പുകച്ചുരുളുകൾ

ആരാണ് ഈ ജനൽ തുറന്നിട്ടതും കർട്ടൻ നീക്കിവെച്ചതും… കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ച വീണ്ടും കാണാൻ.. ?അങ്ങ് ദൂരെ അവളുടെ ചിതയിൽ നിന്ന് ഇപ്പോഴും ഉയരുന്ന പുകച്ചുരുളുകൾ മേലെവിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ തട്ടി എവിടെയോ പോയി ശൂന്യതയിൽ ലയിക്കുന്നു…
പക്ഷേ മനസ്സിലെ കനലിൽ നിന്നുയരുന്ന പകച്ചുരുളുകൾ എവിടെയും പോകാതെ നെഞ്ചിൽ വലിയ വിങ്ങലായി ഘനീഭവിച്ച് കെട്ടിക്കിടക്കുന്നു..

ഈ കിടത്തം തുടങ്ങിയിട്ട് രണ്ടോ മൂന്നോ ദിവസമായി കാണും.. ഊണ് കഴിക്കാൻ ചായ കുടിക്കാൻ ഒക്കെ ആരൊക്കെയോ വന്നു വിളിച്ചിരുന്നു. ബന്ധുക്കൾ ഒന്നും പോയില്ലെന്ന് തോന്നുന്നു..കുഞ്ഞുങ്ങളുടെ വാശിയും കരച്ചിലും കലപില ശബ്ദങ്ങളും ഇടക്ക് ശബ്ദ മുഖരിതമാകുന്നു.. ഈ മുറിയിൽ തളംകെട്ടി നിൽക്കുന്ന നിശബ്ദത ഭേദിക്കാൻ അവളുടെ ശബ്ദം ഇനി ഇല്ലല്ലോ..

പ്രണയിനിയെ നഷ്ടപ്പെട്ടപ്പോൾ, ഇഷ്ടമില്ലാതെ അച്ഛന്റെയും അമ്മയുടെയും വാശിക്ക് മുന്നിൽ നിന്നുകൊടുത്ത് അവർ കണ്ടെത്തി അവർ കൈപിടിച്ച് കയറ്റിയ എൻറെ വധു.. കല്യാണത്തിനാണ് കാണുന്നത് തന്നെ.. എങ്കിലും ആ ഐശ്വര്യമുള്ള മുഖം മനസ്സിൽ ഉടക്കാതിരുന്നില്ല..
എന്നാലും വാശിക്ക് മുന്നിൽ തോൽക്കാൻ മനസ്സുണ്ടായിരുന്നില്ല.. അവളെ തീർത്തും അവഗണിച്ചു… പക്ഷേ അവൾ ഈ വീട് ഒരു സ്നേഹ പൂന്തോപ്പ് ആക്കി മാറ്റി.. ആ കാര്യത്തിൽ അവൾക്കും വാശിയായിരുന്നു.. ദിവസങ്ങൾക്കുള്ളിൽ അച്ഛന്റേയും അമ്മയുടേയും, ബന്ധുക്കളുടെയും അയൽക്കാരുടെയും കണ്ണിലുണ്ണിയായി.. സ്നേഹത്തിടമ്പായി..
എൻറെ കാര്യത്തിലും കാണിക്കുന്ന ശ്രദ്ധ കാണാതിരിക്കാൻ ആകുമായിരുന്നില്ല.. മുറിയുടെ അടുക്കും ചിട്ടയും,കുളിക്കാൻ ചെല്ലുമ്പോൾ എണ്ണയും തോർത്തും സോപ്പും.. അതുകഴിഞ്ഞാൽ അലക്കി തേച്ച വസ്ത്രങ്ങൾ.. പിന്നെ കഴിക്കാൻ സുഭിക്ഷമായ വിഭവങ്ങൾ…. കഴുകിത്തുടച്ചിടുന്ന വാഹനം, ചെരുപ്പ്….

എന്നിട്ടും വാശിയെ തോൽക്കാൻ വിട്ടില്ല.. പിടിച്ചുനിന്നു…

ഇടയ്ക്കിടെ വയറുവേദന എന്ന് പറഞ്ഞ് വയറു ചൂട് പിടിപ്പിക്കുന്നതും, ബാംപുരട്ടുന്നതും ഒക്കെ കണ്ടപ്പോഴും ശ്രദ്ധിച്ചില്ല…
ഒടുവിൽ അമ്മയാണ് കാര്യമൊന്നും അറിയാതെ ഒരു കുഞ്ഞിക്കാൽ കണ്ടാൽ എല്ലാം ശരിയാകും എന്ന് കരുതി അവളെ ഡോക്ടറെ കാണിക്കാൻ തുനിഞ്ഞത്…

അപ്പോഴാണ് അറിയുന്നത് അവൾക്ക് വയറ്റിൽ വലിയ അസുഖമാണ്. നാലാം സ്റ്റേജിൽ ആണ് … അപ്പോഴേക്കും വൈകിപ്പോയിരുന്നു… ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അപകർഷതാ ബോധം..
മാത്രമല്ല എപ്പോഴും ചുറ്റും ബന്ധുക്കൾ.. തിരക്കൊഴിഞ്ഞ നേരം ഇല്ലായിരുന്നു.. 20 ദിവസം ആകുമ്പോഴേക്കും എല്ലാം കഴിഞ്ഞു.. കൊതിച്ച സ്നേഹം കിട്ടാതെ അവൾ മടങ്ങി..
യാതൊരു തെറ്റും ചെയ്യാതെ….. അവഗണനയിൽ കിടന്ന് വീർപ്പുമുട്ടിയ അവളെ ദൈവം പരിഗണിച്ചു കൂട്ടിക്കൊണ്ടുപോയി…
ഇപ്പോഴാണ്.. അറിയുന്നത്.. അവളെ ഒരുപാട് സ്നേഹിച്ചിരുന്നു..

പുറത്ത് ഇരുട്ടിന് നല്ല കനം വെച്ചിരിക്കുന്നു.. എത്രവേഗമാണ് സമയം പോകുന്നത്..
വേച്ച് വേച്ച് ഇറങ്ങി നടന്നു..
അവളുടെ കുഴിമാടത്തിലേക്ക്.. ഈ മഹാപാപിക് അല്പം ചാരമെങ്കിലും നെഞ്ഞോട് ചേർക്കണം.. കണ്ണീർ ഒരു പുഴയായി ഒഴുകി.. എല്ലാ പുകച്ചുരുളുകളെയും അണക്കാൻ എന്നവണ്ണം…

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added