ആടാൻ കഴിയാത്ത ആശയിലെ വേഷം

വിളയിൽ ഫസീല
ഇശൽ ജീവിതം
എഡിറ്റർ: ടി.പി. ചെറൂപ്പ

ഒന്ന്

പൊടി മണ്ണ് നിറഞ്ഞ നടവഴികൾ കൊണ്ട് അരഞ്ഞാണം കെട്ടിയ ഗ്രാമം. അവിടെ ചെറിയ ചെറിയ കുന്നുകൾ. കുന്നുകളിൽ മേതിരക്കല്ലുകൾ തൂവിയപോലെ പാറക്കൂട്ടങ്ങൾ. ഇടക്ക് പറങ്കി മാവുകൾ. താഴ്‌വാരത്തേക്ക് വന്നാൽ ഓലത്തലപ്പു കൊണ്ട് ഹാർമോണിയം വായിക്കുന്ന തെങ്ങിൻ തോപ്പുകൾ. നിഷ്‌ക്കളങ്കരായ പെണ്ണുങ്ങൾ, കാരണവൻമാർ, മുത്തശ്ശികൾ, കുട്ടികൾ… ഇതെല്ലാം ചേർന്നുള്ള ഭൂമിയിലെ സ്വർഗ്ഗം- എന്റെ നാട്. എനിക്കൊരിക്കൽ വിടപറയേണ്ടി വന്ന വിളയിൽ പറപ്പൂര്.
കുട്ടിക്കാലത്തിന്റെ പൂർവ്വസ്മൃതികൾ അയവിറക്കുമ്പോൾ മുതിർന്നവരായ ആരുടേയും മനസ്സു പിടയും. കൈവിട്ടു പോയ കുട്ടിക്കാലം. ആ കാലത്തിന്റെ കൊഞ്ചൽ, മാഞ്ഞാളം, വികൃതികൾ… എല്ലാം നഷ്ടപ്പെട്ട കനികളായി എനിക്ക് തോന്നുന്നു.
കാവിലെ ഉത്സവത്തിന് വല്ല്യമ്മ വാങ്ങിത്തരുന്ന കുപ്പി വളകൾ പൊട്ടിപ്പോവുമ്പോൾ എന്ന പോലെ മനസ്സ് നുറുങ്ങുകയാണ്. വിളയിൽ പറപ്പൂര് എന്ന എന്റെ നാട് എവിടെ വെച്ചാണ് എനിക്ക് നഷ്ടപ്പെട്ടത്.
പുത്തൻ കുളത്തിലെ കുളിയും തിരുവാച്ചോലയിലെ പുളിമാങ്ങയും ഉള്ളാത്തുതൊടിയിലെ ഊഞ്ഞാലും ഞാൻ നഷ്ടപ്പെടുത്തിയത് എന്തു നോടാനായിരുന്നു. രമണിയും ചിന്നക്കുട്ടനും ബാലേട്ടനും സൗദാമിനി ടീച്ചറുമൊക്കെ അതേ ഗ്രാമത്തിന്റെ മക്കളായി കഴിയുന്നതോർക്കുമ്പോൾ അവർക്കിടയിൽ ഒരാളായി ഈ പാട്ടുകാരിയില്ല. വിധിയും സാഹചര്യവും അങ്ങനെയാണ് കാര്യങ്ങൾ രൂപപ്പെടുത്തിയെടുത്തത്.
കൈയടിയും വിസിലടിയും ഉയരുന്ന ആൾക്കൂട്ടങ്ങളിൽ നിന്ന് ആൾക്കൂട്ടങ്ങളിലേക്ക്. ശീതോഷ്ണം ക്രമീകരിച്ച റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ നിന്ന് സ്റ്റുഡിയോകളിലേക്ക്… മാറി മാറി ഓടിക്കൊണ്ടിരുന്നപ്പോൾ നഷ്ടമായത് ഭൂമിയിലെ പറുദീസയാണ്. കൗമാര സ്വപ്നങ്ങളുടെ നിറക്കൂട്ടുകളാണ്.
മലപ്പുറം ജില്ലയിലെ അറിയപ്പെടാത്ത ഒരു കുഗ്രാമത്തിൽനിന്ന് പ്രശസ്തിയുടെ ശ്രേണികളിലേക്ക് പറന്നുയർന്നപ്പോഴും എന്റെ വാലായി ആ നാട്ടിനെ ഞാൻ കൊണ്ടു നടന്നു. വത്സല എന്ന എന്നെക്കാൾ ഞാൻ സ്‌നേഹിച്ചത് വിളയിൽ എന്ന ഗ്രാമത്തെയായിരുന്നു.
പറപ്പൂര് ഗവൺമെന്റ് എൽ.പി സ്‌കൂളിലേക്ക് അച്ഛൻ കൈയും പിടിച്ച് കൊണ്ടു പോയത് ഇന്നലെയെന്നോണം ഓർമ്മയിലുണ്ട്. അന്ന് പ്രധാന അധ്യാപകൻ ഗോവിന്ദൻകുട്ടി മാഷായിരുന്നു. സ്‌കൂളിലെ വിശേഷ ദിവസങ്ങളിൽ എന്നെ പാടാൻ നിർബന്ധിച്ചിരുന്ന ഗോവിന്ദൻ മാഷ്! പിൽക്കാലത്ത് നിറഞ്ഞ സദസ്സുകളിൽ നിന്ന് കൈയടികൾ ഉയരുമ്പോൾ ഗോവിന്ദൻ കുട്ടി മാഷും സൗദാമിനി ടീച്ചറും ഓർമ്മകളിൽ പറന്നെത്താറുണ്ട്.
പറപ്പൂര് സ്‌കൂളിൽ നാടകം കളിക്കുമ്പോൾ അതിലെ പാട്ടുകൾ കേൾക്കാൻ എന്തൊരു താൽപര്യമായിരുന്നു. പാടത്ത് ഞാറു നടുന്ന പെണ്ണുങ്ങൾ നാട്ടിപ്പാട്ടു പാടുന്നത് കേൾക്കാൻ ഞാൻ അരികത്തു ചെന്നു നിൽക്കും. നാട്ടിപ്പാട്ടിന്റെ കൂട്ടമായി ഉയരുന്ന സീൽക്കാരം ഗ്രാമത്തിന്റെ ചെറു കുന്നുകളിൽ ചെന്നു തട്ടി തിരിച്ചുവരും. ആ കാലം ഒർമ്മകളെ കണ്ണീരു കൊണ്ട് നനയിക്കുന്നു.
സ്‌കൂളിലെ വിശേഷ ദിവസങ്ങളിലാണ് ഞങ്ങളുടെ ഉത്സവം. സ്പീക്കറിന്റെ ശബ്ദം കേൾക്കാനും അത് ഓപറേറ്റ് ചെയ്യുന്നത് കാണാനും കഴിയുമല്ലോ എന്നോർത്ത് തലേ ദിവസങ്ങളിൽ ഉറങ്ങാറില്ല. സ്പീക്കറിലൂടെ ശബ്ദം പുറത്തുവരുന്നത് കേൾക്കുമ്പോൾ കാഹളത്തിനുള്ളിൽ ആരോ ഒളിച്ചിരിക്കുന്നു എന്നാണ് തോന്നുക. ചെറിയ മരക്കൊമ്പിൽ കെട്ടിയ ആ കാഹളമൊന്ന് തൊട്ടു നോക്കാൻ വല്ലാത്ത ആഗ്രഹമായിരുന്നു.
ഞങ്ങൾ കുറേ കുട്ടികൾ കോമ്പലയായാണ് നടക്കുക. കൂട്ടത്തിൽ ഒരു പാട്ടുകാരി ഞാനേ ഉണ്ടായിരുന്നുള്ളൂ. രമണി, കുറെശ്ശേ പാടും. അവൾക്കു നാണം. എനിക്കാണെങ്കിൽ പാട്ടു പാടാൻ നാണം ഒട്ടും തോന്നുകയില്ല. ഞാൻ ഉറക്കെ പാടും. ”പുഷ്പകിരീടം ചൂടി” എന്നു തുടങ്ങുന്ന വരികളായിരുന്നു എനിക്ക് കാണാ പാഠമായുള്ളത്. ആരു വന്നു പറഞ്ഞാലും ഞാനവർക്ക് പാടി കേൾപ്പിക്കുക എന്റെ ‘പുഷ്പ കിരീടം’ മാത്രമായിരുന്നു.
ആടിയും പാടിയും ഊഞ്ഞാലാടിയും കണ്ണി മാങ്ങ പറിച്ചും കുട്ടിക്കാലത്തിന്റെ കൗതുകങ്ങളണിഞ്ഞ് ഞങ്ങൾ പാറിപ്പറന്നു നടന്നു. തിരുവാതിര നാളുകളിൽ, വളഞ്ഞ മാവിൻ കൊമ്പും നോക്കിയായിരുന്നു ഞങ്ങളുടെ നടത്തം. വളഞ്ഞ കൊമ്പിൽ ഊഞ്ഞാലു കെട്ടി പുറകിൽ നിന്ന് ഒരാൾ തള്ളും. ഊഞ്ഞാൽ ആകശത്തിലേക്ക് ഉയരുമ്പേൾ വയറ്റിൽ~ഒരു കാളിച്ചയുണ്ട്; പടച്ചോനേ, കയറു പൊട്ടി താഴേക്ക് വീഴുമോ….
മങ്ങാട്ടമ്പലക്കുളം വേനൽകാലത്തും വറ്റാറില്ല. മഴക്കാലത്ത് ഞങ്ങൾ പുത്തൻ കുളത്തിലാണ് പോവുക. രമണിയും നാരായണനുമൊക്കെ കുളത്തിന്റെ കരയിൽ നിന്ന് വെള്ളത്തിലേക്ക് കുതിക്കും. പേടിച്ചു നിൽക്കുന്ന കുട്ടികളെ അവർ കരയിൽ നിന്ന് കുളത്തിലേക്ക് ഉന്തിമറിച്ചിടും.
കുളത്തിന്റെ അടിയിൽ നിന്ന് ഒരുപിടി മണ്ണെടുക്കാൻ ഞങ്ങൾ പന്തയം വെക്കും. എത്ര മുങ്ങിയാലും എനിക്ക് നിലം തൊടാൻ കഴിയില്ല. പക്ഷേ മുങ്ങുന്നതിനു മുമ്പ് ഞാൻ കരയിൽനിന്ന് ഒരു പിടി മണ്ണുവാരി കൈയിൽ വെച്ചിരിക്കും. പന്തയത്തിൽ അങ്ങനെയാണ് അവരെ തോൽപ്പിക്കുക.
1970 -നു ശേഷം കേരളത്തിൽ മാപ്പിളപ്പാട്ടുകളുടെ മത്സര തരംഗമുള്ള ഒരു കാലമുണ്ടായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ട്രൂപ്പുകൾ തമ്മിലായിരിക്കും മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ റിഹേഴ്‌സൽ നടക്കുമ്പോൾ വലിയ ആശങ്കയാണ്. അപ്പോൾ ഞാൻ ഓർക്കാറുണ്ട്; മങ്ങാട്ടമ്പലക്കുളത്തിൽ നിന്ന് ഒരു പിടി മണ്ണു വാരി കൈയിൽ വെച്ചിട്ട് ഇവിടെ പ്രയോജനമില്ലല്ലോ എന്ന്. ഇവിടെ ജീവിക്കണമെങ്കിൽ മികച്ച പാട്ടു തന്നെ പാടണം.
കളിയും ചിരിയും പാട്ടുമായി നടക്കുന്നതിനിടയിലാണ് അമ്മയുടെ മരണം. കുറേകാലം രോഗിയായി കിടന്ന അവർ മരിച്ചപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല. അമ്മാവന്റെ വീട്ടിന്റെ പടിഞ്ഞാറെ കണ്ടത്തിൽ അമ്മയെ സംസ്‌കരിച്ചു കഴിഞ്ഞപ്പോൾ ഉൾക്കിടിലമായി. ഞാൻ ഒരു ഊഞ്ഞാലിൽ നിന്നു വീണു എന്നപോലെ. അമ്മ ഇനി തിരിച്ചുവരില്ലല്ലോ എന്ന തോന്നൽ. ആദ്യമായി എന്നെ വേദനിപ്പിച്ച മരണം. ഞാൻ യതീം ആവുകയാണെന്ന ചിന്ത പിന്നീടുള്ള ദിവസങ്ങളിൽ വല്ലാതെ വേട്ടയാടി.
അമ്മയുടെ മരണത്തിനു ശേഷം അമ്മാവൻ വാഴയൂർ സ്‌കൂളിൽ ചേർത്തു. ഒരു വർഷം കഴിഞ്ഞ് വീണ്ടും പറപ്പൂര് സ്‌കൂളിലേക്കു തന്നെ വന്നു. ഈ കാലഘട്ടത്തിലാണ് മാപ്പിളപ്പാട്ടുകളുമായി കൂടുതൽ അടുക്കാൻ അവസരമുണ്ടായത്.
ജീവിതത്തിലെ വഴിത്തിരിവിനെപറ്റി ഓർക്കുമ്പോൾ ആദ്യമായി മനസ്സിൽ വരിക തിരുവാച്ചോലയിൽ ചിന്നമ്മേടത്തിയാണ്. കമ്മ്യൂണിസ്റ്റുകാരിയായ അവർ പ്രാദേശിക തലത്തിൽ അറിയപ്പെടുന്ന പൊതു പ്രവർത്തകയായിരുന്നു. എനിക്ക് വത്സല എന്ന പേരിട്ടതും അവരും മകൾ സൗദാമിനി ടീച്ചറുമാണ്. ഞാനൊരു വലിയ ഗായികയായി കാണാൻ ആശയോടെ കാത്തിരുന്നത് സൗദാമിനി ടീച്ചറായിരുന്നു.
ഒരു സന്ധ്യക്ക് എളഞ്ചീരി ബാലേട്ടനും കാര്യോട്ടിന്മേൽ പ്രഭാകരേട്ടനും വീട്ടിൽ വന്നു. അച്ഛൻ അവരോട് ഇരിക്കാൻ പറഞ്ഞു. ഞാൻ സ്‌കൂളിൽ വെച്ച് പാട്ടു പാടാറുണ്ടെന്ന് അറിഞ്ഞാണ് അവർ വന്നത്. അറിയാവുന്ന ഒരു പാട്ടു പാടാൻ അവർ പറഞ്ഞു. അപ്പോഴും ഞാൻ എടുത്തു വെച്ചത് എന്റെ ‘പുഷ്പ കിരീടം, തന്നെയായിരുന്നു.
പാട്ടു കേട്ട് തിരിച്ചു പോകുമ്പോൾ അവർ അച്ഛനോട് പറഞ്ഞു: ആകാശവാണിയിലെ ഒരു പരിപാടിക്കു വേണ്ടി കുട്ടികളെ ചോദിക്കുന്നുണ്ട്. നല്ലതല്ലേ, നമുക്ക് വത്സലയെ കൊണ്ട് ഒന്നു പാടിച്ചൂകൂടെ?”.
അച്ഛനു സമ്മതമായിരുന്നു. ജീവിതത്തിൽ റേഡിയോ പോലും കൊതി തീർന്നു കണ്ടിട്ടില്ലാത്ത എനിക്ക്, റേഡിയോ സ്റ്റേഷൻ എന്ന് പറഞ്ഞപ്പോഴുള്ള സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ഒരു പാട്ടു പുസ്തകം കൈയിൽ തന്ന് ബാലേട്ടനും പ്രഭാകരേട്ടനും ഇറങ്ങിപ്പോയി. ആ പുസ്തകത്തിൽ ഞാൻ ആദ്യം വായിച്ച പാട്ടു വരികൾ ഇപ്പോഴും മറന്നിട്ടില്ല.
”പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം.
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണെന്റെ ജീവിതം….”
സുഖമില്ലാതെ കിടന്ന അമ്മയെ ചികിത്സിക്കാൻ സ്റ്റെതസ്‌കോപ്പും സിറിഞ്ചുമായി വരുന്ന ഡോക്ടറെ കണ്ട്, എനിക്കും ഒരു ഡോക്ടറാകണമെന്ന അതിമോഹമുണ്ടായിരുന്നു. പക്ഷേ, ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാണ് ജീവിതമെന്ന ആ വരികൾ എന്റെ ജീവിതത്തിൽ എന്തു മാത്രം യാഥാർത്ഥ്യവൽകരിക്കപ്പെട്ടു.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added