നിശ്ശബ്ദതയുടെ ആഴങ്ങൾ…

“വലിഞ്ഞ് കീറുന്ന ഈ നിശ്ശബ്ദത ഭീദിതമായ ഒരു മുന്നറിയിപ്പാണ്”

കഴിഞ്ഞ ഏതാനും നാളുകളായി ഒരു പെൺകുട്ടി ഫോണിലൂടെ എന്നെ നിരന്തരം വിളിച്ച് കൊണ്ടിരിക്കുന്നു…. “സാർ…. സാറിന് ഞങ്ങളുടെ ബാങ്ക് – ലക്ഷം ലോൺ അനുവദിച്ചിരിക്കന്നു”…. മോഹിപ്പിക്കുന്ന സ്വരത്തിലു ള്ള അവളുടെ മോഹന വാഗ്ദാനങ്ങൾ…. ഒരു വേള മനസ്സ് പിടി വിട്ട് ഞാനവളുടെ പ്രലോഭനങ്ങളിലേക്ക് വഴുതി വീഴാം…. അവളുടെ കിളിമൊഴിയിൽ പെട്ട് പോവാതിരിക്കാൻ പെടാ പാട് പെടുകയാണ് ഞാൻ…. പെട്ട് പോവുന്നവരാണ് ഏറെയും…അത്രക്കും കടുത്തജീവിത സാഹചര്യങ്ങളിലൂടെയാണല്ലോ നാം ഒരോരുത്തരും കടന്ന് പോകുന്നത്… കിട്ടുന്ന വരുമാനത്തിനപ്പുറമാണ് ഭാരിച്ച ചിലവുകൾ….അങ്ങനെയൊരവസ്ഥയിൽ ഏതൊരു മനുഷ്യനും കടം വാങ്ങാൻ നിർബന്ധിതരാകും…. ഇത്തരം ലോൺ ആപ്പുകൾ വഴിയും ക്രെഡിറ്റ് കാർഡുകൾവഴിയും ജീവിതം ആഘോഷിച്ച് ഗത്യന്തരമില്ലാതെആത്മഹത്യ യിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പാട് ജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട് ….ഒരു പക്ഷേ അതാവാം വലിയ വലിയ തിടുക്കങ്ങൾക്കിടയിലും പതറാതെ കടക്കാരനാവാനിട കൊടുക്കാത്ത ഇത്തരം മോഹന വാഗ്ദാനങ്ങളിൽ നിന്നും ഞാൻ നിരന്തരംവഴുതിമാറിക്കൊണ്ടിരിക്കുന്നത്…. അത്എത്ര നാൾ…? എപ്പോഴോ പെട്ട് പോകാം….അത്തരം ഒരു “കോർപ്പറേറ്റ് നെറ്റ് വർക്കാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. “ഒരോ നിമിഷവും പലപല പ്രലോഭനങ്ങളാൽ അവർ നമ്മേ നിരന്തരം മാടി മാടി വിളിച്ച് കൊണ്ടിരിക്കയാണ്…. എൺമ്പത് കളുടെ ഒടുവിലാ മറ്റോ ആണ് താജ് രാവുണ്ണി എഴുതുന്നത്…. അന്ന് ലോകം ഇത്രമേൽ കടക്കെണിയിലേക്ക് വീണിരുന്നില്ല…. ഒരു ജനതയെ ഒന്നാകെ ഐ എം എഫിനും ലോക ബാങ്കിനും പണയപ്പണ്ടമാക്കി ഭരിച്ച് മുടിച്ച ഭരണത കൂട അധികാര ധൂർത്തിനെതിരെയുള്ള അരങ്ങിലെ കലഹവും കലാപവുമായിരുന്നു “രാവുണ്ണി” അത്യാഢമ്പരങ്ങളുടെ അകമ്പടികളേതുമില്ലാതെ “പുവർ തിയേറ്ററിന്റെ സാധ്യത ” ഉപയോഗിച്ചുള്ള ആ അവതരണം കാലങ്ങളോളം കേരളത്തിനകത്തും പുറത്തും കത്തിപ്പടർന്നു.കടത്തിന്റെ മാറിയ ഒരു ലോകവും, അതിന്റെ വിവിധ സ്രോതസ്സുകളും ആറാടി തിമർക്കുന്ന കെടുതികളുടെ ഈ വർത്തമാന സാഹചര്യത്തിലാണ് അരങ്ങിലേക്ക് രാവുണ്ണിയുടെ പിന്തുടർച്ച പോലെ “രാവുണ്ണി തമ്പാൻ” എത്തുന്നത്…കടം രാവുണ്ണിക്ക് കിട്ടാക്കനിയായിരുന്നെങ്കിൽ പുതിയ കാലത്തിലെ രാവുണ്ണിമാരായ നമ്മളിലേക്ക് കടം നിനച്ചിരിക്കാതെ പെയ്തിറങ്ങുകയാണ്…….ഒന്ന് നിന്ന് കൊടുത്താ മതി വളരെ എളുപ്പത്തിൽ കടക്കാരനാവാംനമുക്ക്…. മുമ്പെത്തെപ്പോലെ ലോണിനായി നം നിരന്തരം ബാങ്ക് കയറിയിറങ്ങി നിരാശരാവേണ്ട… നമ്മുടെ ഫോണിൽ, വിരൽ തുമ്പിലുണ്ട് എല്ലാ സൗകര്യങ്ങളും…. സെക്കന്റുകൾക്കു ള്ളിൽ ലോൺ റെഡി…. ഓർക്കു ക ആ വിരൽ സ്പർശം നിങ്ങളെ കൊണ്ട് പോകുന്നത് ദുരന്തത്തിന്റെ അഗാധമായ ഗർത്തത്തിലേക്കാണ്…. ഇവിടെയാണ് താജിന്റെ രാവുണ്ണിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നിപോ കുന്നത്. രാവുണ്ണി അന്തസ്സുള്ള കടക്കാരനായിരുന്നു. കാൽക്കീഴിൽ നിന്ന് ചവുട്ടി നിൽക്കുന്ന മണ്ണത്രയും ഒലിച്ച് പോകുന്നവന്റെ വിലാപമാണ് രാവുണ്ണി …..അത്തരം ഒരു ഒലിച്ച് പോക്കിനെയാണ് പ്രദീപ് മണ്ടൂരിന്റെ “രാവുണ്ണി തമ്പാൻ” എന്ന രചനഏറ്റ് വാങ്ങുന്നത്….. താജിൽ നിന്ന് പ്രദീപ് സഞ്ചരിക്കുന്നത് പുതിയ കാലകത്തിന്റെ പ്രത്യയ ശാസ്ത്രത്തിലേക്കാണ്, അതിന്റെ സങ്കീർണ്ണതകളിലേക്കാണ്….

രാവുണ്ണിക്ക് കടം ഒരു – പ്രതികാരമായിരുന്നെങ്കിൽ രാവുണ്ണി തമ്പാന് കടം ഒരു പ്രതിഷേധമാണ്…. താജിന്റെ “രാവുണ്ണി”യിൽനിന്ന് “രാവുണ്ണി തമ്പാനി”ലേക്ക് വർഷങ്ങളുടെ ദൂരമുണ്ട്. ആ അകലം ചെറുതല്ല, കടുത്ത സാമ്പത്തികപ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ആകെ കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ വിള്ളലുകൾ വളരെ ആഴത്തിൽത്തന്നെ അടയാളപ്പെടുത്തുന്നുണ്ട് രാവുണ്ണി തമ്പാനിൽ…. സത്യത്തിൽ രാവുണ്ണിയും, രാവുണ്ണി തമ്പാനും ഒരേനാണയത്തിന്റെ രണ്ട് വശങ്ങളാണ്…. രാവുണ്ണി പറഞ്ഞ് നിർത്തിയേടത്ത് നിന്നുള്ള പൂരിപ്പിക്കൽ, ഈ രണ്ട് നാടകങ്ങളിലും പ്രതിഫലിക്കുന്നത്‌ രണ്ട് കാലഘട്ടത്തിന്റെ ‘ വെളിപാടുകളാണ്… വരാനിരിക്കുന്ന വിപത്തുകളെ പുരുഷാരത്തോട് വിളിച്ചറിയച്ചവരെ നാം പ്രവാചകർ എന്ന് വിളിച്ചു….ആ ഒരു അർഥത്തിൽ നാടകകൃത്തുകൾ പ്രവാചകരാണ്. അവർ കാലത്തിന്റെ കെടുതികളെയാണ് ലോകത്തോട് വിളിച്ചറിയിക്കുന്നത്. അത് കൊണ്ട് തന്നെയാണ് താജും താജിന്റെ നാടകങ്ങളും ഇപ്പോഴുംവെളിപാടുകളുടെ പുസ്തകമായി അടയാളപ്പെടുന്നത്….

പ്രദീപ് മണ്ടൂരിന്റെ രാവുണ്ണി തമ്പാൻ എന്ന നാടകം താജിന്റെ രാവുണ്ണി എന്ന നാടകത്തിന്റെ പുനർവായനയാണ്. താജ് പറഞ്ഞ് നിർത്തിയേടത്ത് നിന്നുള്ള ഒരു തരം പൂരിപ്പിക്കൽ, അരങ്ങെഴുത്തിലെ അപൂർവ്വ തുടർച്ചയായി ഈ നാടകത്തെ കാണാവുന്നതാണ്. താജിന്റെ രാവുണ്ണി സാധാരണക്കാരിൽ സാധാരക്കാരനായ ഒരു പാവം കർഷകന്റെ അതിജീവനത്തിന്റെ പിടിച്ചിലും, അടിച്ചമർത്തപ്പെടുന്ന അയാളിലെ ആളിക്കത്തലുമാണ്. ഒട്ടും അനുകരണമല്ലാത്ത ഇതിന്റെയൊക്കെ മറ്റൊരു രീതിയിലുള്ള ആവർത്തനം രാവുണ്ണി തമ്പാൻ എന്ന നാടകത്തിലും പ്രകടമാണ്. രാവുണ്ണിയിൽ നിന്ന് രാവുണ്ണിതമ്പാൻ വ്യത്യസ്ഥനാവുന്നത്, അരങ്ങ് ഒരു നടന്റെ ആളിക്കത്ത ലിന് സാക്ഷ്യം വഹിക്കുമ്പോഴാണ്. മലയാള നാടക രചനയിൽ ഇങ്ങനെയൊരു ക്യാരക്ടർ അപൂർവമായ ഒരനുഭവമാണ്. ഒരേ സമയം അതിജീവി നത്തിന്റെ പിടച്ചിൽ പേറുന്ന ഒരു നടനായും ആ നടൻ അഭിനയിച്ച് പോരുന്ന രാവുണ്ണി എന്ന നാടകത്തിലെ രാവുണ്ണിയുടെ അതിജീവനത്തിന്റെ പിടച്ചിലും ഒരേ സമയം ഈ നടൻ അഭിനയിച്ച്, അനുഭവിച്ച് തീർക്കേണ്ടതുണ്ട്. ഈയൊരു കാര്യക്ടറൈസേഷ്യന്റെ ദൃശ്യവും അദൃശ്യവുമായ ജീവിതാവസ്ഥകളെയും അതിന്റെ തീക്ഷണതയെയും അരങ്ങിലേക്ക് ആവാഹിക്കുക എന്നത് എളുപ്പപ്പണിയല്ല. തമ്പാ നിൻ അള്ളിപിടിച്ച് നിൽക്കുന്ന ഒരു കാര്യക്ടർ ഉണ്ട്. അയാൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന നാടകത്തിലെ രാവുണ്ണി. വേദികളിൽ നിന്ന് വേദികളികളിലേക്ക് അയാൾ രാവുണ്ണിയായി പടർന്ന്കയറുംമ്പോഴും അംഗീകാരങ്ങൾക്കും അഭിനന്ദനങ്ങൾക്കുമിടയിൽ നിരന്തരം .

ആഘോഷിക്കപ്പെടുംമ്പോഴും ജീവിതത്തിന്റെ കളിയരങ്ങിൽ ആ നടൻ അടിപതറുകയാണ്. എത്രയോ തവണ. അയാൾ തന്നിൽ ഒരു ബാധയും ബാധ്യതയുമായി തീർന്ന രാവുണ്ണി എന്ന ക്യാരക്ടറിനെ കുടഞ്ഞെറിയാൻ ശ്രമിക്കുമ്പോഴും,ആഴത്തിൽ പിടിമുറുക്കിയ ആ ക്യാരക്ടറിനെ’ അഴിചെറിയാനാവാത്തവിധം തമ്പാൻ ഉഴറുകയാണ്. ഒരു മനുഷ്യന്റെ ഈ ഉള്ളുരുക്കമാണ് ഈ രചനയുടെ ഏറ്റവുംവലിയ ഒരു സവിശേഷത. രാവുണ്ണി തമ്പാൻ ആഴത്തിൽ മുറിഞ്ഞ ഒരു മനുഷ്യനാണ്‌. ആഴത്തിൽ മുറിഞ്ഞവനേ ആഴത്തിൽ മുറിഞ്ഞവന്റെ മുറിവുകളെ അരങ്ങിൽ പരിഭാഷപ്പെടുത്താനാവൂ… ഇതെഴുതുമ്പോൾ പ്രദീപ്‌ എപ്പോഴോ പറഞ്ഞ വാക്കുകളാണ്‌ ഓർമയിലേക്കെത്തുന്നത്‌. “ജീവിതം കൊണ്ട്‌ മുറിവേൽക്കുമ്പോഴൊക്കെ നാടകം കൊണ്ട്‌ മുറിവ്‌ ഉണക്കുന്ന നാടകക്കാരനാണ്‌ ഞാൻ” കഴിഞ്ഞതാ ജ്‌ അനുസ്‌മരണത്തോടനുബന്ധിച്ച്‌ കോഴിക്കോട്ടെ ടൗൺഹാളിൽ വെച്ചാണ്‌ ഞാനീ നാടകം കാണുന്നത്. ദൃശ്യവും അദൃശ്യവുമായ അധികാരവാഴ്‌വുകളുടെ ഹിംസാത്മക പ്രവണതകൾക്കെതിരെയുള്ള ഒറ്റൊക്കൊരു മനുഷ്യന്റെ ചെറു ത്ത്‌ നിൽപ്പിന്നെ അതിനാട്യങ്ങളുടെ വർണ്ണപ്പകിട്ടുകളില്ലാതെ അരങ്ങ്‌ നിറഞ്ഞ്‌ കവിയുന്നസെറ്റ്കളുടെ ആർഭാടതയില്ലാതെ വിഷയത്തോട് സത്യ സന്ധത പുലർത്തിയുള്ള ലളിതവും ശക്തമായ ഒരു നാടകം കാണാനായി….ഒരു നാടകത്തിന്റെ ശക്തമായ അടിത്തറ അതിന്റെ രചന തന്നെയാണ്. പ്രദീപിന്റെ ഉള്ളുരുക്കങ്ങളത്രയും രാവുണ്ണി തമ്പാനിൽ സന്നിവേശിച്ചിട്ടുണ്ട്. ഏറെ അഭിനന്ദനാർഹമാണ് ഈ രചന ….കനത്ത ഒരു പ്രളയ മഴയായി പെയ്തിറങ്ങാൻ വെമ്പി നിൽക്കുന്നആകാശത്തിന്‌ മേൽകുമിഞ്ഞ് കൂടുന്ന കടത്തിന്റെ കറു കറുത്ത കാർമേ ഘങ്ങളുടെ നേർസാക്ഷ്യങ്ങളാണ്ഇതിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. കടത്തിന്റെ വർത്തമാന കാലസാഹചര്യങ്ങളെ താമ്പാനിലൂടെഏറെ സമർത്ഥമായി വിളക്കിച്ചേർത്തിട്ടുണ്ട്. രാവുണ്ണിതമ്പാന് കടം വാങ്ങാൻ പഴയ രാവുണ്ണിയെപ്പോലെ പൊന്നോമനനമ്പ്യാരുടെ പടിപ്പുര കേറിചെല്ലണമെന്നില്ല. ഒരൊറ്റ ക്ലിക്കിൽ നിമിഷങ്ങൾക്കകം വായ്പ നൽകുന്ന ലോൺ ആപ്പുകൾ (instant loan apps) ഇന്ന് ഏ ഏതൊരു സാധാരണക്കാരന്റെയും സ്വകാര്യതയിലേക്കാണ് നുഴഞ്ഞുകയറിയെത്തുന്നത്…. ഉപഭോഗ സംസ്ക്കാരം അതിന്റെ എല്ലാ ശക്തിയോടും കൂടെ ഒരോ മനുഷ്യരെയും വേട്ടയാടുകയാണ്. (consumerism) സോഷ്യൽ മീഡിയ വഴി നാം ഒരോരുത്തരെയും ആർഭാട ഭ്രാന്തന്മാരാക്കുകയും വരുമാനത്തിനപ്പുറമുള്ള കടം വാങ്ങാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.ത തമ്പാനും തമ്പാന്റെ കുടുംബവും ചെന്ന് പതിക്കുന്നത് ഈയൊരവസ്ഥയിലേക്കാണ്. പുതിയ തലമുറയുടെ എല്ലാ ചെടിപ്പുകളും പേറുന്നതമ്പാന്റെ മക്കളിലൂടെ ഈയൊരവസ്ഥയുടെ പൊള്ളൽ അനുഭവിപ്പിക്കുന്നുണ്ട്.സ്വത്വവും സമാധാനവും നഷ്ടപ്പെട്ട് സാമ്പത്തികഭാരത്തിന്റെയും ഡിജിറ്റൽ അടിമത്വത്തിന്റെയും കാണാ ചരടിൽ പിടയുന്നവരുടെ പ്രതിനിധിയാണ് ഈ നാടകത്തിലെ തമ്പാന്റെ മകനും മകളും ഒടുവിൽ അഭിമാനം വ്രണപ്പെട്ട ആ പെൺക്കുട്ടി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയാണ്. മക്കൾക്ക് മുമ്പിലും മറ്റുള്ളവർക്ക് മുമ്പിലും തമ്പാൻ തോറ്റ മനുഷ്യനാണ്…. രാവുണ്ണി എന്ന നാടകം കളിച്ച് കടം കൊണ്ട് വെന്ത തമ്പാൻ അതിൽ നിന്നൊക്കെ പിടിച്ച് കയറാനായി അടുത്ത സുഹൃത്ത് അനന്തനുമായി ചേർന്ന് പലരിൽ നിന്നും കടം വാങ്ങിച്ച്പുതിയ ഒരു നാടകം അരങ്ങിലെത്തിച്ചു അതും വൻ പരാജയമായി തീരുകയും ജീവിതത്തിനും ആത്മഹത്യക്കുമിടയിൽ പകച്ച് നിൽക്കുന്ന തമ്പാന് മുമ്പിലേക്ക് താജും രാവുണ്ണി എന്ന നാടകത്തിലെ ചില സ്വീകൻസ്സും ഒരു കൊളാഷ്‌പോലെ കടന്ന് വരികയാണ്. ഈ ഇഴ ചേർക്കൽ നാടകത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. രാവുണ്ണി എന്ന നാടകത്തിലെ കുഞ്ഞോമന നമ്പ്യാരുടെ പുതിയ അവതാരം, പ്രിയപ്പെട്ട പഴയനാടക സുഹൃത്തും ഇന്ന്. പുത് പണക്കാരനുമായ വിക്രമൻ രാവുണ്ണി തമ്പാന്റ അടുത്ത് വീട്ടാകടം പിരിക്കാനെത്തുന്നുണ്ട്…വിക്രമൻ പറയുന്നുണ്ട് ” രാവുണ്ണി തോറ്റ മനുഷ്യനാണ് അത് പോലെയാവാനാണോ നീയും”…? അതിന് മറുപടിയായി തമ്പാൻപറഞ്ഞു ” തോറ്റവരില്ലാതെ ചരിത്രമില്ലല്ലോ വിക്രമാ…. പക്ഷേ, അത് പറയാനാരുമുണ്ടാകില്ല” തമ്പാന്റെ ആ വാക്കുകൾക്ക് തോറ്റവന്റെ തളർച്ചയുടെ സ്വരമല്ല,മറിച്ച് വല്ലാത്തൊരു മൂർച്ചയുണ്ടതിന്. കടത്തിന്റെ നിലയില്ലാക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ പൊട്ടിത്തെറിയാണത്”

ആഗോള കോർപ്പറേറ്റ്കളുടെയും അൽഗോരിതങ്ങളുടെയും(algorithms) നിയന്ത്രണത്തിലുള്ള ഡിജിറ്റൽ ബാങ്കിങ്ങ് തമ്പാനെ പോലുള്ള സാധാരണക്കാരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഒരുപോലെ ചൂഷണം ചെയ്യുകയാണ്. ആധുനിക നവലിബറൽ സാമ്പത്തിക വ്യവസ്ഥിതി സ്വയംവെന്ത് ഉരുകുന്നൊന്ന അവസ്ഥയിലേക്കാണ് മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്നത്. മാർക്സ് പറയുന്നുണ്ട് ” തണൽ വിൽക്കാനായില്ലെങ്കിൽ മുതലാളിത്തം മരങ്ങളുടെ ഇലകൾ വെട്ടിക്കളയും”. എല്ലാ തണലിടങ്ങളും നഷ്ടമാവുന്നവന്റെ നിലവിളികളെയാണ് ഈ നാടകം അരങ്ങിലേക്ക് ചേർത്ത് വെക്കുന്നത്… നാടകം കൈ മാക്സ്സിലേക്ക് വരുമ്പോൾ തോൽക്കാൻ വിസ്സമിതിക്കുന്ന ഉറച്ച മനസ്സോടെ രാവുണ്ണി തമ്പാനും നാടകസംഘവും ഈ ദുരവസ്ഥക്കെതിരെ നാടകത്തെ പ്രതിരോധതത്തിന്റെ ആയുധമാക്കു കയാണ്. കടത്തിന്റെ പുതിയ പ്രത്യയ ശാസ്ത്രത്തെ പ്രതി രോധിക്കാനുള്ള ശക്തമായ ഓർമ്മപ്പെടുത്തലുകളുടെ ഉറക്കെ പ്രഖ്യാപനമാണ് ഈ നാടകം. തിയേറ്റർ മൂവ്മെന്റ് കണ്ണൂരിന് എന്ത് കൊണ്ടും അഭിമാനിക്കാം മികച്ചൊരു നാടകം അരങ്ങിലെത്തിച്ചതിന്. സംവിധാനം നിർവ്വഹിച്ചത് പ്രദീപ് മണ്ടൂരും സഞ്ജയ് കൃഷണയും ചേർന്നാണ്. കെട്ട് കാഴ്ചകളിലേക്ക് വഴുതാതെ രചന മുമ്പോട്ട് വെക്കുന്ന രാഷ്ടീയം രംഗഭാഷയിലൂടെ ഏറ്റവും മൂർച്ചയായി പറഞ്ഞു. ദാരിദ്ര്യവും വിശപ്പും അരങ്ങിൽ അടയാളപ്പെടുത്തേണ്ടത് കെട്ട് കാഴ്ച്ചകൾ കൊണ്ടല്ലല്ലോ ആഒരു വലിയ തിരിച്ചറിവ് ഈ നാടകം കാത്ത് സൂക്ഷികുന്നുണ്ട്.കരുത്തുറ്റ നടന്മാരടങ്ങിയ ശക്തമായ ടീം വർക്കാണ് ഈ നാടകത്തിന്റെ ജീവൻ. പി ടി. ദിലീപിൽ രാവുണ്ണി തമ്പാൻഭദ്രമാണ്.

രണ്ട് കഥാപാത്രങ്ങളിലൂടെയുള്ള ഒരേ സമയമുള്ള സഞ്ചാരം ഒരു ബ്ലയിഡിന്മേലുള്ള നടപ്പാണ്. ഏത് നേരത്തും അമിതാഭിനയത്തിലേക്കൊക്കെ തെന്നിനീങ്ങാവുന്ന ഒരവസ്ഥയെ വളരെ ഒതുക്കമുള്ള അഭിനയരീതിയിലൂടെ ദിലീപ് മറികടക്കുന്നുണ്ട്. അത് പോലെ തമ്പാന്റെ പതനങ്ങളിലും. സാധാരണത്വം കലർന്ന അഭിനയശൈലികൊണ്ട് തമ്പാന്റെ അടുത്ത സുഹൃത്ത് അനന്തനായി വരുന്ന രവി പെരിയാട്ട്പലപ്പോഴും കാണികളുടെ കണ്ണ് നനയിക്കുന്നുണ്ട്. ഒട്ടേറെ വേഷങ്ങളിൽ വരുന്ന രജന രവി അമേച്വർ അരങ്ങിനൊരു വാഗ്ദാനമാണ്. പുരുഷോത്തമൻ, രാജീവൻ, ഷാജി പാടിയിൽ, ദിനേശൻ, ശരത്ചന്ദ്രൻ, വിഷ്ണുതുടങ്ങിയവരാണ് വിവിധ വേഷങ്ങളിൽ വരുന്നത്.

പറഞല്ലോ ശക്തരായ ഈനടന്മാരാണ് ഈ നാടകത്തിന്റെ ജീവൻ നിലനിർത്തുന്നത്…. പ്രിയപ്പെട്ടവരെ…. ഇതൊരു സാധാരണ നാടകമായി എഴുതി തള്ളരുത്. ഒട്ടേറെ വേദികളിൽ കളിക്കേണ്ട ഒരു നാടകമാണ്. ചോരയും കണ്ണീരും വീണ് കുതിരുന്ന സമകാലിക യാഥാർത്ഥ്യങ്ങളുടെ പൊളളുന്ന നേർ സാക്ഷ്യമാണ്, ഒന്ന് ജീവിച്ച് പോവാൻ നെട്ടോട്ടമോടുന്ന ഒരു മനുഷ്യന്റെ ഉൾവേവുകളുടെ പരിഭാഷയാണ് ഈ രംഗഭാഷ.

ഫോട്ടോസ്: സതി

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added