ആദ്യമാദ്യം
നുണ രേഖപ്പെടുത്തി വെയ്ക്കാൻ
ദൈവത്തിന് എളുപ്പമായിരുന്നു
ഓർമ്മയിൽ,
ചില കുറിപ്പുകളിൽ,
പുസ്തകങ്ങളിൽ.
നുണപറച്ചിലുകാർ
നാലുപാടുമായപ്പോൾ
ദൈവം കമ്പ്യൂട്ടറിലേക്ക് മാറി
നുണകൾ പട്ടികയിലാക്കലും
പറഞ്ഞവർക്കുള്ള ശിക്ഷ
വിധിക്കലുമായി
പിടിപ്പത് പണിയിൽ മുഴുകി
പിന്നെപ്പിന്നെ
നുണയുടെ കാര്യമല്ലാതെ
വേറൊന്നും ശ്രദ്ധിക്കാൻ
സമയമില്ലാതായി.
ഇപ്പോളിപ്പോൾ
ദൈവം നുണകൾ ശ്രദ്ധിക്കാറേയില്ല
നുണയരുടെ പെരുക്കം
ദൈവത്തെ അലട്ടുന്നില്ല.
നന്മയുടെ പഞ്ചസാരത്തരികൾ കൊണ്ട്
പാവങ്ങളെയൂട്ടൽ ആണ് തൻ്റെ ജോലി
എന്ന് ദൈവത്തിനറിയാം;
അവർക്ക് വേറെയാരുമില്ലെന്നും
