സൗപർണ്ണികാ തീരഭൂവിൽ…

കുടജാദ്രിയുടെ കുളിരേന്തി കല്ലുകൾക്കിടയിലൂടെ പാടിനടക്കുന്ന സൗപർണ്ണിക… നിന്റെ ഓരോ അലകളിലും ഒളിഞ്ഞു കിടക്കുന്നു ഒരു തീർത്ഥത്തിന്റെ നിശ്ശബ്ദം… മൂകാംബികാ ദേവിയുടെ പാദസ്പർശം പോലെ അതിലെ ഓരോ തുള്ളിയും മനസ്സിൽ പതിയുന്നു…

സൗപർണികയിൽ മുങ്ങി മൂകാംബികയെ തൊഴുതു കഴിഞ്ഞാൽഎപ്പോഴും കുടജാദ്രി യാത്ര ബാക്കിയാവുന്നു

പല തവണ പ്ലാൻ ചെയ്തിട്ടും
അവസാന നിമിഷം മാറിപോകുന്ന യാത്രകൾ… അതായിരുന്നു എനിക്ക് കുടജാദ്രി…
മൂകാംബികക്കൊരു യാത്ര ഒത്തുവന്നപ്പോൾ എന്നിലെ യാത്രാപ്രേമി ഉണർന്നു… ഇത്തവണ തീർച്ചയായും കുടജാദ്രി കാണണം

യാത്രകളിൽ ഞാൻ കുഞ്ഞുനാൾ മുതലേ ഒരു ഛർദിക്കാരി കുട്ടി ആയിരുന്നു… കൂട്ടിന് മൈഗ്രൈനും..
വിൻഡോ സീറ്റ്‌… ശുദ്ധവായു ചെറുനാരങ്ങ… എത്ര മുൻകരുതൽ എടുത്താലും ഒറ്റ തവണയെങ്കിലും ഞാൻ ഛർദിച്ചിരിക്കും… പിന്നീട് വിൻഡോ സീറ്റ്‌ എന്നുള്ളത് എനിക്ക് ഒരു വികാരവും വിചാരവുമായി മാറി. ആർക്കും വിട്ടുകൊടുക്കാതെ… ഒട്ടും നഷ്ടപ്പെടാൻ വയ്യാതെ… ഇത്തവണ ഒരു ടാബ്‌ലറ്റ് കൂടി കഴിച്ച് ഞാൻ യാത്രയ്ക്ക് ഒരുങ്ങി…

മൂകാംബികയിൽ നിന്ന് ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ സമയം എടുക്കും കുടജാദ്രിയിലേക്കുള്ള ജീപ്പ് യാത്ര. പണ്ട് കാൽ നട മാത്രമായിരുന്നു മാർഗ്ഗം… ഇന്ന് ജീപ്പുകളുണ്ട്. റോഡെന്ന് വിളിക്കാവുന്ന കല്ലും പാറക്കൂട്ടവും നിറഞ്ഞ മൺപാതകൾ… തലേ ദിവസം പെയ്ത മഴയിൽ ചെളിക്കുളമായ പാതയിലൂടെ അതി സാഹസികമായി വേണം ജീപ്പോടിക്കുവാൻ… ഓരോ വളവിലും ജീപ്പിന്റെ ആടിയുലച്ചിൽ ഭീകരമായിരുന്നു… ഒരുവണ്ടിക്ക് മാത്രം കഷ്ടിച്ച് പോകാവുന്ന റോഡ്. യാത്രാ മദ്ധ്യേയുള്ള ദിശാസൂചികകളിൽ ജിലേബിപോലെയോ ഞണ്ട് കമ്ഴ്ത്തിവെച്ചപോലെയോ ഉള്ള അക്ഷരകൂട്ടങ്ങൾ വായിച്ചെടുക്കാൻ പറ്റാതെ ഞാൻ മനകണക്ക് കൂട്ടി ദൂരം അളന്ന് കൊണ്ടിരുന്നു… ദുർഘട പാതയിലൂടെ ഉള്ള വനയാത്ര മൂലസ്ഥാനത്തുള്ള ദേവിക്ഷേത്രത്തിൽ എത്തുമ്പോൾ അവസാനിക്കുന്നു

കുടജാദ്രി…ദേവി ശങ്കരാചാര്യർക്ക് മുൻപിൽ പ്രത്യക്ഷപെട്ട സ്ഥലം. എങ്ങനെ ആയിരിക്കും ഇവിടെനിന്നും ശങ്കരാചാര്യർ കാടും മലയും താണ്ടി താഴേയ്ക്ക് നടന്നുപോയത്… എന്തിനായിരിക്കും ദേവി കൊല്ലൂരെത്തിയപ്പോൾ നിന്ന് കളഞ്ഞത്… വായിച്ചു മറിച്ച ഐതിഹ്യങ്ങളിലൂടെ മനസ്സ്‌ പിന്നോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു…

ഇടയ്ക്കിടെ കോടയിറങ്ങി കാഴ്ച്ചകൾ മറച്ചു കൊണ്ടിരുന്നെങ്കിലും പ്രകൃതി ഒരുക്കി വെച്ച അപാരതകൾ മനസ്സിനെയും ശരീരത്തെയും ആഹ്ലാദിപ്പിച്ചു കൊണ്ടിരുന്നു
മൂടൽ മഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് ദേവിയുടെ കുങ്കുമപൊട്ടുപോലെ ഉയർന്നുവരുന്ന സൂര്യപ്രഭ…
ഔഷധ സസ്യങ്ങളുടെ കോടി പുണ്യവുമായി വീശിയെത്തുന്ന ശീതക്കാറ്റ് ഔഷധകൂട്ടുകളായി തഴുകി പുതിയ ആയുസ്സ് തരുന്നു…

ട്രക്കിങ് എന്നപേരിൽ നാഗരികതയുടെ കടന്ന് കയറ്റം കുടജാദ്രിയെയും പിടികൂടിയതായി കാണാം… ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് പ്ലാസ്റ്റിക് നിർമാർജ്ജനത്തിന് മാർഗ്ഗങ്ങൾ സ്വീകരിച്ചു തുടങ്ങിയതോടെ ഇപ്പോൾ അതിനും മാറ്റങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്…

ആദിശങ്കരനെ വായിച്ചു തുടങ്ങിയപ്പോൾ മുതലുള്ള കലശലായ മോഹമായിരുന്നു സർവജ്ഞപീഠം കയറുക എന്നുള്ളത്…
കുടജാദ്രിക്കപ്പുറം വീണ്ടും മലകയറിയാൽ സർവജ്ഞ പീഠത്തിലേക്കുള്ള പദയാത്ര തുടരാം… രണ്ട് മണിക്കൂറാണ് ജീപ്പ് ഡ്രൈവർ അനുവദിച്ച സമയം…

എന്നാൽ ഒറ്റമേഘം പോലുമില്ലാത്ത ആകാശത്തു നിന്ന് സൂര്യനെ നനച്ചെത്തിയ പേരറിയാത്ത ഒരു പെരു മഴ എന്റെ ആഗ്രഹങ്ങൾക്ക് മേൽ പെയ്തിറങ്ങി… സദാ മൂടി വരുന്ന നനുത്ത മഞ്ഞിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ എന്നിൽ ആത്മബോധത്തിന്റെ സൂചികുത്തലുകൾ നൽകി ചാറി മറയുന്നു… സർവ്വജ്ഞ പീഠത്തിലേക്കുള്ള എന്റെ യാത്രയെ അനന്തമായി നീട്ടിവലിച്ചു കൊണ്ടുപോകുന്നു…

ജ്ഞാനത്തിന്റെ പീഠം കയറാൻ
കുറുക്കുവഴികൾ ഒന്നുമില്ലെന്നും കഠിനമായ വഴികളിൽതന്നെ നടക്കേണ്ടി വരുമെന്നും ഓർമിപ്പിക്കുന്നു കുടജാദ്രി യാത്ര…

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ തീർത്ഥാടനം എന്നപേരിൽ സിനിമയാക്കിയപ്പോൾ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും ആണ് പ്രധാന പശ്ചാത്തലമായെടുത്തത്… കാമമോഹങ്ങൾക്കതീതമായി ശരീരത്തിന്റെ ശാന്തമായ ഒരു ചേർന്ന് നിൽപ്പ്… പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്തഭാവങ്ങളെ ആർദ്രമായി പുതുക്കിപ്പണിത വാനപ്രസ്ഥം പ്രാർത്ഥനാനിര തമായ ഒരു യാത്രപോലെ ഓർമ്മയിൽ ഇന്നും നിലകൊള്ളുന്നു..

പ്രകൃതിയുടെ മണമുള്ള ഒരുപാട് ഓർമ്മകളുമായി ഞാൻ താഴേക്ക്.. തിരക്കിലേക്ക്.. വീണ്ടും ബാക്കി നിൽക്കുന്ന പ്രണയവുമായി യാത്രകളോട്..

ഞാനെന്ന ഭാവം മലമടക്കുകളിൽ ഉപേക്ഷിച്ചിട്ട് പിൻതിരിഞ്ഞു നോക്കാതെ മലയിറങ്ങുമ്പോൾ ഇനിയും കാണുമോ എന്ന് ചോദിക്കും പോലൊരു മരം ഇലപൊഴിച്ചിട്ടു…

വരാമെന്ന് പറഞ്ഞുതന്നെ ഞാൻ മലയിറങ്ങി…

Share this:
About Author

Recently added