മലമുകളിലെ അപ്പൂപ്പൻതാടികൾ വന്ന് വീഴുന്ന ആ പഴയ അങ്ങാടിയുടെ കോണിലായിരുന്നു ഉസ്മാൻ ഹാജിയുടെ പീടിക. അവിടെ വിറ്റിരുന്നത് പലവൃഞ്ജനങ്ങല്ല . ‘സമയം’ ആയിരുന്നു.
അച്ചടിപ്പിശക് പറ്റിയ പഴയ പുസ്തകങ്ങൾക്കിടയിലും, കരിപിടിച്ച ചില്ലുകൂട്ടിലും ഹാജി പലതരം സമയങ്ങൾ ചില്ലുകുപ്പികളിലാക്കി സൂക്ഷിച്ചിരുന്നു.
ചില കുപ്പികളിൽ പച്ചനിറമുള്ള പ്രഭാതങ്ങളായിരുന്നു. മറ്റു ചിലതിൽ കരിനീലനിറമുള്ള പെയ്തുതോരാത്ത കർക്കിടക രാത്രികളും.
ഹാജി ഒരു മാന്ത്രികനായിരുന്നില്ല. ജീവിതത്തിന്റെ തിരക്കിൽ മനുഷ്യർക്ക് നഷ്ടപ്പെട്ടുപോകുന്ന നിമിഷങ്ങളെ ഒപ്പിയെടുക്കുന്ന ഒരാളായിരുന്നു.
ഒരു ദിവസം വൈകുന്നേരം, നഗരത്തിൽ വലിയൊരു കമ്പനി നടത്തുന്ന രാഘവൻ ഹാജിയുടെ പീടികയിലെത്തി. അയാളുടെ കണ്ണുകളിൽ കടുത്ത അസ്വസ്ഥതയും ഭയവുമുണ്ടായിരുന്നു.
ഹാജീ, എനിക്ക് അടിയന്തിരമായി കുറച്ചു സമയം വേണം, രാഘവൻ ശ്വാസം മുട്ടലോടെ പറഞ്ഞു. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ഡീൽ നടക്കുകയാണ്. പക്ഷേ, എനിക്ക് ഒരു ദിവസത്തിന് ഇരുപത്തിനാല് മണിക്കൂർ തികയുന്നില്ല. എനിക്ക് വില കൊടുത്തു വാങ്ങാൻ കുറച്ചു സമയം തരുമോ?
ഹാജി തന്റെ കൺപീലികൾക്കിടയിലൂടെ രാഘവനെ നോക്കി പതുക്കെ ചിരിച്ചു. അയാൾ പിന്നിലെ തട്ടിൽ നിന്നും പൊടിപിടിച്ച ഒരു ചെറിയ കുപ്പി എടുത്തു മേശപ്പുറത്തു വെച്ചു. അതിനുള്ളിൽ ഒരു ചെമ്പരത്തിപ്പൂവ് വിരിഞ്ഞുനിൽക്കുന്നതുപോലെ ചുവന്നൊരു വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു.
ഇത് നിന്റെ എട്ടാമത്തെ വയസ്സിലെ ഒരു ശനിയാഴ്ചയാണ്, ഹാജി പറഞ്ഞു. അന്ന് നീ പാടവരമ്പത്തുകൂടി തുമ്പിയെ പിടിച്ച് നടക്കുകയായിരുന്നു. നിന്റെ അമ്മ നിന്നെ ഊട്ടാൻ പിന്നാലെ നടന്ന ആ പകലിന് അന്നൊരു യുഗത്തിന്റെ നീളമുണ്ടായിരുന്നു. നീ മറന്നുവെച്ച ആ സമയമാണിത്.
രാഘവൻ ആ കുപ്പിയിലേക്ക് നോക്കി. പെട്ടെന്ന് ആ മുറിയിലാകെ അമ്മ വച്ചുവിളമ്പിയ മട്ട അരിപ്പായസത്തിന്റെ മണം പടർന്നു. ജനാലയ്ക്കപ്പുറം എവിടെയോ ഒരു കുയിലിന്റെ നാദം കേട്ടു. രാഘവന്റെ കണ്ണുകൾ നനഞ്ഞു.
ഹാജീ, ഇതെനിക്ക് വേണം. ഇതിന് എന്ത് വില നൽകണം?” അയാൾ ചോദിച്ചു. ഇതിന് പണം വിലയായി വാങ്ങാൻ കഴിയില്ല രാഘവാ,” ഹാജി കുപ്പി തിരികെ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു. “സമയം എന്നത് ക്ലോക്കിലെ സൂചികളല്ല. അത് നമ്മൾ ജീവിക്കുന്ന നിമിഷങ്ങളാണ്.
അന്ന് നിന്റെ വിശപ്പടക്കാൻ നിന്റെ പിന്നാലെ നടന്ന ആ അമ്മ, ജീവിച്ചിരുന്ന അവസാന നാളുകളിൽ നിന്റെ ഒരു നോക്കിനായി ആഗ്രഹിച്ചിരുന്നു. ഇന്ന് ആ അമ്മയില്ല…
നീ വൈകിപ്പോയി രാഘവാ! ഇനി എത്ര കോടികൾ കൊടുത്താലും ആ നിമിഷങ്ങൾ നിനക്ക് തിരികെ കിട്ടില്ല.
ഉസ്മാൻ ഹാജി പീടികയുടെ വാതിൽ പൂർണ്ണമായും അടച്ചുകൊണ്ട് പറഞ്ഞു, “നാളെ നിനക്ക് ആ ഡീൽ കിട്ടുമായിരിക്കും. പക്ഷേ, ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നീ ഇതിനോടകം ഏറ്റുവാങ്ങിക്കഴിഞ്ഞു.”
രാഘവൻ പീടികയുടെ പടികളിറങ്ങുമ്പോൾ അങ്ങാടിയിലാകെ ഒരു മന്ത്രം പോലെ കാറ്റ് വീശുന്നുണ്ടായിരുന്നു. അയാളുടെ കൈത്തണ്ടയിലെ വിലകൂടിയ വാച്ചിലെ സൂചികൾ കൃത്യമായി സമയം കാണിച്ചു കൊണ്ടിരുന്നു. പക്ഷേ തൻ്റെ ജീവിതത്തിലെ സമയം എപ്പോഴോ നിലച്ചു പോയതായി അയാൾക്കനുഭവപ്പെട്ടു.
വർഷങ്ങൾക്ക് ശേഷം ,അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന പഴയ ആ വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് അയാൾ നിശ്ചയിക്കാനാവാത്തൊരു നെടുവീർപ്പിട്ടു..
നേടിയതൊന്നിന്നും തന്റെ ഉള്ളിലെ ഈ ശൂന്യത മാറ്റാൻ കഴിയില്ലെന്ന തിരിച്ചറിവോടെ, …
ഉസ്മാൻ ഹാജിയുടെ കുപ്പിയിലെ ആ ചുവന്ന വെളിച്ചം പോലെ, …..
ഇനി ഒരിക്കലും തിരികെ കിട്ടാത്ത ഏതോ ഒരു ശനിയാഴ്ചയിലേക്ക് നോക്കി അയാൾ ആ ഇരുട്ടിൽ തനിച്ചിരുന്നു.
