മാതൃ ഹൃദയം

നേർത്ത മഴ….

റോഡ് മഴനനഞ്ഞു കിടന്നു. അവിടവിടെയായി ചെമ്മണ്ണിൽ നിറമുള്ള മഴവെള്ളം ക്കെട്ടി നിൽക്കുന്നു. ഞാൻ പതിയെ ബസ്സ് സ്റ്റോപിലേക്ക് നടന്നു.

റോഡ് നല്ല തിരക്കുള്ള ദിവസമായിരുന്നു അന്ന്. കുടയും ചൂടി റോഡിൽ നിറയെ ആളുകൾ. ജോലിക്കുംകോളേജിലേക്കും സ്കൂളിലേക്കും മറ്റുമായി ആളുകളും സ്ക്കൂൾ കുട്ടികളും ആ മഴയിലൂടെ ഒഴുകി നീങ്ങുകയാണ്. ഇപ്പോൾ മഴക്ക് ശക്തി കൂടിയിരിക്കുന്നു. സ്വയം ശപിച്ച് ബസ് സ്റ്റോപ്പിലെ ആ തിരക്കിൽ എനിക്കുള്ള ബസ്സിനായി കാത്തിരുന്നു. അഞ്ച് മിനിറ്റ് നിന്നതേയുള്ളൂ ബസ് വന്നു.

കുട മടക്കി ബാഗിലേക്ക് വെച്ച് ഞാൻ ബസ്സിലേക്ക് കയറി. എന്നും കാണുന്ന ആന്റിയും ഉണ്ടായിരുന്നു ബസ്സിൽ. നിത്യവും ഉള്ള യാത്രക്കിടെ ചിലർ നാമറിയാതെ നമ്മുടെ മനസ്സിൽ വന്ന് പതിയും… അവർ സൈഡ് സീറ്റിൽ പുറത്തേക്കും നോക്കിയിരിക്കയാണ്. ഞാൻ അവർക്കരികെ ഇരുന്നു… കാറ്റിൽ മഴത്തുള്ളികൾ അവരുടെ മുഖത്തേക്ക് പാറി വീഴുന്നുണ്ട്. എപ്പോഴോ അവരൊന്ന് പാളി നോക്കിയപ്പോൾ ഞാൻ ചെറുതായൊന്ന് ചിരിച്ചു, പക്ഷേ അവർ ഒന്ന് ചിരിക്ക പോലും ചെയ്യാതെ മുഖം തിരിച്ച് വീണ്ടുംപുറത്തേക്ക് നോക്കിയിരുന്നു. ആ കണ്ണുകളിൽ ഒരു മഴയുണരുന്നത് ഞാൻ കണ്ടു….
അവരെന്തോ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പോലെ തോന്നി എനിയ്ക്ക്. ആന്റിയുടെ മുഖം പതിവിൽ നിന്നകന്ന് ഇരുൾ മൂടി നിന്നു…. ഇത്രയും കാലം കൊണ്ട് നിത്യേനയുള്ള കാഴ്ച്ച കൊണ്ടും ചുണ്ടിൽ തങ്ങി നിൽക്കുന്ന നേർത്ത ചിരി കൊണ്ടു ഞങ്ങൾ ചിരപരിചതരായിരുന്നെങ്കിലും ഞങ്ങൾ തീർത്തും അപരിചിതരായിരുന്നു. എങ്കിലും മൗനം കൊണ്ട് ഞങ്ങൾ സംസാരിച്ചിരുന്നുവെന്ന് തോന്നുന്നു. ഇത്തരം യാത്രകളിൽ ചിലർ ഒരു അടഞ്ഞ പുസ്തകമായി അകന്ന് നിൽക്കും.

അത് കൊണ്ട് തന്നെ അവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാതെ ഞാനും അകന്ന് നിന്നു . ബസ്സ് മഴയിലൂടെ കുതിച്ച് നീങ്ങുകയാണ്. ഇടക്കിടെ ആന്റിയുടെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു. അവരത് വെറുപ്പ് കലർന്ന മുഖത്തോടെ കട്ടാക്കി കൊണ്ടിരുന്നു… പള്ളിക്കര എത്തിയപ്പോൾ ആന്റി തിടുക്കപ്പെട്ട് ഇറങ്ങി. അവിടെയുള്ള വില്ലേജ് ഓഫീസിലാണ് അവർജോലി ചെയുന്നത്. ബസ്സ് മുമ്പോട്ട് നീങ്ങുംമ്പോൾ കുടയുമായി മഴയിൽ അകന്ന് നീങ്ങുന്ന അവരെ ഒരിക്കൽ കൂടി ഞാൻ എത്തി നോക്കി. വൈറ്റിൽ നേർത്ത പ്രിന്റുള്ള സാരിയും ബ്ലൗസ്സുമായിരുന്നു അവർ എപ്പോഴും ധരിച്ചിരുന്നത്. എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു അവരുടെ വസ്ത്രധാരണത്തിന്… മുഖത്ത്എപ്പോഴും വിഷാദം പാടക്കെട്ടി നിന്നിരുന്നു… ഏകദേശം നാൽപ്പത് നാൽപ്പത്തിയഞ്ചിനടുത്ത് പ്രായം വരും അവർക്ക്. എന്നെപ്പോലെ ഇരുനിറമായിരുന്നെങ്കിലും അവരിൽ വല്ലാത്ത ഒരു വിശുദ്ധി നിറഞ്ഞ് നിന്നിരുന്നു. ഒരു പക്ഷേ അതാവും അവരറിയാതെ എന്നെ അവരിലേക്ക് അടുപ്പിക്കുന്നത്. അവരുടെ ചുണ്ടിലെ എന്നെ കാണുമ്പോഴുള്ള മടിച്ച് നിൽക്കുന്ന ആ ചിരി പലപ്പോഴും എന്റെ അമ്മച്ചിയെ ഓർമ്മിപ്പിക്കും. വിട്ട് മാറാത്ത ഈ മഴ പോലെ….

കോളേജ് വിട്ട് വീട്ടിലെത്തിയിട്ടും ആന്റിയുടെ മുഖം മനസിൽ നിന്ന് മായാത്ത പോലെ…. ഏതാനും ദിവസങ്ങൾ യാത്രക്കിടെ ആന്റിയെ കണ്ടതേയില്ല…. ആൾകൂട്ടത്തിലൊക്കെ എന്റെ കണ്ണുകൾ ആന്റിയെ തിരക്കും. എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം എന്നെ നോവിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന് കാലത്ത് ബസ്സിൽ കയറിയപ്പോൾ പതിവ് സൈഡ് സീറ്റിൽ ആന്റി ഇരിക്കന്നത് കണ്ടു.
അവരുടെ മഖത്ത് പലയിടങ്ങളിലായിഅടി കൊണ്ട് തിണർത്തപാടുകൾ കല്ലിച്ച് കിടന്നിരുന്നു. ആന്റി നിറഞ്ഞ കണ്ണകളോടെ പുറത്തേക്ക് നോക്കിയിരുന്നു. ഇടക്കിടെ കർച്ചീഫ് കൊണ്ട് അവർ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ടിരുന്നു. അത് കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. അവരോട് കാര്യം തിരക്കണമെന്ന് തോന്നി. അമ്മച്ചിയും ഇങ്ങനെയാ ഒരു സങ്കടവും ആരോടും പറയാതെ ഉള്ളിലിട്ട് കരഞ്ഞ് തീർക്കും. അടുത്ത സ്റ്റോപ്പിൽ ആന്റിയുടെ സീറ്റിനരികെയിരുന്ന സ്ത്രി ഇറങ്ങിയപ്പോൾ ഞാനവർക്കരികെ ചെന്നിരുന്നു. മടിച്ച് മടിച്ചാണെങ്കിലും ഞാൻ ചോദിച്ചു ‘ എന്തേ…. എന്ത്പറ്റി ആന്റി? മുഖത്താകെ പാടുകൾ… എവിടെയെങ്കിലും വീണോ…എന്തിനാ ഇങ്ങനെ കരയ്ണേ….എന്താണെകിലും പറ….’
അത് കേട്ട് അവർ ഒന്നും പറയാതെ ഒന്ന് വിതുമ്പി .

അപ്പോഴേക്കും അവർക്കിറങ്ങേണ്ട സ്റ്റോപ്പ് എത്തിക്കഴിഞ്ഞിരന്നു. സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ച് അവരാ സ്റ്റോപ്പിൽ ഇറങ്ങി. ഞാൻ എത്തി നോക്കിയെങ്കിലും കാണാനായില്ല. ഏതോ ബസ്റ്റ് എന്റെ കാഴ്ച്ച മറച്ച് അകന്ന് പോയി. വീണ്ടും ദിവസ്സങ്ങൾ കടന്ന് പോയി.ആന്റിയെ കണ്ടതേയില്ല… ആന്റി എനിക്കിപ്പോൾ ഉത്തരമില്ലാത്തൊരു കടംങ്കഥയാണ്… ഒരു ദിവസം കോളേജിലേക്കുള്ള യാത്രക്കിടെ ബസ്സിൽ എന്റെ ബാക്ക് സീറ്റിലിരുന്ന് ആരോ പറയുന്നത് കേട്ടു. ‘അറിഞ്ഞോ… ഇവിടെ അടുത്ത് ഇല്ലിക്കൽപ്പടിക്കലെ ഒരു സ്ത്രീ സ്വന്തം മകനെ തലക്കടിച്ച് കൊന്നെന്ന്…. ഇന്നലെ പാതിരാത്രിക്കാ സംഭവം’

ഒരു ഞെട്ടലോടെയാണ് ഞാനത്‌ കേട്ടത് നൊന്ത് പെറ്റ ഒരമ്മക്ക് എങ്ങനെയാണ് അത് ചെയ്യാൻ കഴിയുക? ഇങ്ങനെ എന്താ ക്കെ വാർത്തകളൊണ് നിത്യവും കേട്ട് കൊണ്ടിരിക്കുന്നത്.

എക്സാമിന്റെ ടെൻഷനിൽ ഞാനതൊക്കെ വിട്ട് പരീക്ഷാ ഹാളിലേക്ക് നടന്നു. വൈകീട്ട് എക്സാം കഴിഞ്ഞ് കോളേജ് കാമ്പസ്സിലെ ചോലമരങ്ങൾക്കിടയിലൂടെ കോളേജ് ഗേയ്റ്റിനരികിലേക്ക്നടക്കുമ്പോഴാണ് വാട്സ് ആപ്പിൽ ആരോ ഷെയർ ആ ചാനൽ വാർത്ത ഞാൻ ശ്രദ്ധിക്കുന്നത്….. സ്വന്തംമകനെ വെട്ടിക്കൊന്ന ആ അമ്മ ഞാൻ നിത്യവും ബസ്സിൽ വെച്ച് കാണാറുള്ള ആ ആന്റിയായിരുന്നു… ഒരു ഞെട്ടലിന്റെ അതിശൈത്യം എന്നിലൂടെ കടന്ന് പോയി ചാനൽ ദൃശ്യത്തിൽ തെളിഞ്ഞ ആമുഖത്ത് ഒരു കുറ്റബോധമോ സങ്കടമോ കാണാനായില്ല. മരവിച്ച ആ മുഖത്തെ ചുണ്ടിൽ മടിച്ച് നിന്ന ആ ചിരിക്ക് ഒരു സമാധാനത്തിന്റെ കുളിർമ്മയുള്ളത് പോലെ തോന്നി എനിയ്ക്ക്.

റിപ്പോർട്ടർ പെൺകുട്ടി വളരെ ആവേശത്തോടെ ആ സംഭവം വിവരിച്ച് കത്തിക്കയറുകയാണ്… എല്ലാ ചാനലുകൾക്കും ആവശ്യം ദുരന്തങ്ങളും അതിന്റെ ആഘോഷങ്ങളും ആണല്ലോ… ഞാൻ ആന്റിക്ക് സംഭവിച്ച കാര്യങ്ങൾ ചുരുക്കിപ്പറയാം….

അച്ഛനില്ലാതെ ഓമനിച്ച് വളർത്തിയ ആന്റിയുടെ ഏക മകൻ ഇതിനകം മയക്ക്മരുന്നിന്റെ പിടിയിലമർന്ന് പോയിരുന്നു. പിന്നീട് ആ ഓമന മകൻ അമ്മക്ക് തീരാ ശല്യമായി മാറുകയാണ്. സഹിക്കെട്ടാണ് അവർക്ക് സ്വന്തം മകനെ….?


പ്രിയപ്പെട്ടവരെ…

ചോലമരങ്ങളിൽ കാറ്റ് പിടിക്കയാണ്… ഒരു മഴ പെയ്തേക്കും. മാനം കറുത്തിരുണ്ട് കിടക്കയാണ്. എന്റെ ഉള്ളും കനത്ത് കിടക്കയാണ് . നാം അനുഭവിക്കാത്ത തൊക്കെ നമുക്ക് കേട്ട് കേൾവികാളാണ്…. ആരോ പറഞ്ഞ കഥകളാണ്…. നിത്യവും… എന്റെ സഹയാത്രിക ആന്റിയുടെ കണ്ണുകളിലെ പെയ്തൊഴിയാ മഴയിൽ ഒരു അമ്മ മനസ്സിന്റെ പിടച്ചിൽ ഞാൻ കണ്ടിരുന്നു…അതാണ് എന്നെക്കൊണ്ട് ഇതെഴുതിക്കുന്നത്…. ഒരു മാതൃ ഹൃദയത്തിന്റെ തോരാ കണ്ണീർ…

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added