ജഡ്ജസ് പ്ലീസ് നോട്ട്

സ്കൂൾ കലോത്സവത്തിന്റെ മൂന്നാം വേദിയിൽ ഓട്ടൻതുള്ളൽ മത്സരം നടക്കുകയാണ്. കാണികൾ നിറഞ്ഞ സദസ്സ്. മദ്ദളവും ചെണ്ടയും ഇലത്താളവും ഉയർത്തുന്ന താളപ്പെരുക്കങ്ങൾക്കിടയിൽ അടുത്ത മത്സരാർത്ഥിക്കായി തിരശ്ശീലയ്ക്ക് പിന്നിൽ കാത്തുനിൽക്കുകയാണ് ഉണ്ണിക്കുട്ടൻ.
ചെസ്റ്റ് നമ്പർ 8.
ഉണ്ണിക്കുട്ടന്റെ ഊഴമെത്തി.
തിരശ്ശീല ഉയർന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഉണ്ണിക്കുട്ടൻ വേദിയിലേക്ക് കടന്നുവന്നു.
പിന്നെ കണ്ടത് ഉണ്ണിക്കുട്ടന്റെ താണ്ഡവമായിരുന്നു!

ചുവടുകൾക്ക് തീപ്പിടിച്ചു .
അംഗ ചലനങ്ങളും ഭാവങ്ങളും താളത്തിനൊപ്പം മത്സരിച്ചു.
ഉണ്ണിക്കുട്ടൻ തകർത്താടുകയാണ്.

കാണികൾ ആവേശത്തിന്റെ കൊടുമുടിയിൽ.

ഓരോ ചുവടിനും കരഘോഷം. ഓരോ ഭാവമാറ്റങ്ങൾക്കും ആർപ്പുവിളി.

മുൻനിരയിലിരുന്നവർ പരസ്പരം നോക്കി.

“ഇത് ഉണ്ണിക്കുട്ടൻ തന്നെയൊ? ! “

“നമ്പ്യാരുടെ പുനർജന്മമോ?”

“അതുക്കും മേലെയല്ലേ ? !”

അതിനിടെ മറ്റു വേദികളിൽ മത്സരങ്ങൾ കണ്ടുകൊണ്ടിരുന്നവരും ഉണ്ണിക്കുട്ടന്റെ പ്രകടനത്തെ കേട്ടറിഞ്ഞ് മൂന്നാം വേദിയിലേക്ക് ഒഴുകിയെത്തി.

മത്സരം അവസാനിച്ചു.

ഉണ്ണിക്കുട്ടൻ വേദിയിൽനിന്ന് ഇറങ്ങുമ്പോഴും കൈയടിക്ക് ഒരു കുറവും ഇല്ല .

അവന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.

സുഹൃത്തുക്കൾ ചുറ്റും കൂടി.

“ഉണ്ണീ, ഇത്തവണ എ ഗ്രേഡ് ഉറപ്പാണ്!”

“എ ഗ്രേഡോ? ഒന്നാം സ്ഥാനം ഉറപ്പാണ് “

ഉണ്ണിക്കുട്ടൻ ഒന്നും പറഞ്ഞില്ല.
ഒരു ചെറുപുഞ്ചിരി മാത്രം.

ഒടുവിൽ കാത്തിരുന്ന നിമിഷമെത്തി.

ഫലം പ്രഖ്യാപിക്കാൻ വിധികർത്താക്കൾ വേദിയിലെത്തി.

ആരവങ്ങൾ നിലച്ചു.

“ഓട്ടൻതുള്ളൽ മത്സരത്തിന്റെ ഫലം…”

എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു.

“ഒന്നാം സ്ഥാനം…”

ഒരു നിമിഷത്തെ നിശ്ശബ്ദത.

“ചെസ്റ്റ് നമ്പർ…”

ഉണ്ണിക്കുട്ടന്റെ ഹൃദയമിടിപ്പ് കൂടി.

” ….. 12 “

ഉണ്ണിക്കുട്ടൻ്റെ കണ്ണിൽ ഇരുട്ട് കയറി .
ഫല പ്രഖ്യാപനം തുടർന്നു കൊണ്ടിരുന്നു
വേദിയാകെ നിശ്ശബ്ദം.

ചെസ്റ്റ് നമ്പർ 8 B ഗ്രേഡ് .

കാണികൾ പരസ്പരം നോക്കി.
അവർക്ക് വിശ്വസിക്കാനായില്ല.
ചിലർ പ്രതിഷേധിച്ചു.

“ഇതെന്ത് നീതിയാണ്?”

ഉണ്ണിക്കുട്ടന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു. കണ്ണുകളിൽ നിരാശ പടർന്നു. നിരാശ പതിയെ ദേഷ്യമായി.
ദേഷ്യം പ്രതിഷേധമായി.
പ്രതിഷേധം പൊട്ടിത്തെറിയുടെ വക്കിലെത്തി.

അവൻ വിധികർത്താക്കളുടെ മേശയ്ക്കരികിലേക്ക് പാഞ്ഞടുത്തു.

“എന്റെ പ്രകടനത്തിൽ എന്താണ് കുറവ്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രേഡ് ?”

ആരും മറുപടി പറഞ്ഞില്ല.

അതോടെ ഉണ്ണിക്കുട്ടന്റെ നിയന്ത്രണം വിട്ടു.

വിധികർത്താക്കളിൽ പ്രധാനിയുടെ നെഞ്ചാംകുഴി ലക്ഷ്യമാക്കി ഉണ്ണിക്കുട്ടൻ ഒരൊറ്റ ചവിട്ട് !

“അയ്യോ…!”

അമ്മയുടെ നിലവിളി കേട്ടാണ് അച്ഛൻ ഞെട്ടിയുണർന്നത്.

അച്ഛൻ തപ്പിത്തടഞ്ഞ് ലൈറ്റ് ഓൺ ചെയ്തു.

ആ കാഴ്ച കണ്ട അച്ഛൻ അന്തംവിട്ടു !

അമ്മ കട്ടിലിനടിയിൽ !

ഉണ്ണിക്കുട്ടനാകട്ടെ, അടുത്ത ചവിട്ടിനുള്ള തയ്യാറെടുപ്പിൽ കാല് ഉയർത്തിപ്പിടിച്ച് നിൽക്കുന്നു.

“ഉണ്ണീ… ഉണ്ണീ… എന്തായിത് ?”

അച്ഛന്റെ ശബ്ദം കേട്ട് ഉണ്ണിക്കുട്ടൻ ഞെട്ടി.

കണ്ണുതുറന്ന് ചുറ്റും നോക്കി.

വിധികർത്താക്കളില്ല. വേദിയില്ല. കാണികളില്ല. ചെണ്ടയില്ല…മദ്ദളമില്ല… ഇലത്താളമില്ല.

മുന്നിൽ അച്ഛൻ.

കട്ടിലിനടിയിൽ അമ്മ.

സമയം രാത്രി 2.30.

അച്ഛൻ ചോദിച്ചു

“എന്താടാ, വല്ല സ്വപ്നവും കണ്ടോ?”

ഉണ്ണിക്കുട്ടൻ പതിയെ കാല് താഴ്ത്തി.

“അച്ഛാ… എനിക്ക് എ ഗ്രേഡ് കിട്ടിയില്ല…”

അച്ഛൻ ചിരി അടക്കിക്കൊണ്ട് ചോദിച്ചു:

“അതിന് നീയിപ്പോൾ എവിടെയാണ് മത്സരിച്ചത്?”

ഉണ്ണിക്കുട്ടൻ തല ചൊറിഞ്ഞു പറഞ്ഞു

“ഓട്ടൻതുള്ളൽ “

ഉണ്ണിക്കുട്ടൻ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.
പക്ഷേ, ആ രാത്രിയിലെ ഉറക്കത്തിനും ഒരു കലോത്സവച്ചൂടുണ്ടായിരുന്നു. കണ്ണടച്ചപ്പോഴും ഉണ്ണിക്കുട്ടന്റെ മനസ്സിൽ വേദിയും കാണികളും വിധികർത്താക്കളും നിറഞ്ഞുനിന്നു.
അവസാനമായി അവന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കിയായി…
ആ വിധികർത്താക്കൾക്ക് ഓട്ടൻതുള്ളൽ അറിയാമായിരുന്നോ?

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

2 4 votes
Article Rating
1 Comment
Jemsheera
13 hours ago

Super

Recently added