പിറന്നാൾ സമ്മാനം

അതിരാവിലെ തുടങ്ങിയ യാത്രയാണ്. രണ്ടുമണി ആകുമ്പോഴേക്കും മധുര എത്തുമെന്നാണ് ”ഗൂഗിൾ ചേച്ചി” പറയുന്നത്. വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു മധൂര-രാമേശ്വരം- ധനുഷ്‌ക്കോടി യാത്ര. ഇപ്പോഴാണ് ഒത്തുവന്നത്. അങ്ങനെ ഈ വെക്കേഷനിൽ ഞങ്ങൾ നാലുപേർ, ഞാൻ സുജ ഷർമിള ജയലതയും കാറിൽ യാത്ര തിരിച്ചത്. കാർ ഓടിക്കുന്നത് കാറിന്റെ ഉടമസ്ഥയായ സുജ തന്നെയാണ്. നല്ല ചുടുള്ള കാലാവസ്ഥ. യാത്രക്ക് മുമ്പ് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിന് ഉചിതമായ പേരും നൽകി, ”നാല് ചൂടത്തികൾ”. മലയുടെ താഴ്‌വരയിലെ റോഡിലൂടെ ഞങ്ങളുടെ കാർ സ്പീഡിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഡ്രൈവിംഗിൽ വിദഗ്ദയാണ് സുജയെങ്കിലും എനിക്ക് ഉള്ളിൽ ചെറിയൊരു പേടിയില്ലാതെയില്ല. വീതി കൂടിയ നല്ല റോഡ്, വൺവേ ആയത് കൊണ്ട് എതിരെ വാഹനവും ഇല്ല. സ്പിഡ് നുറൂ കടക്കുമ്പോഴുള്ള സ്പിഡോമീറ്ററിലെ ”ടിക്ക് ” ശബ്ദം എന്റെ നെഞ്ചിടിപ്പ് കൂടാനുള്ള സിഗ്‌നലായി മാറുമ്പോൾ, ഞാൻ സൂജക്ക് സ്പീഡ് കുറയ്ക്കാനുള്ള നിർദ്ദേശം കൊടുക്കുന്നത്, തന്റെ ഭർത്താവ് സാജനെ സൈഡിൽ ഇരുത്തി കാറോടിക്കുമ്പോൾ ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ ‘വെറുപ്പിക്കൽ’ ഓർമ്മവന്നത് കൊണ്ടാവാം ”സാജൻ ആവരുത്” എന്ന താക്കീത് എനിക്ക് നൽകിയത്. എങ്കിലും ഞാനുണ്ടോ നിർത്തുന്നു. വീട്ടിൽനിന്നും ഇറങ്ങിയത് പോലെ തന്നെ ഒന്നും പറ്റാതെ വീട്ടിൽ തിരിച്ചെത്തണമല്ലോ എന്ന ചിന്ത അല്പം ടെൻഷൻ നൽകുന്നുണ്ട്. ഞങ്ങൾ നാല് സ്ത്രീകൾ, അല്ലെങ്കിൽ നാല് ചൂടത്തികൾ എന്ന് പറയുന്നത് ആയിരിക്കും കൂടുതൽ യോജിക്കുക, ഈ ചൂടുകാലത്ത് തിരുവനന്തപുരത്ത് നിന്നും കാറിൽ മധുര- രാമേശ്വരം-ധനുഷ്‌ക്കോടി ആരംഭിച്ച യാത്രയാണ്. കാറിന്റെ പിൻ സീറ്റിലാണ് ഷർമിളയും ജയലതയും. ഇടക്ക് തന്റെ ഡ്രൈവിംഗ് വൈഭവം പുറത്തെടുക്കാൻ ജയലത താല്പര്യം പ്രകടിപ്പിച്ചത് ‘എന്റെ കാർ ഞാൻ ഡ്രൈവർ’ മനോഭവത്തിൽ സുജ വിട്ടുകൊടുത്തില്ല. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും കാർ സൈഡ് ആക്കി ഞങ്ങൾ കരുതിയ ഫ്രൂട്സ് എന്തെങ്കിലും കഴിച്ച് പത്ത്പതിനഞ്ച് മിനുട്ട് റസ്റ്റ് എടൂക്കും. പെട്രോൾ പമ്പിലെ ടോയ്‌ലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി, തട്ടുകടയിൽ നിന്നും ചായകുടിച്ച്, ഫോട്ടോ എടുത്ത് പലർക്കും അയച്ച് അതിനു കിട്ടുന്ന കമന്റ്പരസ്പരം പറഞ്ഞ് ട്രോളി, തമിഴ്‌നാട്ടിൽ തമിഴ്പാട്ട് മതി എന്നുപറഞ്ഞ് ഉച്ചത്തിൽ പാട്ടുവെച്ചുള്ള യാത്ര. ഇടക്ക് സൂജക്ക് ഉറക്കം വന്നത് മാറ്റാൻ അന്താക്ഷരിയും പഴയകാല പ്രേമകഥകളും പരീക്ഷിച്ചത് വിജയിക്കുകയും ചെയ്തു. തന്റെ സഹപാഠിയുടെ മരണവിവരം അറിഞ്ഞത് ഷർമിളയെ കുറച്ച് സമയം നിശബ്ദയാക്കിയെങ്കിലും, കട്ടക്ക് കട്ടക്ക് കമന്റ് പറഞ്ഞ്, അറ്റം കാണാത്ത വശങ്ങളിൽ വലിയ കാറ്റാടികൾ ഉള്ള കാറ്റാടിപ്പടങ്ങളെയും പിന്നിലാക്കിക്കൊണ്ട് കാർ മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.
നീങ്ങുന്ന പ്ലാസ്‌റിക് പത്രങ്ങളുടെ മലപോലെ തോന്നിപ്പിക്കുന്ന സൈക്കിൾ, കാല് താഴേക്ക് തൂക്കിയിട്ട് ഫോണും നോക്കിയിരിക്കുന്ന സ്ത്രീകളെയും കൊണ്ടുപോകുന്ന ഗുഡ്‌സ് ഓട്ടോ, കൊള്ളാവുന്നതിനേക്കാൾ നാലിരട്ടി ആളുകളെയും കയറ്റിക്കൊണ്ടുപോകൂന്ന ഓട്ടോറിക്ഷ, ഫൂട്‌റെസ്‌റിൽ പോലും ആളുകൾ ഇരുന്നു യാത്ര ചെയ്യുന്ന എം എയ്റ്റി, വിശാലമായ ഉപ്പളങ്ങൾ തുടങ്ങി എല്ലാം യാത്രയിലെ പുതുമയുള്ള കാഴ്ചതന്നെ ആയിരുന്നു.
വഴിയോരത്തെ ചായക്കടയിലെ ചായകുടിക്കുശേഷം ഞങ്ങൾ നാലുപേരുടെയും ഫോട്ടോ എടുത്തു തരുമോ എന്ന് സുജ കടക്കാരനോട് ചോദിച്ചപ്പോൾ ”എനക്ക് പതിനഞ്ച് വയസ്സ് പൊണ്ണ് ഇരിക്ക് ഉങ്കളെ മാതിരി, അവളെ കുപ്പ്‌ട്രൈ” എന്ന മറുപടിയും റിട്ടേർഡ് ആകാൻ പോകുന്ന ഈ തള്ളച്ചിയെ ആണോ ഇയാൾ പതിനഞ്ച് വയസ്സ് ആക്കിയത് എന്ന ഷർമിളയുടെ കമന്റ് പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.
വഴിയോരഭംഗി ആസ്വദിച്ചുകൊണ്ട് ഞങ്ങളുടെ യാത്ര തുടർന്നു. ഇടക്ക് ജയലത ‘ഒറ്റയാൾ ഗാനമേളയും’ നടത്തി. കുറച്ച് കഴിഞ്ഞപ്പോൾ സുജക്ക് ക്ഷീണവും ചെറുതായി ഉറക്കവും വന്നുതുടങ്ങിയത്‌കൊണ്ട് അടുത്ത തണൽമരവും നോക്കിയായി യാത്ര. മരം കാണുന്നിടത്ത് കാർ സൈഡ് ആക്കാനുള്ള സൗകര്യവും ഇല്ലായിരുന്നു. അവസാനം വിജനമായ റോഡിൽ ഒരു മരത്തണലിൽ കാർ സൈഡ് ആക്കി നിർത്തി. കാറിന്റെ ഡിക്കിയിൽ നിന്നും അവിൽ പഴം ശർക്കര എന്നിവയെടുത്ത് ഒരു പാത്രത്തിലിട്ട് കുഴച്ചു. പഴത്തൊലി അല്പംദുരെ മേയൂന്ന ആട്ടിൻകൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. കൂട്ടത്തിൽ മിടുക്കൻ അത് തിന്നുകയും ഇനിയുമുണ്ടോ ‘ എന്ന് ചോദിക്കുന്നത്‌പോലെ തലയുയർത്തി ഞങ്ങളെ നോക്കുകയും ചെയ്തു. വാഹനങ്ങൾ വളരെ കുറവായിരുന്നു റോഡിൽ. പെട്ടെന്ന് എന്റെ പിറകിൽ ഒരു എം എയ്റ്റി സ്‌കൂട്ടർ വന്നു നിന്നു. നല്ല ഉയരവും തടിയും ഉള്ള ഒരാൾ. സ്‌കൂട്ടറിൽ യാത്ര ചെയ്ത് പലഹാരങ്ങൾ വിതക്കുന്ന ആളാണെന്ന് സ്വയം പരിചയപ്പെടുത്തി. ഞങ്ങളുടെ കാറിന്റെ നമ്പർപ്ലേറ്റ് കണ്ട് ദൂരയാത്രക്കാർ ആയിരിക്കും എന്ന് മനസ്സിലാക്കി ഞങ്ങൾക്ക് പലഹാരം വേണമോ എന്ന്ചോദിക്കാൻ നിർത്തിയത് ആണ്. സ്‌കൂട്ടറിൽ തൂകിയിട്ട സഞ്ചിയിലെ സമുസയും ബോണ്ടയും മറ്റു പലഹാരങ്ങളും ഞങ്ങൾക്ക് കാണിച്ച് തന്നു. അവിൽ കുഴച്ചത് ഉള്ളത് കൊണ്ട് പലഹാരങ്ങൾ വേണ്ടെന്നും, വേണമെങ്കിൽ ഞങ്ങളുടെ അവിൽ കുഴച്ചത് അയാൾക്ക് നല്കാമെന്ന് സുജ പറഞ്ഞു. ഇന്ന് തന്റെ പിറന്നാൾ ആണെന്നും അവിലും പഴവും ശർക്കരയും കുഴച്ചത് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് ആണെന്ന് അയാൾ പറഞ്ഞപ്പോൾ ഒരു പേപ്പറിൽ സുജ അവിൽ കുഴച്ചത് അയാൾക്ക് നൽകി. ബാക്കി ഞങ്ങളും അവിടെനിന്ന് കഴിക്കാൻ തുടങ്ങി. ഈ പിറന്നാൾ ദിനത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവിലും പഴവും ശർക്കരയും കഴിക്കാൻ കടവുൾ ആണ് തന്നെ അവിടെ എത്തിച്ചതെന്നും പറഞ്ഞ് അയാൾ വികാരാധീനനായി. തന്റെ അൻപതാം പിറന്നാളായ അന്നു, കാഴ്ചയിൽ അതിനേക്കാൾ തോന്നുമെങ്കിലും, ഇഷ്ടഭക്ഷണം കിട്ടിയതിന് അയാൾ ദൈവത്തോട് നന്ദി പറഞ്ഞു. സുജയും ശർമിളയും ”ഹാപ്പി ബർത്ത്‌ഡേ”പാടി. അയാളുടെ മുഖത്തെ ഭാവവ്യത്യാസം ഞാൻ ശ്രദ്ധിച്ചു. നട്ടുച്ചനേരത്ത് കാർമേഘം വന്നു മൂടിയത് പോലെ ആ മുഖം മാറി. ഉടനെ സഞ്ചിയിൽ നിന്നും കുറച്ച് പലഹാരങ്ങൾ വാരി ഞങ്ങളുടെ അവിൽകുഴച്ച പാത്രത്തിലേക്കിട്ട് നിമിഷങ്ങൾക്കകം നിറകണ്ണുകളോടെ തന്റെ സ്‌കൂട്ടറിൽ കയറി അയാൾ സ്ഥലം വിട്ടു. പലഹാരത്തിന്റെ പണം വാങ്ങാനോ, ഒന്ന് യാത്ര പറയാനോ നിൽക്കാതെ, ഞങ്ങൾക്ക് മുഖം തരാതെ എന്ത് കൊണ്ട് ആയിരിക്കാം അയാൾ പോയത്? ദിർഘകായനായ ആ മനുഷ്യന്റെ കണ്ണുകൾ എന്തുകൊണ്ടായിരിക്കും നിറഞ്ഞുതൂളുമ്പിയത്? ഞങ്ങളുടെ സംസാരവും പെരുമാറ്റവും ആരുടെ ഓർമ്മയാണ് അയാളിൽ ഉണ്ടാക്കിയത്? ഒന്ന് തീർച്ചയാണ് കഴിഞ്ഞ പിറന്നാളിൽ അയാൾക്ക് ഉണ്ടായിരുന്ന പ്രിയപ്പെട്ടതെന്തോ ഈ പിറന്നാളിൽ ഇല്ല. ഞങ്ങളുടെ സാന്നിധ്യം എത്തി വിങ്ങലായി പുറത്തേക്ക് കൊണ്ട് വന്നതാവാം ..ഈ ജീവിതയാത്രയിൽ എത്ര പേരെ നാം കണ്ടുമൂട്ടുന്നു, എത്ര കാലം ആ ബന്ധങ്ങൾ കൊണ്ട് നടന്നാലും ചിലരെയെല്ലാം നമ്മുടെ ഓർമയിൽ നിന്നും മായ്ക്കും. എന്നാൽ മുമ്പ് ഒരിക്കലും കാണാത്തവർ, ഇനി ഒരിക്കൽ പോലും കാണാൻ സാധ്യതയില്ലാത്തവർ, വളരെ കുറച്ച് സമയത്തേക്ക് മാത്രം കണ്ടുമുട്ടിയവർ ഓർമ്മയിൽ നില്ക്കുകയും ചെയ്യും. ആ ഓർമ്മകൾ ആണ് ജീവിതത്തിലെ മാധുര്യം. ഇനിയുള്ള എല്ലാ പിറന്നാളുകളും ദിവസങ്ങളും ആ സഹോദരന് സന്തോഷം നിറഞ്ഞതാവട്ടെ…
പുറത്തെ അസഹനീയമായ ചൂടിൽ നിന്നും രക്ഷപ്പെടാൻ ഞങ്ങളും കാറിൽ കയറി വീണ്ടും യാത്ര തുടർന്നു.

Like this:
Share this:
About Author

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added