ജീവിതത്തിന്റെ കൂട്ടിമുട്ടാത്ത രണ്ടറ്റങ്ങൾ :

കഴിഞ്ഞ ദിവസം ഏപ്രിൽ മാസത്തിൽ എന്റെ സ്വകാര്യ പരിശോധനാ മുറിയിലേയ്ക്ക് ഒരു പെൺകുട്ടി കടന്നു വന്നു. കാഴ്ചയിൽ ഒരു മധുരപ്പതിനേഴുകാരിയുടെ ശരീര ഘടന. എന്നാൽ അത്ര മാധുര്യം ആ കുട്ടിയ്ക്ക് അപ്പോൾ ഇല്ലെന്ന് കാണുമ്പോൾ മനസ്സിലാവും. കഴുത്ത് വേദനയും മറ്റും ഉള്ളവർ അണിയുന്ന സെർവിക്കൽ കോളർ ( cervical
collar ) അണിഞ്ഞിട്ടുണ്ട് ആ പെൺകുട്ടി. കണ്ടാൽ ആരും എന്താണ് എന്ന് ചോദിയ്ക്കും.അത് കൊണ്ട് അധികം ആരുടേയും ശ്രദ്ധയിൽ പെടാതെ രാത്രിയിൽ കാണാൻ പറ്റുന്ന ഡോക്ടർ എന്ന നിലയിൽ തലേ ദിവസം തന്നെ ബുക്ക്‌ ചെയ്ത് വന്നിരിയ്ക്കുയാണ്. കഴുത്തിൽ
കോളർ ഇട്ടിട്ടുണ്ടെങ്കിലും കഴുത്ത് വേദന കൊണ്ട് പ്രയാസപ്പെടുന്ന യാതൊരു ഭാവവും മുഖത്തില്ല.. കണ്ണുകളിൽ പ്രായത്തിന്റെ
പ്രത്യേകതയായ ആകാംക്ഷാ ഭാവം നിറഞ്ഞു നിൽക്കുന്നു. കൂടെ കുട്ടിയുടെ അമ്മയും ചേട്ടൻ എന്ന് തോന്നിച്ച ഒരു ആൺകുട്ടിയുമുണ്ട്. ഇരു നിറത്തിൽ പക്വതയും ശാന്തതയും നിറഞ്ഞു നിന്നിരുന്നു ആ അമ്മയുടെ മുഖത്ത്. ജീവിതത്തിന്റെ വേട്ടയാടലുകളുടെ കനം ഉണ്ടെങ്കിലും ചുറുചുറുക്ക് ചോർന്നു പോയിട്ടില്ല ആ അമ്മയ്ക്ക്. ഞാൻ അവരെ നോക്കി ചിരിച്ചു. പെൺകുട്ടി അല്പം വിഷാദ ഭാവത്തിലും അമ്മ പ്രസന്ന ഭാവത്തിലും പുഞ്ചിരിച്ചു. പെൺകുട്ടി രോഗികളെ പരിശോധിയ്ക്കുന്ന സ്റ്റൂളിൽ ഇരുന്നു. എന്തെങ്കിലും അങ്ങോട്ട്‌ ചോദിയ്ക്കുന്നത്തിന് മുൻപ് അമ്മ ഒരു 200 പേജിന്റെ നോട്ട് പുസ്തകം മേശപ്പുറത്ത് വച്ചു. എന്തോ ഒരു ദീർഘകാല
രോഗത്തിനു മരുന്ന് കഴിയ്ക്കുന്ന പെൺകുട്ടിയാണെന്ന് ഞാൻ കരുതി. കാരണം അത്തരക്കാരാണ് നോട്ട് പുസ്തകവും മറ്റുമായി വരുന്നത്. രണ്ട് കാര്യങ്ങൾ കൊണ്ടായിരിയ്ക്കും ഇത്തരക്കാർ സാധാരണ വരുന്നത്. ഒന്ന്, ഡോക്ടർ ഷോപ്പിംഗിന്റെ ഭാഗമായി പുതിയ ഒരു ഡോക്ടറെ
മാറ്റിക്കാണിച്ചാൽ എന്തെങ്കിലും ഗുണം കിട്ടിയാലോ എന്ന പ്രത്യാശ.
പ്രത്യാശ ആണല്ലോ എത്ര ബുദ്ധിമുട്ടുകൾക്ക് നടുവിലും മനുഷ്യരെ മുന്നോട്ട് നയിയ്ക്കുന്ന ഒരു ഘടകം. രണ്ടാമത് പുതിയതായി ഉണ്ടായ ഒരു രോഗത്തിന് ചികത്സ തേടി….

മേശപ്പുറത്ത് വച്ച പുസ്തകം ഞാൻ ഉദാസീനതയോടെ മറിച്ചു നോക്കി. എനിയ്ക്ക് വായിച്ചാൽ മനസ്സിലാവാത്ത ഒരു കടുകട്ടി രോഗത്തിന്റെ പേരാണ് ഞാൻ പ്രതീക്ഷിച്ചത്. ഞാൻ ധർമ്മ സങ്കടത്തിൽ ആവുമോ? രാത്രിയിൽ വൈകി വന്ന ഒരു രോഗിയെ
ഞാൻ വിദഗ്ദ ഡോക്ടർ അല്ല എന്ന് പറഞ്ഞ് തിരിച്ച് അയയ്ക്കേണ്ടി
വരുമോ? പല വിധ ചിന്തകളോടെ ഞാൻ രോഗനിർണ്ണയം ( diagnosis )
വായിച്ചു. ഒരു നിമിഷം എന്റെ മനസ്സിൽ ചെറിയ വേദന തോന്നി. ഞാൻ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് ആ പെൺകുട്ടിയേയും ആ കുട്ടിയുടെ അമ്മയേയും മാറി മാറി നോക്കി. അവർ എന്നെത്തന്നെ ഉറ്റു നോക്കുകയായിരുന്നു.
Attempted suicide – hanging എന്നായിരുന്നു രോഗ നിർണ്ണയം.
അതായത് തൂങ്ങി മരിച്ചുള്ള ആത്മഹത്യയ്ക്കുള്ള വിഫല ശ്രമം. നാല് ദിവസം മുൻപ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയിട്ടേ ഉള്ളൂ. ഒരു ആന്റിബയോട്ടിക്ക് ഗുളിക
കഴിയ്ക്കുന്നുണ്ട്. എന്നിട്ടും ഇടയ്ക്ക് പനി വരുന്നു. അതല്ല പ്രശ്നം. പനി വരുമ്പോൾ കൂടെ ശ്വാസം മുട്ടലും വരുന്നു. പനി ഉടനെ കുറയും. അപ്പോൾ ശ്വാസം മുട്ടലും മാറും. ഞാൻ ആ പെൺകുട്ടിയുടെ
ശ്വസനം പരിശോധിച്ചു . തകരാറില്ല.വേറെ കുഴപ്പങ്ങളും ഇല്ല. ഇപ്പോഴത്തെ മാനസികാവസ്ഥയുടെ ഭാഗമായാണ് ആ ശ്വാസം മുട്ടൽ ഉണ്ടാകുന്നതെന്നു പറഞ്ഞപ്പോൾ യാതൊരു വൈമനസ്യവും കൂടാതെ അവർ അംഗീകരിച്ചു. ഞാൻ പെൺകുട്ടിയെ ഒന്ന് നിരീക്ഷിച്ചു. മെലിഞ്ഞു കൊലുന്നനേയുള്ള ശരീരം. പതിനേഴല്ല,
ശരിയ്ക്ക് ഇരുപത് വയസ്സുണ്ട്. അടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ആൾ ആണെന്ന് തോന്നുകയേയില്ല. ഇനിയും ജീവിയ്ക്കാനുള്ള ആഗ്രഹം വ്യക്തം. അമ്മയാണ് പറഞ്ഞ് തുടങ്ങിയത്. വിഷു ദിവസം. ബങ്കളൂരുവിൽ ജോലിയുള്ള കുട്ടി വിഷു ആഘോഷിയ്ക്കാൻ അവരുടെ വാടക വീട്ടിൽ എത്തിയതാണ്. വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവളെ അതൊന്നും അറിയിയ്ക്കാറില്ല. പെട്ടെന്ന് മുറിയിൽ കയറി വാതിൽ അടച്ചു. ഫാനിൽ കെട്ടിത്തൂങ്ങി. ഉടൻ തന്നെ എല്ലാവരും വാതിൽ ചവിട്ടിപ്പൊളിച്ചു. എന്തെങ്കിലും സംഭവിയ്ക്കുന്നതിന് മുൻപ് എല്ലാവരും ചേർന്ന് താഴെയിറക്കി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ
ഒന്ന് യാത്ര ചെയ്തതാണ്. ഈശ്വരൻ രക്ഷിച്ചു.ആ അമ്മ പറഞ്ഞു. ഈശ്വരവിശ്വാസം ഇല്ലാത്ത ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. എന്നിട്ട് അവളുടെ ഭാവി പ്രവചിച്ചു. ഇവൾക്ക് അറുപത് വയസ്സ് കൂടി ആയുസ്സുണ്ട്. അത് കൊണ്ട് ഇവൾക്ക് അതിന് മുൻപ് മരിയ്ക്കാൻ കഴിയില്ല. പെൺകുട്ടി മനസ്സറിഞ്ഞു ചിരിച്ചു. എന്നിട്ട് നന്ദി പറഞ്ഞു. അതൊന്നും വേണ്ട… ഇനി ഇങ്ങനെ തോന്നുകയാണെങ്കിൽ എന്നെ വിളിച്ചാൽ മതി. നമുക്ക് എത്ര നേരം വേണമെങ്കിലും സംസാരിയ്ക്കാം. കുട്ടി ജീവിയ്‌ക്കണം. അവൾ സന്തോഷപൂർവം തല കുലുക്കി സമ്മതിച്ചു. പാവം കുട്ടി. സർക്കാരിന്റെ 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന ദിശ ഹെല്പ് ലൈനിന്റെ നമ്പറും കൊടുത്തു. പോകുമ്പോൾ ആ കുട്ടി എന്നെ തിരിഞ്ഞു നോക്കി. ശുഭാപ്തി വിശ്വാസം ആ മുഖത്ത് തിളങ്ങി
നിൽക്കുന്നത് പോലെ തോന്നി.

ഇതിന് നേരേ വിപരീത ദിശയിൽ ആയിരുന്നു അടുത്ത രോഗി. അയഞ്ഞ ആധുനിക രീതിയിലുള്ള വസ്ത്രം ധരിച്ച ഒരു മുസ്ലീം പെൺകുട്ടി. മധുര പത്തൊമ്പത്കാരി. കൊഞ്ചലോടെയുള്ള സംസാരം. നിറഞ്ഞ ചിരി. ഉത്സാഹം നിറഞ്ഞ പെരുമാറ്റം. ശിരോ വസ്ത്രം ധരിച്ച വെളുത്ത് ചുവന്ന മുഖത്ത് കവിളുകളിൽ നിറയെ മുഖക്കുരുക്കൾ. ആ മുഖക്കുരുക്കൾ പോലും ആ മുഖത്തിന്റെ തേജസ്സ് കൂട്ടിയതേയുള്ളൂ. കൂടെയുള്ളത് സുമുഖനായ ചെറുപ്പക്കാരൻ. 28 വയസ്സ് പ്രായം. മനോഹരമായി
വെട്ടിയൊരുക്കിയ ചുരുണ്ട് കറുത്ത തലമുടി. താടിയും വെച്ചിട്ടുണ്ട്..
ഒരു സിനിമാ താരത്തിന്റെ ഗരിമ. വിനയം നിറഞ്ഞ ഊർജ്ജസ്വലമായ വാക്കുകൾ. മസ്‌ക്കറ്റിൽ ജോലി ചെയ്യുന്നു. പുത്തനായി നിക്കാഹ് കഴിച്ചതാണെന്ന് അവരുടെ പെരുമാറ്റം കാണുമ്പോൾ തന്നെ മനസ്സിലാവും. പെൺകുട്ടിയ്ക്കാണ് അസുഖം. ശക്തമായ ചുമ. നോക്കിയപ്പോൾ കുറച്ച് കഫക്കെട്ട് കണ്ടു. മരുന്ന് എഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ തന്നെ അവളുടെ ആവശ്യം. ഇരുപത്തിയെട്ടുകാരാനായ ചെറുപ്പക്കാരന്റെ ബ്ലഡ് പ്രെഷർ നോക്കണം. യുവാവ് നിരസിച്ചു. വീട്ടിൽ പ്രഷർ നോക്കുന്ന യന്ത്രം ചിലപ്പോൾ ചെറിയ കൂടുതൽ കാണിയ്ക്കുന്നുണ്ട്. ആ യന്ത്രങ്ങളൊന്നും ശരിയല്ലല്ലോ സാറേ… ആ യുവാവ് പറഞ്ഞു. ഏങ്കിലും മണവാട്ടിയുടെ ആഗ്രഹം അല്ലേ… നമുക്ക് നോക്കിക്കളയാം എന്ന് ഞാൻ പറഞ്ഞു. നോക്കിയപ്പോൾ നോർമൽ BP യാണ്‌. ഇനി നാല്പത് വയസ്സ് വരെ BP നോക്കരുതെന്ന് ഞാൻ തമാശ പോലെ പറഞ്ഞു. ഇപ്പോൾ എങ്ങനെയുണ്ട് എന്ന മട്ടിൽ യുവാവ് അവളെ നോക്കി. അവൻ യാത്രയാവാൻ എഴുന്നേറ്റപ്പോൾ അവൾ യുവാവിന്റെ പുറത്തൊന്നു ശക്തിയായി തട്ടി. യാത്ര പറഞ്ഞു പൊട്ടിച്ചിരിച്ചും ഉച്ചത്തിൽ വർത്തമാനം പറഞ്ഞും കൈകൾ കോർത്ത് പിടിച്ച് അവർ സാവധാനം നടന്നു പോയി.

അപ്പോൾ ആ കവിവാക്യം ഞാൻ ആലോചിയ്ക്കുകയായിരുന്നു.. ` ജീവിതം പോലെ രണ്ടറ്റവും കാണാത്തൊരാവഴിയിങ്കൽ ഞാൻ ഏകനായ് നിന്ന് പോയ്‌ ‘.
ഏതാണ്ട് ഒരേ പ്രായവും ഒരേ ശരീര ഘടനയും ഉള്ള രണ്ട് പെൺകുട്ടികൾ…. ഒരാൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നേർത്ത നൂൽപ്പാലത്തിൽ മല്ലടിയ്ക്കുമ്പോൾ മറ്റെയാൾ പുതു മണവാട്ടിയുടെ
മധുരക്കനവുകളിൽ യാത്ര ചെയ്യുകയായിരുന്നു. എന്തൊരു വൈവിധ്യം ആണ് ജീവിതങ്ങൾക്ക് അല്ലേ… എത്ര മാത്രം വൈരുധ്യം
നീറഞ്ഞതാണ് ജീവിതങ്ങൾ അല്ലേ…

Share this:

Recently added