രംഗഭാഷയുടെ പുതു വഴികൾ

Great theatre challenges how we think and encourages us to fantasize about a world we aspire to”Williem Dafoe

‘കഥാർസിസ് ‘അഥവാ വികാരങ്ങളുടെ വിമലീകരണമാണ് കലയുടെ യഥാർത്ഥ ധർമ്മമെന്ന് ‘Poetics’ എന്ന പുസ്തകത്തിൽ അരിസ്‌റ്റോട്ടിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സോഫോക്ലീസ്ൻ്റെയും
ഈസ്‌കിലസിൻ്റെയുമൊക്കെ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ നമുക്കിത് മനസ്സിലാക്കാവുന്നതാണ്. ധാർമ്മികതയിലൂന്നിയുളള ജീവിതത്തിന് മനുഷ്യനെ പ്രാപ്തനാക്കാൻ ഉതകുന്നവയാണ് പലപ്പോഴും കലാരൂപങ്ങൾ . രംഗഭാഷ ഏറ്റവും സമർത്ഥമായി ഉപയോഗിച്ച കഥാകൃത്തുക്കൾ എല്ലാകാലത്തുമുണ്ട്. ബർണാഡ്ഷായും ഹെൻട്രിക് ഇബ്‌സണും
ജെ.എം സിഞ്ജുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. സതീഷ് കെ സതീഷ് എഡിറ്റ് ചെയ്ത് മേധാ ബുക്സ് പ്രസിദ്ധീകരിച്ച ‘തിയേറ്റർ ടെക്സ്‌റ്റ് ‘എന്ന നാടക പുസ്തകവും ഈ ക്ലാസ്സിക് നാടക പാരമ്പര്യത്തിൻ്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ പുതുവഴികൾ തുറക്കാൻ പര്യാപ്തമായ നിരവധി നാടകങ്ങളെ പരിചയപ്പെടുത്തുന്നു. ‘നാടകം പൂക്കുന്ന കാലം’ എന്ന് ആമുഖത്തിൽ സൂചിപ്പിച്ചത് എത്രമാത്രം ശരിയാണെന്ന് ഓരോ നാടകവും വായനക്കാരനെ ഓർമ്മിപ്പിക്കുന്നു.
കാലത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ഓരോ നാടകവും. ദൃശ്യവും, ശബ്ദവും സംഗീതവും ജീവിത സംഘർഷങ്ങളുമെല്ലാം ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുകയെന്ന വൻ വെല്ലുവിളിയെ അനുഭവസമ്പത്ത്
കൊണ്ടും അസാമാന്യമായ കൈത്തഴക്കം കൊണ്ടും പ്രതിഭാവിലാസം കൊണ്ടും ഇതിലെ ഓരോ നാടകകൃത്തും മറികടക്കുന്നു. അധികാരപരതയും ജാതിക്കോമരങ്ങളും നിറഞ്ഞാടുന്ന സമകാലിക ജീവിതത്തിൻ്റെ വിജയകരമായ പുനരാവിഷ്കരണമാണ് ഇതിലുള്ളത്. നാടകത്തിൻ്റെ തുടക്കം മുതലുള്ള ചരിത്രം പരിശോധിച്ച് ഈ നാടകങ്ങളിലേക്കെത്തുമ്പോൾ അടിമുടി നവീകരിക്കുകയും നിരന്തര പരീക്ഷണങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നവയാണ് പുതുനാടകങ്ങൾ എന്ന് മനസ്സിലാകും.
വിശാലമായ ഒരു ജാലകത്തിലൂടെ ലോകത്തെ നോക്കിക്കാണാൻ ശ്രമിക്കുന്ന ഈ പുസ്തകത്തിലെ ഓരോ നാടകവും സവിശേഷമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഓരോ ദിവസവും നാം നേരിടുന്ന പ്രശ്നങ്ങൾ , സാമൂഹിക തിൻമകൾ, ജാതീയമായ വേർതിരിവുകൾ, ദളിത് പീഡനം, മാനസിക പ്രശ്നങ്ങൾ ഇവയെല്ലാം അവതരിപ്പിക്കുന്നുണ്ട്. പ്രശ്‌ന നാടകങ്ങളുടെ ഗണത്തിൽ വരുന്നവയാണ് ഇതിൽ കൂടുതലും. സാമൂഹിക വിമർശനം ഒരു പ്രധാന അജണ്ടയായി നിലനിർത്തുമ്പോഴും സാർവകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ പല സങ്കേതങ്ങൾ ഉപയോഗിച്ച് ഇതിൽ ചർച്ച ചെയ്യുന്നു. തികച്ചും അപ്രതീക്ഷിതമായ പൊളിച്ചെഴുത്തുകൾ ഈ നാടകങ്ങൾ നടത്തുന്നുണ്ട്.

പെണ്ണുണരുന്ന നാട്ടിൽ ” വെയിലിനെ തോർത്തിയുടുക്കുന്ന പെണ്ണുങ്ങൾ “എന്ന നവീനാ സുബാഷിൻ്റെ ശക്തമായ കവിതയോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. പിന്നീട് വരുന്ന പല നാടകങ്ങളിലും ” കണ്ണീരിന് എന്നെന്നേക്കുമായി ഇറങ്ങിപ്പോകാൻ ചാല് കീറിക്കൊടുത്ത ” സ്ത്രീകളെ കാണാം . കബനി രചിച്ച ‘ ഓഡിഷൻ’ എന്ന ആദ്യ നാടകം തന്നെ സിനിമാ മേഖലയിൽ സജീവമായ കാസ്‌റ്റിംഗ് കൗച്ച് എന്ന നാറിയ ആചാരത്തെ തുറന്ന് കാട്ടുകയാണ്. ഡേവിഡെന്ന സംവിധായകൻ വിരിച്ച വലയിൽ വീണ അശ്വതി എന്ന പെൺകുട്ടി പക്ഷേ അനിതരസാധാരണമായ ധൈര്യത്തോടെ ആ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടുകയും വേട്ടക്കാരൻ്റെയും ഇരയുടെയും റോളിൽ പൊളിച്ചെഴുത്ത് നടത്തുകയും ചെയ്യുന്നു. ദീപ പി.എം,” അഡ്വ: സുധാ ഹരിദ്വാർ എന്നിവർ ചേർന്ന് രചിച്ച ‘ റിപ്പബ്ലിക് ആമിന’ എന്ന നാടകത്തിലെ ചൊല്ല് കല്യാണി എന്ന കഥാപാത്രത്തിന് വിസ്മയകരമായ വളർച്ചയാണുണ്ടാകുന്നത്. കുലസ്ത്രീകളുടെ ഒരു പ്രതീമായ ചൊല്ല് കല്യാണി തൻ്റെ ചിന്തകളെ മാറിയ കാലഘട്ടത്തിനനുസരണമായി പരിഷ്ക്കരിക്കുകയും പഴഞ്ചൊല്ലിനെ
“നാരി നയിച്ചിടം
നാവുകൾ പൂത്തിടം നട്ടെല്ല് നിവർന്നിടം
നേര് വിളഞ്ഞിടം”
എന്ന് പുതുകാലത്തിന് വേണ്ട രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഉപഭോഗ സംസ്ക്കാരം മനസ്സിൽ അടിച്ചേൽപ്പിച്ച നിറം സൗന്ദര്യമാണ് എന്ന് വിശ്വസിക്കുന്ന, സ്ത്രീയെ കച്ചവടച്ചരക്കാക്കി ഉപയോഗിക്കുന്ന, സൗന്ദര്യത്തെ മാത്രം ഉപാസിക്കുന്ന ഒരു സാംസ്‌കാരിക ചിന്തയെ തച്ച് തകർക്കുകയാണ് ‘ചുവപ്പാണെൻ്റെ നിറം’ എന്ന നാടകത്തിലൂടെ രഘു ബാലകൃഷ്ണൻ ചെയ്യുന്നത്. വിശാലമായ ആകാശം എന്ന സ്വപ്നം ആസിഡ് ആക്രമണത്തിലൂടെ നഷ്ടപ്പെട്ടേക്കുമോ എന്ന് ഭയന്നെങ്കിലും ദൃഢനിശ്ചയത്തിലൂടെ ന്യൂ യോർക്ക് ഫാഷൻ വീക്കിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രേഷ്‌മാ ഖുറേശി എന്ന കഥാപാത്രം തൻ്റെ ആഗ്രഹത്തിലേക്ക് പതറാതെ മുന്നോട്ട് പോകാൻ കെൽപ്പുള്ളവളാണ്. ചിറകരിയാൻ ശ്രമിച്ചവർക്ക് മുന്നിൽ ചിറക് വിടർത്തി പറന്നവൾ.
അരങ്ങിലെ അതിശക്തമായ അപനിർമ്മാണത്തിന് (deconstruction ) ഉദാഹരണങ്ങളാണ് ‘ചൂട്ട് ‘എന്ന നാടകവും , ‘എലിപൂച്ചയോട് പറഞ്ഞതും ‘,’ കാക്ക’ യുമെല്ലാം. അഡ്ജസ്റ്റ്മെൻ്റ് എന്നത് മനുഷ്യരുടെ ഇടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലുo വ്യാപകമാണെന്ന് ബോധ്യപ്പെടുത്തുന്നു. ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി കുലശത്രുക്കളായ എലിയും പൂച്ചയും ഒന്നിക്കുന്ന ഇടത്ത് . സമകാലിക രാഷ്ട്രീയ ചിത്രം കാണാം. മിത്തും ഐതിഹ്യവുമെല്ലാo പുതുരീതിയിൽ വ്യാഖ്യാനിക്കുന്ന ഇക്കാലത്ത് ഏറെ കാലിക പ്രസക്തിയുള്ളവയാണ് ഈ മൂന്ന് നാടകങ്ങളും . വർഗ്ഗീയത അതിൻ്റെ പാരമ്യത്തിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളാണ് വിനീഷ് കളത്തറയുടെ ‘സ്‌നേഹമതിലുo ‘ സുരേഷ് ശ്രീസ്ഥയുടെ ‘ ആണി’ യും . അരങ്ങിൽ നിറഞ്ഞാടാൻ പര്യാപ്‌തമായ സംഭാഷണങ്ങൾ ധാരാളമായുള്ള , തീപിടിപ്പിക്കുന്ന വർഗ്ഗീയ ചിന്തകൾ അതിൻ്റെ പാരമ്യത്തിൽ ദൃശ്യമാകുന്ന നാടകങ്ങളാണിവ.
ടെന്നസ്സി വില്യംസിൻ്റെ മെമ്മറി നാടകങ്ങളുടെ ചില സങ്കേതങ്ങളും, ഫാൻ്റസിയും കൃത്യമായ പാകത്തിൽ ചേർത്ത് രചിച്ച ‘ ഒരു ദിവസത്തെ സുൽത്താൻ’ എന്ന നാടകം രസകരമായി അധികാര പ്രമത്തതയുടെ കൊള്ളരുതായ്മകളെ തുറന്ന് കാട്ടുന്നു. ഐറിഷ് നാടകങ്ങളിലെ ഫോക് ടെയിൽ സംയോജനത്തെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ തെയ്യം , തിറ, നാടോടി ഗാനങ്ങൾ ഇവയെല്ലാം സന്നിവേശിപ്പിച്ചിട്ടുണ്ട് പലനാടകങ്ങളിലും.

                         മഹേഷ് ദത്താനി, യൂജിൻ ഐനസ്‌കോ , സാമുവൽ ബെക്കറ്റ്  എന്നിവരുടെ ചിന്താധാരകളെ ഓർമ്മിപ്പിക്കുന്നതാണ' ലിവിംഗ് ഫ്യൂണറൽ' , തീൻ മുറിയിലെ ദുരന്തം'  എന്നീ നാടകങ്ങൾ. 'മഴ' യിലെ നിസ്സഹായരായ അരുണും ഹരിയുമെല്ലാം ജീവിതത്തിൻ്റെ അർത്ഥമില്ലായ്മകളെ ശക്തമായി തുറന്ന് കാട്ടുന്ന  കഥാപാത്രങ്ങളാണ്. നഷ്‌ടങ്ങളെ വകവയ്ക്കാതെ മുന്നേറാൻ ശ്രമിക്കുന്നവർ. ആവർത്തന വിരസതയില്ലാത്ത വിഷയങ്ങൾ, കൃത്യവും ശക്തവുമായ കഥാപാത്രങ്ങൾ ഇതെല്ലാം ഈ നാടകങ്ങളുടെ പ്രത്യേ കതകളാണ്. മയക്കു മരുന്ന് കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന വിപത്തുകൾ,  പുതുതലമുാ ലക്ഷ്വറി ജീവിതത്തിലേക്ക് പായുന്നതിൻ്റെ ദുരന്തങ്ങൾ, ക്ഷമയില്ലായ്മയു൦ സ്പീഡും തകർക്കുന്ന ജീവിതങ്ങൾ ഇതെല്ലാം പ്രമേയമായ നാടകങ്ങളാണ് ' അത് ഈ വീടല്ല , സ്പീഡ് എന്നിവ. ചുറ്റും കാണുന്ന, എന്നാൽ തിരക്കിനിടയിൽ നാം നിസ്സാരമായി അവഗണിക്കുന്ന പല പ്രശ്നങ്ങളും മറ്റ് ജീവിതങ്ങളിൽ എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്  ' കശാപ്പുകാരൻ്റെ മകൾ' എന്ന നാടകം.  പല കഥാപാത്രങ്ങളും കാഴ്ചക്കാരൻ്റെ പ്രതീക്ഷക്കുമപ്പുറത്തേക്ക് വളരുന്നുണ്ട്. ഉദാഹരണമായി ' കള്ളൻ്റെ മോൻ' എന്ന നാടകത്തിലെ കള്ളൻ തന്നെ തൻ്റെ തൊഴിൽ മകന് അപമാനകരമാണെന്ന് മനസ്സിലാക്കുമ്പോൾ പ്രകൃതിയിലേക്ക് മടങ്ങുകയും ആ പ്രകൃതി തന്നെ അതിനുള്ള പരിഹാരം നൽകുകയും ചെയ്യുന്നു. പ്രകൃതിയാണ് ഈശ്വരൻ എന്ന Pantheistic philosophy യുടെ സ്വാധീനം ഈ നാടകത്തിൽ കാണാവുന്നതാണ്. 

               വിപ്ലവത്തിലൂടെയും നക്സലിസത്തിലൂടെയും പ്രതിരോധം തീർക്കുന്നതാണ് 'കുമാർ ബാബുവിനെത്തേടി ' എന്ന നാടകം. പുരോഗതിയുടെ പേരിൽ കാട് വെട്ടി നശിപ്പിക്കുമ്പോൾ, പ്രകൃതിയെ കച്ചവടച്ചരക്കാക്കുമ്പോൾ മൃഗങ്ങൾക്ക് കാട് നഷ്ടപ്പെടുന്നു. ഹിംസ്രമൃഗങ്ങൾക്ക് പോലും കരുണയും സ്നേഹവും വറ്റാത്ത മനസ്സുണ്ടെന്നും അതെല്ലാം കാലഹരണപ്പെട്ട് പോയത് മനുഷ്യനാണെന്നും ഓർമ്മിപ്പിക്കുന്ന നാടകങ്ങളാണ്'  മണ്ണും  മരവും',  'മഞ്ഞയിൽ കറുപ്പ് വരകളും'.  ജൈവവൈവിധ്യത്തിൻ്റെ പ്രാധാന്യവും മറ്റ് ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്ന വിശ്വാസവും ഈ നാടകങ്ങൾ ഊട്ടിയുറപ്പിക്കുന്നുണ്ട്. 
           ഭൂമിയുടെ പച്ചപ്പും മനുഷ്യൻ്റെ ആർദ്രതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ആസുര കാലത്ത് തെളിയുന്ന ചെറുതിരി വെട്ടമാണ് ഇത്തരം പുസ്തകങ്ങൾ.  ചുറ്റുമെന്താണെന്ന് അറിയാനും , ഓർമ്മിപ്പിക്കാനുo , ശ്രദ്ധയോടെ മുന്നേറാനും മനുഷ്യനെ  പ്രാപ്തനാക്കുക എന്ന സാമൂഹിക ദൗത്യം കൂടി ഇരുപത്തിയെട്ട് നാടകങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം നിറവേറ്റുന്നുണ്ട്. മറ്റ് പുസ്തകങ്ങളിൽ നിന്ന്  വ്യത്യസ്തമായി സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കുകയും ചിറക് വിടർത്തി പറക്കാൻ സ്ത്രീക്ക് വേണ്ട പ്രായോഗിക നിർദ്ദേശങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം നാടകാസ്വാദകർക്കും സംവിധായകർക്കും ഒരു മുതൽക്കൂട്ടാണെന്ന് നിസ്‌തർക്കം പറയാം. 
Share this:

Recently added