ഗോവിന്ദൻ മാഷ് മരിച്ച ദിവസം വായനശാലയിലെ എല്ലാ പുസ്തകങ്ങൾക്കും
ഒരേ മണമാണെന്ന് പലരും പറഞ്ഞു.
ഞാൻ മാത്രം അങ്ങനെ പറഞ്ഞില്ല.
ഓരോ പുസ്തകവും ഞാൻ ഓരോന്നായി തുറന്നു മണത്തുനോക്കി.
ചിലതിൽ മഴയുണ്ടായിരുന്നു.
ചിലതിൽ മരുന്നിന്റെ കയ്പ്.
ഒരു പഴയ ചരിത്രപുസ്തകത്തിൽ പുകയിലയുടെ നേർത്ത ഗന്ധം.
ഒരു നോവലിന്റെ താളുകൾക്കിടയിൽ പൊടിഞ്ഞ് കിടന്ന മല്ലിപ്പൂവിന്,
ഇത്രയും വർഷം കഴിഞ്ഞിട്ടും, മരിക്കാൻ മനസ്സായിരുന്നില്ല.
‘മനുഷ്യർ പോകും…
മണം കുറച്ചുകാലം കൂടി താമസിക്കും.’
ഗോവിന്ദൻ മാഷ് പറഞ്ഞ വാക്കുകളല്ല അത്. ജീവിച്ച രീതിയായിരുന്നു.
ആദ്യമായി ആ വായനശാലയുടെ വാതിൽക്കൽ നിന്ന ദിവസം ഇന്നും ഓർമ്മയുണ്ട്.
പാതി തുറന്ന വാതിൽ.
അകത്ത് വെളിച്ചം.
പുറത്ത് മഴ.
ആദ്യമായി കണ്ടത് മാഷിന്റെ മുഖമല്ല.
ജനലിലൂടെ വീണ വെളിച്ചത്തിനുള്ളിൽ നിശ്ചലമായി കിടന്നിരുന്ന രണ്ട് കൈകളാണ്.
മടിയിൽ തുറന്നൊരു പുസ്തകം.
പുസ്തകത്തിനുമേൽ ഒരു ചെറിയ ബ്രഷ്.
കൈപ്പിടിയിൽ പല നിറങ്ങളിലുള്ള നൂലുകൾ ചുറ്റിയിരുന്നു.
ചുവപ്പ്.
മഞ്ഞ.
പച്ച.
നീല.
കാലം ഓരോ നിറത്തെയും ഓരോ വിധം തേച്ചുമിനുക്കിയിരുന്നു.
നിറങ്ങൾ മങ്ങിയിരുന്നില്ല.
അവയ്ക്ക് പ്രായമായിരുന്നു.
ബ്രഷിന്റെ രോമങ്ങൾ പുസ്തകത്തെ തൊടാതെ ഒരു ശ്വാസത്തിന്റെ
അകലത്തിൽ നിൽക്കുകയായിരുന്നു.
അതിന് ചുറ്റും കുറച്ച് പൊടിത്തരികൾ വെളിച്ചത്തിൽ ഒഴുകിനിന്നു.
ആ പൊടി പുസ്തകത്തിൽ നിന്നാണോ വെളിച്ചത്തിൽ നിന്നാണോ
ഉയരുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
മാഷ് അനങ്ങിയില്ല.
ബ്രഷും.പുസ്തകവും.
അനങ്ങിയത് ആ പൊടിത്തരികൾ മാത്രം.
ആ മുറിക്കുള്ളിൽ സമയം താഴെ വീഴാതെ
വായുവിൽ തങ്ങിനിൽക്കുന്നതുപോലെ തോന്നി.
ഞാൻ വാതിൽക്കൽ നിന്നു.
അറിയാതെ ശ്വാസം പതുക്കെയായി.
ആ നിശ്ശബ്ദതയ്ക്ക് ശബ്ദം കേൾക്കാതിരിക്കാനല്ല.
അതിന്റെ ഗന്ധം മുറിയാതിരിക്കാനായിരുന്നു.
അപ്പോഴാണ് ഗോവിന്ദൻ മാഷ് പതുക്കെ തല ഉയർത്തിയത്.
അദ്ദേഹം എന്നെ നോക്കിയില്ല.
ആദ്യം മഴയെ നോക്കി.
പിന്നെ ജനലിനെ.
അതിനുശേഷമാണ് എന്റെ നേരെ കണ്ണ് വന്നത്.
‘മഴ മാറണോ?’
ഒരൊറ്റ വാചകം.
ഞാൻ തലയാട്ടി.
അദ്ദേഹം വീണ്ടും പുസ്തകത്തിലേക്ക് തിരിഞ്ഞു.
ആ വാചകത്തിൽ സ്വാഗതമുണ്ടായിരുന്നില്ല.
അനുവാദമുണ്ടായിരുന്നു.
ഞാൻ അകത്തേക്ക് കയറി.
മുറിയിൽ ആരുമുണ്ടായിരുന്നില്ല.
എന്നിട്ടും അവിടെ ഏകാന്തതയുണ്ടായിരുന്നില്ല.
അലമാരകളിൽ നിറഞ്ഞുനിന്ന പുസ്തകങ്ങൾ
പരസ്പരം സംസാരിച്ചുതീർത്ത് ക്ഷീണിച്ചിരിക്കുന്നതുപോലൊരു നിശ്ശബ്ദത.
ഗോവിന്ദൻ മാഷ് ബ്രഷ് മെല്ലെ ഉയർത്തി.
ആദ്യത്തെ തഴുകൽ.
പൊടി പറന്നില്ല.
വെളിച്ചത്തിലേക്ക് ഒഴുകി.
രണ്ടാമത്തെ തഴുകൽ ഉണ്ടായില്ല.
പൊടിത്തരികൾ താഴെയിറങ്ങുന്നതുവരെ അദ്ദേഹം കാത്തിരുന്നു.
പിന്നെയാണ് ബ്രഷ് വീണ്ടും അനങ്ങിയത്.
ആ ക്ഷമയാണ് ആദ്യം എന്നെ അത്ഭുതപ്പെടുത്തിയത്.
പുസ്തകങ്ങൾക്കും കാത്തിരിപ്പ് വേണമെന്നപോലെ.
ഓരോ പുറംചട്ടയിലും അദ്ദേഹം വിരൽത്തുമ്പുകൾ കൊണ്ട് ആദ്യം സമയം തൊടും.
പിന്നെയാണ് ബ്രഷ് പുസ്തകത്തെ തൊടുക.
അന്നൊന്നും എനിക്കത് മനസ്സിലായില്ല.
വർഷങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്
ഗോവിന്ദൻ മാഷ് പുസ്തകങ്ങളിലെ പൊടി തട്ടിക്കളയുകയായിരുന്നില്ല.
ഓരോ പുസ്തകത്തിന്മേലും അടിഞ്ഞുകിടന്ന ഒരു ജീവിതത്തെ ഉണർത്തുകയായിരുന്നു.
പിന്നീടത് എനിക്കൊരു ശീലമായി.
വൈകുന്നേരങ്ങൾ അറിയാതെ എന്നെ ആ വായനശാലയുടെ വാതിൽക്കൽ കൊണ്ടെത്തിക്കും.
ഗോവിന്ദൻ മാഷ് ഒരിക്കലും എന്നെ കാത്തിരിക്കുന്നതായി തോന്നിയിട്ടില്ല.
എന്നിട്ടും ഞാൻ ചെല്ലുമ്പോഴൊക്കെ എന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുമായിരുന്നു.
ജനലിനടുത്തുള്ള മരക്കസേര.
അതിന്റെ ഒരു കാൽ അല്പം ഇളകിയിരുന്നു.ഞാൻ ഇരിക്കുമ്പോഴെല്ലാം അതൊന്നു ശബ്ദമുണ്ടാക്കും.
ആ ശബ്ദം കേട്ടാൽ മാഷ് തല ഉയർത്തി നോക്കില്ല.
ഞാൻ വന്നെന്ന് അദ്ദേഹത്തിന് അതിനുമുമ്പേ അറിയാമെന്നു തോന്നും.
വായനശാലയിലെ ഓരോ വസ്തുവിനും അതിന്റേതായ സ്ഥാനം ഉണ്ടായിരുന്നു.
മേശപ്പുറത്ത് ഒരു രജിസ്റ്റർ.
അതിനു മുകളിൽ കണ്ണട.
കണ്ണടയുടെ അരികിൽ അടയ്ക്കാതെ വെച്ച ഒരു മഷിക്കുപ്പി.
ബ്രഷ് മാത്രം ഒരിക്കലും മേശപ്പുറത്ത് കിടന്നിരുന്നില്ല.
രണ്ടു പുസ്തകങ്ങൾക്കിടയിലായിരുന്നു അതിന്റെ വിശ്രമം.
അലമാരയിൽ നിന്ന് ഒരു പുസ്തകം എടുക്കുമ്പോൾ ബ്രഷിനെയും കൂടെ എടുത്തുവരും.
തിരികെ വയ്ക്കുമ്പോഴും അതേപോലെ.
ബ്രഷ് പുസ്തകങ്ങൾക്കിടയിലാണ് ഉറങ്ങുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരു ദിവസം ഞാൻ അതൊന്നു കൈയിലെടുത്തു.
ഭാരം തീരെയില്ല.
പക്ഷേ വിരലുകളിൽ ഒരു വിചിത്രമായ ചൂട് ബാക്കിയായി.
എത്ര നേരം പിടിച്ചുനിന്നുവെന്ന് ഓർമ്മയില്ല.ഗോവിന്ദൻ മാഷ് അതൊന്നും കണ്ടില്ലെന്നു നടിച്ചു.പുസ്തകം അടച്ചശേഷം ബ്രഷ് എന്റെ കൈയിൽനിന്ന് വാങ്ങി പഴയ സ്ഥലത്തുതന്നെ വെച്ചു.
ഒരക്ഷരം പോലും പറഞ്ഞില്ല.
ചില സാധനങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ്
അവയോടുള്ള ഏറ്റവും വലിയ ആദരമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നിരിക്കണം.
വായനശാലയിൽ ആളുകൾ കുറവായിരുന്നു.
വരുന്നവർ വന്ന് പുസ്തകം എടുത്തുപോകും.
ചിലർ തിരികെ കൊണ്ടുവരും.
ചിലർ കൊണ്ടുവരില്ല.
അവരെക്കുറിച്ച് ഗോവിന്ദൻ മാഷ് ഒരിക്കലും പരാതി പറഞ്ഞിട്ടില്ല.
രജിസ്റ്ററിൽ പേരെഴുതുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരേ ഭാവം.
പുസ്തകം മടങ്ങിവരുമെന്ന് ഉറപ്പുള്ള ഒരാളുടെ സമാധാനം.
പല ദിവസങ്ങൾക്കുശേഷം ഒരു പഴയ പുസ്തകം തിരികെയെത്തുമ്പോൾ
അദ്ദേഹം ആദ്യം അതു തുറക്കില്ല. മുഖത്തോടു ചേർത്തുപിടിക്കും. ഒരിക്കൽ ശ്വാസം വലിക്കും.
പിന്നെ മാത്രമേ മേശപ്പുറത്ത് വെക്കൂ. ആദ്യകാലത്ത് അത് കണ്ടാൽ എനിക്ക് ചിരി വരുമായിരുന്നു.
പിന്നീട് ഞാനും പുസ്തകങ്ങൾ മണക്കാൻ തുടങ്ങി.
എപ്പോൾ തുടങ്ങിയെന്നോ എന്തിനാണെന്നോ ഇന്നുവരെ എനിക്കറിയില്ല.
ചില ശീലങ്ങൾ പഠിപ്പിക്കപ്പെടുന്നില്ല. അവ പതിയെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്.
പുസ്തകങ്ങൾ തിരികെ വരുന്ന ദിവസങ്ങൾ ഗോവിന്ദൻ മാഷിന് ചെറിയ ആഘോഷങ്ങളായിരുന്നു. ആഘോഷമെന്ന് പറയാൻ പൂക്കളോ മിഠായിയോ ഒന്നുമുണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ കൈകളുടെ ചലനം മാത്രം അല്പം മാറും. മടക്കിക്കൊണ്ടുവന്ന ഓരോ പുസ്തകവും ആദ്യം മേശപ്പുറത്ത് വെക്കും.
വായിക്കില്ല. രജിസ്റ്ററിൽ എഴുതില്ല. ആദ്യം അതിനെ നോക്കും.
പുറംചട്ടയിലെ പുതിയ ചുളിവുകൾ. മൂലകളിലെ തേയ്മാനം.
താളുകൾക്കിടയിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ ഒരു ഉണങ്ങിയ ഇല.
ചിലപ്പോൾ ഒരു ബസ് ടിക്കറ്റ്. ഒരു വൈദ്യുതി ബിൽ. ഒരു കടലാസിന്റെ കഷണം.
ആരോ പകുതിയിൽ നിർത്തിയ കത്ത്. അവയൊന്നും അദ്ദേഹം ഉടനെ എടുത്തുകളയാറില്ല.
ആ പുസ്തകം എത്ര ദിവസം ആരുടെ കൂടെയായിരുന്നുവോ,
അതിന്റെ ബാക്കി ശ്വാസം കൂടി തീരാൻ കാത്തിരിക്കുന്നതുപോലെ
കുറച്ചുനേരം അങ്ങനെ തന്നെ വെച്ചിരിക്കും.
പിന്നെയാണ് ഓരോന്നായി മാറ്റിവയ്ക്കുക.
ഒരു ദിവസം ഒരു പഴയ കവിതാസമാഹാരത്തിൽ നിന്ന് ഒരു മയിൽപ്പീലി താഴെ വീണു.ഞാൻ കുനിഞ്ഞ് അതെടുക്കാൻ ശ്രമിച്ചു. ഗോവിന്ദൻ മാഷ് കൈ ഉയർത്തി മെല്ലെ വിലക്കി.
ഞാൻ നിശ്ചലനായി.
അദ്ദേഹം തന്നെ അതെടുത്തു. മയിൽപ്പീലി പുസ്തകത്തിനിടയിലേക്ക് തിരികെ വെച്ചില്ല.
മേശപ്പുറത്ത് കുറച്ചുനേരം കിടത്തി.
ജനലിലൂടെ വന്ന കാറ്റിൽ അതൊന്ന് വിറച്ചു.
ആ വിറയൽ അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ആർക്കോ പറയാനുള്ളത് മുഴുവൻ പറഞ്ഞുതീരാൻ കാത്തിരിക്കുന്നതുപോലെ. പിന്നെയാണ് അത് വീണ്ടും അതേ പേജുകൾക്കിടയിലേക്ക് ചേർത്തുവെച്ചത്. ആ നിമിഷം എനിക്ക് തോന്നി ഗോവിന്ദൻ മാഷ് പുസ്തകങ്ങൾ വായിക്കുന്ന മനുഷ്യനല്ല. അവയെ കേൾക്കുന്ന മനുഷ്യനാണ്. വായനശാലയിൽ ചിലർ പുസ്തകം ചോദിച്ചുവരും. ചിലർ പത്രം വായിക്കാൻ. ചിലർ മഴ മാറാൻ. ചിലർ സംസാരിക്കാൻ.
സംസാരിക്കാനെത്തുന്നവർക്കും മാഷ് സമയം കൊടുക്കും. പക്ഷേ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൈകൾ വെറുതെയിരിക്കില്ല. ഒരു പുസ്തകത്തിന്റെ മുതുക് ഒതുക്കും. മറ്റൊന്നിന്റെ പുറംചട്ട നേരെയാക്കും. അലമാരയിൽ നിന്ന് ഒരു പുസ്തകം അരയിഞ്ച് മുന്നോട്ടു വലിച്ചുവെക്കും.
ആ പുസ്തകങ്ങൾക്കും കേൾക്കാനുള്ള അവകാശമുണ്ടെന്നപോലെ.
വൈകുന്നേരത്തെ വെളിച്ചം അലമാരകളിൽ നിന്ന് പതുക്കെ ഇറങ്ങിപ്പോകുമ്പോൾ വായനശാലയുടെ ഗന്ധവും മാറുമായിരുന്നു.
രാവിലെ അത് കടലാസിന്റെ മണമാകും. ഉച്ചയോടെ പൊടിയുടെ. വൈകുന്നേരമാകുമ്പോൾ അന്നേദിവസം അവിടെ വന്നുപോയ മനുഷ്യരുടെ.
ഗോവിന്ദൻ മാഷ് ഒരിക്കൽ പോലും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.
പക്ഷേ ഓരോ സന്ധ്യയിലും അദ്ദേഹം ജനലുകൾ അടയ്ക്കുന്നതിന് മുമ്പ് ഒരിക്കൽ ആഴത്തിൽ ശ്വാസം വലിക്കും.
ആ ദിവസത്തിന്റെ അവസാന വായനക്കാരനെപ്പോലെ.
ചില മനുഷ്യർ ഒരു സ്ഥലത്തേക്ക് വരുന്നതല്ല.
അവർ ആ സ്ഥലത്തിന്റെ ഭാഗമായിത്തീരുന്നതാണ്. ഗോവിന്ദൻ മാഷിനെ ഓർക്കുമ്പോൾ എനിക്ക് ആദ്യം മനസ്സിൽ വരുന്നത് അദ്ദേഹത്തിന്റെ മുഖമല്ല.
ആ വായനശാലയിലെ വെളിച്ചമാണ്.
പൊടിയാണ്.
ആ ബ്രഷാണ്.
പിന്നെ, സരോജിനി.
ആ പേര് ഞാൻ ആദ്യം കണ്ടത് രജിസ്റ്ററിലായിരുന്നു.വായനശാലയിലെ അംഗങ്ങളുടെ പേരുകൾ എഴുതിയിരുന്ന പഴയ കട്ടിയുള്ള രജിസ്റ്റർ.അവിടെ എല്ലാ പേരുകൾക്കും ഒരേ മഷിനിറമായിരുന്നു.
ആ പേര് മാത്രം വേറിട്ടു നിന്നു.
സരോജിനി.
മറ്റു പേരുകളെപ്പോലെ അത് എഴുതിയിരുന്നില്ല.
എഴുതിക്കഴിഞ്ഞിട്ടും കൈ വിട്ടുപോകാൻ മനസ്സില്ലാത്ത ഒരാളുടെ എഴുത്തുപോലെ അവസാന അക്ഷരത്തിൽ മഷി അല്പം കട്ടിപിടിച്ചിരുന്നു.
അന്ന് ആ പേര് എന്നെ കടന്നുപോയി.
പിന്നീട് ദിവസങ്ങൾ കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്ന് പോയില്ല.വായനശാലയിൽ വരുന്ന ഓരോ സ്ത്രീയെയും അറിയാതെ ഞാൻ ആ പേരിനോട് ചേർത്തുനോക്കും.
ആരുമല്ല.
ഒരു ദിവസം രജിസ്റ്റർ മാഷിന്റെ മുന്നിൽ തുറന്നുകിടക്കുകയായിരുന്നു.അദ്ദേഹം പുസ്തകങ്ങൾ അടുക്കുകയായിരുന്നു.
കാറ്റിൽ താളുകൾ തനിയെ മറിഞ്ഞു.
രജിസ്റ്റർ സരോജിനി എന്ന പേരുള്ള പേജിൽ വന്ന് നിശ്ചലമായി.
കാറ്റ് പിന്നെയും ഉണ്ടായിരുന്നു.
പക്ഷേ ആ താൾ മാത്രം അനങ്ങിയില്ല.
ഗോവിന്ദൻ മാഷ് മെല്ലെ നടന്ന് വന്നു.
ഒന്നും പറയാതെ ആ പേജിൽ വിരൽത്തുമ്പ് വെച്ചു.
കുറച്ചുനേരം.
വിരൽ മാറ്റിയപ്പോൾ രജിസ്റ്റർ അടഞ്ഞു.
അത് യാദൃശ്ചികമായിരുന്നോ…
അതോ ഞാൻ അങ്ങനെ വിശ്വസിക്കാൻ ആഗ്രഹിച്ചതോ…
ഇന്നും എനിക്കറിയില്ല.
അതിനുശേഷം പല ദിവസവും ഞാൻ ആ പേര് കണ്ടു. വായിച്ചില്ല.
വായിക്കാതിരിക്കാൻ ശ്രമിച്ചു.
ചില പേരുകൾ ഉച്ചരിച്ചാൽ മുറിയിലെ നിശ്ശബ്ദത പോലും കേൾക്കാൻ തുടങ്ങുമെന്നൊരു തോന്നൽ ഉണ്ടായിരുന്നു.
ഗോവിന്ദൻ മാഷിന്റെ ജീവിതത്തിൽ ഒരു അടഞ്ഞ മുറിയുണ്ടെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കിയത് അപ്പോഴാണ്.
ആ മുറിയുടെ താക്കോൽ ആരുടെയും കൈയിലായിരുന്നില്ല.
മാഷിന്റെയും.
അന്ന് വൈകുന്നേരം പതിവുപോലെ ഗോവിന്ദൻ മാഷ് ബ്രഷ് കൈയിലെടുത്തു.
കുറച്ചുനേരം അതിന്റെ കൈപ്പിടിയിൽ വിരലുകൾ ചേർത്തുപിടിച്ചു.
ആദ്യമായാണ് ബ്രഷ് രണ്ട് പുസ്തകങ്ങൾക്കിടയിൽ വയ്ക്കാതിരുന്നത്.
മേശപ്പുറത്തിരുന്ന കറുത്ത പുറംചട്ടയുള്ള ഒരു പുസ്തകത്തിനുമേൽ അദ്ദേഹം അത് മെല്ലെ കിടത്തി.
ആ പുസ്തകം ഞാൻ മുമ്പ് കണ്ടിട്ടുണ്ട്.
പക്ഷേ ഒരിക്കലും തുറന്നിട്ടില്ല.
അതിന്റെ പുറത്ത് ഒരു പേരുമുണ്ടായിരുന്നില്ല.
നമ്പരുമില്ല.
ഗോവിന്ദൻ മാഷ് എന്നെ നോക്കി.
മുഖത്ത് പതിവുപോലെയുള്ള ചെറിയ ചിരി.
അദ്ദേഹം പുറത്തേക്കിറങ്ങി.
അതിനുശേഷം ഗോവിന്ദൻ മാഷ് വായനശാലയിലേക്ക് തിരിച്ചുവന്നില്ല.
എത്ര നേരം കഴിഞ്ഞാണ് ഞാൻ ആ പുസ്തകത്തിന്റെ അടുത്തെത്തിയതെന്ന് ഓർമ്മയില്ല.
ബ്രഷ് ഇപ്പോഴും അതിന്റെ മുകളിലുണ്ടായിരുന്നു.
അതെടുക്കാൻ തോന്നിയില്ല.
പുസ്തകം മാത്രം തുറന്നു.
ആദ്യത്തെ താൾ വെറും വെള്ള.
രണ്ടാമത്തെ താളിൽ ഒരു ലൈബ്രറി കാർഡ് ഒട്ടിച്ചിരുന്നു.
അംഗത്തിന്റെ പേര് : സരോജിനി
അതിന് താഴെ ചെറിയ അക്ഷരത്തിൽ മറ്റൊരു വരി.
പുസ്തകത്തിന്റെ പേര് : പുസ്തകങ്ങളുടെ ഗന്ധം
ഞാൻ അറിയാതെ അടുത്ത താൾ മറിച്ചു.
ആദ്യവരി വായിച്ചപ്പോൾ എന്റെ വിരലുകൾ നിശ്ചലമായി.
‘ഗോവിന്ദൻ മാഷ് മരിച്ച ദിവസം വായനശാലയിലെ
എല്ലാ പുസ്തകങ്ങൾക്കും ഒരേ മണമാണെന്ന് പലരും പറഞ്ഞു.’
ഞാൻ പുസ്തകം അടച്ചില്ല.
അടയ്ക്കാൻ കഴിഞ്ഞില്ല.
ജനലിലൂടെ വന്ന വെളിച്ചത്തിൽ ബ്രഷിന്റെ നിഴൽ
ആ വാചകത്തിനുമേൽ പതുക്കെ വീണുകിടക്കുകയായിരുന്നു.
