നമ്മുടെ സന്തോഷം കവർന്നെടുക്കുന്നതാരാണ്?

ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ ഒൻപതാം തവണയും ഫിൻലൻഡ് ഒന്നാമതെത്തുമ്പോൾ, വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് കേവലം ഒരു റാങ്ക് പട്ടിക എന്നതിലുപരി ആധുനിക സമൂഹത്തിന്റെ ആഴത്തിലുള്ള മാനസികവും സാമൂഹികവുമായ അപചയങ്ങളിലേക്കുള്ള വിരൽചൂണ്ടലായി മാറുന്നു. 147 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 11മത് സ്ഥാനത്താണ് എന്നത് വികസ്വര രാജ്യങ്ങളിലെ ജീവിത സംതൃപ്തിയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന സാക്ഷരതയും ജീവിതനിലവാരവും അവകാശപ്പെടുമ്പോഴും, ദേശീയ ശരാശരിയെ സ്വാധീനിക്കുന്ന തൊഴിലില്ലായ്മ, സാമൂഹിക അസമത്വം, വർദ്ധിച്ചുവരുന്ന നഗരവൽക്കരണം, സ്ത്രീകളുടെ ഇരട്ട ഉത്തരവാദിത്തം, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ്, മലിനീകരണം, ഗതാഗതക്കുരുക്ക്, ശുദ്ധജല ലഭ്യതയിലുള്ള ബുദ്ധിമുട്ടുകൾ എന്നിവ ഇന്ത്യയുടെ റാങ്കിംഗിനെ പിന്നോട്ടടിക്കുന്നു.
അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോലും ഇന്ത്യ പലപ്പോഴും പിന്നിലാകുന്നത് നമ്മുടെ വികസന നയങ്ങളിൽ മാനസികാരോഗ്യത്തിനും സാമൂഹിക ഐക്യത്തിനും നൽകേണ്ട പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നു.

ഫിൻലൻഡ് ഉൾപ്പെടെയുള്ള സ്‌കാൻഡിനേവിയൻ (നോർവെ, സ്വീഡൻ, ഡെന്മാർക്ക്) രാജ്യങ്ങൾ ഈ പട്ടികയിൽ മുൻപന്തിയിൽ തുടരുന്നതിന്റെ രഹസ്യം അവരുടെ ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങളും വ്യക്തിസ്വാതന്ത്ര്യവുമാണ്. ഗവൺമെന്റിലുള്ള വിശ്വാസം, അഴിമതിയുടെ കുറഞ്ഞ തോത്, മെച്ചപ്പെട്ട ആരോഗ്യവിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയാണ് ഈ രാജ്യങ്ങളെ സന്തുഷ്ടിയുടെ കൊടുമുടിയിൽ എത്തിക്കുന്നത്. ഇതിൽനിന്നും വിഭിന്നമായി, കൗമാരക്കാർക്കിടയിലെ വിഷാദവും ഏകാന്തതയും വർദ്ധിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലും പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
പ്ലാറ്റോ നിരീക്ഷിച്ചതുപോലെ, ‘കുട്ടികളെ അവരുടെ പഠനത്തിലേക്ക് നയിക്കേണ്ടത് ശക്തിപ്രയോഗത്തിലൂടെയോ കർക്കശമായ നിയമങ്ങളിലൂടെയോ അല്ല, അവരുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിലൂടെയാകണം’. എങ്കിൽ മാത്രമേ ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന സവിശേഷമായ പ്രതിഭയെ തിരിച്ചറിയാൻ നമുക്ക് സാധിക്കൂ. എന്നാൽ സമകാലിക ലോകം ഈ ദർശനത്തിന് വിപരീതമായാണ് സഞ്ചരിക്കുന്നത്. ആഗോളതലത്തിൽ സന്തുഷ്ടി കുറയുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് കൗമാരക്കാരിലും യുവാക്കളിലും സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന അമിതമായ സ്വാധീനമാണ്.
അൽഗൊരിതം ഫീഡുകൾ നിർമ്മിച്ചെടുക്കുന്ന കൃത്രിമമായ ജീവിതശൈലികളുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്ന കുട്ടികളിൽ അസന്തുഷ്ടി വർദ്ധിക്കുന്നു. ദിവസം അഞ്ചു മണിക്കൂറിലധികം ഡിജിറ്റൽ ലോകത്ത് ചെലവഴിക്കുന്നവരിലെ ഉറക്കമില്ലായ്മയും ഏകാന്തതയും അപകർഷബോധവും സമൂഹത്തിന്റെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ തകർക്കുന്നു.

ഇന്ത്യൻ സാഹചര്യത്തിലേക്ക് വരുമ്പോൾ ആഗോള കാരണങ്ങൾക്കൊപ്പം തന്നെ സവിശേഷമായ ചില സാമൂഹിക പ്രതിസന്ധികൾ കൂടി ദൃശ്യമാണ്. വികസിത രാജ്യങ്ങളിൽ പ്രായമായവർ കൂടുതൽ സന്തുഷ്ടരായിരിക്കുമ്പോൾ ഇന്ത്യയിൽ വാർദ്ധക്യസഹജമായ ഒറ്റപ്പെടലും സാമ്പത്തിക പരാധീനതയും കുടുംബ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും ജീവിത സംതൃപ്തിയെ പിന്നോട്ടടിക്കുന്നു. ഇതിനുപുറമെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് പ്രവണതകളും ഭരണകൂടം തന്നെ വിദ്വേഷം ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയും ജനങ്ങളിൽ നിരന്തരമായ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ഉണ്ടാകുന്ന ‘മൈനോറിറ്റി സ്‌ട്രെസ്’ സമൂഹത്തിന്റെ ആകെ സന്തുഷ്ടി സൂചികയെ താഴ്ത്തുന്നു.

കേരളത്തിൽ മികച്ച ആരോഗ്യവിദ്യഭ്യാസ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഉയർന്ന ആത്മഹത്യാ നിരക്ക് ആശങ്കാജനകമായി തുടരുന്നത് മറ്റൊരു വൈരുദ്ധ്യമാണ്. വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുമ്പോഴും മാനസികമായ കരുത്ത് കൈവരിക്കാൻ കഴിയാത്തതും തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന നിരാശയുമാണ് യുവാക്കളെ ആത്മഹത്യാ പ്രവണതകളിലേക്ക് നയിക്കുന്നത്. പഠനത്തെ ഒരു ഭാരമായി കാണുന്ന മത്സര കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതിയും ഇതിന് ആക്കം കൂട്ടുന്നു. ഈ പ്രതിസന്ധികൾക്കുള്ള പരിഹാരം ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വ്യവസ്ഥയുടെയും നയപരമായ മാറ്റങ്ങളിലാണ് കിടക്കുന്നത്.
വിദ്വേഷ രാഷ്ട്രീയം വെടിഞ്ഞ് പൗരന്മാർക്ക് സുരക്ഷിതത്വവും തുല്യതയും ഉറപ്പാക്കുന്ന ഒരു ‘രക്ഷിതാവിന്റെ’ പങ്ക് ഭരണകൂടം ഏറ്റെടുക്കണം. വിദ്യാഭ്യാസത്തിൽ പരീക്ഷാഭാരത്തിന് പകരം സഹാനുഭൂതിയും ഇമോഷണൽ ഇന്റലിജൻസും ഉൾപ്പെടുത്തണം. തനിക്ക് ചുറ്റും പ്രചരിപ്പിക്കപ്പെടുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെയും വ്യാജ വാർത്തകളെയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി പാഠ്യപദ്ധതിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകണം. സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാനും ഡിജിറ്റൽ വെൽബീയിംഗിന് പ്രാധാന്യം നൽകാനും ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടാകണം. ഫിൻലൻഡ് മാതൃകയിൽ അറിവിനേക്കാൾ ഉപരിയായി ക്രിട്ടിക്കൽ തിങ്കിംഗിനും മാനസിക സന്തോഷത്തിനും മുൻഗണന നൽകുന്ന വിദ്യാഭ്യാസ രീതി നാം സ്വീകരിക്കേണ്ടതുണ്ട്.
ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ മാത്രമേ യഥാർത്ഥ സന്തുഷ്ടി കൈവരിക്കാൻ കഴിയൂ. സാമൂഹിക ഐക്യവും ഭരണകൂടത്തിലുള്ള വിശ്വാസവും തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ സാമ്പത്തിക നേട്ടങ്ങളെ അർത്ഥവത്തായ സന്തോഷമാക്കി മാറ്റാൻ ഒരു ജനതയ്ക്ക് സാധിക്കുകയുള്ളൂ. വെറുപ്പ് വിതച്ച് അധികാരം കൊയ്യുന്നവർക്ക് സന്തുഷ്ടരായ ഒരു ജനതയെ സൃഷ്ടിക്കാനാവില്ല എന്ന തിരിച്ചറിവാണ് വരുംകാലത്ത് നമ്മെ നയിക്കേണ്ടത്.
‘സന്തോഷം പുറത്തുനിന്ന് കണ്ടെത്താനുള്ളതല്ല; അത് നമുക്ക് ഉള്ളിൽ വളർത്തേണ്ട ഒരു ശീലമാണ്’ എന്ന് ദലൈലാമ.

രാജ്യത്തിന്റെ പുരോഗതി അതിന്റെ ജിഡിപിയിലല്ല, പൗരന്മാരുടെ മനസ്സിലുള്ള സമാധാനത്തിലും സുരക്ഷിതത്വത്തിലും ആണ് അളക്കേണ്ടത്. അതിനാൽ വികസനത്തിന്റെ ദിശയെ മനുഷ്യകേന്ദ്രിതമാക്കുകയും വിദ്യാഭ്യാസത്തെ സന്തോഷവും സഹാനുഭൂതിയും വളർത്തുന്ന ഒരു പ്രക്രിയയാക്കി മാറ്റുകയും ചെയ്യേണ്ടത്.

Share this:

Recently added