉഴിഞ്ഞു. വെള്ളം ചൂടാക്കി തുണി മുക്കിപ്പിഴിഞ്ഞ് തുടച്ചു. ഒരല്പം അവൾ എണീറ്റിരുന്നപ്പോൾ ചൂട് വെള്ളം ശരീരത്തിലൊഴിച്ച് കുളിപ്പിച്ചു. ഭാഗ്യയുടെ നീലയുടുപ്പ് ധരിപ്പിച്ചു. മുടി ചീകി കെട്ടി.

“ഒന്നും സംഭവിച്ചിട്ടില്ലാട്ടോ, എൻ്റെ മോൾ ഒന്നും ഓർത്ത് പേടിക്കണ്ടാ. ഭാഗ്യയുടെ അച്ഛനില്ലാത്തോണ്ട് എനിക്കിതിൽ നിയമപരമായി എടപെടാൻ പേടിയായിട്ടാ. ബാലേട്ടൻ്റെ ഗതി ഇത്തിരിയൊക്കെ നെനക്കു മനസ്സിലായി റ്റ്ണ്ടാവുമല്ലോ ?”
സത്യമാണത് ഭാഗ്യയുടെ അച്ഛൻ നല്ലൊരു സാമൂഹ്യ പ്രവർത്തകനായിരുന്നു. എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് നിഷ്പ്രയാസം പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു.
ഒരു രാത്രിയിൽ കവലയിൽ എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് സ്വന്തം പാർട്ടിക്കാർ തന്നെ വിളിച്ചിറക്കി കൊണ്ടുപോയതാണ് പിറ്റേന്ന് കനാലിനരികിൽ ജഡമാണ് കണ്ടത്.
പാർട്ടിക്കാരിൽ നിന്ന് ബാലേട്ടൻ്റെ ഒരു സ്‌നേഹിതനാണ് സ്വകാര്യമായിട്ടത് വെളിപ്പെടുത്തിയത് – ശങ്കർദാസാണത് ചെയ്തത്.
പാർട്ടി ബാലനെ നോമിനേറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത്രേ!
എന്നാലത് ശങ്കർദാസിന് സഹിച്ചില്ല.
ചോദിക്കാനും പറയാനും കേസിനു പോവാനുമാരുമില്ലാതെ എന്ത് ചെയ്യാൻ? ഭാഗ്യക്കന്ന് രണ്ട് വയസ്സ് !
പാർട്ടിക്കാർ വന്ന് റീത്ത് വച്ച് പോയി. നാലാം നാൾ നേതാവും സിൽബന്തികളും വന്ന് മോളെ കെട്ടിപ്പിടിച്ചൊരു സെൽഫിയും !
പിറ്റേന്ന് പത്രത്തിൽ വെറുമൊരു ചരമക്കോളത്തിലൊതുങ്ങി കൂടി ബാലേട്ടൻ.
ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തോടെ ശങ്കർദാസ് അധികാരത്തിൽ വന്നു.
അപ്പച്ചി അവളെ മാറോട് ചേർത്ത് ചുംബിച്ചു.” ആരും അറിയരുത് അറിഞ്ഞാൽ കോടതി, കേസ്, കോടതിയിൽ വിഴുപ്പലക്കുന്ന സംസാരങ്ങൾ… മനസ്സമാധാനത്തോടെ ജീവിക്കാൻ അവർ ആരെയും സമ്മതിക്കില്ല ദൃസാക്ഷിയായതിനാൽ താൻ കൊല്ലപ്പെടുമെന്നും ഭാഗ്യ അനാഥയാവുമെന്നും അപ്പച്ചി തറപ്പിച്ച് പറഞ്ഞു.
അപ്പച്ചി പറഞ്ഞതത്രയും സത്യമാണ്. ആ നിഴലുകളെ തേടി താൻ പോയാൽ പലർക്കും പലതും നഷ്ടപ്പെടും ആർക്കും ഒരു നേട്ടവുമുണ്ടാവില്ല.
“പറ്റുമെങ്കിൽ കൊല്ലണം. നിനക്ക് ധൈര്യമുണ്ടോ ആദീ, ഞാനും കൂടെയുണ്ട്”.
അപ്പച്ചിയുടെ മനസ്സിൽ ഒരു പ്രതികാരക്കനൽ കെട്ടടങ്ങാതെ കിടപ്പുണ്ട്.
അന്ന് തങ്ങൾ ഒരുമിച്ചൊരു തീരുമാനമെടുത്തു. ലോകം മുഴുവൻ അറിയിച്ച് ഊളിയിട്ട് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടാക്കി, മാധ്യമങ്ങൾക്ക് ആഘോഷ വാർത്തയായിതീരാതെ തട്ടണം ഒത്തുവന്നാൽ.
” ഉം ശരി ഞാനുമുണ്ട് നമ്മൾ മാത്രം അറിഞ്ഞാൽ മതി”..
അപ്പച്ചിക്ക് വാക്കുകൊടുത്ത് തിരിഞ്ഞപ്പോൾ മനസ്സിലെ രോഷാഗ്നി തെല്ലൊന്ന് കെട്ടടങ്ങി.
പാടവരസത്ത്കൂടെ നടക്കുമ്പോൾ നടവേഗം കൂടിയതറിഞ്ഞില്ല, വേഗത്തിൽ വീട്ടിലെത്തിയ പോലെ…
“തെണ്ടിത്തിരിഞ്ഞ് വന്നിട്ടുണ്ടമ്മേ” യെന്ന് സിന്ധു പറയുന്നത് കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്.

“ഭാഗ്യയുടെ ഉടുപ്പണിയിച്ച് സുന്ദരിയാക്കി വിട്ടിട്ടുണ്ടപ്പച്ചി”.
സന്ധ്യയുടെ ഏഷണിയൊന്നുമാരും വകവെച്ചില്ല. ഇന്നലെ വഴക്ക് പറഞ്ഞത് തെറ്റായി പോയെന്ന ബോധ്യമുള്ളത് കൊണ്ടാവണം.
“ഇഞ്ഞി ദേവീൻ്റെ പൊരേലേക്കാ എറങ്ങി പോയേന്ന് ഞാക്കെല്ലാം നല്ല നിശ്ചയണ്ടായിനും. കച്ചറണ്ടാക്കി പോയതല്ലേ, ഒന്ന് തണ്ക്കട്ടേന്ന് തോന്നീറ്റാ വിളിക്കാഞ്ഞത്”.
അച്ചൻ്റെ നിഷകളങ്കമായ ശബ്‌ദം.
വീട്ടിലാർക്കും ഒരു ബേജാറും കണ്ടില്ല. അമ്മക്കും ,ഏട്ടനും, അനിയത്തി മാർക്കും ആർക്കും…
തിരിച്ചെത്തിയപ്പോഴും എവിടെയായിരുന്നു എന്നൊരന്വേഷണമോ ഒന്നുമുണ്ടായില്ല. തിരിച്ചു വരുമെന്നുള്ളൊരുറപ്പ് മാത്രം!
ഇന്നലെ എന്ത് ദുരന്ത മാണ് തൻ്റെ ജീവിതത്തെ കുത്തിക്കീറിയ തെന്നറിയാതെ…
അച്ഛൻ്റ സഹോദരിയാണ് ദേവിയപ്പച്ചി ഭാഗ്യ തൻ്റെ ക്ലാസ്സ്മേറ്റും തൻ്റെ ക്ലോസ്സ് ഫ്രൻ്റുമാണ്
പിറ്റേന്ന് കാലത്ത് സ്‌കൂളിലേക്കിറങ്ങും വഴി അപ്പച്ചിയെ കണ്ടു ഇപ്പോൾ അവൾ കാണാനിഷ്ടപ്പെടുന്ന, സംസാരിക്കാനിഷ്ടപ്പെടുന്ന ഒരേ ഒരു വ്യക്തി.
ഭാഗ്യ യോടൊപ്പം സ്കൂളിൽ പോവാനിറങ്ങിയതായിരുന്നു.അപ്പോൾ അപ്പച്ചിക്ക് കടുത്ത പനി.
കഴിഞ്ഞ ദിവസത്തെ സംഭവം അവരെ കിടത്തിക്കളഞ്ഞു. അപ്പച്ചി അന്ന് ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ചെയ്തിരുന്നില്ല. പതിയെ അവർ അവളുടെ നെറ്റിയിൽ തലോടി.
ഭാഗ്യ കുളിക്കുകയാണ് അപ്പച്ചി തൻ്റെ നെറ്റിയിലൂടെ വിരലോടിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു അവരുടെയും…
അവളുടെ ചുടുകണ്ണീർ അപ്പച്ചിയുടെ ചുണ്ടിൽ പതിച്ചപ്പോൾ അവർ പറഞ്ഞു;”നിനക്കാണോ ആദി പനിക്കുന്നത്? തീ പോലെ ചുട്ടുപൊള്ളുന്നു നിൻ്റെ കണ്ണീർ”.
അകത്ത് തിളച്ചുമറിയുന്ന പ്രതികാരാഗ്നിയുടെ പൊള്ളലാണതെന്ന് അപ്പച്ചിക്കറിയാം.
“ഞാനികിടത്തത്തിൽ മരിച്ചുപോയാൽ ഈ പോരാട്ടത്തിൽ നീ തനിച്ചാവില്ലേ മോളെ?”
അവരുടെ ആ ചോദ്യം കൂരമ്പു പോലെ ഹൃദയത്തിൽ തറച്ചു.
ഈ പോരാട്ടത്തിൽ തനിച്ചായി പോയാലും അവൻ നേർക്കുനേർ വരുന്ന ഒരു ദിവസം കുത്തിക്കീറുമെന്ന് തന്നെ മനസ്സിലുറപ്പിച്ചു. എന്നാൽ ആ കാഴ്ച കാണാൻ അപ്പച്ചിയുണ്ടാകണം.
” ഇല്ല അപ്പച്ചി എന്നോടൊപ്പം തന്നെയുണ്ടാകും”_ അരുന്ധതി.
അപ്പച്ചിയെ ഉടൻ ആശുപത്രയിലെത്തിച്ചു. കൂട്ടിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചത്.
ക്ഷയരോഗ ബാധിതയായ അപ്പച്ചി പിന്നീട് പലപ്പോഴും പനിയും അവശതകളും കാരണം ആശുപത്രിയിലായി.
ഒരിക്കൽ പി.ജി.ക്ക് ഡൽഹിയിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തൊരു ഫോൺ കോൾ. ഹോസ്റ്റലിലെ ലാൻ്റ് ഫോണിലൊരു കോൾ വന്നാൽ പെട്ടെന്ന് വിവരമറിയിക്കാൻ ഒരു കോളിങ് ബെൽ ഉണ്ടായിരുന്നു. തനിക്കാണ് കോളെന്നറിഞ്ഞപ്പോൾ ഓടി സെൻ്റർ ഹാളിലെത്തി. അപ്പച്ചിയുടെ അവസാന ശബ്‌ദം,”മോളെ, നിന്നെ കാണണമെന്ന് വിചാരിച്ചിട്ട് കുറെ ദിവസങ്ങളായി. അവൻ ഇത്തവണ നോമിനേഷൻ കൊടുത്തിട്ടുണ്ട്. നിന്നെ ഒമ്പതാം വയസ്സിൽ പിച്ചിയെറിഞ്ഞ പിശാച് ദേവ് ശങ്കർ, എൻ്റെ ബാലേട്ടൻ്റെ കൊലപാതകി ശങ്കർദാസിൻ്റെ മകൻ-നരഭോജി… ഉടൻ നാട്ടിലെത്തണം” എന്ന് പൂർത്തിയാക്കാനാകാതെ ശബ്‌ദം നിലച്ചു.
ഇത്രയും കാലം തന്നെ പകയോടെ ജീവിതത്തിൽ പിടിച്ചു നിർത്തിയ രണ്ടു വ്യക്തികൾ…
ഏത് മാളത്തിലായിരുന്നു ഈ നരഭോജികൾ ? അതോ ഞാൻ വളർന്ന് കരുത്തയാവും വരെ അപ്പച്ചി മൂടി വച്ചതോ?
തങ്ങൾ ഒരുമിച്ചുറച്ചവരായിരുന്നു. അപ്പച്ചി പോയി എങ്കിലും വിട്ടുകൊടുക്കില്ല വെട്ടിനുറുക്കും അവളുറച്ചു.
വെറും ഒമ്പതു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച ആഭാസനാണോ നാട് ഭരിക്കാർ പോകുന്നത്?
പാടില്ല, ഇത്തരം നരഭോജികളെ തുരത്തണം. നിയമത്തിൻ്റെ പഴുതിലൂടെയവൻ ഊളിയിട്ടിറങ്ങും. അതിനാൽ നിയമം നമ്മൾ നടപ്പാക്കണം.
നാട്ടിലെത്തി അപ്പച്ചിയുടെ ശവസംസ്കാരത്തിൽ പങ്കെടുത്ത് തിരിച്ചു പോരുമ്പോഴും അവരേൽപ്പിച്ചതാനേറ്റെടുത്ത ആ ദൗത്യമായിരുന്നു മനസ്സിൽ എങ്ങിനെ നടപ്പാക്കും? ഭാഗ്യയോട് വിവരങ്ങളെല്ലാം പറഞ്ഞാലോ തനിക്കൊരു കൈസഹായമായി നിൽക്കുമായിരിക്കും. വേണ്ട, ഭാഗ്യ ദുർബലയാണ്. ദേവിയപ്പച്ചിയുടെ മനസ്സല്ല ഒന്നും താങ്ങാനുള്ള കഴിവില്ല, ചിലപ്പോൾ. ചോർന്നു പോയെന്നു മിരിക്കും.
പിറ്റേ ദിവസം കരിമുക്ക് കോളനിയിൽ ഒരു സുഹൃത്തിനെ കാണാൻ ചെന്നപ്പോളൊരു ബോർഡ് കണ്ടു. ”ദേവശങ്കറിന് സ്വീകരണം”.
ഇന്ന് നേതാവ് വൈകിട്ട് 7.30ന് കോളനിയിൽ തെരഞ്ഞെടുപ്പ് പ്രചരണ ത്തിനെത്തുന്നു.
അപ്രതീക്ഷിതമായി ഉള്ളിലൊരു ഉഷ്ണച്ചുഴലി വീശി… ഒന്നും പ്ലാൻ ചെയ്യാനോ, നടപ്പിലാക്കാനോ സമയമില്ല.. രണ്ടും കല്പിച്ച് സുഗന്ധിയുടെ വീട്ടിലക്ക് കയറിച്ചെന്നു. ചെറിയ ചെറിയ കൂടാരങ്ങൾ പോലുള്ള പാർപ്പിടങ്ങൾ. പലതും ഷീറ്റ് കെട്ടി മറച്ചതാണ്. എന്നാലും ധാരാളം കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. പൂമാലയും ബൊക്കെയും റീത്തും ഉണ്ടാക്കുന്നവർ, ബീഡി തെരക്കുന്നവർ, പടക്ക നിർമ്മാതാക്കൾ എന്നിങ്ങനെ പലതരം പണി ചെയ്യുന്നവരാണ് കോളനിക്കാർ.
സുഗന്ധിയോട് സ്വകാര്യമായി ചില കാര്യങ്ങൾ സംസാരിച്ചു.
“എല്ലാം സെറ്റ്” അവൾ പറഞ്ഞു.
സാവധാനം ഒന്നുമറിയാത്ത പോലെ പുറത്തിറങ്ങി അടുത്ത ബസ്റ്റോപ്പിലേക്ക് നടന്നു. പിറ്റേന്ന് പത്രം കയ്യിൽ കിട്ടിയപ്പോൾ മനസ്സിലൊരു പേമാരിക്കുളിർ.
“കരിമുക്ക് കോളനിയിലെ ഇലക്ഷൻ പ്രചരണത്തിനിടയിൽ സ്ഥാനാർത്ഥിയും, എം എൽ എ യുടെ മകനുമായ ദേവ് ശങ്കർ കൊല്ലപ്പെട്ടു”.
ഇങ്ങനെയല്ലായിരുന്നു കഴിഞ്ഞ കുറെ വർഷങ്ങളായി മനസ്സിൽ പ്ലാൻ ചെയ്ത പ്രകാരമൊന്നും നടപ്പാക്കാൻ കഴിയാത്തതിനാൽ ഒരു ഒമ്പതുകാരി ഉള്ളിൽ തേങ്ങിക്കരയുന്നുണ്ട്. എങ്കിലും അപ്പച്ചിയുടെ ആത്മാവിന് ഒരു ചെറിയ ആശ്വാസമാവട്ടെ.
ജോലി കിട്ടി നാട്ടിൽ തിരിച്ചെത്തിയപ്പോൾ അച്ഛൻ അസുഖ ബാധിതനായി കിടപ്പിലായി. നാലഞ്ചാഴ്ച ആശുപത്രിയിൽ കിടന്ന് മരണപ്പെട്ടു.
പിന്നീട് ചേട്ടന് അസ്വസ്ഥതകളായി. മൂന്ന് പെൺകുട്ടികൾക്കിടയിൽ നിന്ന് പ്രണയിച്ച പെൺകുട്ടിയെ കൂട്ടി നാട് വിട്ടു. അല്ലെങ്കിൽ കുടുംബ ഉത്തരവാദിത്വങ്ങൾ തൻ്റെ തലയിലാവുമെന്ന് ചേട്ടന് നന്നായറിയാം.
അനിയത്തിമാർക്ക് വിവാഹാലോചനകൾ നടന്നു. അവരെയെല്ലാം മാന്യമായി കല്യാണം കഴിപ്പിച്ചു.
എന്നിട്ടും അമ്മയൊരിക്കൽ പോലും തൻ്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചില്ല. തൻ്റെ ജീവിതത്തിൽ കുഞ്ഞുനാളിൽ നടന്ന ദുരന്തങ്ങളൊന്നും തന്നെ അമ്മയറിഞ്ഞിട്ടില്ല. അത് അപ്പച്ചിയുടെ മനസ്സിൽ മറവു ചെയ്യപ്പെട്ടു.
ആയിടക്ക് ഒരദ്ധ്യാപകൻ പെണ്ണന്വേഷിച്ചു വന്നു അപ്പോൾ അനിയത്തി സിന്ധു പറയുന്നത് കേട്ടു, ” അതൊന്നും അവൾക്ക് പിടിക്കില്ല” എന്ന്.
അപ്പോൾ സന്ധ്യയും അവളെ പിന്താങ്ങി,” അല്ലേലും ചേച്ചി കല്യാണം കഴിഞ്ഞ് പോയാ പിന്നെ അമ്മയ്ക്കാരാ”?
സ്വന്തം കാര്യങ്ങൾ മാത്രം മറന്നുപോയ ഒരു വിഡ്ഢിയാണ് താനെന്നവൾക്ക് ബോധ്യമായി.
തന്നെ മനസ്സിലാക്കി സ്വീകരിക്കാൻ ആരാണ് തയ്യാറാവുക?
തൻ്റെ കഥകളറിഞ്ഞാൽ വില കുറഞ്ഞ സഹതാപങ്ങൾ വാരിക്കോരി തരാൻ ആളുകളുണ്ടാവും.
ഒന്നും അറിയാതെയും പറയാതെയും ആരെയും ജീവിതത്തിലേക്ക് വലിച്ചിഴക്കരുത്.
തൻ്റെ മനസ്സിൻ്റെ നീറ്റലും പുകച്ചിലും മഷിപുരണ്ടപ്പോൾ അവളൊരെഴുത്തുകാരിയായി.
വീട്ടിൽ അവൾക്കായി ഒരു കിടപ്പുമുറിയില്ല. പുറത്തെ ഓഫീസ് മുറിയിലാണ് കുടികിടപ്പ്. എഴുത്തും വായനയും തീറ്റയും കുടിയുമൊക്കെ ഒറ്റമുറിയിൽ !
ചിലപ്പോൾ മുറിവിട്ടിറങ്ങാതെയെഴുതും. കുളിയും ഭക്ഷണവും മറക്കും. അത്യാവശ്യം കുടുംബക്കാരും വീട്ടുകാരും നാട്ടുകാരും വട്ടാണെന്ന് പറഞ്ഞു തുടങ്ങി.
ചിലപ്പോൾ ജോലിക്കു പോകും. ശമ്പള ദിവസം എല്ലാവരും അടുത്തെത്തും. ആവശ്യങ്ങൾ പറയും. കൊടുക്കുന്നതിലുള്ള ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി അവർ തമ്മിൽ കലഹിക്കും.
എത്ര നേരം കഴിഞ്ഞിട്ടുമുറങ്ങാൻ കഴിയാതാവുന്ന രാത്രികളിൽ അവൾ ഡയറിയിൽ കുത്തി കുറിക്കും. ആ ഡയറി മാത്രമാണിപ്പോൾ അവളുടെ ഉറ്റമിത്രം. എല്ലാം പറയും പലപ്പോഴും ചങ്ങാതിയോട് കലഹിക്കും. പേജുകൾ കീറിയെറിയും… പെൻ മുനകൊണ്ട് അവളുടെ ഹൃദയത്തെ കുത്തിക്കീറും അവളെ മാറോടടുക്കി തേങ്ങും… തേങ്ങലിനിടയിലെപ്പോഴെങ്കിലും കീറിയെറിഞ്ഞ കടലാസുകൾക്കിടയിൽ കിടന്ന് നിദ്രയിലേക്ക് വഴുതി വീഴും…

Share this:

Recently added