ആരാണ് എഴുത്തുകാരൻ? എന്ന ചോദ്യം സാഹിത്യത്തിൽ അക്കാദമിക് ജിജ്ഞാസ മാത്രമായിരുന്ന കാലം കഴിഞ്ഞു. ChatGPT, Claude, Gemini, DeepSeek-R1 തുടങ്ങിയ ജനറേറ്റീവ് മോഡലുകൾ സൗജന്യമായോ ചെറിയ ചെലവിലോ ലഭ്യമായതോടെ, എഴുത്തിന്റെ ഉൽപ്പാദനച്ചെലവ് ഏതാണ്ട് പൂജ്യത്തിനടുത്തെത്തി. ഒരു പ്രോംപ്റ്റ് മാത്രം മതി കവിതയ്ക്കും കഥയ്ക്കും നിരൂപണത്തിനും വായനാനുഭവക്കുറിപ്പിനും ഗവേഷണ ലേഖനത്തിനും. ഈ മാറ്റം പ്രസാധനം, സാമൂഹികമാധ്യമം, സാഹിത്യവിമർശനം, അക്കാദമിക സത്യസന്ധത, പകർപ്പവകാശം, സാംസ്കാരിക വിശ്വാസ്യത എന്നിവയെ ഒരുപോലെ സ്പർശിക്കുന്ന ഒരു പ്രായോഗിക പ്രതിസന്ധിയാണ്. UNESCO തന്നെ ജനറേറ്റീവ് AI എഴുത്തിന്റെ പല ഘട്ടങ്ങളും സ്വയംപ്രവർത്തനക്ഷമമാക്കുന്നതായി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്റെ ചിന്താപ്രക്രിയയും എഴുത്തും തമ്മിലുള്ള ബന്ധം പുതുതായി നിർവചിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും കൂടി ചെയ്യുന്നു എന്നത് സൂക്ഷിക്കേണ്ടതാണ്.
ഈ സാഹചര്യത്തിലാണ് ഒരു പുതിയ വിഭാഗം ആളുകൾ പ്രത്യക്ഷപ്പെടുന്നത്, അവർ സ്വയം എഴുതുന്നവരല്ല, AI ഉപയോഗിച്ച് എഴുത്തുകാരനായി പ്രത്യക്ഷപ്പെടുന്നവർ! ലിങ്ക്ഡ്ഇൻ, എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സബ്സ്റ്റാക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ദൈർഘ്യമുള്ള പോസ്റ്റുകളിൽ AI-യുടെ പങ്ക് അസാധാരണമാംവിധം ഉയർന്നതാണ്. പഠനങ്ങൾ പ്രകാരം ലിങ്ക്ഡ്ഇനിലെ ദൈർഘ്യമുള്ള പോസ്റ്റുകളിൽ 40 ശതമാനത്തിലധികം പൂർണമായും AI നിർമിതമാണ്. സെൽഫ്-പബ്ലിഷിങ് രംഗത്തും (Amazon Kindle Direct Publishing) ഈ പ്രവണത വ്യാപകമാണ്: 2023–2026 കാലയളവിൽ സാമ്പിൾ ചെയ്ത ആയിരക്കണക്കിന് സെൽഫ്-പബ്ലിഷ്ഡ് നോവലുകളിൽ ഏകദേശം 20 ശതമാനത്തിൽ 25 ശതമാനത്തിലധികം AI ടെക്സ്റ്റ് കണ്ടെത്തി; self-help, religious books എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ ഇത് 60 മുതൽ 77 ശതമാനം വരെ ഉയരുന്നു. മലയാളത്തിൽ ഇംഗ്ലീഷിലെയത്ര രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശൈലിയിൽ AI തയ്യാറാക്കിയ കവിതാ പരീക്ഷണങ്ങളും AI സ്റ്റോറി സീരീസുകളും ഇതിനകം വന്നു കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ സാഹിത്യപ്രവണതകൾ മാറുന്നതിന്റെ സ്വാഭാവിക തുടർച്ചയായി ഈ രീതി വളരുകയാണ്.
എന്നാൽ സൂക്ഷ്മമായ ഒരു വ്യത്യാസം കൃത്യമായി പറയേണ്ടിയിരിക്കുന്നു. അത്, AI ഉപയോഗിക്കുന്ന എല്ലാവരും വ്യാജ എഴുത്തുകാരല്ല. ആശയം കണ്ടെത്താനും വിവരങ്ങൾ ക്രമീകരിക്കാനും ഭാഷ തിരുത്താനും വിവർത്തനം ചെയ്യാനും AI ഉപയോഗിക്കുന്നത് ഒരു നിഘണ്ടുവിന്റെയോ എഡിറ്ററുടെയോ വികസിതരൂപം ഉപയോഗിക്കുന്നതിന് സമാനമാണ്.
പ്രശ്നം ഉദിക്കുന്നത് സ്വന്തം സൃഷ്ടിപരമായ സംഭാവന തുലോം കുറവായിരിക്കെ, AI സൃഷ്ടിച്ച രചന സ്വന്തം രചനയായി അവതരിപ്പിക്കുകയും അതിന്റെ പേരിൽ സാഹിത്യപ്രതിഭയുടെ അവകാശവാദം ഉന്നയിക്കുകയും ചെയ്യുമ്പോഴാണ്. അതുകൊണ്ട് യഥാർത്ഥ ചോദ്യം AI ഉപയോഗിച്ചോ ഇല്ലയോ എന്നതല്ല; കൃതിയുടെ സൃഷ്ടിപരമായ നിർണായക ഭാഗം ആരാണ് നിർവഹിച്ചത്—മനുഷ്യനോ യന്ത്രമോ? എന്നതാണ്. ഈ വ്യത്യാസത്തെ അടിസ്ഥാനമാക്കി AI-സഹകരണത്തെ ഏകദേശം നാലായി തിരിക്കാം:

- ആശയവും കഥാപാത്രവും കഥയും സ്വയം സൃഷ്ടിച്ച് ഭാഷാശുദ്ധീകരണത്തിന് മാത്രം AI ഉപയോഗിക്കുന്ന ഘട്ടം.
- ആശയം മനുഷ്യൻ നൽകി ചില ഭാഗങ്ങൾ AI വികസിപ്പിക്കുകയും മനുഷ്യൻ പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന, കർത്തൃത്വം സങ്കീർണമാകുന്ന ഘട്ടം.
- AI അടിസ്ഥാനരചന സൃഷ്ടിക്കുകയും മനുഷ്യൻ തിരുത്തി സ്വന്തം അനുഭവം ചേർക്കുകയും ചെയ്യുന്ന ഘട്ടം.
- AI സൃഷ്ടിച്ചത് അതേപടി സ്വന്തം പേരിൽ അവതരിപ്പിക്കുന്ന ഏറ്റവും ഗുരുതരമായ നാലാം ഘട്ടം.
ഇപ്പോൾ AI ഒരു ഉപകരണമല്ല, ഗോസ്റ്റ്‌റൈറ്റർ ആണ്. മനുഷ്യൻ, എഴുത്തുകാരന്റെ സ്ഥാനത്ത് ഒപ്പിടുന്ന വ്യക്തി മാത്രമായി ചുരുങ്ങുന്നു. അവസാന ഘട്ടത്തിന്റെ ഗോസ്റ്റ്‌റൈറ്റിങ്ങിന്റെ വിചിത്രരൂപം സോഷ്യൽ മീഡിയയിൽ ഇന്ന് സജീവമാണ്. ഒരു വ്യക്തി AIയിൽ നിന്ന് ഒരു കവിത ഉണ്ടാക്കുന്നു, അതിന് സ്വന്തം പേര് നൽകുന്നു, മറ്റൊരു പ്രോംപ്റ്റിലൂടെ അതേ AIയോട് ആ കവിതയുടെ ആഴത്തിലുള്ള സാഹിത്യവായന ആവശ്യപ്പെടുന്നു, ആ വിമർശനവും സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നു. കുറച്ചു കാലത്തിനകം ആ വ്യക്തി കവി, നിരൂപകൻ, സാഹിത്യചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാകുന്നു. സൃഷ്ടി മുതൽ വിമർശനം വരെ, വിമർശനം മുതൽ സ്വയംപ്രചാരണം വരെയുള്ള മുഴുവൻ സാംസ്കാരിക ചക്രവും യന്ത്രം നിർവഹിക്കുകയും മനുഷ്യൻ അതിന്റെ പ്രസന്ററോ പ്രസാധകനോ മാത്രമായി ചുരുങ്ങുകയും ചെയ്യുന്ന ഈ അവസ്ഥ വായനക്കാർ തിരിച്ചറിയേണ്ടതുണ്ട്. ഇമ്മാതിരി പ്രതിഭാസങ്ങളെ തിരിച്ചറിയേണ്ടത് സ്വാഭാവികമായും സർഗാത്മക എഴുത്തുകാർ തന്നെയാണ്. ദീർഘകാലം ഭാഷയുമായി ഇടപെട്ട ഒരാൾക്ക് ഒരു വാചകത്തിന്റെ ഉറവിടം ചിലപ്പോൾ അതിന്റെ സ്വരത്തിൽത്തന്നെ തിരിച്ചറിയാനാകും എന്നതുകൊണ്ട്. എന്നാൽ, ജാഗ്രത പുലർത്തേണ്ട ഒരു കാര്യമുണ്ട്. AI ഡിറ്റക്ടറുകൾ (AI ഉപയോഗിച്ച് എഴുതിയതാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്ന ഉപകരണങ്ങൾ) തെറ്റ ഉത്തരങ്ങൾ നൽകാൻ വലിയ സാധ്യതയുള്ളവയാണ്. ഒരു രചനയെ അടിസ്ഥാനമാക്കി ഒരാളെ വ്യാജ എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുന്നത് ശാസ്ത്രീയമല്ല. ചില പ്രസാധകർ കരാർ റദ്ദാക്കുകയും സോഷ്യൽ മീഡിയയിൽ വിച്ച് ഹണ്ട് നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ ജാഗ്രത നീതിയുടെ കൂടി ഭാഗമാണ്.
ജനറേറ്റീവ് AI, മനുഷ്യർ ഉപയോഗിച്ച ഭാഷയുടെ വിപുലമായ ശേഖരത്തിൽ നിന്ന് മാതൃകകൾ തിരിച്ചറിഞ്ഞ് പുതിയ വാചകങ്ങൾ നിർമ്മിക്കുന്നു എന്നതിനാൽ അതിന്റെ രചന പലപ്പോഴും അതിശയകരമാംവിധം മനോഹരമായി തോന്നും. എന്നാൽ മനോഹരമായ ഭാഷയും സർഗാത്മകമായ അനുഭവവും രണ്ടാണ്. ഒരു മനുഷ്യൻ മരണത്തെക്കുറിച്ച് എഴുതുമ്പോൾ അതിനു പിന്നിൽ അനേകം अनुभवोंങ്ങൾ, ഓർമ്മ, ശരീരം, നഷ്ടം, കുറ്റബോധം, ബന്ധം, കാലം എന്നിവയുണ്ടാകാം. AIക്ക് ഇവയെക്കുറിച്ച് അതിമനോഹരമായ ഭാഷ സൃഷ്ടിക്കാനാകും, എങ്കിലും അത് നഷ്ടം അനുഭവിച്ചിട്ടില്ല. അതിന് ഭാഷയുണ്ട്, അനുഭവമില്ല; വാചകമുണ്ട്, ജീവിതമില്ല; ശൈലിയുണ്ട്, ഓർമ്മയില്ല; വികാരത്തിന്റെ മാതൃകയുണ്ട്, വികാരാനുഭവമില്ല. ഈ വ്യത്യാസം നമുക്ക് എല്ലായ്പ്പോഴും തിരിച്ചറിയാനാവില്ല എന്നതാണ് ശരിക്കുമുള്ള പ്രതിസന്ധി. ആഴമുള്ളതായി തോന്നുന്ന ഈ പ്രശ്നത്തിന് തിരിച്ചറിയാവുന്ന ഏതാനും ഭാഷാ ലക്ഷണങ്ങളുണ്ട്. അത്യന്തം മനോഹരമായ ഉപമകൾ, പൊതുവായ ദാർശനിക വാക്യങ്ങൾ, “ഇത് വെറും… മാത്രമല്ല” എന്നിങ്ങനെ ആവർത്തിക്കുന്ന വാക്യഘടന, അമിതമായ വികാരഭാരം, അവസാനം ഒരു ധർമോപദേശം, എല്ലാറ്റിനും ആഴമുള്ള വ്യാഖ്യാനം. ഇത് വായനക്കാരന് ‘ആഴമുള്ള‘തായി തോന്നാമെങ്കിലും, സാഹിത്യത്തിന്റെ യഥാർത്ഥ ആഴം വാക്കുകളുടെ അലങ്കാരത്തിലല്ല, അനുഭവത്തിന്റെ സവിശേഷതയിലാണ്. AIക്ക് മഴ, കാറ്റ്, വെയിൽ എന്നിവയെക്കുറിച്ച് ആയിരം ഗംഭീരവരികൾ എഴുതാം; എന്നാൽ ഒരു പ്രത്യേക മഴയിൽ ഒരാൾ സവിശേഷമായി അനുഭവിച്ച ഓർമ്മ അതിന്റെ പരിപൂർണതയിൽ ആവിഷ്‌കരിക്കാൻ മനുഷ്യ എഴുത്തുകാരന് മാത്രമേ കഴിയൂ.
ഈ തരം പ്രതിഭാസങ്ങളുടെ പ്രഥമ ഇരകൾ യഥാർത്ഥത്തിൽ സർഗാത്മകമായി രചന നടത്തുന്ന എഴുത്തുകാർ തന്നെയാണ്. AI പുസ്തകങ്ങൾ വിപണിയിൽ വെള്ളപ്പൊക്കം പോലെ വരുന്നതോടെ യഥാർത്ഥ എഴുത്തുകാരുടെ കൃതികൾ കണ്ടെത്താൻ പ്രയാസമാകുന്നു. Amazon-ൽ പുസ്തകങ്ങളുടെ എണ്ണം ചില കാലയളവുകളിൽ 19 മടങ്ങ് വർദ്ധിച്ചു (കൊറോണകാലം). എന്നാൽ വരുമാനം ഏകദേശം 9 മടങ്ങ് മാത്രമേ വർദ്ധിച്ചുള്ളൂ. അതോടെ ഒരു പുസ്തകത്തിന്റെ ശരാശരി വരുമാനം കുറഞ്ഞു. കേംബ്രിഡ്ജ് സർവകലാശാലയുടെ ഒരു സർവേയിൽ 51 ശതമാനം ബ്രിട്ടീഷ് നോവലിസ്റ്റുകൾ AI തങ്ങളുടെ ജോലി പൂർണമായും മാറ്റിസ്ഥാപിക്കുമെന്ന് വിശ്വസിക്കുന്നതായും, 39 ശതമാനം പേരുടെ വരുമാനം ഇതിനകം കുറഞ്ഞതായും, 85 ശതമാനം പേർ ഭാവി വരുമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും, 97 ശതമാനം പേർ AI മുഴുവൻ നോവൽ എഴുതുന്നതിനോട് അത്യന്തം നെഗറ്റീവ് മനോഭാവം പുലർത്തുന്നവരാണെന്നും വ്യക്തമാക്കുന്നു. 59 ശതമാനം പേർ തങ്ങളുടെ കൃതികൾ അനുമതിയില്ലാതെ AI പരിശീലനത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിന് സമാന്തരമായി ഒരു വിശ്വാസ്യതാ വൈരുധ്യവും നിലനിൽക്കുന്നു: വായനക്കാർ ഒരു രചനയെ AI-എഴുതിയതാണെന്ന് അറിഞ്ഞാൽ അതിന്റെ മൂല്യനിർണയം ശരാശരി ആറ് ശതമാനത്തോളം കുറയുന്നു. അതേസമയം, AI ഉപയോഗിച്ചതായി തെറ്റായി ആരോപിക്കപ്പെടുന്ന യഥാർത്ഥ എഴുത്തുകാർക്ക് ജീവിതം ദുഷ്കരമാകുന്നു. ഇതിനേക്കാൾ സൂക്ഷ്മമായ ഒരു അപകടം പുതുമയുടെ ശോഷണമാണ്. AI ആശയങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത തലത്തിൽ സർഗാത്മകത വർദ്ധിക്കുന്നുവെങ്കിലും, അങ്ങനെ നിർമിക്കുന്ന കഥകൾ പരസ്പരം സമാനമായിത്തീരുകയും കൂട്ടായ നവീനത കുറയുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തൽ.
ഇത്തരം പ്രവണതകൾ ഏറ്റവും കൂടുതൽ കാണാനിടവന്നത് ചൈനീസ് വെബ് വ്യവസായത്തിലാണ്. അതുകൊണ്ട് അവരെ പരീക്ഷണശാലയായി പരിഗണിക്കാം. DeepSeek, ChatGPT എന്നീ പൊതു മോഡലുകൾക്കൊപ്പം, Tomato, Qidian എന്നീ പ്ലാറ്റ്ഫോമുകളുടെ പ്രത്യേക എഴുത്തുപകരണങ്ങൾ പ്ലോട്ട് വിശകലനം മുതൽ കഥാപാത്ര-പേര് നിർണയിക്കലിന് വരെ സഹായിക്കുന്നു. ചില അതിവേഗ നിർമ്മാണോപകരണങ്ങൾക്ക് ഒരു മണിക്കൂറിനുള്ളിൽ 30 ലക്ഷം വാക്കുകളുടെ നോവൽ സൃഷ്ടിക്കാൻ ശേഷിയുണ്ട്. മനുഷ്യ-യന്ത്ര സഹകരണം അവിടെ പല രീതികളിലാണ് പ്രവർത്തിക്കുന്നത്: മനുഷ്യൻ എഴുതിയ കരട് AI ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന രീതി, മനുഷ്യൻ പ്രോംപ്റ്റ് നൽകി AI ഉപയോഗിച്ച് ഔട്ട്പുട്ട് എഡിറ്റ് ചെയ്യുന്ന രീതി (ഒരു കൃതിയുടെ 70 ശതമാനത്തോളം DeepSeek-ൽ നിന്ന് വന്ന ഉദാഹരണം രേഖപ്പെടുത്തിയിട്ടുണ്ട്), മനുഷ്യൻ എഴുതിയ ആദ്യഭാഗം AI പൂർത്തിയാക്കുന്ന രീതി, AI-യുമായുള്ള സംഭാഷണത്തിലൂടെ ആശയം രൂപപ്പെടുത്തുന്ന രീതി എന്നിങ്ങനെ.
പകർപ്പ്-ചോരണം ഗുണപരമായിത്തന്നെ പുതിയ രൂപങ്ങളിലേക്ക് മാറി: Nature മാസികയുടെ റിപ്പോർട്ട് പ്രകാരം AI-ജനറേറ്റഡ് ഗവേഷണ പ്രബന്ധങ്ങൾ വാക്കുകൾ പകർത്താതെതന്നെ മറ്റുള്ളവരുടെ രീതിശാസ്ത്രവും കേന്ദ്ര ആശയങ്ങളും ഉപയോഗിക്കുന്നു. പരിശോധിച്ച 50 രേഖകളിൽ 24 ശതമാനവും ഇത്തരത്തിൽ കടമെടുത്തതാണെന്ന് അവർ കണ്ടെത്തി. ഇതിനെ ആശയ ചോരണം എന്ന് വിളിക്കാം. പുറമേ, പരമ്പരാഗത പകർപ്പ് മോഷണ പരിശോധനകളെ വെട്ടിച്ചുകൊണ്ട് AI ഗവേഷണ പ്രബന്ധങ്ങളെ ഭാഷാപരമായി വാഷ് ചെയ്യുന്ന പ്രവണതയുമുണ്ട്. 112 ജേണലുകളിലായി 400-ലധികം പ്രബന്ധങ്ങൾ ഇത്തരത്തിൽ നിർമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചിത്രങ്ങളിലെ image-to-image സവിശേഷത യഥാർത്ഥ ചിത്രത്തിന്റെ ഭാവം പോലും അനുകരിക്കുന്നതുപോലെ, വാക്യങ്ങളിലും AI മോഡലുകൾക്ക് ഒരു രചയിതാവിന്റെ ശൈലിയും പ്രാദേശിക സ്വരവും അനുകരിക്കാൻ കഴിയുന്നു എന്നത് ശൈലീപരമായ മോഷണത്തിന്റെ പുതിയ സാധ്യതയാണ്. ഈ യാഥാർത്ഥ്യത്തിനു മുന്നിൽ എഴുത്തുകാരുടെ പ്രതികരണം പലതരത്തിലാണ്. AI-യുടെ കാര്യക്ഷമത കണ്ട് ഭയന്ന് എഴുത്ത് നിർത്തിയവർ, സയൻസ് ഫിക്ഷൻ ഭാവന AIക്ക് പകരം വയ്ക്കാനാവാത്ത കഴിവാണെന്ന് ഉറപ്പിച്ചു പറയുന്നവർ, എഴുത്തിൽ AIക്ക് സ്ഥാനമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവർ എന്നിങ്ങനെ. അതേസമയം ChatGPT-യുമായുള്ള സംഭാഷണങ്ങൾ നോവലിൽ ചേർക്കുന്നവരുണ്ട്; അവർ AI-യുടെ പ്രതിഫലനം എന്ന് ആ ഭാഗത്തെ വിശേഷിപ്പിക്കുന്നു. AI-യെ പ്രമേയമായിത്തന്നെ സ്വാംശീകരിക്കുന്ന മറ്റൊരു നിലപാടുള്ളവരുമുണ്ട്.
വ്യവസായതലത്തിൽ, Jinjiang പ്ലാറ്റ്ഫോമുകൾ വിവരണാത്മക മൗലികത (descriptive originality) എന്ന ചുവന്ന വര മറികടന്നാൽ ലോക്ക്, മഞ്ഞക്കാർഡ്, സ്ഥിര നിരോധനം എന്നിവ ഏർപ്പെടുത്താറുണ്ട്. Tomato AI കണ്ടെത്തിയാൽ കരാർ നിരസിക്കുകയും ഉള്ളടക്കം നീക്കം ചെയ്യുകയും ചെയ്യുന്നു. 2025 സെപ്റ്റംബർ 1 മുതൽ ‘AI-ജനറേറ്റഡ് സിന്തറ്റിക് ഉള്ളടക്ക ലേബലിംഗ് രീതി’ എന്ന നിയമപരമായ ചട്ടക്കൂടും നിലവിൽ വന്നു (ചൈന). എന്നാൽ നിലവിലെ കണ്ടെത്തൽ സാങ്കേതികവിദ്യകൾ, ടെക്സ്റ്റിലെ AI-ഭാഷ കണ്ടെത്തുന്ന ഫലാധിഷ്ഠിത രീതിയായാലും, AI ടെക്സ്റ്റ് സൃഷ്ടിക്കുമ്പോൾ വാട്ടർമാർക്ക് ഉൾപ്പെടുത്തുന്ന ഉറവിടം അടിസ്ഥാനമാക്കിയ രീതിയായാലും-വിശ്വാസ്യതയുടെ കാര്യത്തിൽ ഇപ്പോഴും ചോദ്യചിന്മ നിലനിൽക്കുന്നു. നിലവിലെ പകർപ്പവകാശ നിയമങ്ങൾ AI-ജനറേറ്റഡ് ഉള്ളടക്കത്തെ ഫലപ്രദമായി സംബോധന ചെയ്യുന്നുമില്ല.
തൊഴിൽ എന്ന ആശയം പുതിയ അർത്ഥത്തിൽ എഴുത്ത് ഒരു ബൗദ്ധികാധ്വാനമാണ്. അതിന് പിന്നിൽ വായന, അനുഭവം, ചിന്ത, ഭാഷാപരിശീലനം, പരാജയങ്ങൾ, തിരുത്തലുകൾ, സമയം എന്നിവയൊക്കെയുണ്ട്. AI ഈ തൊഴിൽപ്രക്രിയയുടെ വലിയൊരു ഭാഗം ചുരുക്കുമ്പോൾ, തൊഴിൽ ചെയ്യാതെ തൊഴിലെന്ന പേരിൽ പ്രതിഫലം നേടുക എന്ന വൈരുധ്യാത്മകമായ അവസ്ഥ ഉണ്ടാകുന്നു.
എഴുത്തുകാരൻ തന്റെ എഴുത്തിൽ നിന്നുതന്നെ അന്യനാകുന്നില്ലേ എന്ന ചോദ്യമുണ്ട് ഇവിടെ. താൻ എഴുതിയ വാക്കുകളെക്കുറിച്ചുതന്നെ AIയോട് വിശദീകരണം ചോദിക്കുന്ന നിമിഷം ഈ അന്യവൽക്കരണം ഏറ്റവും തീവ്രമായി പ്രകടമാകുന്നു. വ്യവസായം കലയുടെ നിലവാരനിർണയം നടത്തിയെങ്കിൽ, AI ചെയ്യുന്നത് അതിൻറെ വ്യക്തിഗത പതിപ്പാണ്. ആധുനിക മലയാള കവിതയുടെ ശൈലിയിൽ വിഷാദത്തെക്കുറിച്ച് ഒരു കവിത, വയോധികന്റെ ഏകാന്തതയെക്കുറിച്ചുള്ള കവിത, പ്രണയനഷ്ടത്തെക്കുറിച്ചുള്ള ദാർശനിക കവിത എന്നിങ്ങനെ വ്യത്യസ്ത പ്രോംപ്റ്റുകൾക്ക് AI ഓരോ തവണയും വ്യത്യസ്ത വാചകങ്ങൾ സൃഷ്ടിക്കുമെങ്കിലും അവയുടെ വൈകാരിക ഘടന മിക്കപ്പോഴും തുല്യമായിരിക്കും. അപ്രകാരം രൂപപ്പെടുന്നത് വ്യക്തിഗതമായതായി തോന്നുന്ന ഒരു മാനകീകരണമാണ്. ഇതാണ് AI സാംസ്കാരിക വ്യവസായമുണ്ടാക്കുന്ന വൈരുധ്യം.
ഈ മാനകീകരണം, വിപണിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുണനിലവാരത്തിന്റെയല്ല, അളവിന്റെ പ്രശ്നമായാണ്. 2023 മുതൽ 2026 വരെ ആമസോണിൽ വിറ്റഴിഞ്ഞ 14,419 സ്വയം പ്രസിദ്ധീകരിച്ച, ജനപ്രിയ സാഹിത്യപുസ്തകങ്ങൾ പരിശോധിച്ച പഠനം, AI-ഉള്ളടക്കത്തിന്റെ സാന്നിധ്യം കാറ്റലോഗിലും ബെസ്റ്റ്സെല്ലറിലും ക്രമമായി വർധിച്ചുവരുന്നതായി കണ്ടെത്തി (ആകെ വിൽപ്പനയിൽ AI പുസ്തകങ്ങൾ എല്ലായ്പ്പോഴും മുൻതൂക്കം നേടുന്നില്ലെങ്കിലും). ഇതിന്റെ അർത്ഥം, AIക്ക് സാഹിത്യവിപണിയെ ഗുണനിലവാരംകൊണ്ട് മാത്രമല്ല, ഉൽപ്പാദനത്തിന്റെ വേഗതയും അളവുംകൊണ്ടും മാറ്റിമറിക്കാൻ കഴിയും എന്നാണ്.
ഒരു മനുഷ്യന് ഒരു കഥ എഴുതാൻ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വേണമെങ്കിൽ, AIക്ക് മിനിറ്റുകൾ മതി; അതോടെ വിപണിയിലെ യഥാർത്ഥ മത്സരം ആരാണ് മികച്ചത് എന്നതിൽ നിന്ന്, ആരാണ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്? എന്നതിലേക്ക് മാറാൻ സാധ്യതയുണ്ട്. ഈ AI സ്ലോപ്പ് (എഐ മാലിന്യഎഴുത്ത്) സാംസ്കാരികമായി അപകടകരമാകുന്നത് അതിൻറെ വേഗതയും വ്യാപ്തിയും കൊണ്ടാണ്. വളരെ വേഗത്തിൽ ഇത് സഞ്ചരിക്കുന്ന സ്ഥലം പുസ്തകമല്ല, സോഷ്യൽ മീഡിയയാണ്. നിരന്തര പോസ്റ്റിങ്, വൈകാരികമായ ആകർഷണബിന്ദുക്കൾ, ഷെയർ സാധ്യത എന്നിവ ആവശ്യപ്പെടുന്ന ആ ഇടത്തിന് AI ഇവയെല്ലാം കുറഞ്ഞ ചെലവിൽ നൽകുന്നു. ഒരു വ്യക്തിക്ക് ഒരാഴ്ചയിൽ സ്വയം എഴുതാൻ കഴിയുന്ന രണ്ടോ മൂന്നോ കുറിപ്പുകൾക്കു പകരം ദിവസവും ഇരുപത് കുറിപ്പുകൾ സൃഷ്ടിക്കാൻ കഴിയുന്നതോടെ ഉള്ളടക്കസമൃദ്ധി ഉണ്ടാകുന്നു. എന്നാൽ ഇതിന്റെ മറുപുറം അർത്ഥത്തിന്റെ ഉള്ളടക്കദൗർലഭ്യമാണ്. വാക്കുകൾ കൂടുതലാകുന്തോറും അനുഭവിച്ച വാക്കുകൾ കുറയുന്നു.
മറ്റൊരു ഗുരുതരമായ രണ്ടാം ഘട്ട അപകടം, AI ഉപയോഗിച്ച് സ്വന്തം എഴുത്തിനെ വിമർശിപ്പിച്ച് പ്രസിദ്ധീകരിക്കുന്ന പ്രവണതയാണ്. AI കവിതയെഴുതുന്നു, അതേ AI ആ കവിതയുടെ വ്യാഖ്യാനവും മഹത്വവും വിവരിക്കുന്നു, മനുഷ്യൻ അത് പ്രസിദ്ധീകരിക്കുന്നു. വിമർശനം ഇനി വിമർശനമല്ലാതാകുന്നു. യഥാർത്ഥ വിമർശനത്തിന് വായനയുടെ ചരിത്രം, സാഹിത്യപരിചയം, താരതമ്യം, എതിർവാദം, സിദ്ധാന്തബോധം, സാംസ്കാരിക സന്ദർഭം, വ്യക്തിപരമായ മൂല്യനിർണയം എന്നിവ ആവശ്യമാണ്. AIക്ക് ഇവയെക്കുറിച്ച് സംസാരിക്കാൻ കഴിയുമെങ്കിലും അതിൻറെ ഔട്ട്‌പുട്ട് സ്വതന്ത്രമായ വിമർശന വിധിയായി കണക്കാക്കാനാവില്ല.
UNESCO- GenAI മനുഷ്യന്റെ ചിന്താപ്രക്രിയയെ മറികടക്കാതെ മനുഷ്യകേന്ദ്രിതമായി ഉപയോഗിക്കണമെന്നും, writing without thinking എന്ന അപകടം ഉയരാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതുപോലെ മറ്റൊരു തെറ്റിദ്ധാരണ പ്രോംപ്റ്റ് എഞ്ചിനീയറിങ്ങിനെ സാഹിത്യ ബൗദ്ധിക ശേഷിയായി തെറ്റിദ്ധരിക്കുന്നതാണ്. കേരളത്തിലെ ജാതി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീശരീരത്തെക്കുറിച്ച് ഒരു കഥ എഴുതുക എന്നൊരു പ്രോംപ്റ്റ് നൽകാൻ കഴിയുന്ന വ്യക്തിക്ക് ആ വിഷയത്തിന്റെ ചരിത്രബോധം ഉണ്ടാകണമെന്നില്ല. AIയുടെ ഔട്ട്പുട്ട് പരിശോധിച്ച് തെറ്റായ ചരിത്രം കണ്ടെത്താനും, ക്ലീഷേ തിരിച്ചറിയാനും, ഭാഷയുടെ കൃത്രിമത്വം മനസ്സിലാക്കാനും, സാംസ്കാരിക തെറ്റുകൾ തിരുത്താനും കഴിയുമ്പോൾ മാത്രമാണ് യഥാർത്ഥ എഴുത്തുകാരന്റെ ബുദ്ധി പ്രവർത്തിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ കള്ളനാണയം എന്ന പ്രയോഗം സൂക്ഷിച്ചുപയോഗിക്കണം. AI ഉപയോഗിക്കുന്ന എഴുത്തുകാരെല്ലാം കള്ളനാണയങ്ങളല്ല; എന്നാൽ AI സൃഷ്ടിച്ച ഉള്ളടക്കം സ്വന്തം സർഗാത്മക സംഭാവനയായി അവതരിപ്പിച്ച് സാഹിത്യപരമായ അംഗീകാരം നേടുന്നത് സാംസ്കാരിക വിശ്വാസ്യതയിലെ ഗുരുതര പ്രശ്നമാണ്. ഇതിനെ പ്ലേജിയറിസത്തിന്റെ നവരൂപം എന്ന് പറയാമെങ്കിലും, ആ വാക്ക് മാത്രം ഈ പ്രശ്നത്തിന്റെ പകുതി മാത്രമേ പിടിച്ചെടുക്കൂ. കാരണം മറ്റൊരാളുടെ വാക്കുകൾ മോഷ്ടിച്ചതല്ല, എഴുതിയിട്ടില്ലാത്ത എഴുത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയാണ്. ഇതിനെ authorship fraud (AIയുടെ പ്രധാന സൃഷ്ടിയെ സ്വന്തം സ്വരചനയായി അവതരിപ്പിക്കൽ) എന്ന് വിളിക്കുന്നതാകും കൂടുതൽ കൃത്യം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു കൃതിയുടെ ഫൈനൽ ടെക്സ്റ്റിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ അപര്യാപ്തമായി മാറുന്നു; ഒരു സാഹിത്യകൃതി എവിടെ നിന്ന്, എങ്ങനെ, ഏത് ഘട്ടങ്ങളിലൂടെ രൂപപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകളും സൃഷ്ടിപരമായ അടയാളങ്ങളും—നോട്ട്ബുക്കുകൾ, റിവിഷനുകൾ, റിസർച്ച് നോട്ട്സുകൾ, കാരക്ടർ ഡെവലപ്പ്മെന്റ്, ഡിലീറ്റഡ് പാസേജുകൾ, വേർഷൻ ഹിസ്റ്ററി—എന്നിവ ഭാവിയിലെ സൃഷ്ടിയുടെ DNA ആയി പ്രാധാന്യമാർജിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം പുതിയ നൈതികതയും ആവശ്യമായി വരുന്നു: AI ഉപയോഗം എത്രത്തോളം വെളിപ്പെടുത്തണം എന്നത് ഒരു മാതൃകാ പ്രസ്താവനപോലെ ‘ഈ രചനയുടെ ആശയം, ഘടന, കഥാപാത്രനിർമ്മാണം, അന്തിമഭാഷ എന്നിവ മനുഷ്യരചനയാണ്. ഭാഷാ എഡിറ്റിങ്ങിനും ആശയസംയോജനത്തിനും AI സഹായം ഉപയോഗിച്ചിട്ടുണ്ട്’ എന്ന നിലയിലോ, ‘ഈ രചനയുടെ ആദ്യ കരട് ജനറേറ്റീവ് AI ഉപയോഗിച്ച് സൃഷ്ടിച്ചതും പിന്നീട് എഴുത്തുകാരൻ പുനർരചിച്ചതുമാണ്’ എന്ന നിലയിലോ വ്യക്തമാക്കുന്നത് വായനക്കാരന്റെ അറിവോടെയുള്ള സമ്മതം വാങ്ങലായിരിക്കും. 2026-ലെ ഗവേഷണങ്ങൾ കാണിക്കുന്നത്, നിലവിലുള്ള ഡിസ്ക്ലോഷർ നയങ്ങൾ പലപ്പോഴും അപൂർണവും കാര്യനിർദ്ദിഷ്ടമായ വ്യത്യാസങ്ങൾ വ്യക്തമാക്കാത്തതുമാണെന്നാണ്. യൂറോപ്യൻ AI റെഗുലേഷൻ ലേബലിങ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കൽ ദുർബലമായി തുടരുന്നു.
പകർപ്പവകാശത്തിന്റെ പ്രശ്നം ഇരട്ടിയാണ്. AI സൃഷ്ടിച്ച എഴുത്തിന്റെ ഉടമസ്ഥാവകാശം ആരുടേതെന്ന ചോദ്യം മാത്രമല്ല, ആ എഴുത്ത് സൃഷ്ടിക്കാൻ ഉപയോഗിച്ച ഡാറ്റയുടെ അവകാശം ആരുടേതാണെന്ന ചോദ്യവും പ്രസക്തമാണ്. AIയെ എഴുത്തുകാരനായി കണക്കാക്കാനാവില്ലല്ലോ.
മനുഷ്യൻ മാത്രമേ കോപ്പിറൈറ്റ് അവകാശിയാകാവൂ എന്നതാണ് നിലവിലെ പൊതു നിലപാട്; എന്നാൽ AI മോഡലിനെ പഠിപ്പിക്കാനും അതിന്റെ കഴിവുകൾ വികസിപ്പിക്കാനും ഉപയോഗിക്കുന്ന വിവരങ്ങളുടെയും ഉള്ളടക്കങ്ങളുടെയും വലിയ ശേഖരമാണ് Training Data. ഇതിൽ കോപ്പിറൈറ്റ് കൃതികൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന്റെ പേരിൽ Anthropic ഏകദേശം 1.5 ബില്യൺ ഡോളർ സെറ്റിൽമെന്റ് നൽകേണ്ടിവന്ന സംഭവം ഉദാഹരണമായുണ്ട്.
2026 ഓഗസ്റ്റിലും AI പരിശീലനത്തിനായി പകർപ്പവകാശമുള്ള കൃതികൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകൾ തുടരുകയാണ്. Input തലത്തിൽ ആരുടെ എഴുത്താണ് യന്ത്രം പഠിച്ചത് എന്നും, Output തലത്തിൽ യന്ത്രം സൃഷ്ടിച്ച എഴുത്തിന്റെ ഉടമ ആരാണ് എന്നുമുള്ള രണ്ട് ചോദ്യങ്ങൾക്കും ലോകത്തിന് ഇപ്പോഴും ഏകീകൃതമായ അന്തിമ ഉത്തരമില്ല.
ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ വ്യക്തമാകുന്നത്, AI ഉയർത്തുന്ന ഭീഷണി മനുഷ്യ എഴുത്തുകാരെ പൂർണമായി ഇല്ലാതാക്കുക എന്നതല്ലെന്നും മനുഷ്യ എഴുത്തിന്റെ വില ക്രമേണ കുറയുക എന്നതാണ് എന്നുമാണ്. ആയിരക്കണക്കിന് കവിതകളും കഥകളും ലേഖനങ്ങളും നിരൂപണങ്ങളും ദിവസേന AI വഴി നിർമ്മിച്ചെടുക്കുമ്പോൾ വായനക്കാരന് ഒരു സർഗരചനയുടെ പ്രത്യേകത തിരിച്ചറിയാൻ ബുദ്ധിമുട്ടാകും. അപ്പോൾ യഥാർത്ഥ സാഹിത്യത്തിന്റെ വിപണി, പുതിയ മൂല്യമായി ‘മനുഷ്യനിർമിത സാഹിത്യം’ എന്ന് രേഖപ്പെടുത്തേണ്ടി വരും. നാളെ ‘പൂർണ്ണമായും മനുഷ്യനിർമിതം’ എന്നൊന്ന് ഒരു സാഹിത്യ ബ്രാൻഡായി രൂപപ്പെടാം.
ഈ ദിശയിൽ എഴുത്തുകാർ ഇതിനകം ചില പ്രതിരോധമാർഗങ്ങൾ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. എഴുത്തുകാരെയും അവരുടെ എഴുത്തിനെയും കുറിച്ചുള്ള സംസാരങ്ങളിൽ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. എഴുത്തുപ്രക്രിയ തത്സമയം കാണിച്ച് അതിന്റെ മാനുഷികത തെളിയിക്കുന്ന പ്രവണത അതിലൊന്നാണ്.
AIയെ സാഹിത്യത്തിൽ നിന്ന് പൂർണമായി പുറത്താക്കുക എന്നത് ഇനി സാധ്യമോ അഭികാമ്യമോ അല്ല. ഭാഷാ ഗവേഷണത്തിനും, വിവർത്തനത്തിനും, അപൂർവ റഫറൻസുകൾ കണ്ടെത്താനും, ബ്രെയിൻ സ്റ്റോമിങ്ങിനും, ഘടനാപരമായ എഡിറ്റിങ്ങിനും, ആക്സസിബിലിറ്റിക്കും ഭാഷ പഠിക്കാനും AI വലിയൊരു സഹായിയാണ്. പ്രശ്നം AI ഉപയോഗിക്കുന്നതല്ല, മനുഷ്യന്റെ സർഗാത്മക ഉത്തരവാദിത്തം പൂർണമായി AIക്ക് കൈമാറുന്നതാണ്. അതുകൊണ്ട് ആവശ്യമായി വരുന്നത് AI-free literature അല്ല, AI സഹായിച്ചാലും സൃഷ്ടിയുടെ അന്തിമ ഉത്തരവാദിത്തം മനുഷ്യനിൽത്തന്നെ നിലനിൽക്കുന്ന മനുഷ്യന്റെ സൃഷ്ടിപരവും നൈതികവുമായ ഉത്തരവാദിത്തം നിലനിർത്തുന്ന AI-സഹായസാഹിത്യം (Human-accountable AI literature) ആണ്. ഇതിന് സമാന്തരമായി, സുതാര്യമായ AI ഉപയോഗം വെളിപ്പെടുത്തൽ, AI-ഉള്ളടക്ക ലേബലിംഗിനുള്ള പൊതു സാങ്കേതിക മാനദണ്ഡങ്ങൾ, വായനക്കാരിലും എഴുത്തുകാരിലും AI-സാക്ഷരത വളർത്തുന്ന വിദ്യാഭ്യാസം, കോപ്പിറൈറ്റ് സംരക്ഷണം ശക്തിപ്പെടുത്തുന്ന നിയമപരമായ നടപടികൾ എന്നിവ ചേർന്നാൽ മാത്രമേ ഈ പരിവർത്തനത്തെ നീതിപൂർവം കൈകാര്യം ചെയ്യാൻ കഴിയൂ.
യഥാർത്ഥ എഴുത്തുകാരൻ അഭിമുഖീകരിക്കുന്ന ചോദ്യം തന്നെ മാറിയിരിക്കുന്നു. നിനക്ക് മനോഹരമായി എഴുതാൻ കഴിയുമോ എന്നതല്ല ഇപ്പോൾ പ്രസക്തമായ ചോദ്യം. അത് AIക്കും കഴിയും. പുതിയ ചോദ്യം “AIക്ക് എഴുതാൻ കഴിയാത്ത എന്താണ് നിനക്കുള്ളത്?” എന്നതാണ്: സ്വന്തം ജീവിതം, സ്വന്തം ഓർമ്മ, പ്രദേശം, ശരീരം, ഭാഷ, പരാജയം, രാഷ്ട്രീയ അനുഭവം, മൗനം, ആലോചന, നിരീക്ഷണം മറ്റു ഭാവങ്ങൾ എന്നിവ എത്രയുണ്ട് എന്നതാണ്. ഇതത്രേ ഭാവിമനുഷ്യസാഹിത്യത്തിന്റെ യഥാർത്ഥ മൂലധനം. AI കാലത്ത് ഒരു എഴുത്തുകാരനെ തിരിച്ചറിയാനുള്ള ഏറ്റവും വിശ്വാസ്യമായ മാർഗ്ഗം ഒരു AI ഡിറ്റക്ടർ അല്ല; അതിനേക്കാൾ ശക്തമായ പരിശോധന അവൻ എന്തിനാണ് എഴുതുന്നത്, എവിടെ നിന്നാണ് എഴുതുന്നത്, എന്താണ് അവൻ അനുഭവിച്ചിട്ടുള്ളത്, അവന്റെ ഭാഷയ്ക്ക് സ്വന്തം ചരിത്രമുണ്ടോ, അവന്റെ രചനയിൽ ആവർത്തിക്കാനാവാത്ത ഒരു വ്യക്തിഗത ലോകമുണ്ടോ, സ്വന്തം രചനയെക്കുറിച്ച് AI ഇല്ലാതെ അവന് സംസാരിക്കാനാകുമോ എന്നിവയാണ്. ഒരു എഴുത്തുകാരന് തന്റെ കവിതയുടെ/കഥയുടെ ഓരോ വരിയുടെയും പിന്നിലെ അനുഭവം, തിരഞ്ഞെടുപ്പ്, ഭാഷ, പരാജയം, തിരുത്തൽ എന്നിവ വിശദീകരിക്കാൻ കഴിയുന്നുവെങ്കിൽ അവിടെ മനുഷ്യസൃഷ്ടിയുടെ സാന്നിധ്യമുണ്ട്.
എന്നാൽ സ്വന്തം കവിതയുടെ അർത്ഥം ചോദിക്കുമ്പോൾ അതിൻറെ വ്യാഖ്യാനം വീണ്ടും AIയിൽ നിന്ന് പകർത്തേണ്ടിവരുന്നുവെങ്കിൽ, നാം ഒരു പുതിയ സാംസ്കാരിക പ്രതിഭാസത്തിന്റെ മുന്നിലാണ്.
എഴുതാത്ത എഴുത്തുകാരൻ, വായിക്കാത്ത നിരൂപകൻ, ചിന്തിക്കാത്ത ചിന്തകൻ, പ്രോംപ്റ്റ് മാത്രം നൽകുന്ന സ്രഷ്ടാവ്. ഭാഷയുടെ ജൈവ വഴികളിൽ നിന്ന് വായനയെയും ആലോചനയെയും ഒഴിവാക്കി, ജനറേറ്റീവ് AI നൽകുന്ന ചുരുക്കങ്ങൾ (summaries) മാത്രം വായിച്ച്, മറ്റൊരു പ്രോംപ്റ്റിലൂടെ തയാറാക്കിയ നിരൂപണം സ്വന്തം പേരിൽ പോസ്റ്റ് ചെയ്യുന്നവരുടെ ഉള്ളടക്കം പരിശോധിച്ചാൽ ചില പൊതുലക്ഷണങ്ങൾ തെളിഞ്ഞുവരും. വ്യാകരണപരമായി മികച്ചതും അലങ്കാരസമ്പന്നവുമായ ഭാഷ ഇതിലുണ്ടാകുമെങ്കിലും, മനുഷ്യാനുഭവത്തിന്റെ സവിശേഷവും വൈകാരികവുമായ അടിയൊഴുക്കുകൾ അതിൽ ഉണ്ടാകാനിടയില്ല. ‘ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്നു’, ‘മാനവികതയുടെ വിളംബരം’ തുടങ്ങിയ വാചക സർക്കസുകൾക്കപ്പുറം, കൃതിയിലെ നിശ്ചിത സന്ദർഭത്തെയോ ബിംബത്തെയോ സർഗാത്മകമായി തൊടാൻ ഇക്കൂട്ടർക്ക് കഴിയില്ല. പോസ്റ്റുകൾക്ക് താഴെ വായനക്കാർ ഉയർത്തുന്ന സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക സംശയങ്ങൾക്ക്, “വളരെ ശരിയാണ്”, “നന്ദി” എന്നിങ്ങനെ ഒഴിഞ്ഞുമാറലുകളിലൂടെയോ, വീണ്ടും AI പ്രോംപ്റ്റ് ചെയ്ത് തയാറാക്കുന്ന വിരസമായ വിശദീകരണങ്ങളിലൂടെയോ ഉള്ള മറുപടി മാത്രമേ ലഭിക്കൂ. ഒരു നിശ്ചിത ടെംപ്ലേറ്റിന്റെ ആവർത്തനവും, പ്രാദേശിക ഭാഷാഭേദങ്ങളോടും (idiomatic expressions) നാട്ടുസാംസ്കാരിക സൂചനകളോടും, ഇതര കാവ്യ-കഥാ രൂപങ്ങളോടും പുലർത്തുന്ന യാന്ത്രികമായ അപരിചിതത്വവും ഇത്തരം രചനകളെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു. ഇക്കൂട്ടർക്ക് പരന്ന വായനയുടെയോ, അവതരണ രീതിയുടെയോ ചരിത്രവും ഉണ്ടാവില്ല. അത് അവരുടെ പ്രോംപ്റ്റ്-പേസ്റ്റ് നിരൂപണത്തിൽ വേഗം കണ്ടെത്താം. സാഹിത്യചരിത്രത്തിന്റെ സന്ദർഭങ്ങളുമായോ തത്സമയ ചർച്ചകളുമായോ മുഖാമുഖം നിൽക്കുമ്പോൾ, പ്രോംപ്റ്റുകളുടെ സഹായമില്ലാതെ സംസാരിക്കാനാവാത്ത നിസ്സഹായമായ മൗനം ഇവരുടെ വിചാരശൂന്യതയെയും പ്രവൃത്തിശൂന്യതയെയും തുറന്നുകാട്ടും.
ഇതാണ് AI കാലത്തിന്റെ ഏറ്റവും വിചിത്രമായ സാഹിത്യവിരോധാഭാസം: മനുഷ്യൻ യന്ത്രത്തെ എഴുത്തുകാരനാക്കുന്നില്ല; യന്ത്രം എഴുതിയതിനെ സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്ന മനുഷ്യനെയാണ് പുതിയ കാലം എഴുത്തുകാരൻ എന്ന് വിളിക്കാൻ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ, AIയുടെ കാലത്തെ സാഹിത്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി കൃത്രിമബുദ്ധിയല്ല; കൃത്രിമ എഴുത്തുകാരാണ്. UNESCO മുന്നോട്ടുവയ്ക്കുന്ന മനുഷ്യകേന്ദ്രിത AI സമീപനത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല: സാങ്കേതികവിദ്യ മനുഷ്യബുദ്ധിയെ മാറ്റിസ്ഥാപിക്കേണ്ടതല്ല, മനുഷ്യന്റെ സൃഷ്ടിപരത, വൈവിധ്യം എന്നിവ ശക്തിപ്പെടുത്തേണ്ടതാണ്. സാഹിത്യത്തിന്റെ ഭാവി മനുഷ്യാനുഭവത്തിന്റെ അഗാധതയിലാണ്; മെഷീൻ പാറ്റേണുകളിൽ അല്ല. ഈ വ്യത്യാസം നിലനിർത്തുക എന്നത് വായനക്കാരും പ്രസാധകരും എഴുത്തുകാരും ചേർന്ന് ഏറ്റെടുക്കേണ്ട ഒരു കൂട്ടുത്തരവാദിത്തമായി മാറിക്കഴിഞ്ഞു. AIയും കവിതയും അനുഭവമില്ലാത്ത വികാരം എങ്ങനെ നിർമ്മിക്കുന്നു എന്നതും, AI നിരൂപകർ നിരൂപണത്തിന്റെ സ്വതന്ത്രചിന്തയെ എങ്ങനെ മാറ്റിത്തീർക്കുന്നു എന്നതും, മലയാളഭാഷയുടെ പ്രാദേശികതയും ശൈലികളും AI-ക്കുമുന്നിൽ എങ്ങനെ അതിജീവിക്കും എന്നതുമെല്ലാം ഈ അന്വേഷണം ഇനിയും തുടരേണ്ട ദിശകളാണ്. എന്നാൽ ഇന്നത്തെ അടിസ്ഥാന ഉത്തരം വ്യക്തമാണ്: എഴുത്തിന്റെ ഭാവി നിർണയിക്കുന്നത് സാങ്കേതികവിദ്യയുടെ ശേഷിയല്ല, മനുഷ്യൻ തന്റെ അനുഭവത്തോട് പുലർത്തുന്ന സത്യസന്ധതയാണ് എന്നതുതന്നെ.

സഹായക ഗ്രന്ഥങ്ങൾ ;
- The Artist in the Machine: The World of AI-Powered Creativity കർത്താവ്: Arthur I. Miller (MIT Press, 2020)
- The Routledge Handbook of AI and Literature എഡിറ്റർമാർ: Will Slocombe, Genevieve Liveley (Routledge, 2024)
- Literary Theory for Robots: How Computers Learned to Write കർത്താവ്: Dennis Tenen (W. W. Norton, 2024)
- AI and Creative Writing എഡിറ്റർ: Graeme Harper (Palgrave Macmillan, ഏകദേശം 2025/2026)

hai