“ഓണമേ വന്നിട്ടെന്റെ
കൈകളിൽ പിടിച്ചൊന്നാ
മൂന്നടി മണ്ണിലൂടെ
വീഴാതെ നടത്തുക”
ഓർമ്മകളുടെ ഊഞ്ഞാൽ പടികളിൽ ഇരുന്ന് തിരിഞ്ഞു നോക്കുമ്പോൾ വീണ്ടും വീണ്ടും ഓണക്കാല സ്‌മൃതികൾ..
ചില നേരം വായിച്ചും ചില നേരം വെറുതെ താളുകൾ മറിച്ചും..
എത്രയോ വർഷം പുറകിലേക്കെന്റെ ഓർമ്മകൾ..
പണ്ടൊക്കെ ഓണം വരുന്നു എന്ന് കേൾക്കുമ്പോൾ ആദ്യം കാത്തിരുന്നത് ഓണപ്പതിപ്പുകൾ വരുന്നത് ആണ്.. അത് കഴിഞ്ഞേ ഓണക്കോടി കിട്ടുമ്പോൾ ഉള്ള സന്തോഷം കൂടി ഉണ്ടായിരുന്നുള്ളൂ
കുട്ടിക്കാലത്തും കൗമാരങ്ങളിലും ഞങ്ങൾ കുട്ടികളുടെ ആകെയുള്ള സന്തോഷം പുസ്തകവായന ആയിരുന്നു..അതിലെ കഥാപാത്രങ്ങളായിരുന്നു മനസ്സു നിറയെ….ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പുസ്തകം കൂട്ടിനുണ്ടാവും.
പുതുവസ്ത്രങ്ങളുടെയും കുപ്പിവളകളുടെയും നിറങ്ങൾ ഇത്തിരി കുറഞ്ഞാലും ഞാൻ അമ്മയോട് യുദ്ധം ചെയ്ത് ഓണപ്പതിപ്പുകളും വാർഷിക പതിപ്പുകളും വാങ്ങിക്കാൻ മറന്നില്ല..
ഇന്നത്തെ ഓണപതിപ്പുകളും വാർഷികപതിപ്പുകളും മൊത്തം.. തട്ടിപ്പും ഉടായിപ്പും.. തട്ടികൂട്ട് പതിപ്പുകളുമാണെന്ന് തോന്നാറുണ്ട്.. എങ്കിലും മുടങ്ങാതെ വാങ്ങി വായിക്കാറുമുണ്ട്..
മനോഹരങ്ങളായ ഇന്നലെകളിലാണ് നമ്മൾ
ജീവിക്കുന്നത് മുഴുവനും.. കാഴ്ച്ചകളും അനുഭവങ്ങളും നിറമാർന്നതാവുന്നത് അത് ഓർമ്മകളാവുമ്പോഴും..
ഓരോ ഋതുവിലും ഓരോരോ ഓർമ്മകൾ എന്നെ തൊട്ടുണർത്തുന്നുണ്ട്..ഒന്നും മാഞ്ഞുപോയിട്ടില്ല…
ഓരോ ഓണക്കാലം വന്ന് പോകുമ്പോഴും പെട്ടെന്ന് തീർന്നുപോയ ഒരു കുട്ടിക്കാലം ഓട്ടത്തിൽ തട്ടി തടഞ്ഞ് വെച്ചുകുത്തി മുറിഞ്ഞ് എന്നിലേക്ക് തിരിച്ചെത്തുന്നു
ചിങ്ങനിലാവ് പോലെ… ഓണവെയിൽ പോലെ.. തെളിനീർചാല് പോലെ…വിളഞ്ഞ നെൽപ്പാടം പോലെ… മായികമായ ഒരു ഭൂതകാലത്തിൽ അകപ്പെട്ട്, തളർച്ചകൾ വലിച്ചെറിഞ്ഞ് ഞാനും ഒരു പൂ പോലെ വിടരുന്നു..
എത്ര ഉണങ്ങിപൊടിഞ്ഞാലും ഇതളുകൾ ഇപ്പോഴും സുഗന്ധം പൊഴിച്ചുകൊണ്ടേയിരിക്കുന്നു..
ഓർമ്മകളുടെ നിത്യസുഗന്ധം..
എവിടെയോ മറന്നുവെച്ച ജീവിതചാരുതയിൽ
കാലം മടക്കി സൂക്ഷിച്ച ആ ഭൂതകാലം വീണ്ടും നിവർത്താൻ കൊതിച്ച് ഇവിടെയൊക്കെ ഞാനിങ്ങനെ…


One Response
awesome