അദ്ധ്യായം — 6
2012 ജൂലൈ 13, വെള്ളിയാഴ്ച, രാത്രി 10:30—
കൊടുങ്കാറ്റ് അതിന്റെ ഏറ്റവും ഭീകരമായ ഘട്ടത്തിലായിരുന്നു, കാതടപ്പിക്കുന്ന ഒരു സിംഫണി പോലെ മഴത്തുള്ളികൾ കാറിന്റെ മുകൾവശത്തേക്ക് തെറിച്ചു വീണുകൊണ്ടിരുന്നു.
കാറിനുള്ളിൽ, സലോമി ജേക്കബ് സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ചു. വൈപ്പർ ബ്ലേഡുകൾ മഴവെള്ളം കൊണ്ട് നിറം മങ്ങിയ ഗ്ലാസുകളിൽ താളാത്മകമായി അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു.
ജസ്റ്റിൻ ഇപ്പോൾ വീട്ടിലെ അടുക്കളയിൽ ചൂട് കായുന്ന സ്ഥലത്ത് തന്നെയും പ്രതീക്ഷിച്ചുകൊണ്ട് ഇരിപ്പുണ്ടായിരിക്കും എന്നവൾ ഓർത്തു, എന്നാൽ അടുത്ത നിമിഷം തന്നെ കൊടുങ്കാറ്റിന്റെ ഭയാനകമായ അലർച്ചയിൽ ആ ആശ്വാസകരമായ ചിത്രം അവളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോയി.
പൊടുന്നനെ ഒരു കാഴ്ച കണ്ട് അവൾ ഞെട്ടി— ശ്വാസം വിറങ്ങലിപ്പിക്കുന്ന ആ കാഴ്ച!
കാറിൽ, തന്റെ തൊട്ടടുത്ത സീറ്റിൽ ഒരാൾ ഇരിക്കുന്നു! ഒരു മനുഷ്യൻ അവളുടെ അരികിൽ…
അവൾ അക്ഷരാർത്ഥത്തിൽ നടുങ്ങിത്തെറിച്ചു.
വളരെ ഉയരമുള്ള ആളായിരുന്നു അയാൾ, നീളമുള്ള ഒരു കറുത്ത കോട്ട് കൊണ്ട് മുഖം മറച്ചിരുന്നു; ഒരു ഉൾക്കിടിലത്തോടെ സലോമി അയാളുടെ മുഖത്തേക്ക് നോക്കി, ഭയം കാരണം അവളുടെ ചുണ്ടുകൾ വിറച്ചു.
“നിങ്ങൾ ആരാ? പുറത്തിറങ്ങു…” പരിഭ്രാന്തിയോടെ, മൂർച്ചയുള്ള ശബ്ദത്തിൽ അവൾ നിലവിളിച്ചു.
അപരിചിതൻ തന്റെ അക്രമാസക്തവും വന്യവുമായ കണ്ണുകളോടെ അവളെ നോക്കി.
“നിങ്ങൾ ആരാണ്? എങ്ങനെ അകത്തു കയറി?” അവളുടെ ശബ്ദം ഉയർന്നു.
“ഞാൻ ഒരു യാത്രക്കാരൻ,” അപരിചിതൻ മിതമായ ശബ്ദത്തിൽ പറഞ്ഞു. “ഈ റോഡിന്റെ അവസാനം വരെ മാഡം എനിക്ക് ഡ്രോപ്പ് തരണം.”
കാറിൽ ഒരു വിചിത്രവും തണുത്തതുമായ ഗന്ധം നിറഞ്ഞു— നനഞ്ഞ മണ്ണിന്റെ ഗന്ധം, കനത്തതും ഞെരുക്കുന്നതുമായ ഒരു ഗന്ധം.
“എന്താ നിങ്ങളുടെ ഉദ്ദേശം? ഈ അസമയത്ത് എന്നെ ഭയപ്പെടുത്തിയാണോ ലിഫ്റ്റ് ചോദിക്കുന്നത്?” അവൾ ഇടറി. “സത്യം പറ, ആരാണ് നീ? എവിടുന്നാണ് എന്റെ വണ്ടിയിൽ കയറിയത്? എന്തിനാണ് എന്നെ നിർത്താതെ ഫോളോ ചെയ്തത്?”
“എന്റെ പേര് മരണം,” അയാൾ പറഞ്ഞു. ആ ശബ്ദം ഭയാനകമായിരുന്നു— ഉണങ്ങിയ ഇലകൾ ഉരസുന്നത് പോലെ.
“ഞാൻ ഡഫി ഡിലൈറ്റ് ബേക്കറിക്കടുത്തു വെച്ചാണ് ഈ വണ്ടിയിൽ കയറിയത്; പുറകിലെ സീറ്റിൽ ഞാൻ ഉണ്ടായിരുന്നു മാഡം, താങ്കൾ എന്നെ കണ്ടില്ല.” അയാൾ പല്ലിളിച്ചു, പിന്നെ ഒരു ചിരി— ശബ്ദം മാത്രം, സന്തോഷമില്ലാത്തത്, ആ ചിരി ഏതാനും നിമിഷങ്ങൾക്ക് ശേഷം മഴയിൽ ലയിച്ചുപോയി.
“മരണം എന്ന് പേരുള്ളവൻ… അതാണ് ഞാൻ.”
സലോമിക്ക് അയാളെ ഒരു ക്ഷണനേരത്തേക്ക് മാത്രമേ നോക്കാനായുള്ളൂ; അവളുടെ ഹൃദയം വാരിയെല്ലുകളിൽ ഇടിച്ചു, മനസ്സ് മരവിച്ചതുപോലെ അവൾ അയാളുടെ വന്യമായ കണ്ണുകളിലേക്ക് നോക്കി.
ശക്തമായ ഒരു മിന്നൽപ്പിണർ കാറിന്റെ ഉൾഭാഗം പകൽ വെളിച്ചത്തേക്കാൾ പ്രകാശിപ്പിച്ചു. ആ വെളിച്ചത്തിൽ അവൾ വീണ്ടും അയാളെ നോക്കി—
അത്ഭുതം! ഇപ്പോൾ അവിടെ ആരുമില്ല. അവിടം ശൂന്യമായിരുന്നു!
ഇയാൾ എവിടെ പോയി?
അവൾക്ക് ശ്വാസം നിലക്കുന്നതുപോലെ തോന്നി. കണ്ണുകൾ റോഡിലെ വിജനതയിലേക്ക് നയിച്ചു. ശരീരം മുഴുവൻ വിറച്ചു.
ഇതൊക്കെ തന്റെ തോന്നലാണോ?
അവൾ ഒന്നുകൂടി സീറ്റിലേക്ക് നോക്കി— ആ സീറ്റ് അക്ഷരാർത്ഥത്തിൽ ശൂന്യമായിരുന്നു; താൻ മേടിച്ച കേക്കിന്റെ പാക്കറ്റ് അല്ലാതെ അവിടെ വേറെ ഒന്നും ഇല്ലായിരുന്നു. അവളുടെ തൊണ്ടയിൽ ആശ്വാസത്തിന്റെയും ഭയത്തിന്റെയും ഒരു ഞെരുക്കം കലർന്നു—
അവൻ പോയി!
സംശയം തീരാതെ അവൾ വീണ്ടും പിറകിലേക്ക് തിരിഞ്ഞു; സീറ്റിനടിയിലും എവിടെയും അവൻ ഉണ്ടായിരുന്നില്ല, എന്നിരുന്നാലും കൈകൾ എന്തിനെന്നറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
ഒട്ടും അമാന്തിക്കാതെ അവൾ ആക്സിലറേറ്ററിൽ കാൽ ഞെരിച്ചു; വിജനമായ റോഡിലൂടെ 80, 100 കിലോമീറ്റർ വേഗതയിൽ കാർ പാഞ്ഞു. വളവുകളും തിരിവുകളും അനായാസമായി അവൾ സ്റ്റിയറിങ് വീലിലൂടെ നേരിട്ടു.
ജസ്റ്റിനെ ഒന്ന് ഫോൺ വിളിക്കണം എന്നുണ്ടായിരുന്നു—അദ്ദേഹം ഇപ്പോൾ എന്ത് ചെയ്യുന്നുണ്ടാവും, തന്റെ വരവും കാത്ത് അക്ഷമയോടെ കാത്തിരിക്കുന്നുണ്ടാവില്ലേ? പക്ഷേ കാർ സ്ലോ ചെയ്യാനുള്ള മാനസികാവസ്ഥ അവൾക്ക് ഉണ്ടായിരുന്നില്ല; എത്രയും പെട്ടെന്ന് വീട് എത്തണം, അതു മാത്രമായിരുന്നു അപ്പോൾ അവളുടെ ചിന്ത.
ഓസ്ബോൺ റോഡിന്റെ പരിചിതമായ വളവിലേക്ക് അവൾ തിരിഞ്ഞപ്പോൾ, കാറിന്റെ ഹെഡ്ലൈറ്റുകൾ മുന്നിലുള്ള റോഡിന് കുറുകെ തെറിച്ചു; റോഡിൽ അപ്രതീക്ഷിതമായി എന്തോ കണ്ടയുടനെ യാന്ത്രികമായി അവളുടെ കാൽ ബ്രേക്കിൽ അമർന്നു. വീണ്ടും ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച—
ഒരു മോട്ടോർസൈക്കിളിൽ ചാരി റോഡിന്റെ നടുവിൽ അവൻ അവളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു!
ഇവൻ എപ്പോഴാണ് രണ്ടാമതും ഓവർടേക്ക് ചെയ്തുപോയത്? കണ്ടില്ലല്ലോ?
കറുത്ത വസ്ത്രം ധരിച്ച ആ മനുഷ്യൻ അവളെ കാത്തിരിക്കുന്നതു പോലെ അവിടെത്തന്നെ നിന്നു; തെരുവിന്റെ മധ്യഭാഗത്ത് പൂർണ്ണമായും നിശ്ചലനായ ആ നിൽപ്പ് നോക്കി അവൾ വിറച്ചു—
പേമാരി അവനെ തൊടാതെ അവന്റെ രൂപത്തിന് ചുറ്റും വളയുകയാണോ?
അവൻ തിരിഞ്ഞ് അവളുടെ നേരെ വിരൽ ചൂണ്ടി, പല്ലിളിച്ചുകൊണ്ട് ഒരു വികൃതരൂപത്തോടെ അവളെ നോക്കി. സലോമി നിലവിളിച്ചു, അവളുടെ ശബ്ദം അസഹ്യമായിരുന്നു.
പൊടുന്നനെ എവിടുന്നോ സംഭരിച്ച ധൈര്യം കൊണ്ട്, പെട്ടെന്ന് ഗിയർ മാറ്റി അവൾ ആക്സിലറേറ്ററിൽ കാൽ ഞെരിച്ചു; അതിവേഗതയോടെ മുന്നോട്ട് ചലിച്ച കാർ, ബൈക്കിനെ തട്ടിത്തെറിപ്പിച്ച് മുന്നോട്ട് ഓടിച്ചുപോയി.
അവൾ റിയർവ്യൂ മിററിലൂടെ ഒന്ന് പാളിനോക്കിയപ്പോൾ, കുറച്ചകലെ, വീണിടത്ത് നിന്ന് തിടുക്കപ്പെട്ട് എഴുന്നേറ്റ് അയാൾ ബൈക്കിലേക്ക് കയറി ധൃതിയിൽ സ്റ്റാർട്ട് ചെയ്യുന്നത് അവൾ കണ്ടു.
അവൾ കാറിന്റെ വേഗത ഒട്ടും കുറച്ചില്ല; ആക്സിലറേറ്ററിൽ നിന്ന് കാൽ എടുക്കാതെ മുന്നിലെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് അവൾ സ്പീഡിൽ മുന്നോട്ട് കുതിച്ചു.
ദൂരെ നിന്നുള്ള ബൈക്കിന്റെ ഹെഡ് ലൈറ്റ് അവളുടെ റിയർവ്യൂ മിററിൽ പതിച്ചു, എന്നാൽ ഇത്തവണ ഒട്ടും പതറാതെ അവളുടെ കാർ മുന്നോട്ടു നീങ്ങി; മുന്നിലെ വളവുകളും തിരിവുകളും വകവെക്കാതെ അനായാസം അവൾ കാറോടിച്ചു, പിറകേ തന്നെ ഹെഡ് ലൈറ്റിട്ട് ബൈക്കും.
ഒരു വളവ് കഴിഞ്ഞ് ഇറക്കത്തിലൂടെ അവൾ വീണ്ടും വേഗത സംഭരിച്ചുകൊണ്ട് നീങ്ങുകയായിരുന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടായത്. മുന്നിലൂടെ കയറ്റം കയറി വരുന്ന മറ്റൊരു കാറിന് സൈഡ് കൊടുക്കാൻ തുനിയവേ അവളുടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി അവൾ അറിഞ്ഞു.
ഒടുവിൽ—
രണ്ട് കാറുകളും വല്ലാത്തൊരു ശബ്ദത്തോടെ കൂട്ടിയിടിച്ചു, ഗ്ലാസ് പൊട്ടുന്നതിന്റെ ശബ്ദം നിശബ്ദതയിൽ ഭയാനകമായി മുഴങ്ങി; ടാർ റോഡിൽ കുപ്പിച്ചില്ലുകൾ ചിതറി വീണു. അവളുടെ തല സ്റ്റിയറിങ് വീലിലേക്ക് അമർന്നു. അവൾ തളർന്നു. എഴുന്നേൽക്കാനാവാതെ കിടന്നു. കാറ്റിന്റെ മുരൾച്ച അല്ലാതെ മറ്റൊന്നും അവൾ കേട്ടില്ല; കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് ആരോ വിൻഡോ ഗ്ലാസിലേക്ക് തുടരെത്തുടരെ അടിക്കുന്ന ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു.
“ക്ഷമിക്കണം മാഡം…” പരിഭ്രാന്തി നിറഞ്ഞ ഒരു ശബ്ദം വിളിച്ചുപറഞ്ഞു— ഡോക്ടർ വില്യംസ് ആയിരുന്നു അത്. അപകടം സംഭവിച്ചയുടൻ അവളുടെ അടുത്തേക്ക് ഓടിവന്നതായിരുന്നു അയാൾ; അയാളുടെ ആശങ്ക നിറഞ്ഞ മുഖം വിൻഡോ ഗ്ലാസിലൂടെ അവൾ കണ്ടു.
“നിങ്ങൾക്ക് ഞാൻ പറയുന്നത് കേൾക്കാമോ? ഗ്ലാസ് താഴ്ത്ത്…” സലോമി ഗ്ലാസ് താഴ്ത്തി അയാളെ നോക്കി.
“സോറി, എന്റെ തെറ്റാണ്,” അവളുടെ ശബ്ദം വിറച്ചു, ദുർബലവും വിറയ്ക്കുന്നതുമായ ഒരു പുഞ്ചിരിയോടെ അവൾ വില്യംസിനോട് മന്ത്രിച്ചു. “റിയലി സോറി സർ, എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; അതാ… എന്റെ കാറിൽ ആരോ ഉണ്ടായിരുന്നു.”
വില്യംസിന്റെ കണ്ണുകൾ ദയയും ആശങ്കയും നിറഞ്ഞതായിരുന്നു; അയാൾ അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു, പ്രൊഫഷണൽ അകൽച്ച പാലിച്ചുകൊണ്ട് അയാൾ ഔപചാരികത തുടർന്നു— ഇപ്പോൾ സ്വകാര്യതയ്ക്ക് ഇടമല്ല.
“നെറ്റിയിലൂടെ ചോര ഒഴുകുന്നുണ്ടല്ലോ…” അയാൾ പറഞ്ഞു. “വരൂ, ഞാൻ നിങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാം.”
“വേണ്ട സർ, താങ്ക്സ്,” അവൾ പറഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കി; അവൾ ഭയപ്പെട്ടത് എന്തിനെയോ, ആ രൂപം അവിടെ ഉണ്ടായിരുന്നില്ല. “എന്റെ വീട് അവിടെയാണ്,” മഴയുടെ പാളികൾക്കിടയിലൂടെ കഷ്ടിച്ച് കാണാവുന്ന ഒരു ഗേറ്റിലേക്ക് അവൾ വിറയ്ക്കുന്ന വിരൽ ചൂണ്ടി.
“നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആരെങ്കിലും വീട്ടിലുണ്ടോ? ചോര നല്ലതുപോലെ ഒഴുകുന്നുണ്ട്, ഒരു ഫസ്റ്റ് എയ്ഡ് എങ്കിലും ചെയ്യണം; ഞാൻ ഒരു ഡോക്ടറാണ്, വിരോധം ഇല്ലെങ്കിൽ ഞാൻ കൂടി വീട്ടിലേക്ക് വരാം,” വില്യംസ് പറഞ്ഞു.
“വന്നോളൂ; എന്റെ ഭർത്താവ് വീട്ടിലുണ്ട്, ഞാൻ സേഫ് ആണ്; ദയവായി എന്റെ കാർ പരിശോധിക്കാമോ? അവിടെ ആരോ ഉണ്ട്,” അവൾ വിറച്ചുകൊണ്ട് പറഞ്ഞു.
“ശരി, ഞാൻ നോക്കാം,” അയാൾ തലയാട്ടി. അയാൾ അവളെ റോഡരികിലെ മൈൽകുറ്റിയിൽ ഇരിക്കാൻ സഹായിച്ചു; സിരകളിലേക്ക് കുത്തി നോവിപ്പിക്കുന്ന തണുപ്പ് അയാളെ ബാധിച്ചില്ല. ഒരു ഞൊടിയിടയിൽ അയാൾ ഓടി അവളുടെ കാറിനരികിലെത്തി, ആ ചുറ്റുവട്ടം മുഴുവൻ ആപാതചൂഢം നിരീക്ഷിച്ചു; എന്നാൽ സംശയാസ്പദമായ ഒന്നും തന്നെ അയാൾ കണ്ടില്ല. എന്തോ ഓർത്തുകൊണ്ട് അയാൾ സലോമിയുടെ കാറിന്റെ ഡോർ വലിച്ചുതുറന്നു, സീറ്റിലേക്ക് സൂക്ഷിച്ചു നോക്കി; കീശയിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് സീറ്റിനടിയിലും വിശദമായി പരിശോധിച്ചു, പക്ഷേ ഒന്നും കണ്ടില്ല. അവിടെയെങ്ങും ആരും ഇല്ലായിരുന്നു.
“അവിടെ ആരുമില്ല,” അയാൾ സൗമ്യമായി പറഞ്ഞു.
“പക്ഷേ… അവിടെ… ഞാൻ കണ്ടതാണ്… ബൈക്കിൽ എന്നെ ഫോളോ ചെയ്തുകൊണ്ടിരുന്നു…” സലോമി പറഞ്ഞു.
“നിങ്ങൾക്ക് തോന്നിയതാവും; ഇവിടെ ഇപ്പോൾ നമ്മൾ മാത്രമേ ഉള്ളൂ,” വില്യംസ് ആശ്വാസരൂപേണ പറഞ്ഞു.
“അല്ല സത്യമായും ഞാൻ കണ്ടതാണ്; എന്റെ ഒപ്പം സീറ്റിലും ഇരുന്നിരുന്നു… മരണം എന്നാണ് പേര് പറഞ്ഞത്.”
“മരണമോ?” വില്യംസ് സംശയത്തോടെ ചോദിച്ചു, അയാൾ നെറ്റി ചുളിച്ചു.
“ഉവ്വ്; അയാളെ കാണുമ്പോൾ തന്നെ പേടിയാവും, ഒരു വല്ലാത്ത രൂപം…”
“പേടിക്കണ്ട; ഇവിടെ ഇപ്പോൾ ഞാനുണ്ടല്ലോ…” അയാൾ ചിരിച്ചു. “അയാളുടെ കാര്യം ഞാൻ നോക്കിക്കോളാം; ഇനി നിങ്ങളെ ആരും ഉപദ്രവിക്കില്ല.” അയാൾ അവളെ എഴുന്നേൽപ്പിക്കാൻ സഹായിച്ചു, അവൾ ചൂണ്ടിക്കാണിച്ച ഗേറ്റിലേക്ക് അവളെ താങ്ങിപ്പിടിച്ചുകൊണ്ട് അയാൾ നടന്നു; ഒരു ഫർലോങ്ങ് ദൂരം നടന്നപ്പോൾ അവർ ആ വീടിനടുത്തെത്തി.
ആ വീട് കണ്ടതും ഒരു വിചിത്രമായ ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ ഉണർന്നു—
ഈ സ്ഥലം… ഈ സ്ഥലം എനിക്ക് നല്ല പരിചയം ഉണ്ടല്ലോ… ഈ വീട്… ഇതും… ഇതും ഞാൻ എവിടെയാ കണ്ടിട്ടുണ്ട്… ഞാൻ എപ്പോഴോ ഇങ്ങോട്ട് വന്നതുപോലെ…
സലോമി തന്റെ വീടിന്റെ മുൻവാതിൽ തള്ളി ലൈറ്റിന്റെ സ്വിച്ചിട്ടു, പക്ഷേ കറന്റില്ല— കൊടുങ്കാറ്റിൽ വൈദ്യുതി ബന്ധം നിലച്ചുപോയിരുന്നു.
വില്യംസ് തന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗററ്റ് ലൈറ്റർ എടുത്ത് അവൾക്ക് നേരെ നീട്ടി; അവൾ അത് വാങ്ങി കത്തിച്ചു. ടീപ്പോയിലെ കാൻഡിൽ സ്റ്റാൻഡ് വെച്ചിരുന്ന സ്ഥലം അവൾക്ക് സുപരിചിതമായിരുന്നു. മെഴുകുതിരി വെളിച്ചത്തിന്റെ ചെറിയ വൃത്തം ഇരുട്ടിനെ പിന്നോട്ട് തള്ളി, ചുവരുകളിൽ നീണ്ട രണ്ട് നിഴലുകൾ തെളിഞ്ഞുവന്നു.
അപ്പോഴാണ് അവർ മനസ്സിനെ നടുക്കുന്ന ഒരു കാഴ്ച കണ്ടത്—
സ്റ്റെയർകേസിന് താഴെ ഒരാൾ വീണു കിടക്കുകയാണ്, ജസ്റ്റിൻ!
അത് ജസ്റ്റിൻ ആയിരുന്നു!
അടുത്തുള്ള ഒഴിഞ്ഞ വോഡ്ക കുപ്പിയിൽ നിന്ന് മിന്നുന്ന വെളിച്ചം തിളങ്ങി; വില്യംസ് ആ ശരീരത്തിന് നേർക്ക് കുനിഞ്ഞു, അയാളുടെ ശ്വാസം പരിശോധിച്ചു—
ആ ശ്വാസം നിലച്ചിരുന്നു!
“ഐ ആം സോറി, മേഡം; ഹീ ഈസ് ഡെഡ്,” വിഷാദം നിറഞ്ഞ മുഖത്തോടെ വില്യംസ് പറഞ്ഞു.
“നോ…” സലോമി ദിഗന്ധം പൊട്ടുമാറ് ഉറക്കെ നിലവിളിച്ചു, അവളുടെ ഉച്ചത്തിലുള്ള ശബ്ദം ഇരുട്ടിൽ പ്രതിധ്വനിച്ചു. “നോ… ഇറ്റ് കാണ്ട് ബീ…”
ജസ്റ്റിന്റെ കണ്ണുകൾ തുറന്നിരുന്നു, സീലിംഗിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു; എന്തോ കണ്ട് ഭയപ്പെട്ടതുപോലെ തോന്നിപ്പിക്കുന്ന അയാളുടെ ചേതനയറ്റ ശരീരം.
പെട്ടെന്ന് മറ്റൊരു കാഴ്ച അവൾ കണ്ടു—
സ്റ്റെയർ കേസിലൂടെ മുകളിലേക്ക് ഒരാൾ ഓടുകയാണ്! നല്ല ഉയരമുള്ള, ഇരുണ്ട രൂപം; നനഞ്ഞ കാൽപ്പാടുകൾ പടികളിൽ അവശേഷിപ്പിച്ചുകൊണ്ട് അവൻ ടെറസിലേക്ക് ഓടിപ്പോകുന്നു, അവന്റെ ഓട്ടത്തിന്റെ ശബ്ദത്തോടൊപ്പം ഒരു കനത്ത ശ്വാസവും അവൾ കേട്ടു— മുകളിലത്തെ നിലയിലെ ഇടനാഴിയുടെ ആഴമേറിയ ഇരുട്ടിലേക്ക് അത് അപ്രത്യക്ഷമാകുന്നതുവരെ.
“അവൻ അവിടെയുണ്ട്!” അവളുടെ വിറയ്ക്കുന്ന കൈകൾ മുകളിലേക്ക് ചൂണ്ടി നിലവിളിച്ചു. “അവൻ ഓടി രക്ഷപ്പെടുകയാണ്!”
ഡോക്ടർ വില്യംസ് അവളുടെ നോട്ടത്തെ പിന്തുടർന്നു. പക്ഷേ ശൂന്യവും ഇരുണ്ടതുമായ ഒരു ലാൻഡിംഗ് ഏരിയ മാത്രമേ അയാൾ കണ്ടുള്ളൂ.
വില്യംസിന്റെ കണ്ണുകൾ അയാളെ പിന്തുടരാൻ ശ്രമിച്ചപ്പോഴേക്കും സലോമി ബോധംകെട്ട് വീണു; ഡോക്ടർ വില്യംസ് മുന്നോട്ട് കുതിച്ചു, കൃത്യസമയത്ത് അവളെ പിടിച്ചു.
അവളുടെ ശരീരം അയാളുടെ നീട്ടിയ കൈകളിലേക്ക് തളർന്നുവീണു. അയാൾ ബോധരഹിതയായ അവളെ പിടിച്ചുകൊണ്ട് സോഫയിൽ കിടത്തി;
എന്തൊക്കെയോ സംശയങ്ങൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി, വിട്ടുമാറാത്ത സംശയത്തോടെ സ്റ്റെയർ കേസിന് മുകളിലേക്ക് വീണ്ടും ദൃഷ്ടി പായിച്ചു.
എന്നാൽ അവിടെ ശൂന്യത അല്ലാതെ മറ്റൊന്നിന്റെയും അടയാളമില്ലായിരുന്നു!
(തുടരും)
————————————–
THE REAL THRILL BEGINS…
