ഈ ജീവിതം പുതുപാഠപുസ്തകം

സദാ നിങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥന ആത്മാർഥമാണെങ്കിൽ അവിടെ പുതിയൊരു വികാരം പിറക്കുന്നു. പുതിയൊരു അർത്ഥമുണ്ടാകുന്നു. അത് നിങ്ങൾക്ക് പുതിയൊരു ശക്തി പകരുന്നു. പ്രാർത്ഥന ഒരു വിദ്യാഭ്യാസമാണെന്ന് നിങ്ങൾ അറിയുന്നു.

— ദസ്തയേവ്സ്കി

ചില ജീവിതങ്ങൾ നമുക്ക് മുന്നിൽ തുറന്നുവെക്കുന്ന പുസ്തകങ്ങളാണ്. ഓരോ ഏടിലും കണ്ണീരിന്റെ നനവുണ്ടാകും. ചിലതിൽ വേദനയുടെ ആഴക്കടലും. എന്നാൽ ആ ഏടുകളെല്ലാം മറിച്ചുനോക്കിക്കഴിയുമ്പോൾ അവിടെ തോൽവിയുടെ ഇരുട്ടല്ല, പ്രതീക്ഷയുടെ വെളിച്ചമായിരിക്കും നമ്മെ വരവേൽക്കുക. ജീവിതം എത്ര വലിയ പ്രതിസന്ധികൾക്കു മുന്നിലും തോറ്റുകൊടുക്കേണ്ട ഒന്നല്ലെന്ന് സ്വന്തം ജീവിതംകൊണ്ട് എഴുതിക്കാണിക്കുന്ന മനുഷ്യരുണ്ട്. അത്തരമൊരു അതിജീവനത്തിന്റെ പേരാണ് പയ്യോളിക്കടുത്ത് കീഴൂരിലെ തുറശ്ശേരിക്കടവിനരികെയുള്ള കാട്ടുകണ്ടി കുഞ്ഞബ്ദുള്ള.

ഒരുകാലത്ത് നാട്ടുവഴികളിലൂടെയും നഗരത്തിരക്കുകളിലൂടെയും കാറ്റുപോലെ ഒഴുകിനടന്ന മനുഷ്യൻ. തൊടിയിലെ പച്ചപ്പിന് ഉച്ചവെയിലിൽ തളർച്ചയുണ്ടാകാതിരിക്കാൻ വെള്ളമൊഴിച്ചും മണ്ണിൽ തലനീട്ടുന്ന ഓരോ പുതുനാമ്പിനെയും പൂവിനെയും സ്നേഹത്തോടെ തലോടിയും പ്രകൃതിയുടെ ചെറുചലനങ്ങളിൽപോലും സന്തോഷം കണ്ടെത്തിയ ചെറുപ്പക്കാരൻ. ജീവിതം നിറയെ സ്വപ്നങ്ങളും യാത്രകളും സൗഹൃദങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ ഒരു ദിനം വിധി മറ്റൊരു വഴിയിലേക്ക് ജീവിതത്തെ തിരിച്ചുവിട്ടു. ചലനാത്മകമായിരുന്ന ശരീരം നിശ്ചലമായി. സ്വാതന്ത്ര്യത്തോടെ നടന്ന കാലുകൾ ഓർമകളായി. വീട്ടകത്തെ മരക്കട്ടിലിൽ ചോദ്യചിഹ്നംപോലെ ചുരുണ്ടുകൂടിയ ജീവിതം. വേദനാസംഹാരികളുടെ രാപ്പകലുകൾ. സന്ദർശകരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞുനിന്നത് സഹതാപം മാത്രം.

എന്നാൽ വീൽചെയറിലിരുന്ന് ശൂന്യതയിലേക്ക് നോക്കുമ്പോഴും ആ മനുഷ്യൻ ഉള്ളിൽ ഒരു പുതിയ ലോകം പണിയുകയായിരുന്നു. പ്രാർഥനയിലൂടെ അതിജീവനത്തിന്റെ പുതിയ പാത കണ്ടെത്താനുള്ള പരിശീലനത്തിലായിരുന്നു അയാൾ.

ഒരു മരം വീണപ്പോൾ തകർന്നത് ശരീരമായിരുന്നു; മനസ്സായിരുന്നില്ല.

1993 മെയ് 21, വെള്ളിയാഴ്ച. വൈകുന്നേരം അഞ്ചുമണി. കുഞ്ഞബ്ദുള്ള എന്ന കൊപ്രവ്യാപാരിയുടെ ചലനാത്മകമായ ജീവിതത്തെ പിടിച്ചുകെട്ടിയ കറുത്ത ദിനം. കോഴിക്കോട്ടെ കാട്ടുകണ്ടി ട്രേഡേഴ്സിൽനിന്ന് കീഴൂരിലെ വീട്ടിലേക്ക് ജീപ്പിൽ മടങ്ങുകയായിരുന്നു അദ്ദേഹം. കാറ്റും മഴയും മത്സരിച്ച ആ ദിവസം പുതിയങ്ങാടിക്കടുത്തുവെച്ച് റോഡരികിലെ കൂറ്റൻ മരം ജീപ്പിനുമേൽ മറിഞ്ഞുവീണു. അപ്രതീക്ഷിതമായ ആ ദുരന്തം ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

അന്ന് കുഞ്ഞബ്ദുള്ളയ്ക്ക് പ്രായം വെറും മുപ്പത്തിനാല്. സംസാരിക്കാൻ കഴിയുമെങ്കിലും കഴുത്തിനു താഴെ ശരീരത്തിന്റെ ചലനശേഷി ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥ. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് വെല്ലൂർ സി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാസങ്ങൾ നീണ്ട ആശുപത്രിവാസം. വിട്ടുമാറാത്ത പനി. അസഹ്യമായ വേദന. തളർന്നുപോയ മനസ്സ്. ശരീരത്തേക്കാൾ വലിയ പരീക്ഷണമായിരുന്നു അതിജീവിക്കാനുള്ള മനസ്സിന്റെ പോരാട്ടം.

വെല്ലൂർ സി.എം.സിയിലെ റിഹാബിലിറ്റേഷൻ ചികിത്സയിലൂടെയാണ് പതിയെ ആശ്വാസത്തിന്റെ വെളിച്ചം കണ്ടുതുടങ്ങിയത്. തന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ വിശദീകരിച്ചുകൊടുത്തു. ഒരിക്കൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ അതേ കാലുകളുമായി വീണ്ടും പടികൾ ചവിട്ടിക്കയറി വീട്ടിൽ നടക്കണമെന്ന് കുഞ്ഞബ്ദുള്ളയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ മോഹം ഡോക്ടറോട് പങ്കുവെച്ചപ്പോൾ ലഭിച്ച മറുപടി പ്രതീക്ഷകളെ തകർക്കുന്നതായിരുന്നു. ഇനി പഴയതുപോലെ നടക്കാനാവില്ല.

ജീവിതത്തിന്റെ മുന്നിൽ രണ്ട് വഴികളുണ്ടെന്ന് ഡോക്ടർ വിശദീകരിച്ചു. നിരാശയെ മാറ്റിനിർത്തി ഫിസിയോതെറാപ്പിയിലൂടെ ശരീരത്തെ സംരക്ഷിച്ച് സ്പൈനൽ കോഡ് ഇൻജുറിയോടൊപ്പം ജീവിക്കാൻ പഠിക്കുക. അല്ലെങ്കിൽ നിരാശയ്ക്കു കീഴടങ്ങി ശരീരത്തിൽ മുറിവുകളും വ്രണങ്ങളും രൂപപ്പെട്ട് മറ്റുള്ളവർക്ക് ഭാരമായി മരണത്തിലേക്ക് നീങ്ങുക.

ആ വാക്കുകൾ കേട്ടപ്പോൾ ഭൂമി മുഴുവൻ കറങ്ങുന്നതുപോലെ തോന്നിയെന്ന് കുഞ്ഞബ്ദുള്ള ഓർക്കുന്നു. നട്ടെല്ലിനേറ്റ ആഘാതം ജീവിതത്തിന്റെ എല്ലാ ചലനങ്ങളെയും തകർത്തിരുന്നു. ശരീരമാകെ കുപ്പിച്ചില്ലുകൾ തറച്ചുകയറുന്നതുപോലെയായിരുന്നു വേദന.

എന്നാൽ ആ നിമിഷത്തിലാണ് കുഞ്ഞബ്ദുള്ള ജീവിതത്തിലെ ഏറ്റവും വലിയൊരു തീരുമാനം എടുത്തത്. ശരീരം തളർന്നുപോയാലും മനസ്സിനെ തളരാൻ അനുവദിക്കില്ല. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർത്ത് ജീവിതം അവസാനിപ്പിക്കുകയല്ല, ശേഷിക്കുന്നതിനെ ചേർത്തുപിടിച്ച് പുതിയൊരു ജീവിതം പടുത്തുയർത്തുകയാണ് വേണ്ടത്.

അവിടെനിന്നാണ് വീൽചെയറിലിരുന്നുകൊണ്ടുള്ള ഒരു പുതിയ യാത്ര ആരംഭിക്കുന്നത്.

ഇന്ന് അറുപത്തിയെട്ടാം വയസ്സിലും കുഞ്ഞബ്ദുള്ളയുടെ ജീവിതം വൈദ്യശാസ്ത്രത്തിനും മനുഷ്യന്റെ മനക്കരുത്തിനും മുന്നിൽ വിസ്മയമായി നിലകൊള്ളുന്നു. കൈകളുടെ ചലനശേഷി തിരിച്ചുപിടിക്കാനും ജീവിതത്തിന്റെ നിത്യപ്രവർത്തനങ്ങളിൽ പങ്കാളിയാകാനും അദ്ദേഹത്തിന് കഴിഞ്ഞത് നിരന്തരമായ പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായാണ്. ശരീരത്തിന്റെ പരിമിതികൾക്കപ്പുറം മനസ്സിന്റെ അനന്തസാധ്യതകൾ എത്ര വലുതാണെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുക്കുന്നു.

ഈ അതിജീവനത്തിന്റെ പിന്നിൽ സ്നേഹംകൊണ്ട് തീർത്ത മനോഹരമായൊരു കുടുംബമുണ്ട്. ഭാര്യ റുഖിയയുടെ കരുതലും സ്നേഹവും താങ്ങും തണലുമായി കൂടെയുണ്ട്. ദുരന്തം ഒരാളുടെ ശരീരത്തെ മാത്രമല്ല, കുടുംബത്തിന്റെ മുഴുവൻ ജീവിതത്തെയും പരീക്ഷിക്കാറുണ്ട്. എന്നാൽ ആ പരീക്ഷണത്തിനു മുന്നിൽ പരസ്പരം കൈവിടാതെ നിന്ന രണ്ടുപേരുടെ ജീവിതം സ്നേഹത്തിന്റെ മഹത്തായൊരു പാഠമാണ്. ആശുപത്രിയിലെ കണ്ണീർക്കഥകളിൽ ഒതുങ്ങുന്നതല്ല അവരുടെ അനുഭവങ്ങൾ. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തെ വീണ്ടും മനോഹരമാക്കാമെന്ന പ്രത്യാശയുടെ പാഠപുസ്തകമാണത്.

ഭിന്നശേഷിക്കാർ സമൂഹത്തിന്റെ സഹതാപം കാത്തുനിൽക്കുന്നവരല്ലെന്ന് കുഞ്ഞബ്ദുള്ള തന്റെ ജീവിതത്തിലൂടെ ഓർമിപ്പിക്കുന്നു. മനുഷ്യരിൽ ഉയരം കുറഞ്ഞവരും കൂടിയവരുമുള്ളതുപോലെ ശാരീരികമായ പരിമിതികളുള്ളവരും ഉണ്ടെന്നേ വ്യത്യാസമുള്ളൂ. അതുകൊണ്ട് അവരുടെ കഴിവുകളെയോ സ്വപ്നങ്ങളെയോ ചെറുതായി കാണേണ്ടതില്ല. മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, വിവാഹം തുടങ്ങി കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളെല്ലാം അദ്ദേഹം ആത്മവിശ്വാസത്തോടെ നിർവഹിച്ചു. ഇതിനകം പതിനാലു തവണ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ലോകത്തിന്റെ പല കോണുകളിലേക്കും യാത്ര ചെയ്തു.

സഹതാപം നിറഞ്ഞ നോട്ടങ്ങളല്ല, തങ്ങളുടെ വാക്കുകൾ കേൾക്കാനും അവകാശങ്ങൾ അംഗീകരിക്കാനും തയ്യാറുള്ള മനസ്സുകളാണ് ഭിന്നശേഷി സമൂഹം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ സ്വന്തം അനുഭവങ്ങളെ വ്യക്തിപരമായ ഓർമകളായി മാത്രം സൂക്ഷിച്ചുവെക്കാൻ കുഞ്ഞബ്ദുള്ള തയ്യാറായില്ല. വിവിധ ഗ്രൂപ്പുകളിലൂടെയും യൂട്യൂബിലൂടെയും ചികിത്സാരംഗത്തെ സാധ്യതകൾ, നിത്യരോഗികൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കുന്നു. അർഹമായ സഹായങ്ങൾ ലഭിക്കാൻ അധികൃതരുടെ ശ്രദ്ധയിൽ വിഷയങ്ങളെത്തിക്കുന്നു. ഫയലുകൾ വൈകുമ്പോൾ ഇടപെടുന്നു. നിരാശരായി മാറിനിൽക്കുന്നവരെ ചേർത്തുപിടിക്കുന്നു.

സ്വന്തം വേദനയെ മറ്റൊരാളുടെ ആശ്വാസമാക്കുക എന്നത് ചെറിയ കാര്യമല്ല. താൻ കടന്നുപോയ ഇരുട്ടിലൂടെ മറ്റൊരാൾക്ക് നടക്കേണ്ടിവരരുതെന്ന ആഗ്രഹമാണ് ഈ പ്രവർത്തനങ്ങളുടെ പിന്നിൽ.

വായനയും എഴുത്തും: അതിജീവനത്തിന്റെ മറ്റൊരു വാതിൽ

കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിൽ വായനയും എഴുത്തും പിന്നീട് വലിയൊരു ലഹരിയായി മാറി. ശരീരത്തിന്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ മനസ്സ് തയ്യാറായില്ല. കൈകളുടെ ചലനപരിമിതികൾക്കിടയിലും പേനയുടെ അടപ്പ് പല്ലുകൊണ്ട് കടിച്ചൂരി എഴുത്തിന്റെ ലോകത്തേക്ക് അദ്ദേഹം കടന്നു. ഏറെ പ്രയാസപ്പെട്ട് നൂറുകണക്കിന് പേജുകൾ എഴുതി. ഇന്ന് മൊബൈൽ ഫോണിന്റെ സഹായത്തോടെ ദിവസവും മൂന്നും നാലും മണിക്കൂർ എഴുത്തിനായി മാറ്റിവെക്കുന്നു.

അദ്ദേഹത്തിന്റെ അനുഭവങ്ങൾ പുസ്തകങ്ങളായി മാറിയപ്പോൾ അത് സ്വന്തം ജീവിതത്തിന്റെ രേഖപ്പെടുത്തൽ മാത്രമായിരുന്നില്ല. സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അനേകം മനുഷ്യർക്കുള്ള പ്രത്യാശയുടെ സന്ദേശം കൂടിയായിരുന്നു.

‘പ്രത്യാശയുടെ അദ്ഭുതഗോപുരം’ എന്ന പുസ്തകത്തിൽ താൻ പിന്നിട്ട വഴികളുടെ അനുഭവങ്ങളും തിരിച്ചറിവുകളും അദ്ദേഹം പങ്കുവെക്കുന്നു. കത്തുകളായിരുന്നു കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലെ മറ്റൊരു വലിയ കരുത്ത്. അക്ഷരങ്ങളിലൂടെ മനുഷ്യരുമായി സംവദിക്കാനും സൗഹൃദങ്ങൾ നിലനിർത്താനും ജീവിതത്തിലെ ഒറ്റപ്പെടലിനെ മറികടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

പ്രശസ്ത കഥാകൃത്ത് എം.പി. ഹാഫിസ് മുഹമ്മദാണ് തന്റെ അനുഭവങ്ങൾ എഴുതിവെക്കാൻ ആദ്യമായി പ്രേരിപ്പിച്ചതെന്ന് കുഞ്ഞബ്ദുള്ള ഓർക്കുന്നു. അടുക്കും ചിട്ടയുമില്ലാതെ എഴുതിക്കൂട്ടിയ ഓർമകളെ മനോഹരമായൊരു പുഴയാക്കി മാറ്റിയത് എൻ.പി. മുഹമ്മദ് സാറാണെന്നും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. മറ്റൊരാളുടെ അനുഭവങ്ങളിൽ സാഹിത്യത്തിന്റെ സാധ്യതകൾ തിരിച്ചറിയുകയും അവയെ വായനക്കാരിലേക്കെത്തിക്കാൻ സഹായിക്കുകയും ചെയ്ത ആ ഇടപെടൽ കുഞ്ഞബ്ദുള്ളയുടെ എഴുത്തുജീവിതത്തിലെ നിർണായക അധ്യായമായി.

എഴുത്ത് അദ്ദേഹത്തിന് വെറുമൊരു വിനോദമല്ല. അത് സ്വയം കണ്ടെത്തലാണ്. മനസ്സിലെ വേദനകളെ അക്ഷരങ്ങളിലേക്ക് പകർത്താനുള്ള വഴിയാണ്. ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതത്തെ പുതിയ അർത്ഥങ്ങളോടെ തിരിച്ചുപിടിക്കാനുള്ള ഉപാധിയാണ്.

മരണത്തിന്റെ കറുത്ത കൈകളിൽനിന്ന് വഴുതിമാറി വീൽചെയറിലെത്തിയ ജീവിതം. അവിടെനിന്ന് ലോകത്തെ നോക്കിക്കാണാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനും മറ്റുള്ളവർക്ക് പ്രത്യാശ പകരാനും പഠിച്ച മനുഷ്യൻ. ഇത്രയേറെ മനക്കരുത്ത് എവിടെനിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് കുഞ്ഞബ്ദുള്ളയുടെ മറുപടി ലളിതമാണ്: പ്രാർഥന.

പ്രാർഥന അദ്ദേഹത്തിന് ദൈവത്തോടുള്ള അപേക്ഷ മാത്രമല്ല. മനസ്സിനെ ക്രമപ്പെടുത്തുന്ന വിദ്യാഭ്യാസമാണ്. തകർന്നുപോകുന്ന നിമിഷങ്ങളിൽ ഉള്ളിൽ പുതിയൊരു വെളിച്ചം തെളിക്കുന്ന അനുഭവമാണ്. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപങ്ങളിൽനിന്ന് സാധ്യതകളിലേക്കുള്ള യാത്രയാണ്.

ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഇരുട്ടിനെ പഴിക്കുന്നതുകൊണ്ട് വെളിച്ചം വരില്ലെന്നും പകരം ഒരു തിരി തെളിക്കുകയാണ് വേണ്ടതെന്നും കുഞ്ഞബ്ദുള്ളയുടെ ജീവിതദർശനം നമ്മെ ഓർമിപ്പിക്കുന്നു.

നടക്കാൻ കഴിയാത്ത ഒരാൾ ലോകം ചുറ്റുന്നു. കൈകളുടെ പരിമിതികൾക്കിടയിലും പുസ്തകങ്ങൾ എഴുതുന്നു. സ്വന്തം വേദനകളിൽനിന്ന് മറ്റുള്ളവർക്ക് ആശ്വാസത്തിന്റെ വഴികൾ കണ്ടെത്തിക്കൊടുക്കുന്നു. സഹതാപത്തിന്റെ നിഴലിൽ കഴിയേണ്ടവരല്ല, ആത്മാഭിമാനത്തോടെ ജീവിക്കേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് സമൂഹത്തോട് പറയുന്നു.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
0 Comments

Recently added